ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പണമോ വിദ്യാഭ്യാസമോ പദവിയോ ഒന്നുമല്ല. സ്വഭാവഗുണമാണ്. ഈ മഹത്തായ മൊഴിവചനം അറിയാതെ പലപ്പോഴും എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. അതിൽ നീണ്ട അമ്പതാണ്ടുകളോട് അടുത്തുവരുന്ന എന്റെ സിനിമായാത്രയിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള നക്ഷത്രശോഭയുള്ള അനവധി താരമുഖങ്ങളുമുണ്ട്.

അഹങ്കാരവും ജാഡയുമുള്ളവരാണ് ഭൂരിഭാഗംപേരെങ്കിലും താരജാഡയൊന്നുമില്ലാതെ എളിമയും വിനയവും കൈമുതലായി കൊണ്ടുനടക്കുന്ന അപൂർവം ചില അഭിനയപ്രതിഭകളെയും ഞാൻ കണ്ടിട്ടുണ്ട്. ഇക്കുറി കഥയിലെ നായികമാർ എന്ന കോളം എഴുതാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് തിരുവനന്തപുരം സ്വദേശിയായ സുചിത്ര എന്ന അഭിനേത്രിയാണ്.

ജോഷിയുടെ 'നമ്പർ 20 മദ്രാസ് മെയിലി'ലൂടെയാണ് സുചിത്രയുടെ സിനിമായാത്ര ആരംഭിക്കുന്നത്. മദ്രാസ് മെയിലിലൂടെയുള്ള യാത്ര വളരെ സുഖമായിരുന്നെങ്കിലും തുടർന്നുവന്ന 'ലോക്കൽ മെയിലു'കളിൽ പ്രണയവും പാട്ടുമൊക്കെയുള്ള പതിവ് വേഷമായിരുന്നതുകൊണ്ട് മികച്ച അഭിനയമുഹൂർത്തങ്ങളുള്ള കഥാപാത്രങ്ങളൊന്നും സുചിത്രയെ തേടിയെത്തിയില്ല. എന്നാൽ ഞാൻ മദ്രാസ് മെയിൽ പോയി കണ്ടപ്പോൾ സുചിത്രയെന്ന പുതുമുഖ നായികയുടെ രൂപഭാവങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ തിരക്കഥയെഴുതിയ 'മിമിക്‌സ് പരേഡി'ൽ രണ്ട് നായികമാരിലൊരാളായി സുചിത്രയെക്കുറിച്ച് ഞാൻ നിർമാതാവിനോടും സംവിധായകനോടും പറയുന്നത്.

ഞാൻ സുചിത്രയെ ആദ്യമായി കാണുന്നത് എറണാകുളത്ത് പനമ്പിള്ളി നഗറിലെ നടുറോഡിൽവെച്ചായിരുന്നു. സിംപിൾ പ്രൊഡക്ഷൻസിന്റെ 'മിമിക്‌സ് പരേഡി'ന്റെ പൂജയും സ്വിച്ചോണും ഷൂട്ടിങ്ങും നടന്നത് ഇവിടെവെച്ചാണ്. തുളസീദാസാണ് സംവിധായകൻ. സുചിത്രയെയും സുനിതയെയും വെച്ചാണ് ആദ്യസീനെടുക്കുന്നത്. ഷൂട്ടിങ് കാണാനായി റോഡിന്റെ രണ്ടുവശവും ആളുകൾ തിങ്ങിക്കൂടി നിൽക്കുകയാണ്. സുചിത്രയും സുനിതയും വരാനായി എല്ലാവരും കാത്തുനിൽക്കുന്നു.

അപ്പോഴാണ് ഒരു അംബാസഡർ കാറിൽ വന്ന് സുചിത്രയും സുനിതയും ഇറങ്ങുന്നത്. രണ്ടു യുവ താരസുന്ദരികളെ കണ്ടപ്പോൾ ജനം ഇളകിമറിഞ്ഞു. സുചിത്രയും സുനിതയും രണ്ട് ആത്മമിത്രങ്ങളായിട്ടാണ് ഇതിൽ വേഷമിടുന്നത്. സുചിത്രയെ കണ്ടപ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ആദ്യം വന്നുവീണ കമന്റ് വളരെ രസകരമായിരുന്നു:
''ദാ വന്നല്ലോ ട്വന്റിമെയിൽ!''
അതുകേട്ട് ജനം ആർത്തുചിരിച്ചു. അപ്പോൾ അനുബന്ധമെന്നപോലെ ഉടനേവന്നു മറ്റൊരു കമന്റുംകൂടി:
''ഇതാരാടാ വേണാട് എക്‌സ്പ്രസ്സോ''.
ലൊക്കേഷൻ ചിരിമയമായിമാറി. പിന്നെ, പോലീസിനെ ഏർപ്പാടാക്കിയിരുന്നതുകൊണ്ട് ഷൂട്ടിങ്ങിന് ഭംഗമൊന്നും വന്നില്ല. തുളസീദാസാണ് സുചിത്രയെ പരിചയപ്പെടുത്തിയത്. സുചിത്ര നിറചിരിയോടെ പറഞ്ഞു: ''ഞാൻ ഡെന്നീസ് സാറിന്റെ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട്.'' സുനിത 'നിറഭേദങ്ങളി'ൽ അഭിനയിക്കാൻ തൃശ്ശൂരിൽ വന്നപ്പോൾ കണ്ടിട്ടുള്ളതുകൊണ്ട് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യം വന്നില്ല.

ജഗദീഷ് നായകനായ ആദ്യചിത്രംകൂടിയാണ് മിമിക്‌സ് പരേഡ്. കൂടാതെ സിദ്ധിഖ്, ഇന്നസെന്റ്, മാള അരവിന്ദൻ, ബാബു ആന്റണി, അശോകൻ, ബൈജു, ഫിലോമിന, സൈനുദ്ദീൻ, പ്രതാപചന്ദ്രൻ തുടങ്ങിയവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഈ ലൊക്കേഷനിൽവെച്ചാണ് ഞാനും സുചിത്രയുമായി ഹൃദ്യമായ ഒരു സൗഹൃദബന്ധത്തിന് തുടക്കംകുറിക്കുന്നത്. വളരെ തുറന്ന മനസ്സുള്ള, എന്റെ കൊച്ചുപെങ്ങളെപ്പോലെയായിരുന്നു എനിക്ക് സുചിത്ര എന്നുപറയുന്നതായിരിക്കും ഏറെ ഭംഗി. മിമിക്‌സ് പരേഡ് വൻ വിജയമായിമാറിയപ്പോൾ അതിന്റെ രണ്ടാംഭാഗമായ 'കാസർകോട് കാദർഭായി'യുടെ ഷൂട്ടിങ്ങും ഉടനേതന്നെ തുടങ്ങി. മിമിക്‌സ് പരേഡിലെ ആർട്ടിസ്റ്റുകളൊക്കെത്തന്നെയായിരുന്നു ഇതിലും വേഷമിട്ടത്.

ഞാൻ ലൊക്കേഷനിൽ ചെല്ലുമ്പോഴൊക്കെ ഇരട്ടസഹോദരിമാരെപ്പോലെ സുചിത്രയും സുനിതയും ഒന്നിച്ചിരുന്ന് എപ്പോഴും തമാശകളും കുസൃതിയുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടാവും. സുചിത്രയ്ക്ക് മികച്ച വേഷങ്ങൾ ചെയ്യണമെന്നോ പേരും പ്രശസ്തിയും ഉണ്ടാകണമെന്നോ ഉള്ള മോഹങ്ങളോ ചിന്തകളോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ലെങ്കിലും, സുചിത്രയ്ക്ക് കൈയടികിട്ടാൻ പറ്റിയ കുറിക്കുകൊള്ളുന്ന സംഭാഷണമുള്ള ഒരു നല്ലവേഷം കൊടുക്കണമെന്ന് എനിക്കു തോന്നി.

അതിനുള്ള അവസരം ഒത്തുവന്നത് ഞാൻ ചെയ്ത 'സ്ത്രീധന'ത്തിലായിരുന്നു. ഉർവശിയാണ് നായികയെങ്കിലും അനുജത്തിക്കുട്ടിയായി വരുന്ന മറ്റൊരു വേഷമുണ്ട്. ആരുടെ മുഖത്തുനോക്കിയും തനിക്ക് ശരിയെന്നു തോന്നുന്നതെന്തും വെട്ടിത്തുറന്നുപറയാൻ മടിക്കാത്ത സുഷമ എന്ന ഒരു കഥാപാത്രം. അതിൽ കൈയടികിട്ടാവുന്ന രണ്ടുമൂന്നു സീനുകൾ ഞാൻ പ്രത്യേകം എഴുതിയുണ്ടാക്കി. ഞാൻ സുചിത്രയുടെ ആ സീൻ എഴുതിക്കഴിഞ്ഞപ്പോൾ ഈ വിവരം സംവിധായകരായ അനിൽ-ബാബുമാരോട് പറഞ്ഞു. അപ്പോൾ അനിൽ പറഞ്ഞൊരു കമന്റുണ്ട്:
''ഉർവശീശാപം ഉപകാരമായി!''
എന്താണ് സുചിത്രവിഷയത്തിൽ അനിൽ പറഞ്ഞതിന്റെ പൊരുളെന്ന് എനിക്ക് മനസ്സിലായില്ല. ചിരിച്ചുകൊണ്ട് അനിലിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു:
''ഉർവശി നമ്മുടെ പടത്തിലുള്ളതുകൊണ്ട് എനിക്കറിയാവുന്ന ഒരുപമ പറഞ്ഞെന്നേയുള്ളൂ. സുചിത്രയ്ക്കുവേണ്ടിയാണ് എഴുതിയതെങ്കിലും അത് നമ്മുടെ സിനിമയ്ക്ക് ഗുണമായി ഭവിക്കും.''

സ്ത്രീധനം പുറത്തുവന്നപ്പോൾ, ചേച്ചിയെ പ്രേമിച്ചശേഷം അവളെ തഴഞ്ഞ് പോയ നട്ടെല്ലില്ലാത്ത കാമുകനോട് കണക്കിനു പറയുന്ന ഒരു സീനുണ്ട്. അതിന് തിയേറ്ററിൽ നിലയ്ക്കാത്ത കൈയടിയായിരുന്നു.

ചേച്ചിയുടെ കാമുകനായ വിശാഖൻ വരാൻ പുഴവക്കത്ത് കാത്തുനിൽക്കുകയാണ് സുഷമ. യാത്രാവഞ്ചിയിൽനിന്നിറങ്ങുന്ന വിശാഖൻ സുഷമയെ കണ്ടെങ്കിലും കാണാത്തഭാവത്തിൽ പോകുമ്പോൾ അവൾ ചോദിക്കുന്നു:
''ഹലോ വിശാഖൻ സാറേ... എന്താ കണ്ടിട്ട് കാണാതെ പോകുന്നത്?''

ചെറുതായിട്ട് ഒന്നു ചമ്മിക്കൊണ്ട് വിശാഖൻ പറഞ്ഞു: ''എനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്.''
''ഇപ്പോൾ തിരക്ക് കൂടുമെന്നറിയാം. നേരത്തേ ഞാൻ വരാൻവേണ്ടി മണിക്കൂറുകളോളം ഇവിടെ കാത്തുനിൽക്കുമായിരുന്നല്ലോ, എന്റെ ചേച്ചിയുടെ വിശേഷങ്ങളറിയാൻ. ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ അല്ലേ...''

സുഷമയുടെ പരിഹാസം കേട്ട് വാക്കുകൾ കിട്ടാതെ ഒന്നു പതറുമ്പോൾ സുഷമ തുടരുന്നു:
''എത്രനാൾ എന്റെ ചേച്ചിയുടെ പിറകേ നടന്നിട്ടാണ് ചേച്ചിയുടെ മനസ്സ് മാറ്റിയെടുത്തത്... ചേച്ചിയെ കിട്ടിയില്ലെങ്കിൽ ചത്തുകളയുമെന്നുവരെ പറഞ്ഞില്ലേ നിങ്ങൾ...''
''അത്... എന്റെ സിറ്റുവേഷൻ നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണ്...''
''ശരിക്കും മനസ്സിലായി, കൊട്ടിഗ്ഘോഷിച്ചുകൊണ്ടു നടക്കുന്ന ഈ വേഷമല്ലാതെ പുരുഷത്വത്തിന്റെതായ ഒരു ലക്ഷണവുമില്ല നിങ്ങൾക്കെന്ന്. അതുണ്ടായിരുന്നെങ്കിൽ ഇത്ര നാണംകെട്ട രീതിയിൽ എന്റെ ചേച്ചിയോട് നിങ്ങൾ പെരുമാറില്ലായിരുന്നു.''

അവളുടെ ചോദ്യങ്ങൾക്കു മുൻപിൽ അയാൾ വീണ്ടും പതറിക്കൊണ്ട് പറഞ്ഞു:
''എനിക്ക്... എന്റെ അച്ഛനും അമ്മയും പറയുന്നതുപോലെ...''

വാക്കുകൾ മുഴുമിപ്പിക്കുംമുൻപേ അവൾ തടഞ്ഞുകൊണ്ട് പറഞ്ഞു:
''അച്ഛന്റെയും അമ്മയുടെയും താത്പര്യത്തോടെയാണോ നിങ്ങൾ എന്റെ ചേച്ചിയെ സ്‌നേഹിച്ചത്. അപ്പോൾ, നിങ്ങൾക്കു വേണ്ടത് എന്റെ ചേച്ചിയെയല്ല, പണമാണ്.''
''സുഷമേ... ഞാൻ... എനിക്ക്...''
''തന്റേടമുണ്ടെങ്കിൽ എത്രയോ വഴികൾ കിടക്കുന്നു... ഒരുവാക്കുപറഞ്ഞാൽ മതിയായിരുന്നു, എന്റെ ചേച്ചി ഇറങ്ങിവരുമായിരുന്നല്ലോ നിങ്ങളുടെ കൂടെ. ഏതെങ്കിലുമൊരു രജിസ്റ്ററാപ്പീസിൽവെച്ച്, ഒരു താലിച്ചരടു വാങ്ങി കെട്ടിയിരുന്നെങ്കിൽ, ഒരച്ഛനുമമ്മയ്ക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അത് പണത്തിനോടാർത്തിയില്ലാത്ത, നട്ടെല്ലുള്ള ആണുങ്ങൾക്കേ പറ്റൂ.''

അവളുടെ മുനയുള്ള വാക്കുകൾക്കു മുമ്പിൽ വിശാഖൻ ഉരുകിനിന്നപ്പോൾ അവൾ വീണ്ടും തുടർന്നു:
''പക്ഷേ, എന്റെ ചേച്ചിക്ക് ഒരു തെറ്റുപറ്റിപ്പോയി. സ്‌നേഹിക്കാൻ മാത്രമറിയാവുന്ന പെൺകുട്ടികൾക്കറിയില്ലല്ലോ ഷണ്ഡന്മാർക്കും മീശമുളയ്ക്കുമെന്ന്...''
വിശാഖൻ നിന്ന് വിയർക്കുകയായിരുന്നു.
''ഈ വിവാഹം നടക്കില്ലെന്നു കരുതി എന്റെ ചേച്ചി ആത്മഹത്യചെയ്യാനൊന്നും പോകുന്നില്ല... ചേച്ചിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഈ വിലപേശൽ എന്റെയടുത്തായിരുന്നെങ്കിൽ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടാൻ നിങ്ങളുടെ കൈ പൊങ്ങില്ലായിരുന്നു.''


''സുഷമേ...''
''താൻ പോടോ'' എന്നുപറഞ്ഞ് ദേഷ്യത്തിൽ സുഷമ തിരിഞ്ഞുനടന്നു.

ഇതിൽത്തന്നെ ചേച്ചിയുടെ അമ്മായിയമ്മയായിട്ടഭിനയിക്കുന്ന മീനയോടു പറയുന്ന സംഭാഷണത്തിനും തിയേറ്ററിൽ സ്ത്രീകളുടെ നിലയ്ക്കാത്ത കൈയടിയായിരുന്നു.

സുചിത്ര ഏകദേശം അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനത്തിലെപ്പോലെ കൈയടി കിട്ടിയ ശക്തമായൊരു കഥാപാത്രം വേറേ കിട്ടിക്കാണാനിടയില്ല. സുചിത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴും ചിലർ സ്ത്രീധനത്തിലെ വേഷത്തെക്കുറിച്ച് സൂചിപ്പിക്കാറുണ്ട്.

സ്ത്രീധനത്തിനുശേഷം ഞാനെഴുതിയ കള്ളൻ കപ്പലിൽതന്നെ, മാന്ത്രികച്ചെപ്പ്, സൗഭാഗ്യം, നീലക്കുറുക്കൻ എന്നീ ചിത്രങ്ങളിലാണ് സുചിത്ര അഭിനയിച്ചത്.

സുചിത്രയെ അവസാനമായി ഞാൻ കണ്ടത് ഐ.വി. ശശി സംവിധാനംചെയ്ത 'പദവി' എന്ന രാഷ്ട്രീയസിനിമയുടെ മടിക്കേരിയിലെ ലൊക്കേഷനിൽവെച്ചാണ്. സിംപിൾ പ്രൊഡക്ഷൻസിന്റെ ചിത്രമായതുകൊണ്ടാണ് ഞാൻ അവിടെ വന്നത്. ടി. ദാമോദരൻമാഷായിരുന്നു അതിന്റെ രചന നിർവഹിച്ചത്. ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന ഒരു സിനിമയായിരുന്നു അത്. ലക്ഷ്മിക്കായിരുന്നു ഇന്ദിരാഗാന്ധിയുടെ വേഷം. പക്ഷേ, ആ ചിത്രം എട്ടൊൻപതു ദിവസത്തെ ഷൂട്ടിങ്ങിനുശേഷം, ലക്ഷ്മി വരാതിരുന്നതിന്റെ പേരിൽ പായ്ക്കപ്പാകുകയായിരുന്നു. പിന്നീടതിന് ഒരിക്കലും വെളിച്ചം കാണാനുമായില്ല.

പദവി പായ്ക്കപ്പായ ദിവസം മടിക്കേരിയിൽനിന്ന് ഞാനും സുചിത്രയും അമ്മയുംകൂടി ഒന്നിച്ചാണ് എറണാകുളത്തേക്കു വന്നത്. അതിനുശേഷം ഞാൻ സുചിത്രയെ കണ്ടിട്ടില്ല. സുചിത്ര വിവാഹംകഴിഞ്ഞ് വിദേശത്ത് ഭർത്താവുമൊന്നിച്ച് സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരികയാണിപ്പോൾ.

(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi