ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വരുന്ന ചില പുതുമുഖ നായികമാരുണ്ട്, വളരെ പ്രതീക്ഷയോടെ തുടക്കംകുറിച്ച അവരുടെ പ്രഥമചിത്രം പുറത്തുവരുമ്പോൾ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവരുന്നു. ആദ്യചിത്രത്തിന്റെ പരാജയദുഃഖവുമായി കഴിയുമ്പോൾ ആരുടെയൊക്കെയോ ശുപാർശപ്രകാരം രണ്ടാമതും ഒരു പടം വന്നുചേരുന്നു. തുടർന്ന് താരത്തിന്റെ തലവര പെട്ടെന്ന് മാറിയതുപോലെ ആ ചിത്രം വമ്പൻ വിജയമായി മാറുന്നു. അതോടെ പുതുമുഖ നായികയേക്കാൾ ആവേശത്തോടെ ക്യാമറാക്കണ്ണുകളുമായി സകല ചാനലുകാരും യൂട്യൂബർമാരും നായികാതാരത്തിന്റെ മൊഴിവചനങ്ങൾക്കുവേണ്ടി ചുറ്റിനും വലംവെക്കാൻതുടങ്ങും.

To advertise here,

ആദ്യചിത്രം ഏതാണെന്നുള്ള ചാനലുകളുടെ ചോദ്യത്തിന് പരാജയപ്പെട്ട ആദ്യചിത്രത്തിന്റെ പേരുപോലും പറയാതെ വിജയത്തേരിലേറിയ രണ്ടാമത്തെ ചിത്രമാണ് തന്റെ ആദ്യചിത്രമെന്ന് യാതൊരു ചളിപ്പുമില്ലാതെ തട്ടിവിടുന്ന പല താരമുഖങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ വന്നവഴികൾ മറക്കാത്ത, നന്ദിയും കടപ്പാടും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഇരുൾ പരന്ന ഭൂതകാലം തുറന്നുപറയാൻ മടികാണിക്കാത്ത അപൂർവം ചില അഭിനേത്രികളും എന്റെ കാഴ്ചവെട്ടത്തിൻമുൻപിലൂടെ പോയിട്ടുണ്ട്.

placeholder
പ്രിയാമണി

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ വഴിതുറന്നത് കഥയിലെ നായികമാരിലേക്ക് നമ്മുടെയെല്ലാം പ്രിയതാരം പ്രിയാമണി കടന്നുവന്നതുകൊണ്ടാണ്. ഇനി ഞാൻ തിരക്കഥയെഴുതിയ 'ഒറ്റനാണയം' എന്ന ചിത്രത്തിലേക്ക് പ്രിയാമണി കടന്നുവന്ന സഞ്ചാരപാതയിലേക്ക് പോകാം.
2003 മാർച്ച് ആദ്യവാരത്തിലെ ആദ്യ ശനിയാഴ്ച രാത്രി പത്തുമണി സമയം. ഞാൻ വീട്ടിലെ ടിവിയിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള വാശിയേറിയ ഫുട്‌ബോൾ മത്സരം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സംവിധായകരായ ഭദ്രന്റെയും രാജീവ് അഞ്ചലിന്റെയും സംവിധാന സഹായിയായിരുന്ന സുരേഷ് കണ്ണന്റെ വിളിവരുന്നത്.

''എന്റെ സമയദോഷമൊക്കെ മാറി ഡെന്നിച്ചായാ, ദുബായിൽ നിന്ന് എനിക്ക് ഒരു നിർമാതാവ് വന്നുവീണിട്ടുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ റിലേറ്റീവാണ് കക്ഷി. ബാലു എന്നാണ് പേര്. നല്ല സാമ്പത്തികശേഷിയുള്ള കിടിലൻ കക്ഷിയാണ്. അടുത്ത ആഴ്ച ഞങ്ങൾ ഒന്നിച്ച് ഡെന്നിച്ചായനെ കാണാൻ എറണാകുളത്തേക്ക് വരുന്നുണ്ട്.''
സുരേഷ് വാചാലനാകാൻ തുടങ്ങിയപ്പോൾ അവന്റെ വാക്കുകൾക്ക് തടയിട്ടുകൊണ്ട് ഞാൻ പറഞ്ഞു,

''ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് നീ വീണ്ടും സംവിധാന മോഹവുമായി ഇറങ്ങിയിരിക്കുകയാണോ? ഇനി ഞാൻ സ്‌ക്രിപ്റ്റ് എഴുതണമെങ്കിൽ ഏത് ദുബായിക്കാരനാണെങ്കിലും പടംപിടിക്കാനുള്ള മുഴുവൻ തുകയുംകൊണ്ടുവന്ന് ഇവിടത്തെ ഏതെങ്കിലും ബാങ്കിലിട്ടിട്ട് അതിന്റെ റസീറ്റുമായി വന്നാലേ ഞാൻ പേന കയ്യിലെടുക്കൂ''
ഫുട്‌ബോൾ കളിയുടെ രസച്ചരട് മുറിയാതിരിക്കാനായി അവനോട് നാളെ വിളിക്കാൻ പറഞ്ഞുകൊണ്ട് ഞാൻ വേഗംതന്നെ ഫോൺ കട്ടുചെയ്തു.

പിറ്റേന്ന് രാവിലെ പത്തുമണിയോടെ എന്റെ പുതിയ എഴുത്തുസങ്കേതമായ ഹൈവ്വേ ഗാർഡനിൽ ചെന്നപ്പോൾ മുറിയുടെ വാതിൽക്കൽ എന്റെ വരവും കാത്ത് സുരേഷ് കണ്ണൻ നിൽക്കുന്നു. വടകരയിൽ നിന്ന് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെയാണ് ഇവൻ ഇവിടെ എത്തിയതെന്ന് ഓർത്ത് ഞാൻ നിൽക്കുമ്പോൾ, അവൻ എന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു,

“ഈ സിനിമകൂടി നടന്നില്ലെങ്കിൽ എന്റെ കാര്യംപോക്കാ. എന്റെ ജീവിതാവസ്ഥയെക്കുറിച്ചൊക്കെ ഞാൻ ഡെന്നിച്ചായനോട് പറഞ്ഞിട്ടുള്ളതല്ലേ?”

ഞാൻ മുറിതുറന്ന് അകത്തുകയറിയപ്പോഴും അവന്റ പരിദേവനമൊഴികൾ അവിരാമം തുടർന്നപ്പോൾ എനിക്ക് പിന്നെ മറുത്തൊന്നും പറയാനായില്ല. ഞാൻ അവനിൽ ആശ്വാസം പകരുകയായിരുന്നു.

“നീ വിഷമിക്കണ്ടെടാ ദുബായിൽ നിന്നും നിന്റെ നിർമാതാവ് വരട്ടെ. നിന്റെ കോഴിക്കോട്ടുകാർക്കുവേണ്ടി എഴുതിയ സ്‌ക്രിപ്റ്റ്തന്നെ എടുത്താൽ മതിയല്ലോ? ഫുൾ സ്‌ക്രിപ്റ്റ് എഴുതിവച്ചിരിക്കുകയാണ്.”
അതുകേട്ട് തെല്ലുമടിച്ചുകൊണ്ട് അവൻ പതുക്കെ ഇങ്ങനെമൊഴിഞ്ഞു.

''അത് നടക്കുമെന്ന് തോന്നുന്നില്ല. ബാലുസാറിന്റെ കയ്യിൽ ഒരു കഥയുണ്ട്. ഒരുകൂട്ടം ഭിക്ഷക്കാരുടെ ജീവിതകഥയാണ്. എവിടെയോ നടന്ന സംഭവകഥയാണത്രേ''

“ഭിക്ഷക്കാരുടെ കഥയോ? ആ കഥയെടുത്തിട്ട് ദുബായിൽ പോയി ഉണ്ടാക്കിയ പണം മുഴുവൻ കളഞ്ഞുകുളിക്കാമെന്ന് അയാൾ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ? ഒത്തിരി വർഷങ്ങൾക്ക് മുമ്പ് രാമു കാര്യാട്ട് എന്ന ജീനിയസ്സ് ഭിക്ഷക്കാരുടെ കഥ പറയുന്ന ഏഴുരാത്രികൾ എടുത്തിട്ട് നല്ല പാട്ടുകൾ ഉണ്ടായിട്ടുകൂടി എട്ടുനിലയിൽ പൊട്ടിയതാണ്. ഇപ്പോഴത്തെ കാലത്ത് ആരെങ്കിലും ഇങ്ങനെയുള്ള സിനിമ കാണാൻ വരുമോ?”

ഞാൻ അത്രയ്ക്ക് ആധികാരികമായി പറയുന്നതുകേട്ട് അവൻ ആകെ വല്ലാതായി. “ബാലുസാർ വരുമ്പോൾ ഡെന്നിച്ചായൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്.''

പറഞ്ഞതുപോലെതന്നെ ഒരാഴ്ചകഴിഞ്ഞപ്പോൾ ബാലു എറണാകുളത്തെത്തി. കളമശ്ശേരിയിലുള്ള ഒരു ഫ്‌ളാറ്റിൽവച്ചായിരുന്നു ആരംഭചർച്ച നടന്നത്.
ഭിക്ഷക്കാരുടെ കഥ എടുത്താലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ഞാൻ അവന് നല്ലൊരു സ്റ്റഡിക്ലാസെടുത്തെങ്കിലും ബാലു തന്റെ കഥയിൽ നിന്നും പിന്നോട്ടുപോയില്ല. അവസാനം ഞാൻ ഇത്രയുംകൂടി പറഞ്ഞു.
''വേണമെങ്കിൽ മമ്മൂട്ടിയുടെ ഡേറ്റ് ഞാൻ വാങ്ങി തരാം. നല്ല ബിസിനസ്സും നടക്കും.''
''മമ്മൂട്ടി അഭിനയിച്ചെന്നു കരുതി പടം വിജയിക്കണമെന്നുണ്ടോ? സിനിമ നല്ലതാണെങ്കിൽ വലിയ ആർട്ടിസ്റ്റൊന്നും അഭിനയിക്കണമെന്നില്ല.''

ഇങ്ങനെ പറയുന്ന ആളോട് ഇനി എന്താണ് ഞാൻ പറയുക? ഇതിൽ കൂടുതൽ എന്തെങ്കിലും ഞാൻ പറയാൻപോയാൽ അദ്ദേഹം ചിലപ്പോൾ സിനിമ ഉപേക്ഷിച്ചുപോയാൽ പാവം സുരേഷ് കണ്ണന്റെ ശാപം ഞാൻ ഏൽക്കേണ്ടിവരും.

പിന്നെ എല്ലാകാര്യങ്ങളും വളരെ വേഗതയിലാണ് നീങ്ങിയത്. 'ഒറ്റനാണയം' എന്നാണ് ചിത്രത്തിന് പേരിട്ടത്. 'സ്ഫുടം' നടക്കാതിരുന്നതുകൊണ്ട് 'ഒറ്റനാണയ'ത്തിൽ ജയസൂര്യയെ തന്നെ നായകനാക്കാമെന്നുള്ള പ്രതീക്ഷയിലാണ് സുരേഷ് കണ്ണനും ബാലുവും കൂടി ജയനെപോയി കണ്ടത്. പക്ഷേ നിരാശയായിരുന്നു ഫലം. തുടർച്ചയായി മൂന്നാല് സിനിമകൾക്ക് ഡേറ്റുകൊടുത്തിരിക്കുകയായിരുന്നു ജയസൂര്യ. തുടർന്ന് പല രണ്ടാംനിര നായകന്മാരെയും നോക്കിയെങ്കിലും ആരെയും കിട്ടിയില്ല. ഇതോടെ സ്വതവേ വലിയ വാശിക്കാരനായ ബാലുവിന് 'ഒറ്റനാണയം' തിളങ്ങുന്ന ഒറ്റനാണയമായി പുറത്തിറക്കണമെന്നുള്ള പിടിവാശിയായി.

അപ്പോഴാണ് 'എന്നിട്ടും' എന്ന സിനിമയിൽ നായകനായിട്ടഭിനയിച്ച എന്റെ മൂത്തമകൻ ഡിനുവിന്റെ കാര്യം സുരേഷ്, ബാലുവിനോട് പറഞ്ഞത്. അത് കേൾക്കേണ്ട താമസം രണ്ടുപേരുംകൂടി എന്റെ വീട്ടിൽവന്ന് ആഗമനോദ്ദേശം അറിയിച്ചു. ഭിക്ഷക്കാരനായ ഒരു വികലാംഗനായകനായി അഭിനയിക്കാൻ മകന് ഒട്ടും താത്പര്യമുണ്ടായില്ല. എനിക്കും.
“പടം നടന്നില്ലെങ്കിൽ എന്റെ രണ്ടുമൂന്നുലക്ഷംരൂപാ വെറുതെപോകും''

ബാലുവിന്റെ സംസാരംകേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാൻ ഒന്നും ചിന്തിക്കാൻ പോയില്ല. മകനെ വല്ലാതെ നിർബന്ധിച്ചാണ് 'ഒറ്റനാണയ'ത്തിൽ അഭിനയിക്കാൻ സമ്മതിച്ചത്. ഇനി ചേരിയിൽ കഴിയുന്ന മുഷിഞ്ഞ മുഖമുള്ള നായികാവേഷം ചെയ്യാൻ കഴിവുള്ള ഒരു നടിയെ വേണം. അപ്പോഴാണ് സംവിധായകൻ വിനയൻ ചെയ്ത 'സത്യ'ത്തിൽ പൃഥ്വിരാജിന്റെ നായികയായി വന്ന പ്രിയാമണിയുടെ മുഖം തെളിഞ്ഞുവന്നത്.

ഒരുദിവസം ഞാൻ വിനയന്റെ ലൊക്കേഷനിൽപോയപ്പോൾ പ്രിയാമണിയെ പരിചയപ്പെടുകയും ചെയ്തിരുന്നു. പുതിയ സംവിധായകനും നായകനുമാണെന്ന് കേട്ടാൽ പ്രിയാമണി വരുമോ എന്നുള്ള സന്ദേഹംകൊണ്ട് ഞാൻ വിനയനെക്കൊണ്ടാണ് ശുപാർശചെയ്യിച്ചത്. ഫോണിലൂടെ ഞാനാണ് കഥയുടെ സാരാംശം പറഞ്ഞുകേൾപ്പിച്ചത്. പ്രിയാമണിയോളം താരമൂല്യമില്ലാത്ത ഏത് നായികയാണെങ്കിലും എന്തെല്ലാമായിരിക്കും ചോദിക്കുക.

ഷൂട്ടിങ് തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് പ്രിയാമണി എറണാകുളത്ത് എത്തിയത്. ആദ്യദിവസങ്ങളിൽ പ്രിയാമണിയും ഡിനുവുമായുള്ള കോമ്പിനേഷൻ സീനുകൾ ഷൂട്ടുചെയ്യുന്നത് കാണാൻ ഞാൻ ലൊക്കേഷനിൽ പോകുമായിരുന്നു. വളരെ എളിമയും വിനയവുമുള്ള പെരുമാറ്റവും സംസാരവും. നല്ലൊരു സൗഹൃദത്തിന്റെ തുടക്കംകുറിക്കലായിരുന്നത്. ഇരുപത്തിയഞ്ചുദിവസംകൊണ്ട് സുരേഷ് ഷൂട്ടിങ് പൂർത്തീകരിക്കുകയും ചെയ്തു.

'ഒറ്റനാണയം' സിനിമ വിജയിച്ചില്ലെങ്കിലും വലിയ വിജയവിഹായസ്സിലേക്ക് ഉയർന്നത് പ്രിയാമണിയാണ്. അങ്ങനെ ആർക്കും വന്നുചേരാത്ത ഒരുമഹാഭാഗ്യമാണത്. 'ഒറ്റനാണയ'ത്തിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ പ്രിയാമണിയുടെ കരിയർഗ്രാഫ് ഇത്രയും ഉയരങ്ങളിൽ എത്തുമായിരുന്നില്ല എന്നുവേണമെങ്കിലും പറയാം. അത് എന്താണെന്നല്ലേ? അങ്ങനെ വളരെ അപൂർവം ആളുകൾക്കുമാത്രം അറിയാവുന്ന ഒരു നേരനുഭവമാണത്. അതിന്റെ നാൾവഴികളിലേക്കുവരാം.

തമിഴിലെ പ്രശസ്ത സംവിധായകനായ അമീർ 'പരുത്തിവീരൻ' എന്ന സിനിമചെയ്യാനുള്ള ഒരുക്കങ്ങളുമായി നടക്കുന്ന സമയം. തമിഴ് നടൻ സൂര്യയുടെ അനുജൻ കാർത്തിയുടെ  അരങ്ങേറ്റചിത്രമാണ്. നാട്ടിൻപുറത്തുകാരിയായ വളരെ പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വേഷത്തിനിണങ്ങുന്ന ഒരു നായികയെതേടി നടക്കുമ്പോഴാണ് അവിചാരിതമായിട്ട് 'ഒറ്റനാണയ'ത്തിലെ പ്രിയാമണിയുടെ ഒരു സ്റ്റിൽ അമീർ കാണുന്നത്. ഒറ്റനോട്ടത്തിൽതന്നെ തന്റെ കഥാപാത്രത്തിനു പറ്റിയ മുഖവും വേഷവിതാനങ്ങളുമുള്ള പെൺകുട്ടിയെപ്പോലെ അമീറിനുതോന്നി. മദ്രാസ്സിൽനിന്ന് അന്നുരാത്രിതന്നെ അമീർ പ്രിയാമണിയെ വിളിക്കുന്നു, സംസാരിക്കുന്നു, ഫിക്‌സുചെയ്യുന്നു. പ്രിയാമണിയിൽ അദ്ഭുതം വിടരുകയായിരുന്നു.

പിറ്റേന്ന് രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ വളരെ രഹസ്യമായാണ് എന്നോടും സുരേഷ് കണ്ണനോടും ഡിനുവിനോടും പ്രിയാമണി ഈ സന്തോഷവാർത്ത അറിയിച്ചത്. ഭാഗ്യം വന്നുചേരുന്ന വഴികളെക്കുറിച്ചു ഓർക്കുകയായിരുന്നു ഞാൻ.

ഏറെ താമസിയാതെതന്നെ പ്രിയാമണി 'പരുത്തിവീരനി'ലെ നായികയായി. ചിത്രം കലാപരമായും വാണിജ്യപരമായും മികച്ച വിജയം നേടുകയും ചെയ്തു.

'പരുത്തിവീര'നിലൂടെ പ്രിയാമാണി തെന്നിന്ത്യ മുഴുവനും അറിയപ്പെടുന്ന താരറാണിയായി മാറുകയായിരുന്നു. 'പരുത്തിവീരനി'ലെ അഭിനയത്തിന് ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ലഭിച്ചത് പ്രിയാമണിക്കാണ്. കൂടാതെ ഫിലിം ഫെയർ അവാർഡ് തുടങ്ങി പല പ്രാദേശിക പുരസ്‌കാരങ്ങളും പ്രിയാമണിയെ തേടിയെത്തുകയുണ്ടായി.

2024-ൽ ഷാരൂഖ് ഖാനോടൊപ്പം ജവാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ഹിന്ദിസിനിമാലോകവും പ്രായാമണിയുടെ സാന്നിധ്യത്തിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങി.
ഇത്രവലിയ താരപദവിയിൽ നിൽക്കുമ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വിജയ ചിത്രങ്ങളോടൊപ്പം തന്റെ പരാജയ ചിത്രങ്ങളെക്കുറിച്ചും തുറന്നുപറയാൻ പ്രിയാമണിക്ക് യാതൊരു മടിയുമില്ല. അല്ലാതെ ഇപ്പോഴത്തെ സിനിമയിലെ പുത്തൻ നായികമാരെപ്പോലെ പരാജയചിത്രങ്ങളുടെ പേരുകൾ വിഴുങ്ങുന്ന ശീലം പ്രിയാമണിയിൽ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.
(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi