അമേരിക്കൻ ബ്ലാക്ക് കോമഡി ടെലിവിഷൻ സീരീസാണ് 'the white lotus'. ഇതുവരെയായി സീരീസിന്റെ മൂന്നു സീസണാണ് സംപ്രേഷണം ചെയ്തത്. ആദ്യത്തെ സീസൺ ആഗസ്ത് 2021-ലാണ് പുറത്തിറങ്ങിയത്. അതിനുശേഷം രണ്ടും മൂന്നും സീസണും. നാലാമത്തെ സീസൺ ഉടനെ ഷൂട്ടിങ് തുടങ്ങും. ഫ്രാൻസിലായിരിക്കും സെറ്റ് എന്നുമറിയുന്നു.

അതിലേക്ക് ദീപിക പദുകോണിനെ സമീപിച്ചതായുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. മൂന്നാമത്തെ സീസൺ ഷൂട്ട് ചെയ്യുന്ന സമയത്തും അണിയറപ്രവർത്തകർ ദീപികയെ തേടിയെത്തിയിരുന്നു. എന്നാൽ ഗർഭിണിയായതിനാൽ, ദീപിക അതിൽനിന്ന് ഒഴിയുകയായിരുന്നു.

വെറൈറ്റി മീഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം, നാലാം സീസണിലും ദീപികയ്ക്ക് അവസരം ലഭിച്ചു. പക്ഷേ, ഓഡിഷനിൽ പങ്കെടുക്കാൻ ദീപിക ആഗ്രഹിക്കാത്തതിനാൽ അവരത് വേണ്ടെന്നുവെച്ചുവത്രേ.

''ദി വൈറ്റ് ലോട്ടസിന്റെ കാസ്റ്റിങ് പ്രക്രിയയുടെ ഭാഗമാണ് ഓഡിഷനുകൾ. ഏത് താരത്തെയും ഓഡിഷൻ ചെയ്തശേഷമേ അവർ സീരീസിൽ ഉൾപ്പെടുത്താറുള്ളൂ. കരാറിലൊപ്പിടും മുമ്പ് താരങ്ങളെല്ലാം ഓഡിഷനിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ ദീപികയ്ക്ക് ഓഡിഷനിൽ പങ്കെടുക്കാൻ താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് അവർക്ക് അവസരം നഷ്ടപ്പെട്ടത്'', വെറൈറ്റി ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സീരീസ് നിർമാതാക്കൾ ദീപികയെ പരമ്പരയിലേക്ക് കൊണ്ടുവരാൻ ഏറെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് രണ്ടു സീസണുകളിലും അവർ തുടർച്ചയായി താരത്തെ തേടിയെത്തിയത്.

ഇതിൽ അഭിനയിച്ചിരുന്നുവെങ്കിൽ, ഹോളിവുഡിലേക്കുള്ള ദീപികയുടെ തിരിച്ചുവരവ് കൂടിയായിരുന്നേനെ ഇത്. 'xXx: return of Xander Cage' എന്ന സിനിമയിലാണ് അവസാനമായി ഹോളിവുഡിൽ ദീപിക അഭിനയിച്ചത്.

ഷാരൂഖ് ഖാനൊപ്പമുള്ള 'കിങ്' എന്ന സിനിമയാണ് ഇനി ദീപികയുടേതായി ഇറങ്ങാനിരിക്കുന്നത്. അതിനൊപ്പം അല്ലു അർജുന്റെ കൂടെ ഒരു തെലുഗുസിനിമയിലും അഭിനയിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi