റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ നേട്ടവുമായി മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1. ഋഷഭിന്റെ സ്വപ്നചിത്രത്തിന് ആദ്യ ഭാഗത്തേക്കാൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഒട്ടാകെ പ്രദർശനം തുടരുന്ന ചിത്രം, ആഗോളതലത്തിൽ 300 കോടിയിലേക്ക് അടുക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ മുൻകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ കന്നഡ ചിത്രമായി സിനിമ മാറി.

കൂടാതെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ശങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ആഭ്യന്തര കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും.

കാന്താര ഇതുവരെ 235 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേരളത്തിലും ചിത്രം വലിയ തരംഗമാണ് ഉണ്ടാക്കുന്നത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രീക്വൽ, ആദ്യ ദിവസം തന്നെ 88 കോടി രൂപയുടെ വമ്പൻ ഗ്രോസ് കളക്ഷൻ നേടി. വെള്ളിയാഴ്ച 65 കോടി രൂപയായി കളക്ഷനിൽ ഇടിവ് സംഭവിച്ചെങ്കിലും, 25 ശതമാനം വർധനവോടെ വീണ്ടും ഉയർന്ന് 82 കോടി രൂപ വാരിക്കൂട്ടി. അങ്ങനെ മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള മൊത്തം കളക്ഷൻ 235 കോടി രൂപയിലെത്തി. 

 'കാന്താര: ചാപ്റ്റർ 1' ഞായറാഴ്ച മാത്രം നേടിയത് 61.5 കോടി രൂപയാണ്. ഇതോടെ ചിത്രം300 കോടി ക്ലബ്ബിൽ ഇടം നേടാൻ സാധ്യതയുണ്ട്.

 

ബോക്സ് ഓഫീസിലെ നാലാം ദിവസത്തോടെ, യാഷിന്റെ 'കെജിഎഫ്: ചാപ്റ്റർ 1'-നെ മറികടന്ന് 'കാന്താര: ചാപ്റ്റർ 1' എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ കന്നഡ ചിത്രമായി മാറി. ഏകദേശം 408 കോടി രൂപയും 1,215 കോടി രൂപയും നേടിയ 'കാന്താര', 'കെജിഎഫ്: ചാപ്റ്റർ 2' എന്നിവയ്ക്ക് പിന്നിലാണ് ഇപ്പോൾ ഈ ചിത്രം.

 

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസായി കാന്താര ചാപ്റ്റർ 1 എത്തിയത്.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi