സൂപ്പർതാരങ്ങളൊന്നും അണിനിരക്കാത്ത, ബോളിവുഡ് ചിത്രം ഹനുമാൻ അംശ് ബോക്സോഫീസിൽ 300 കോടി പിന്നിട്ട് വമ്പൻ മുന്നേറ്റം നടത്തുകയാണ്. താരപ്പകിട്ടോ ഉയർന്ന ബജറ്റോ അല്ല, ഉള്ളടക്കമാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് എന്നതിന് തെളിവാണ് ചിത്രത്തിന്റെ വിജയമെന്ന് നടൻ സോനു സൂദ് പറയുന്നു.

To advertise here,

"'ഹനുമാൻ അംശ്' പോലുള്ള ഒരു ചിത്രം ഇത്രയും മികച്ച വിജയം നേടുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ദൈവാനുഗ്രഹത്തിനു പുറമെ, ഉയർന്ന ബജറ്റുകളോ മുഖങ്ങളോ വലിയ താരങ്ങളോ മാർക്കറ്റിങ്ങോ അല്ല ഇവിടെ വിജയിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. പ്രേക്ഷകരുടെ ഹൃദയത്തോട് സംവദിക്കുന്ന ഉള്ളടക്കത്തിനാണ് വിജയം."-എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സോനു സൂദ് പറഞ്ഞു.

വലിയ സ്കെയിലും ബജറ്റും ഗ്ലാമറും മാത്രം ലക്ഷ്യമിടാതെ, ആളുകൾക്ക് തങ്ങളുടേതായി അനുഭവിക്കാൻ കഴിയുന്ന കഥകൾ നിർമിക്കാൻ ശ്രദ്ധിക്കുകയാണ് സിനിമാമേഖല ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "അതുകൊണ്ട് തന്നെ ഗ്ലാമറിന് വേണ്ടി മാത്രം സിനിമകൾ നിർമ്മിക്കാതെ, ജനങ്ങളിലേക്ക് എത്താനും അവരുമായി താദാത്മ്യം പ്രാപിക്കാനും കഴിയുന്ന കഥകൾ പറയേണ്ട സമയം അതിക്രമിച്ചു. 'ഹനുമാൻ അംശ്' നൽകുന്ന ഏറ്റവും വലിയ പാഠം അതാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു.

സ്വയംഭൂ മീഡിയ നെറ്റ്‌വർക്കിന്റെ ബാനറിൽ വിശാൽ ചതുർവേദിയാണ് 'ഹനുമാൻ അംശ്' സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. ശോഭിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

39 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 222.88 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. ബോക്സ് ഓഫീസ് ട്രാക്കർ ആയ സാക്നിൽകിന്റെ (Sacnilk) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 40-ാം ദിവസമായ ചൊവ്വാഴ്ച (സെപ്റ്റംബർ 15) മാത്രം ചിത്രം 8,851 ഷോകളിലൂടെ 6.75 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi