ബോളിവുഡ് നടൻ രൺവീർ സിങ് ഒരുകൂട്ടം പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന ചടങ്ങിനിടെയാണ് സംഭവം. 'കാന്താര ചാപ്റ്റർ 1'-ലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുന്നതിനിടയിൽ, രൺവീർ ചാമുണ്ഡി ദൈവത്തെ 'പെൺപ്രേതം' എന്ന് വിശേഷിപ്പിക്കുകയും, തുടർന്ന് വേദിയിൽ ആ കഥാപാത്രത്തെ അനുകരിക്കുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. ഇതിന്റെ വീഡിയോ അതിവേഗം പ്രചരിക്കുകയും ചെയ്തു.
വീഡിയോയിൽ രൺവീർ ഇങ്ങനെ പറയുന്നുണ്ട്- "ഞാൻ കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കണ്ടു, ഋഷഭ്, അതൊരു ഗംഭീര പ്രകടനമായിരുന്നു, പ്രത്യേകിച്ചും ആ പെൺപ്രേതം (ചാമുണ്ഡി ദൈവം) നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ - ആ ഷോട്ട് അതിശയകരമായിരുന്നു." തുടർന്ന് അദ്ദേഹം കണ്ണുകൾ കോട്ടിയും നാവ് പുറത്തേക്ക് നീട്ടിയും വേദിയിൽ ആ കഥാപാത്രത്തെ അനുകരിച്ചു. ഋഷഭിന് നേരെ വിരൽ ചൂണ്ടി അദ്ദേഹം കൂട്ടിച്ചേർത്തു, "ഇവിടെ ആർക്കെങ്കിലും എന്നെ കാന്താര 3-ൽ കാണണോ? ഈ മനുഷ്യനോട് പറയൂ." ഇതുകേട്ട് സദസ്സിലിരുന്ന ഋഷഭ് ഷെട്ടി പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
രൺവീർ സിങ്ങിന്റെ പ്രവൃത്തി വിവേകശൂന്യമാണെന്നും അനാദരവാണെന്നും സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേർ വിമർശിച്ചു. “രൺവീർ കാന്താരയിലെ ദൈവമായ ചാമുണ്ഡിയുടെ ആവേശത്തെ കളിയാക്കുകയാണ്. പവിത്രമായ തുളുനാട് ദൈവാരാധന വിശ്വാസങ്ങളോട് യാതൊരു ബഹുമാനവുമില്ലാതെ, പ്രശസ്തിക്കും പണത്തിനും വേണ്ടി ഈ സിനിമാ താരങ്ങൾക്ക് എത്രത്തോളം തരംതാഴാൻ കഴിയും. നാണക്കേട്. ഋഷഭ് ആ അനുകരണം ആസ്വദിക്കുകയാണോ?” -ഒരാൾ എക്സിൽ കുറിച്ചു. “നിങ്ങൾക്ക് ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല. ചാമുണ്ഡി ദേവിയാണ്, പ്രേതമല്ല. നിങ്ങൾ ഒരു വലിയ വേദിയിൽ വെച്ച് അതിനെ കളിയാക്കുകയാണ്.”-മറ്റൊരാൾ കുറിച്ചു.
'ധുരന്ധർ' എന്ന തൻ്റെ സിനിമയുടെ റിലീസിന് ഒരാഴ്ച മുൻപാണ് രൺവീർ സിങ് ഒരു വിഭാഗം പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. നടൻ മാപ്പ് പറയണമെന്നാണ് പലരുടെയും ആവശ്യം. സംഭവത്തിൽ രൺവീറോ ഋഷഭ് ഷെട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh faces backlash for calling Chamundi daiva a `female ghost` and imitating it at IFFI. Fans demand an apology.
Published: 01 Dec 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented