ബോളിവുഡിലെ ഏറ്റവും വ്യത്യസ്തമായ അഭിനയയാത്രകളിലൊന്നാണ് നടി കങ്കണ റണാവത്തിന്റേത്. 2006-ൽ പുറത്തിറങ്ങിയ ‘ഗാങ്സ്റ്റർ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കങ്കണ, പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് ലഭിച്ചിരുന്ന ഇമേജിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ തന്റെ അഭിനയജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. ഗാങ്സ്റ്റർ, വോ ലംഹേ, ലൈഫ് ഇൻ എ... മെട്രോ, ഫാഷൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഓർത്തെടുത്ത കങ്കണ, ആ സമയത്ത് താൻ 'എഡ്ജി ഗേൾ' എന്ന ഇമേജിലായിരുന്നുവെന്ന് പറഞ്ഞു.

To advertise here,

“ആ കാലത്ത് ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും മാനസികമായി സങ്കീർണതകൾ നിറഞ്ഞവയായിരുന്നു. അതുകൊണ്ടുതന്നെ ആളുകൾ എന്നെ സെൻസിറ്റീവ്, ന്യൂറോട്ടിക്, ഹോട്ട്, സെക്സി, ആത്മഹത്യാ പ്രവണതയുള്ള പെൺകുട്ടി എന്നിങ്ങനെയാണ് കണ്ടിരുന്നത്,” കങ്കണ പറഞ്ഞു.

എന്നാൽ പിന്നീട് ആ ഇമേജിൽ നിന്ന് മാറിനിൽക്കാൻ താൻ ബോധപൂർവം ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ക്വീൻ, തനു വെഡ്‌സ് മനു, പംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ‘തൊട്ടടുത്ത വീട്ടിലെ പെൺകുട്ടി’ എന്ന രീതിയിലുള്ള കഥാപാത്രങ്ങളിലേക്ക് താൻ മാറിയതായി കങ്കണ പറയുന്നു.

അതിനുശേഷം വീണ്ടും ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ ഒതുങ്ങിപ്പോകുന്നുവെന്ന തോന്നൽ ഉണ്ടായപ്പോൾ, ചരിത്രത്തിൽ ഇടം നേടിയ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്തുവെന്നും താരം കൂട്ടിച്ചേർത്തു. ‘മണികർണിക’യിൽ റാണി ലക്ഷ്മിബായിയായും, ‘തലൈവി’യിൽ ജയലളിതയായും, ‘എമർജൻസി’യിൽ ഇന്ദിരാഗാന്ധിയായും അഭിനയിച്ചതിനെക്കുറിച്ചും കങ്കണ പരാമർശിച്ചു.

ഇപ്പോൾ തന്റെ കരിയറിലെ പുതിയ ഘട്ടത്തിലാണെന്നും, സാധാരണക്കാരിയായ, പലപ്പോഴും സമൂഹം ശ്രദ്ധിക്കാതെ പോകുന്ന സ്ത്രീകളുടെ ജീവിതം അവതരിപ്പിക്കാനാണ് താൽപര്യമെന്നും താരം പറയുന്നു. “ഇപ്പോൾ ഞാൻ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത് പശ്ചാത്തലത്തിൽ ഒതുങ്ങിപ്പോകുന്ന, ആരും പ്രത്യേകിച്ച് ശ്രദ്ധിക്കാത്ത സാധാരണ സ്ത്രീകളെയാണ്. അതാണ് എന്റെ അടുത്ത ഘട്ടം,” കങ്കണ വ്യക്തമാക്കി.

തന്റെ ഓരോ കഥാപാത്രത്തിനും ഒരുപോലെ പ്രാധാന്യമുണ്ടെന്നും, ഒരു പ്രത്യേക ഇമേജിൽ കുടുങ്ങിപ്പോകാതിരിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. അഭിനയജീവിതത്തിലുടനീളം പുതുമയും വൈവിധ്യവും നിലനിർത്താൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ വിലയിരുത്തൽ.

അതേസമയം, കങ്കണയുടെ പുതിയ ചിത്രം ‘ഭാരത് ഭാഗ്യ വിധാത’ റിലീസിനൊരുങ്ങുകയാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം, കാമ ആൻഡ് ആൽബ്ലസ് ആശുപത്രിയിലെ മെഡിക്കൽ, സുരക്ഷാ ജീവനക്കാരുടെ ധീരതയെ ആസ്പദമാക്കിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു നഴ്സായാണ് കങ്കണ എത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi