നട്ടുച്ച വെയിലിൽ ദാഹമകറ്റാൻ തണ്ണിമത്തന്റെ അത്രയും ഗുണമുള്ള മറ്റൊരു പഴമില്ല. എന്നാൽ ഈ വേനൽക്കാലത്ത് ഏറെ പ്രിയപ്പെട്ട ഈ പഴം മരണകാരണമായേക്കാവുന്ന വില്ലനായി മാറുന്നു വാർത്തകൾ ഞെട്ടിക്കുന്നതാണ്. മുംബൈയിലെ ഒരേ കുടുംബത്തിലെ നാലുപേർ കഴിഞ്ഞദിവസം തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ട സംഭവം ഇതിലേക്ക് വിരൽചൂണ്ടുന്നു. തണ്ണിമത്തൻ എങ്ങനെയാണ് വിഷബാധയ്ക്ക് കാരണമാകുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിച്ചതുകൊണ്ടു മാത്രം തണ്ണിമത്തൻ മരണകാരണമാവില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 

To advertise here,

രാസവസ്തുക്കളുടെയും വളങ്ങളുടെയും പ്രത്യാഘാതങ്ങ
തണ്ണിമത്തൻ പെട്ടെന്ന് വളരുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ മാരകമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം.
നൈട്രേറ്റ് വളങ്ങൾ: തണ്ണിമത്തൻ വേഗത്തിൽ വളരാൻ ഉപയോഗിക്കുന്ന നൈട്രേറ്റ് കലർന്ന വളങ്ങൾ ശരീരത്തിലെത്തിയാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു. ഈ അവസ്ഥയാണ് 'മെത് ഹീമോഗ്ലോബിനീമിയ'. ഇത് പിന്നീട് ചർമ്മവും നഖങ്ങളും ചുണ്ടുകളും നീല നിറത്തിലാകുന്ന സയനോസിസിനും കാരണമാവുന്നു.
ഓക്‌സിറ്റോസിൻ: പ്രകൃതിദത്തമായി ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോണാണ് ഓക്‌സിറ്റോസിൻ. എന്നാൽ പഴങ്ങൾ കൃത്രിമമായി വലുതാക്കാൻ ഇത് ഉപയോഗിക്കുമ്പോൾ, അത് കഴിക്കുന്നവരിൽ ഹോർമോൺ വ്യതിയാനങ്ങളും വയറുവേദനയും ഉണ്ടാക്കുന്നു.
കൃത്രിമ നിറങ്ങൾ (എറിത്രോസിൻ, റോഡമിൻ ബി): ആകർഷകമായ ചുവപ്പ് നിറം നൽകാൻ എറിത്രോസിൻ, റോഡമിൻ ബി, റെഡ് ലെഡ് ക്രോമേറ്റ് എന്നീ സിന്തറ്റിക് ഡൈകൾ ഉപയോഗിക്കുന്നു. ഇവ കിഡ്നിയെയും ലിവറിനെയും തകരാറിലാക്കാനും തലച്ചോറിന് ക്ഷതം വരുത്താനും കാരണമാകുന്നു. 2023-ൽ കേരളത്തിൽ നടന്ന പഠനങ്ങളിൽ ഇത്തരം കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കാൽസ്യം കാർബൈഡ്: പഴങ്ങൾ പെട്ടെന്ന് പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു നാഡീവ്യൂഹത്തെ ബാധിക്കുകയും അർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബാക്ടീരിയൽ അണുബാധക
പഴങ്ങൾ മുറിച്ചുവയ്ക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്നതും മാരകമായ അണുബാധകൾക്ക് വഴിവെക്കുന്നു.
സാൽമൊണല്ല: മുറിച്ചുവെച്ച പഴങ്ങളിലും ശരിയായി വേവിക്കാത്ത മുട്ടയിലുമൊക്കെ ഇവ വളരുന്നു. ഇതിന്റെ പ്രകടമായ ലക്ഷണങ്ങൾ 6 മുതൽ 72 മണിക്കൂറിനുള്ളിൽ കാണപ്പെടുന്നു.
നോറോ വൈറസ്: വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെയും മലിനമായ വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്. ലക്ഷണങ്ങൾ 12 മുതൽ 48 മണിക്കൂറിനുള്ളിൽ പ്രകടമാകും.

ഇ.കോളൈ (E.coli): മലിനമായ പച്ചക്കറികളിലൂടെയും പാസ്ചറൈസ് ചെയ്യാത്ത പാലിലൂടെയും പടരുന്ന ഈ ബാക്ടീരിയ 3 മുതൽ 4 ദിവസത്തിനുള്ളിൽ കഠിനമായ അണുബാധ ഉണ്ടാക്കാം.
ലിസ്റ്റീരിയ: ഫ്രിഡ്ജിലെ തണുപ്പിലും വളരാൻ കഴിവുള്ള ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ ലക്ഷണങ്ങൾ കാണിക്കാൻ ഒരാഴ്ചയോളം എടുത്തേക്കാം.

ഭക്ഷ്യവിഷബാധയേറ്റാൽ ശരീരം താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ പ്രതികരിക്കുന്നു:

  • കഠിനമായ വയറുവേദനയും പേശിവലിച്ചിലും.
  • തുടർച്ചയായ ഛർദ്ദിയും വയറിളക്കവും.
  • മലത്തിലൂടെയോ ഛർദ്ദിയിലോ രക്തത്തിന്റെ അംശം കാണുക (ഏറ്റവും ഗൗരവതരം).
  • കഠിനമായ വിറയലോടു കൂടിയ പനി.
  • നിർജ്ജലീകരണ ലക്ഷണങ്ങൾ: നാവ് വരളുക, കണ്ണുകൾ കുഴിഞ്ഞുപോവുക, മൂത്രത്തിന്റെ അളവ് കുറയുക, തളർച്ച.
  • ബോധക്ഷയം അല്ലെങ്കിൽ തലകറക്കം.

മുൻകരുതലുകൾ

  •  പഴങ്ങളുടെ പുറംതൊലിയിലുള്ള ബാക്ടീരിയകളും രാസവസ്തുക്കളും മുറിക്കുമ്പോൾ ഉള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. അതിനാൽ പുറംഭാഗം നന്നായി കഴുകിയ ശേഷം മാത്രം മുറിക്കുക.
  • കടകളിൽ മുറിച്ചുവെച്ച തണ്ണിമത്തൻ വാങ്ങുന്നത് ഒഴിവാക്കുക. ഇവ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ പെട്ടെന്ന് കേടുവരാം.
  • മുറിച്ച തണ്ണിമത്തൻ പുറത്തുവെക്കരുത്, ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക.
  • ക്രോസ് കണ്ടാമിനേഷൻ ഒഴിവാക്കുക. അതായത് മാംസം മുറിക്കുന്ന കത്തിയും പാത്രങ്ങളും പഴങ്ങൾ മുറിക്കാൻ ഉപയോഗിക്കരുത്.
  • മുറിച്ച തണ്ണിമത്തന്റെ കഷ്ണം വെള്ളത്തിലിട്ടാൽ നിറം കലങ്ങുന്നുണ്ടെങ്കിൽ അത് കൃത്രിമ ഡൈ ചേർത്തതാകാം. പുറത്ത് വെളുത്ത പൊടി കാണുന്ന പഴങ്ങളും ഒഴിവാക്കുക.

പ്രഥമ ശുശ്രൂഷയും ചികിത്സയും

ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നിർജ്ജലീകരണം തടയാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുക, ഒആർഎസ് (ORS), ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ നൽകുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കി ലഘുവായ ഭക്ഷണങ്ങൾ നൽകുക. എന്നാൽ കടുത്ത വിറയലോടുകൂടിയ പനി നിലനിൽക്കുകയോ, ഛർദ്ദി മൂലം ഒന്നും അകത്ത് നിൽക്കാത്ത അവസ്ഥ വരികയോ ചെയ്താൽ വൈകാതെ തന്നെ ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്.

വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുമ്പോൾ അമിതമായ ജാഗ്രത പാലിക്കുക. അൽപമൊന്ന് ശ്രദ്ധിച്ചാൽ ഈ മധുരഫലത്തെ സുരക്ഷിതമായി നമുക്ക് ആസ്വദിക്കാം.

കടപ്പാട് : ഡോ. ആര്യശ്രീ കെ. എസ്. (അസോസിയേറ്റ് കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi