'കാന്താര: ചാപ്റ്റർ 1' സിനിമയുമായി ബന്ധപ്പെട്ടുള്ളൊരു പോസ്റ്റർ ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ കാണാൻ വരുന്നവർ മദ്യവും മാംസവും കഴിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു പോസ്റ്റർ. എന്നാൽ, അത് വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി.

സിനിമയുടെ പ്രൊമോഷനിടെയാണ് ഋഷഭ് ഇക്കാര്യം വ്യക്തമാക്കിയത്. 'കാന്താര പർവ' എന്ന സോഷ്യൽമീഡിയ പേജിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കു പോകുന്നതിനുമുമ്പ് മൂന്ന് കാര്യങ്ങൾ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. മദ്യപിക്കരുത്, പുകവലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നാണ് അതിൽ പറയുന്നത്.

സിനിമ കാണാൻ പോകുന്നവർ പോസ്റ്ററിനൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇത് എക്‌സിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആ പോസ്റ്ററിൽ സിനിമയുടെ ലോഗോയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റർ ആധികാരികമാണെന്ന് പലരും വിശ്വസിക്കുകയും ചെയ്തു. പിന്നാലെ പലരും സിനിമയ്‌ക്കെതിരെ തിരിഞ്ഞു. ഗാന്ധിജയന്തിദിവസമായ ഒക്ടോബർ 2-നാണ് സിനിമ റിലീസ് ചെയ്യുന്നതെന്നതും ആ പോസ്റ്ററിന്റെ വിശ്വാസ്യത കൂട്ടി.

ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഋഷഭ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ആളുകളുടെ ഭക്ഷണശീലങ്ങൾ നിർണയിക്കുന്നതിൽ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഈ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റുമായി പ്രൊഡക്ഷൻ ഹൗസിന് യാതൊരു ബന്ധവുമില്ല. ഇതുകണ്ടപ്പോൾ തന്നെ ഞാൻ പ്രൊഡക്ഷൻ ഹൗസിന് അയച്ചുകൊടുത്തു, ഇത് ആരാണുണ്ടാക്കിയത്, എന്തിനാണ് ഉണ്ടാക്കിയത് എന്നാണ് ആദ്യം ചോദിച്ചത്. ആർക്കുമറിയില്ല. പ്രശസ്തിക്കുവേണ്ടി ആരോ ചെയ്തതാണെന്ന് പിന്നീട് മനസ്സിലായി. ഇങ്ങനെയുള്ള വ്യാജപോസ്റ്ററിനെതിരെ മറുപടി പറയേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു''. അതിനിടെ ഈ പോസ്റ്റർ പിന്നീട് പിൻവലിച്ച് മാപ്പുപറയുകയും ചെയ്തു സോഷ്യൽമീഡിയ പേജിന്റെ അഡ്മിൻ.

2023 നവംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കന്നഡയ്‌ക്കൊപ്പം തന്നെ തെലുഗു, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പും റിലീസാവും. 2022-ൽ റിലീസായ 'കാന്താര'യുടെ രണ്ടാം ഭാഗമാണിത്. സിനിമ വമ്പൻവിജയമായിരുന്നു. 400 കോടിയിലേറെയാണ് ബോക്‌സോഫീസിൽനിന്ന് നേടിയത്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ഋഷഭിനെ തേടിയെത്തി. അതേവർഷം മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്‌കാരവും സിനിമ കരസ്ഥമാക്കി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi