ചില കഥാപാത്രങ്ങൾ ചില ആർട്ടിസ്റ്റുകൾ തന്നെ ചെയ്യണമെന്ന് നിർമ്മാതാക്കളോടും സംവിധായകരോടും വാശി പിടിച്ചിട്ടുള്ള ഒരു തിരക്കഥാകാരനാണ് ഞാൻ. സിനിമാക്കാരനായി രംഗത്തേക്ക് വന്നകാലം മുതൽ എന്നിൽ കടന്നുകൂടിയ ഒരു ശീല പ്രകൃതമാണത്. എന്നാൽ ചില ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ സിനിമ സുഗമമായി നടക്കാൻവേണ്ടി എന്റെ വാശിയുടെ പത്തി പാതി മടക്കിവെച്ചുകൊണ്ട് പ്രായോഗികതയുടെ വക്താവായി മാറിയ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ സൃഷ്ടാക്കളായ തിരക്കഥാകാരനും സംവിധായകനും മനസ്സിൽ കണ്ടതുപോലെ കുറ്റവും കുറവുകളും പോരായ്മകളും ഒന്നുമില്ലാത്ത ഒരു സിനിമ ആർക്കും പുറത്തിറക്കാനാവില്ലെന്നുള്ള പക്ഷക്കാരനാണ് ഞാൻ.
ആമുഖമായി ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് പ്രചോദനമായത് കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്ന ഇരട്ട സംവിധായകരായ അനിൽ-ബാബുമാരിൽ ഒരാളായ അനിൽ പറഞ്ഞ ചില വായ്‌മൊഴികളാണ്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനെക്കുറിച്ചും യുദ്ധഭീഷണിയെക്കുറിച്ചുമൊക്കെ വാചാലനായശേഷം അനിൽ ഇന്നത്തെ സിനിമയുടെ മേച്ചിൽപുറങ്ങളിലേക്ക് കടന്നു.
'ഇപ്പോഴത്തെ സിനിമപോലെയാണ് ഇന്നത്തെ പല ആർട്ടിസ്റ്റുകളും. ആർക്കും ഒരു കമിറ്റ്‌മെന്റുമില്ല, കണക്ഷനുമില്ല. ഫോൺവിളിച്ചാൽപോലും ആരും എടുക്കില്ല. ഡെന്നിച്ചായന്റെ പ്രതാപകാലത്ത് സിനിമയിൽ വരാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം.'
അനിൽ പിന്നേയുമിരുന്ന് തൊണ്ണൂറുകളുടെ സിനിമാക്കാലത്തെക്കുറിച്ചൊക്കെ പറഞ്ഞശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു തമാശ പുരാണംപോലെ ഇത്രയുംകൂടി കൂട്ടിച്ചേർത്തു.
'ആർട്ടിസ്റ്റുകളുടെ കാര്യത്തിൽ ഡെന്നിച്ചായന്റെ ചില നിർബന്ധബുദ്ധിയും പിടിവാശിയുമൊക്കെ കാണുമ്പോൾ ഞങ്ങളിൽ അറിയാതെ നീരസം കടന്നുവന്നിട്ടുണ്ട്. പിന്നീടാണ് ഡെന്നിച്ചായന്റെ പിടിവാശിയുടെ പൊരുളറിയുന്നത്. 'സ്ത്രീധന'മെന്ന സിനിമയിൽ ഡെന്നിച്ചായന്റെ ഒരേയൊരു നിർബന്ധമായിരുന്നു ഉർവശിയെ നായികയാക്കണമെന്നത്. പടം വന്നപ്പോഴാണ് ആ പിടിവാശിയുടെ റിസൾട്ടറിയുന്നത്. ചില കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ആർട്ടിസ്റ്റുകളെ കണ്ടുപിടിക്കണമെന്ന ഒരു ഫോർമുല ഞങ്ങളിൽ പകർന്നുതന്നത് ഡെന്നിച്ചായനാണ്.'
അനിൽ പിന്നെയും ഓരോ സിനിമാക്കഥകളൊക്കെ പറഞ്ഞ് വൈകുന്നേരം ആറുമണിയോടെയാണ് തിരിച്ചുപോയത്. രാത്രി ഒമ്പത് മണിയോടെ ഈയാഴ്ചയിലെ കഥാനായികമാരിൽ വാണി വിശ്വനാഥിനെക്കുറിച്ച് എഴുതാനിരുന്നപ്പോഴാണ് ചില ആർട്ടിസ്റ്റുകളുടെ കാര്യത്തിലുള്ള എന്റെ പിടിവാശിയെക്കുറിച്ചുള്ള വാചകങ്ങൾ മനസ്സിലേക്ക് കയറിവന്നത്. 'സ്ത്രീധന'ത്തിലെപോലെ ഈ ചിത്രത്തിലെ നായികയുടെ കാര്യത്തിലും എന്റെ നിർബന്ധബുദ്ധി വർക്ക് ചെയ്യുകയായിരുന്നു. ഞാൻ തിരക്കഥ എഴുതി, വി.എം. വിനു സംവിധാനം ചെയ്ത ചിത്രത്തിന് 'സ്വർണകിരീടം' എന്നാണ് പേരിട്ടിരുന്നത്. വിനു ആദ്യമായിട്ട് ചെയ്യുന്ന ചിത്രമാണ്.
ഇതിന്റെ നിർമാതാവായ മാരുതി തൊമ്മിക്കുഞ്ഞിന് വാണിവിശ്വനാഥിന് പകരം അന്നത്തെ താരത്തിളക്കമുള്ള മറ്റൊരു നായികയെ ഇടണമെന്നുണ്ടായിരുന്നു. പക്ഷേ, ഇതിലെ കഥാപാത്രം അല്പം പക്വത തോന്നിക്കുന്ന ഒരു ആർട്ടിസ്റ്റാണ് ചെയ്യേണ്ടത്. പുരാണത്തിലെ സീതാദേവിയെപോലെ വെന്തുരുകി കരയുന്ന ഒരു സ്ത്രീ കഥാപാത്രമല്ല ഈ കഥയിലെ സിന്ധു. വിവാഹത്തിന്റെ തലേരാത്രി തന്റെ ചാരിത്ര്യം നശിപ്പിച്ച ഒരു തെമ്മാടിയോട് പ്രതികാരം ചെയ്യാൻ നടക്കുന്ന വളരെ ബോൾഡായ വേഷം ചെയ്യാൻ എന്റെ മനസ്സിലുണ്ടായിരുന്നത് അന്ന് വാണി വിശ്വനാഥാണ്.
'മാന്നാർ മത്തായി'യും 'ദി കിങ്ങു'മൊക്കെ കഴിഞ്ഞ് വാണി താരപദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സമയമാണ്. 'ദി കിങ്ങി'ൽ വളരെ മികച്ച പ്രകടനമാണ് വാണി കാഴ്ചവച്ചിരിക്കുന്നത്. അങ്ങനെയാണ് വാണി വിശ്വനാഥ് ‘സ്വർണകിരീട’ത്തിൽ നായികയായി വരുന്നത്.
ആ ചിത്രത്തിൽ നായകനായത് മനോജ് കെ. ജയനാണ്. രണ്ടുപേർക്കും പൂന്തുവിളയാടാനുള്ള നിറയെ മുഹൂർത്തങ്ങളുള്ള സിനിമയായിരുന്നു ‘സ്വർണകിരീടം’. വാണിവിശ്വനാഥിനല്ലാതെ മറ്റൊരു നടിക്കും ഈ കഥാപാത്രം ഇത്രയും നന്നായിട്ട് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ചിത്രം റിലീസായപ്പോൾ ഞാൻ പറഞ്ഞ അതേ അഭിപ്രായംതന്നെയായിരുന്നു ജനമനസ്സുകൾക്കും.
വാണി അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും എറാണകുളത്തെ ലൊക്കേഷനിൽവച്ചാണ് ഈ കക്ഷിയെ ഞാൻ നേരിട്ട് ആദ്യമായി കാണുന്നത്. എന്നെക്കുറിച്ച് വാണി കേട്ടിട്ടുണ്ടെങ്കിലും സംവിധായകൻ വി.എം.വിനുവിന്റെ പരിചയപ്പെടുത്തൽ വളരെ രസകരമായിരുന്നു.
'കലൂർ ഡെന്നിസിനെ അറിയില്ലേ? കൈയും കാലും കൊണ്ടെഴുതുന്ന മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകാരനാണ്. പിന്നെ എന്നോട് കനിവ് തോന്നി എനിക്ക് ആദ്യമായി ഒരു സിനിമ തന്ന് സഹായിച്ച ഹൃദയവിശാലതയുള്ള നല്ലൊരു മനുഷ്യൻ കൂടിയാണ് ഡെന്നിച്ചായൻ.'
വിനുവിന്റെ സ്തുതിഗീതങ്ങളിൽ ഞാൻ ചമ്മി നിൽക്കുമ്പോൾ വാണി എന്നെ നോക്കി ചിരിക്കുകയായിരുന്നു. നല്ലൊരു ജ്യോതിഷപണ്ഡിതകുടുംബത്തിൽ ജനിച്ചതിന്റെ ആഢ്യത്വവും എളിമയും വിനയവും അഹങ്കാരകലർപ്പില്ലാത്ത സംസാരവുംകൊണ്ട് വാണി പെട്ടെന്നുതന്നെ എന്റെ ഗുഡ് ബുക്കിൽ കയറിക്കൂടുകയും ചെയ്തു.
‘സ്വർണകിരീടം’ നന്നായി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു സിനിമ നിർമിക്കണമെന്ന ആഗ്രഹവുമായി എറണാകുളത്തുള്ള പി.ടി.അബ്രഹാമും ജോസ് മാത്യുവുംകൂടി എന്നെ കാണാൻ ഹൈവേ ഗാർഡൻ ഹോട്ടലിൽ വരുന്നത്. ഇതേ ആർട്ടിസ്റ്റുകൾ തന്നെ മതി പുതിയ നിർമാതാക്കൾക്കും. ഈ ദിവസങ്ങളിൽ സംവിധായകൻ വിജിതമ്പിയും ഞാനും കൂടി ഒരു പുതിയ സിനിമയുടെ ചർച്ചയുമായി ഹൈവേ ഗാർഡനിലുണ്ട്. അവർക്ക് സംവിധായകൻ ആരായാലും കുഴപ്പമില്ല. പടം ഓടണമെന്നേയുള്ളൂ.
കോട്ടയത്ത് ഫയർഎഞ്ചിൻ ഓഫീസിൽ ജോലി നോക്കുന്ന സെയ്ദ് എന്ന ഒരാളുടെതാണ് കഥ. നല്ല സസ്‌പെൻസും ത്രില്ലറുമുള്ള ഈ കഥ ഇവർക്കുവേണ്ടി ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അവർക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു. ആ ചിത്രമാണ് ‘മാന്ത്രികക്കുതിര’. മനോജ് കെ. ജയനും വാണിവിശ്വനാഥുമാണ് നായികാനായകന്മാരായി വരുന്നത്. കൂടാതെ ലാലു അലക്‌സ്, കലാഭവൻ മണി, മോഹിനി, ബാബുരാജ്, എൻ.എഫ്. വർഗീസ്, സ്ഫടികം ജോർജ് തുടങ്ങിയവരും പ്രധാനവേഷങ്ങൾ ചെയ്തു. ‘സ്വർണകിരീടം’ കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ ‘മാന്ത്രികക്കുതിര’യുമായി ഞങ്ങൾ ചെന്നപ്പോൾ വാണി വിശ്വനാഥിന് ടെൻഷനായി.
ആ സമയത്ത് വാണി ഏതോ പടത്തിന് ഡേറ്റ് കൊടുത്തിരുന്നു. ഞങ്ങളുടെ കഥ കേട്ടപ്പോൾ വാണിക്ക് വലിയ ഇഷ്ടമായി. ‘സ്വർണകിരീടം’ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരു വേഷമാണ്. വാണിയുടെ രൂപലാവണ്യത്തിന് ഇണങ്ങിയ ഒരു മികച്ച കഥാപാത്രം. പിന്നെ വാണിക്കുവേണ്ടി ഞങ്ങൾ ഒരാഴാചകൂടി പടം നീട്ടിവെച്ചതിനുശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. എറണാകുളം തന്നെയായിരുന്നു ഇതിന്റെയും ലൊക്കേഷൻ. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ടോമിൻ ജെ. തച്ചങ്കരിയാണ് സംഗീതം നൽകിയത്.
ഈ ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു നടൻ ബാബുരാജും വാണിയും പരിചയപ്പെടുന്നത്. ആകസ്മികമായുള്ള ഈ കൂടിക്കാഴ്ച അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കുറിക്കുമെന്ന് അന്ന് അവർ വിചാരിച്ചുകാണില്ല.
വാണി വിശ്വനാഥും മനോജ് കെ. ജയനും മത്സരിച്ച് അഭിനയിച്ച തകർപ്പൻ സീനുകൾ ഈ ചിത്രത്തിലുണ്ട്. ഭർത്താവായ മനോജിന് വാണിയുടെ അനിയത്തിയായ മോഹിനിയോടുള്ള താത്പര്യം മനസ്സിലാക്കിയ വാണിയുടെ ദേഷ്യവും സങ്കടവും വിരഹവുമെല്ലാം ഒരേപോലെ ആവാഹിച്ചുകൊണ്ടുള്ള പ്രകടനത്തിന് തിയേറ്ററിൽ കൈയടികളായിരുന്നു.
സ്വർണകിരീടവും മാന്ത്രികക്കുതിരയും കൂടി വന്നതോടെ വാണിയുടെ പോപ്പുലാരിറ്റിയുടെ ഗ്രാഫ് വല്ലാതെ ഉയരുകയായിരുന്നു. തുടർന്ന് ഹിറ്റ്‌ലർ, കളിവീട്, കിലുകിൽ പമ്പരം, ജനാധിപത്യം, ദി ട്രൂത്ത്, ഉസ്താദ് തുടങ്ങി ഒത്തിരി സിനിമകളിൽ, സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി തുടങ്ങിയവർക്കൊപ്പം അഭിനയിച്ച് അവരുടെ ഭാഗ്യജോടിയെന്ന പേരും വാണി നേടിയെടുത്തു.
‘മാന്ത്രികക്കുതിര’ക്കുശേഷം പിന്നീട് രണ്ടു കൊല്ലം കഴിഞ്ഞാണ് വാണി വിശ്വനാഥ് എന്റെ ഒരു സിനിമയിൽ അഭിനയിക്കുന്നത്. ബൈജു കൊട്ടാരക്കര സംവിധാനം ചെയ്ത ജെയിംസ് ബോണ്ട്. ഈ ചിത്രത്തിൽ ഒരു 'വട്ട്' കഥാപാത്രമായിട്ടാണ് വാണി അഭിനയിച്ചത്. ചുരുങ്ങിയ ബജറ്റിനുള്ളിൽ എടുത്ത ഈ ചിത്രവും സാമ്പത്തികവിജയംനേടി.
മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള വാണിവിശ്വനാഥിന് ടി.വി.ചന്ദ്രന്റെ 'സൂസന്ന' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
2002 ആയപ്പോൾ ബാബുരാജിനെ വിവാഹം കഴിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിച്ചുവരികയാണ് വാണി വിശ്വനാഥ് ഇപ്പോൾ.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Insights into the casting process of Vani Viswanath for Swarnakireedam. The professional collaboration between Kaloor Dennis and director V.M. Vinu.
Published: 28 Mar 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented