
പത്തുവർഷം മുൻപുള്ള ഒരു ഫെബ്രുവരി മാസം. കോഴിക്കോട് പെരുവയൽ സ്വദേശിയായ ആതിര സുഗതന്റെ ജീവിതം മാറ്റിമറിച്ചത് ഒരു നിമിഷാർദ്ധമാണ്. ബെംഗളൂരുവിൽ ബി.ഡി.എസ് മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആതിര. സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന്റെ സന്തോഷങ്ങളിൽ നിന്നും മടങ്ങവേ ആതിരയെ കാത്തിരുന്നത് ഓർമ്മകളും ശരീരത്തിന്റെ ചലനശേഷിയും കവർന്നെടുത്ത വൻ അപകടമായിരുന്നു.
അപകടം കവർന്നത് ഓർമ്മകളായിരുന്നു, പക്ഷേ തളർത്തിയത് പോരാടാനുള്ള ആതിരയുടെ വീര്യത്തെയായിരുന്നില്ല. ചക്രക്കസേരയിൽ ഒതുങ്ങിക്കൂടാൻ അവൾ തയ്യാറായിരുന്നില്ല. തകർന്നടിഞ്ഞ ഓർമ്മകളിൽ നിന്ന് സ്വപ്നങ്ങളെ തിരിച്ചുപിടിച്ച ആതിര, ഇന്ന് സിവിൽ സർവീസ് എന്ന ഉന്നത ലക്ഷ്യം കീഴടക്കി ലോകത്തിന് മാതൃകയാവുകയാണ്, പതറുന്നവർക്കൊരു പാഠപുസ്തകമാവുകയാണ്. സന്തോഷത്തിന്റെ നിമിഷങ്ങളിൽ നിന്നുകൊണ്ട് ആതിര സംസാരിച്ചുതുടങ്ങി.
റാങ്കിന്റെ തിളക്കത്തിൽ
“ഈ നിമിഷത്തെ സന്തോഷത്തെ ഏതളവുകോൽ വെച്ചളക്കണമെന്നറിയില്ല. റിസൾട്ട് വന്നപ്പോൾ മുതൽ ഫോൺകോളുകളുടെയും നേരിട്ടുമുള്ള അഭിനന്ദനപ്രവാഹങ്ങളുടെ തിരക്കാണ്. എന്റെ നേട്ടത്തിൽ എന്നേക്കാൾ കൂടുതൽ സന്തോഷിക്കുന്നത് കുടുംബമാണ്. സിവിൽ സർവീസ് പരീക്ഷ എഴുതുന്നത് നാലാമത്തെ തവണയാണ്. ഇത്തവണ പ്രതീക്ഷയുണ്ടായിരുന്നു. 483-ാം റാങ്കും ലഭിച്ചു. ഒരുപാടുപേരുടെ പിന്തുണയാണ് ഇന്നെന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്. ബി.ഡി.എസ് പൂർത്തിയാക്കി വിദേശത്തുപോയി ഉപരിപഠനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ജീവിതം എന്നെക്കൊണ്ടെത്തിച്ചത് മറ്റൊരു വഴിക്കാണ്.”
മാഞ്ഞുപോയ ഓർമകൾ
ബൈക്ക് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആതിരയ്ക്ക് രണ്ടുവർഷം ഓർമകൾ പോലുമില്ലായിരുന്നു. ”രണ്ട് കൊല്ലം എനിക്ക് മെമ്മറി ലോസ് ആയിരുന്നു. അമ്മയെ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചത്. അപകടം പറ്റി രണ്ടുമാസം കഴിഞ്ഞപ്പോൾ എന്റെ മൂന്നാംവർഷ പരീക്ഷാഫലം വന്നു. റൂംമേറ്റ് വിളിച്ച് 'റിസൾട്ട് വന്നു പാസ്സാണ് ട്ടോ' എന്ന് പറഞ്ഞു. അപ്പൊ ഞാൻ ആലോചിച്ചു, എനിക്കൊന്നും അറിയില്ല. ബി.ഡി.എസ് ആണ് പഠിക്കുന്നത്. പക്ഷേ വായിൽ എത്ര പല്ലാണുള്ളതെന്നു പോലും ഓർമവരുന്നില്ല. 32 എന്ന നമ്പർ പോലും എനിക്ക് അറിയില്ലായിരുന്നു. പലരെയും തിരിച്ചറിയാൻ സാധിക്കുന്നില്ല. എല്ലാവരും വന്ന് പുതുതായി പരിചയപ്പെടുത്തുന്നു. ഫോൺ പോലും അന്ന് ഉപയോഗിക്കാറില്ലായിരുന്നു. അപകടത്തിനുമുൻപുള്ള അവസാനത്തെ ഒരുവർഷത്തെ ഓർമ മുഴുവനായും ഇപ്പോഴും എനിക്ക് തിരിച്ചുകിട്ടിയിട്ടില്ല.”
ചെറുത്തുനിൽപ്പ്
ജീവിതം പെട്ടെന്നൊരു ദിവസം കൊണ്ട് കീഴ്‌മേൽ മറിഞ്ഞപ്പോൾ പിന്നീടുള്ള ചെറുത്തുനിൽപ്പുകൾ എളുപ്പമായിരുന്നില്ല ആതിരയ്ക്ക്. “ചികിത്സയുടെ ഭാഗമായി എന്റെ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. മുഖം മുഴുവനും പരിക്കായിരുന്നു. ഒരു കണ്ണൊഴികെ മുഖം മുഴുവൻ പൊതിഞ്ഞുകെട്ടി. നെറ്റിയിൽ സ്റ്റിച്ചിന്റെ മാർക്ക്. ഇതൊക്കെ കൂടി കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ കണ്ണാടി എറിഞ്ഞുപൊട്ടിച്ചിട്ടുണ്ട്. പിന്നീട് രണ്ടുവർഷത്തോളം ഞാൻ മുറിയിൽ കണ്ണാടി വെച്ചിട്ടില്ല. നോക്കിയിട്ടുമില്ല. അതുപോലെ അവസാനവർഷ പരീക്ഷയെഴുതിയാലേ എന്റെ ബി.ഡി.എസ് കോഴ്‌സ് പൂർത്തിയാവുകയുള്ളൂ. എന്നാൽ മെമ്മറി ലോസ് കാരണം പഠിച്ചതൊന്നും മനസിലില്ല. തോറ്റുകൊടുക്കാൻ എനിക്കു തോന്നിയില്ല. ഞാൻ പിന്നെ ഫസ്റ്റ് ഇയർ, സെക്കൻഡ് ഇയർ, തേർഡ് ഇയർ ഒക്കെ ബുക്ക് സംഘടിപ്പിച്ച്, ഒരുവർഷം കൊണ്ട് മൊത്തത്തിൽ പഠിച്ചിട്ടാണ് ഫൈനൽ ഇയർ പൂർത്തിയാക്കിയത്.”
സിവിൽ സർവീസിലേക്ക്
സാമൂഹ്യസേവനം എന്ന ആശയം മനസിലേക്കെത്തിച്ചത് തന്റെ എൻ.ജി.ഒ പ്രവർത്തനങ്ങളാണെന്ന് ആതിര. ”അപകടം കഴിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം വീൽചെയറിലിരിക്കെ തന്നെ ഞാൻ ഒരു എൻ.ജി.ഒ യുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി. കേരള പ്രവാസി അസോസിയേഷൻ എന്നാണതിന്റെ പേര്. ഭിന്നശേഷിക്കാരായ നിരവധി ആളുകളോട് സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അതുവഴി സാധിച്ചു. പലപ്പോഴും മറ്റുള്ളവരോട് പങ്കുവയ്ക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവർ എന്നോട് പറയും. പലതരം ബുദ്ധിമുട്ടുകൾ നേരിടുന്ന മനുഷ്യരുടെ അതുവരെ അറിയാൻ സാധിക്കാത്ത ജീവിതം അറിയാൻ കഴിഞ്ഞു. എന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്നുള്ള ആഗ്രഹമുണ്ടായി. എൻ.ജി.ഒ യുടെ ചെയർമാൻ രാജേന്ദ്രൻ സാർ എന്റെ പ്രവർത്തനങ്ങൾ ഒക്കെ കണ്ടിട്ട് എന്റെ അടുത്ത് പറയും, 'നീ ഒരു കളക്ടർ ആവേണ്ട ആളാണ്' എന്ന്. എന്നെ ഇങ്ങനെ മോട്ടിവേറ്റ് ചെയ്യും. അപ്പോ എന്റെ മനസ്സിലും അതിനുവേണ്ടി പരിശ്രമിച്ചാലോ എന്ന തോന്നൽ വന്നു. ഇപ്പോഴും ഞാൻ ആ എൻ.ജി.ഒ യുടെ ഭാഗമാണ്.”
പ്രോജക്റ്റ് ചിത്രശലഭം
ഡോ. ജോബിൻ എസ്. കൊട്ടാരത്തിന്റെ മാർഗനിർദ്ദേശത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' എന്ന പദ്ധതിയിലൂടെയാണ് ആതിര തന്റെ സ്വപ്നത്തിലേക്കുള്ള വഴിതുറന്നത്. ”ഭിന്നശേഷിക്കാർക്കും സിവിൽ സർവീസ് എഴുതാം എന്ന വീഡിയോ കണ്ടാണ് ഞാൻ അഞ്ചുവർഷം മുൻപ് ജോബിൻ സാറിനെ ബന്ധപ്പെടുന്നത്. അങ്ങനെ സാറിന്റെ 'പ്രൊജക്റ്റ് ചിത്രശലഭ'ത്തിലെ ആദ്യവിദ്യാർഥിയായി. അദ്ദേഹത്തിന്റെ പിന്തുണ എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. ഈ യാത്രയിലുടനീളം കൂടെ നിന്ന് നിർദേശങ്ങളും പരിശീലനവും തന്നത് അദ്ദേഹമാണ്. മലയാളമാണ് ഞാൻ ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്തത്. അഭിമുഖവും മലയാളത്തിൽ നേരിട്ടു.”
ചികിത്സയോ പഠനമോ!
“ചികിത്സ തുടരവേയാണ് സിവിൽ സർവീസ് പരിശീലനം തുടങ്ങാൻ തീരുമാനിക്കുന്നത്. ചികിത്സയും പഠനവും ഒരുമിച്ചു കൊണ്ടുപോവാമെന്ന് കരുതി. എന്നാൽ പ്രിലിമിനറി പരീക്ഷ പാസായിട്ടും മെയിൻ പരീക്ഷ പാസാകാൻ സാധിച്ചില്ല. ഉറക്കമിളച്ചിരുന്നുള്ള പഠിത്തം ചികിത്സയെയും ബാധിച്ചുതുടങ്ങി. ഒന്നുകിൽ ചികിത്സ മാത്രമായി മുന്നോട്ടുപോകാം അല്ലെങ്കിൽ അത് നിർത്തി പഠനം തുടരാം എന്ന് ഡോക്ടർ കട്ടായം പറഞ്ഞു. അങ്ങനെയല്ലെങ്കിൽ ചികിത്സയ്ക്ക് ഉദ്ദേശിച്ച ഫലം കിട്ടില്ല. ചികിത്സയോ പഠനമോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം നിർണായകമായ തീരുമാനമായിരുന്നു. ഞാൻ പഠനം തിരഞ്ഞെടുത്തു. ചികിത്സ താത്കാലികമായി നിർത്താനും. അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. അന്ന് എന്റെ കൂടെ എന്റെ അതേ അവസ്ഥയിൽ ഫിസിയോതെറാപ്പി ചെയ്തിരുന്നവരിൽ പലരും ഇപ്പോൾ ചെറുതായെങ്കിലും എഴുന്നേറ്റു നിൽക്കാൻ തുടങ്ങി. എനിക്കത് കാണുമ്പോൾ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു. കാരണം ഞാൻ അന്ന് ചികിത്സ തുടർന്നിരുന്നെങ്കിൽ എനിക്കുമിപ്പോൾ അങ്ങനെ ആയിക്കൂടായിരുന്നോ എന്നു തോന്നി. പക്ഷെ ഇപ്പോൾ അതിനേക്കാൾ വലിയൊരു സന്തോഷം കിട്ടി.”
കുടുംബം
കുടുംബം ഇല്ലായിരുന്നെങ്കിൽ ശരീരം പോലെ തന്നെ മനസ്സും തളർന്നു പോയേനെ എന്നു പറയുന്നു ആതിര. “അമ്മയും അച്ഛനും അനിയത്തിയും ആണെന്റെ കുടുംബം. അച്ഛൻ സുഗതനും അമ്മ മിനിയും എൽ.ഐ.സി ഏജന്റുമാരാണ്. എന്റെ ജീവിതയാത്രയിലുടനീളം അവരെന്റെ കൂടെയുണ്ട്. അനിയത്തി അനഘയുടെ കാര്യം എടുത്തുപറയേണ്ടതാണ്. എനിക്ക് അപകടം പറ്റുമ്പോൾ അവൾ ഡിഗ്രി സൈക്കോളജി രണ്ടാം വർഷ വിദ്യാർഥിയാണ്. എന്നെ പരിചരിക്കാൻ വേണ്ടി പിന്നീടവൾ സൈക്കോളജി ഒക്കെ ഒഴിവാക്കി ബി.എസ്.സി നഴ്‌സിങ് എടുത്തു. ആദ്യസമയത്ത് എനിക്ക് യൂറിൻ ബാഗ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. പിന്നെ കിടപ്പിലായതിനാൽ പ്രത്യേക പരിചരണം തന്നെ വേണം. അത്രയും കൃത്യമായി അവൾ അത് ചെയ്തതിനാലാണ് ഞാൻ ഇന്ന് ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. കുടുംബം ഇല്ലായിരുന്നെങ്കിൽ ഞാനില്ല. ഈ പത്തുവർഷവും മാനസികമായി ഞാൻ തളരാതെ പിടിച്ചുനിൽക്കാൻ കാരണം അവരാണ്.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overcame a severe accident and two-year memory loss to complete BDS., Transitioned from NGO work to Civil Services preparation., Key role of 'Project Chithrashalabham' in her success., Prioritized academic goals over physical therapy to achieve the 483rd rank., Strong family support system as the foundation of her resilience.
Published: 08 Mar 2026, 03:41 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented