മാർച്ച് നാല് ബുധനാഴ്ച രാത്രി പത്തുമണി. കഥയിലെ നായികമാരിൽ പ്രിയാമണിയെക്കുറിച്ച് കുറിക്കാനിരുന്നപ്പോൾ പെട്ടെന്നാണ് എന്റെ മൊബൈൽ ശബ്ദിച്ചത്. ഞാൻ ഉടനെ ഫോൺ എടുത്തു.

' ഹലോ, കലൂർ ഡെന്നീസല്ലേ'

' അതെ'

' ഓർമ്മയുണ്ടോ ഈ ശബ്ദം'

ഞാൻ ഒരുനിമിഷം ആലോചിച്ചു. പരുക്കനും പൈങ്കിളിയും ഒന്നുമല്ലാത്ത ഒരു വ്യത്യസ്തമായ ശബ്ദമാണ്. ഒരു പിടിയും കിട്ടുന്നില്ല.

' ഇല്ല, ആരാണ്? എനിക്ക് ഒരു രൂപവും കിട്ടുന്നില്ല.'

' ഒരു വിളിപ്പാടകലെയല്ലാത്ത എന്നാൽ അത്ര വലിയ ദൂരം വിളിപ്പാടകലെയല്ലാത്ത തേവക്കൽ ഷംസുദ്ദീനെ ഓർമ്മയുണ്ടോ?'

സ്ഥലപ്പേര് പറഞ്ഞപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. ശബ്ദത്തിലുണ്ടായ വല്ലാത്ത പഴക്കമാണ് ആളെ പെട്ടെന്ന് പിടികിട്ടാതിരുന്നത്. 1982-ൽ ഞാൻ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ' ഒരു വിളിപ്പാടകലെ'യുടെ നിർമ്മാതാവാണ് കക്ഷി. നീണ്ട ഇരുപത്തഞ്ച് വർഷങ്ങൾക്കുമുൻപ് ഞങ്ങൾ തമ്മിൽ സംസാരിച്ചതിനുശേഷം പിന്നീട് തമ്മിൽ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

' ജേസി സാറിന്റെ അനുജൻ അബ്രഹാംലിങ്കനിൽനിന്നാണ് നിങ്ങളുടെ ഫോൺ നമ്പർ വാങ്ങിയത്.'

ഇവിടെയാണ് ചില വിശ്വാസങ്ങളിലും നിമിത്തങ്ങളിലുമൊക്കെ നമ്മൾ അറിയാതെ ചെവിവെട്ടം പിടിച്ചുപോകുന്നത്. കഥയിലെ നായികമാരിൽ ഷീലയും ശാരദയും ജയഭാരതിയും കഴിഞ്ഞാൽ അടുത്തായി വരേണ്ട താരമുഖം സുജാതയാണ്.

കാൽനൂറ്റാണ്ടിനുശേഷമുള്ള ഷംസുദ്ദീന്റെ ഫോൺവിളി ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് എനിക്ക് തോന്നി. ശാരദയും ജയഭാരതിയുമൊക്കെ വന്ന കാലഘട്ടത്തിൽതന്നെയാണ് സുജാതയും സിനിമയിലേക്ക് വന്നത്. നീണ്ട നാൽപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു വിളിപ്പാടകലെയെക്കുറിച്ച് വല്ലപ്പോഴുമൊക്കെ ഞാൻ ഓർക്കുമെങ്കിലും എന്തുകൊണ്ടാണ് അതിൽ നായികയായിട്ടഭിനയിച്ച സുജാതയുടെ മുഖം ഓർമ്മയിൽ വരാതിരുന്നത്? മലയാളത്തേക്കാൾ കൂടുതലായി തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നതുകൊണ്ടായിരിക്കാം ഒരുപക്ഷേ സുജാത എന്റെ ഓർമ്മയുടെ നിഴൽവെട്ടത്ത് വരാതിരുന്നതെന്ന് തോന്നുന്നു. തമിഴിൽ ശിവാജിഗണേശന്റെ നായികയായി നാല് ചിത്രങ്ങളിലും രജനീകാന്തിന്റെ നായികയും അമ്മയുമൊക്കെയായി അഞ്ച് സിനിമകളിലും കമൽഹാസന്റെ കൂടെ അവൾ ഒരു തുടർക്കഥയിലും സുജാത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സത്യൻ തുടങ്ങി നസീർ, മധു, സോമൻ, വേണു നാഗവള്ളി, സുധീർ, വിൻസെന്റ്, പ്രതാപ് പോത്തൻ, ബാലചന്ദ്രമേനോൻ തുടങ്ങി അക്കാലത്തെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും നായികയായും ഉപനായികയായും അനുജത്തിയായുമൊക്കെ സുജാത വേഷപ്പകർച്ച നടത്തിയിട്ടുണ്ട്. 'അവൾ ഒരു തുടർക്കഥ'യിലൂടെ കെ.ബാലചന്ദറാണ് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായികയായി സുജാതയെ ഉയർത്തിക്കൊണ്ടുവന്നത്.

ഞാൻ ഉടനെതന്നെ പ്രിയാമണിയെ മാറ്റിവെച്ച് ഒരു വിളിപ്പാടകലെയിലെ സുജാതയിലേക്ക് കടന്നു.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഭർത്താവിന്റെയും പഴയ കാമുകന്റെയും ഇടയിൽ കിടന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ശ്വാസംമുട്ടുന്ന വിഷാദനായികയായ കഥാപാത്രമാണ്. വല്ലാതെ തളർന്ന വെയിലിന്റെ മുഖംപോലിരിക്കുന്ന അമ്മുക്കുട്ടി നോട്ടംകൊണ്ടും മൗനംകൊണ്ടും സംസാരിക്കുന്ന ഒരു മികച്ച കഥാപാത്രമായിരുന്നു.

ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അമ്മുക്കുട്ടിയായി എന്റെ മനസ്സിൽ ഉണ്ടായിരുന്നത് സുജാതയായിരുന്നു. അവൾ ഒരു തുടർക്കഥ കണ്ടപ്പോൾ മനസ്സിൽ കയറിക്കൂടിയ ഒരു പ്രചോദനമായിരുന്നു സുജാത. മലയാളസിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ സമയം മുതൽ എനിക്കവരെ അറിയാം. ഞങ്ങൾ സുജാതയുടെ കോൾഷീറ്റിന്റെ കാര്യം ആദ്യം സംസാരിക്കാൻ പറഞ്ഞേൽപ്പിച്ചത് മദ്രാസിലുള്ള പ്രൊഡക്ഷൻ കൺട്രോളർ കെ.പി.സി.പിള്ളയെയായിരുന്നു. പിള്ള സംസാരിച്ചതിനുശേഷം അന്ന് രാത്രി ഒമ്പതുമണിയോടെ എസ്ടിഡി ബൂത്തിൽനിന്നും ഞാൻ സുജാതയുടെ മദ്രാസിലെ വീട്ടിലേക്ക് വിളിച്ചു.

സുജാതതന്നെയാണ് ഫോൺ എടുത്തത്. ഞാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ സുജാതയുടെ നനഞ്ഞ ശബ്ദത്തിന് അല്പം വികാസം വച്ചതുപോലെ തോന്നി.

' ങാ, പ്രൊഡക്ഷൻ കൺട്രോളർ കെ.പി.സി.പിള്ള വന്നിരുന്നു, വിവരങ്ങളൊക്കെ പറഞ്ഞു. എന്നാണ് നിങ്ങൾ ഷൂട്ടിങ് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.'

ഞങ്ങൾ തീരുമാനിച്ചിരുന്ന ഷൂട്ടിങ് ഡേറ്റ് ഞാൻ അവരോട് പറഞ്ഞു. അതുകേട്ട് തെല്ല് അതിശയഭാവത്തിൽ അവർ മൊഴിഞ്ഞു.

' അയ്യോ, രണ്ടുമാസത്തിനുള്ളിൽ നടക്കുമെന്ന് തോന്നുന്നില്ല. ഒരു തമിഴ്ചിത്രത്തിന് കൊടുത്തിരിക്കുന്ന കോൾഷീറ്റാണത്.'

അതുകേട്ടപ്പോൾ എന്റെ മനസ്സിൽ പെട്ടെന്നൊരു ബുദ്ധി ഉദിച്ചു.

' ഞാൻ ഈ ഞായറാഴ്ച രാവിലെ മദ്രാസിൽ വരുന്നുണ്ട്. ആദ്യം സുജാത സിനിമയുടെ കഥ കേൾക്കൂ. എന്നിട്ട് ഡേറ്റിന്റെ കാര്യമൊക്കെ സംസാരിക്കാം. കഥകേട്ട് കഴിഞ്ഞിട്ട് തമിഴ് പടം മാറ്റിവെച്ച് രണ്ടാഴ്ചമുന്നേതന്നെ ഷൂട്ടിങ് തുടങ്ങാമെന്നൊന്നും പറഞ്ഞുകളയരുത്.'

എന്റെ സംസാരത്തിന്റെ രസാംശം കേട്ട് സുജാതയുടെ നനഞ്ഞ ചിരി മുഴങ്ങി.

പറഞ്ഞതുപോലെതന്നെ ഞാൻ ഞായറാഴ്ച രാവിലെ മദ്രാസിലെത്തിയിട്ട് സുജാതയെ വിളിച്ചു.

' രാവിലെ പത്ത് മണിയാകുമ്പോൾ ഞാൻ എവിഎം സ്റ്റുഡിയോയിലുണ്ടാകും. ശിവാജി സാർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങാണ്. ഡെന്നിസ് അവിടെ വന്നാൽമതി.'

അവിടത്തെ പാംഗ്രോവ് ഹോട്ടലിലാണ് ഞാൻ മുറിയെടുത്തിരുന്നത്. ജോഷിയും ഞാനും കൂടി ചെയ്യുന്ന ജൂബിലിയുടെ 'ആ രാത്രി'യുടെ ചർച്ച ഇവിടെവച്ചായിരുന്നു.

ഒമ്പതരമണിയായപ്പോൾതന്നെ ഞാൻ എവിഎമ്മിലെത്തി. സുജാതയെയും കാത്ത് ഞാൻ സ്റ്റുഡിയോഫ്‌ളോറിനുമുന്നിൽ നിൽക്കുമ്പോൾ അതാ വരുന്നു. സുജാതയല്ല, അഭിനയചക്രവർത്തിയായ സാക്ഷാൽ നടികർ തിലകം ശിവാജി ഗണേശൻ. വലിയൊരു കാറിൽ രാജകീയ പ്രൗഢിയോടെ സ്റ്റുഡിയോ ഫ്‌ളോറിനുമുന്നിൽ വന്നിറങ്ങുന്നു. തലയെടുപ്പോടെയുള്ള ആ നടത്തവും, വീരപാണ്ഡ്യകട്ടബൊമ്മന്റെ ഗാംഭീര്യവുമുള്ള മുഖപ്രസാദവുമായി അദ്ദേഹം സ്റ്റുഡിയോ ഫ്‌ളോറിലേക്ക് നടന്നുനീങ്ങുന്നതും നോക്കി ഞാൻ വിസ്മയംകൂറി നിന്നു. ശിവാജിയെ ഞാൻ സിനിമയിലല്ലാതെ ആദ്യമായി നേരിൽ കാണുകയാണ്. എനിക്ക് അദ്ദേഹത്തെ ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു. സമയവും സന്ദർഭവവും ഒത്തുവന്നാൽ സുജാത വഴി ശിവാജിയുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കാമെന്ന് ഞാൻ സ്വയം മനസ്സിൽ പറയുകയും ചെയ്തു.

സുജാത പറഞ്ഞ സമയത്തുതന്നെ ഞാൻ സ്റ്റുഡിയോയിലെത്തി. എന്നെ കണ്ടയുടനെ അവർ ചോദിച്ചു.

'ഡെന്നിസ് വന്നിട്ട് അധികസമയമായോ?'

' ഇല്ല.'

' ഞാൻ ഇപ്പോൾ വരാം.'

അവർ വേഗംതന്നെ മേക്കപ്പ് വുമണുമായി ഫ്‌ളോറിനകത്തേക്ക് നടന്നു.

 

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾതന്നെ അവർ അകത്തുനിന്നും വന്നുകൊണ്ട് ധൃതിയിൽ പറഞ്ഞു.

' നമുക്ക് ഇവിടെ ഇരുന്ന് സംസാരിക്കാം. ഇപ്പോൾ ശിവാജി സാറിന്റെ സീൻ എടുത്തുകൊണ്ടിരിക്കുകയാണ്.'

ഞങ്ങൾ അവിടെ കിടന്നിരുന്ന രണ്ട് കസേരകളിലായി ഇരുന്നു. ഒട്ടും സമയംകളയാതെ തന്നെ ഞാൻ കഥയിലേക്ക് കടന്നു.

കേരള ടൈംസ് ദിനപത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ വന്ന എന്റെ നോവലാണ് ഒരു വിളിപ്പാടകലെ. സോമനും വേണുനാഗവള്ളിയുമാണ് നായകന്മാർ. ഭാര്യയും ഭർത്താവുംകൂടിയുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അവരുടെ തൊട്ടടുത്ത ബർത്തിലെ യാത്രക്കാരനായി ഭാര്യയുടെ പഴയ കാമുകൻ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന അതിനാടകീയ മുഹൂർത്തങ്ങളിലൂടെ ചുരുൾ നിവരുന്ന കഥയുടെ ഏകദേശരൂപരേഖ രണ്ടേ രണ്ടു വാചകങ്ങളിൽ ഞാൻ സുജാതയുടെ മുമ്പിൽ അവതരിപ്പിച്ചു. കൂടാതെ ഇതിലെ നാലഞ്ച് സെന്റിമെന്റ്‌സ് രംഗങ്ങളും ചില സംഭാഷണങ്ങളും കൂടി പറഞ്ഞുകേൾപ്പിച്ചപ്പോൾ സുജാത നിമിഷനേരം മൗനംപൂണ്ടിരുന്ന ശേഷം പറഞ്ഞു.

' കഥ നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ ഇങ്ങനെ ഒരു വേഷം ചെയ്തിട്ടില്ല. എനിക്ക് കോൾഷീറ്റ് പ്രശ്‌നം ഉണ്ടെങ്കിലും നമ്മൾ ഇത് ചെയ്യുന്നു.'

അപ്പോഴേക്കും ഫ്‌ളോറിനകത്തുനിന്നും അസിസ്റ്റന്റ് ഡയറക്ടറാണെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ സുജാതയുടെ അടുത്തേക്കുവന്നു.

' അമ്മാ, എടുത്തുകൊണ്ടിരിക്കുന്ന സീൻ മുടിഞ്ചാച്ച്.'

അതുകേട്ടപ്പോൾ സുജാത വേഗം എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

' ഞാൻ അകത്തേക്ക് ചെല്ലട്ടെ. ബാക്കി വിഷയങ്ങളൊക്കെ രാത്രി ഫോണിൽ സംസാരിക്കാം.'

സുജാത വേഗംതന്നെ സ്റ്റുഡിയോ ഫ്‌ളോറിലേക്ക് പോയി.

അന്നത്തെ കാലത്ത് എത്ര വലിയ താരമായാലും കഥയും തിരക്കഥയുമൊന്നും അവരെ പറഞ്ഞു കേൾപ്പിക്കാറില്ല. പലരും ലൊക്കേഷനിലെത്തി മേക്കപ്പൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനോട് ചോദിച്ചാണ് കഥയും കഥാമുഹൂർത്തങ്ങളുമൊക്കെ മനസ്സിലാക്കിയിരുന്നത്.

ജോഷിയുമായുള്ള ചർച്ച കഴിഞ്ഞ് പിറ്റേന്ന് വൈകുന്നേരംതന്നെ ഞാൻ എറണാകുളത്തേക്ക് പോന്നു.

എന്റെ നോവലായിരുന്നതുകൊണ്ട് ഒരു വിളിപ്പാടകലെയുടെ തിരക്കഥ എഴുതാൻ എനിക്ക് കൂടുതൽ ദിവസങ്ങളൊന്നും വേണ്ടിവന്നില്ല.

എറണാകുളമായിരുന്നു ലൊക്കേഷൻ. പടത്തിന്റെ പകുതിയും ട്രെയിനിനകത്തുള്ള സീനുകളായിരുന്നു. കുറേ സീനുകൾ മദ്രാസിൽ വച്ച് ബാക്ക് പ്രൊജക്ഷനിലും ഷൂട്ട് ചെയ്തു.

ഏലൂർ എഫ്.എ.സി.ടിക്ക് അടുത്തുള്ള ഒരു വീട്ടിൽ വച്ചായിരുന്നു ഷൂട്ടിങ്ങിന് തുടക്കമിട്ടത്. സുജാതയും വേണുനാഗവള്ളിയും തമ്മിലുള്ള ഒരു സീനാണ് ആദ്യമെടുത്തത്. എന്നെ കണ്ടയുടനെ സുജാത ജേസിയോട് പറഞ്ഞു.

'ഈ കക്ഷി മദ്രാസിൽ വന്നതുകൊണ്ടാണ് എനിക്കിതിൽ അഭിനയിക്കാൻ തോന്നിയത്.'

എന്താണ് സുജാത അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾ ആരും ചോദിക്കാൻ പോയില്ല. പതിനഞ്ച് ദിവസം കൊണ്ടാണ് ഒരു വിളിപ്പാടകലെയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

പടം റിലീസായെത്തിയപ്പോൾ മികച്ച അഭിപ്രായമാണ് എല്ലായിടത്തുനിന്നും കേട്ടത്. അന്ന് കച്ചവട സിനിമയുടെ കാലമായിരുന്നതുകൊണ്ട് മധ്യവർത്തി സിനിമകളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു വിളിപ്പാടകലെക്ക് വൻവിജയമൊന്നും നേടാനായില്ല. കഷ്ടിച്ച് നിർമ്മാതാവിന്റെ മുതൽമുടയ്ക്ക് തിരിച്ചുകിട്ടിയെന്നു വേണമെങ്കിൽ പറയാം. എന്നാൽ നിരൂപകന്മാർക്കും ബുദ്ധിജീവികൾക്കും ഈ ചിത്രത്തോട് വലിയ പ്രതിപത്തിയായിരുന്നു. സുജാതയുടെ അമ്മുക്കുട്ടി എന്ന വളരെ സങ്കീർണ്ണമായ കഥാപാത്രത്തെ ഒതുക്കത്തോടെയും ഭാവാത്മകതയോടെയുമാണ് അവർ കൈകാര്യം ചെയ്തിരിക്കുന്നത്. അന്ന് മദ്രാസിൽ നിന്നിറങ്ങുന്ന ഒന്നുരണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും നിരൂപണം വന്നിരുന്നു. ഒരു വിളിപ്പാടകലെ ശിവാജി ഗണേശനെയും സുജാതയെയും വച്ച് തമിഴിൽ നിർമ്മിക്കാൻ തയ്യാറായി ഒരു നിർമ്മാതാവ് സുജാതയെ സമീപിക്കുകയുണ്ടായി. സുജാത ഉടനെതന്നെ എന്നെ വിളിച്ച് ആ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. എന്റെ ഒരു കഥ ആദ്യമായി തമിഴിൽ സിനിമയാകാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ. അതും ശിവാജി ഗണേശനെന്ന നാട്യ കുലപതി അഭിനയിക്കുന്നു എന്നുകൂടികേട്ടപ്പോൾ എന്നിൽ സന്തോഷം പതഞ്ഞുപൊങ്ങുകയായിരുന്നു. എന്നാൽ പല പല കാരണങ്ങളാൽ ആ പ്രൊജക്ട് മുന്നോട്ടുനീങ്ങിയില്ല. അത് നടക്കാതെ പോയതിൽ ഏറ്റവും കൂടുതൽ വിഷമമുണ്ടായത് എനിക്കും സുജാതയ്ക്കുമായിരുന്നു.

(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi