'Form is temporary, class is permanent..'

 

ഗാനരചനയില്‍ ഇനി തെളിയിക്കാന്‍ ഒന്നുമില്ലാത്ത എഴുത്തുകാരനാണ് കൈതപ്രം ദാമോദരന്‍ നമ്പൂതരി, തൊട്ടതെല്ലാം എവര്‍ഗ്രീന്‍ ഹിറ്റുകളാക്കിയ എഴുത്തുകാരന്‍, എന്നാല്‍ പുതിയ പാട്ടെഴുത്തുകാരുടെ കുത്തൊഴുക്കില്‍ ന്യൂ ജെന്‍ പിള്ളേര്‍ക്കിടയില്‍ കൈതപ്രത്തിന് ഓളം ഉണ്ടാക്കാനാകുമോ എന്ന് ഒരുക്കൂട്ടം സിനിമാക്കാര്‍ സംശയിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ തേടിയെത്തിയ സിനിമകളുടെ എണ്ണം വളരെ കുറവുമായിരുന്നു. എന്നാല്‍ തന്റെ ഗാനരചനയിലെ ക്ലാസ് സ്ഥായിയാണെന്ന് നരിവേട്ടയിലൂടെ ഒരിക്കല്‍ കൂടി വിളിച്ചുപറയുകയാണ് കൈതപ്രം. 'മിന്നല്‍ വള കൈയിലിട്ട പെണ്ണഴകേ..' എന്ന നരിവേട്ടയിലെ റൊമാന്റിക് ഗാനം ഇന്‍സ്റ്റ റീലുകള്‍ ഭരിക്കുമ്പോള്‍ കൈതപ്രത്തിന്റെ ഭ്രമിപ്പിക്കുന്ന വരികള്‍ക്ക് ഒരിക്കല്‍ കൂടി കൈയടിക്കുകയാണ് മലയാളികള്‍. 'മിന്നല്‍ വള കൈയിലിട്ട പെണ്ണഴകേ..' എന്ന ഗാനം ന്യൂജെന്‍ രചയിതാക്കള്‍ ആരെങ്കിലും എഴുതിയായിരിക്കുമെന്ന് ഉറപ്പിച്ച് ഗാനരചയിതാവിന്റെ പേര് നോക്കിയവരെല്ലാം കൈതപ്രത്തിന്റെ പേരുകണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഏത് കാലത്തും ഹിറ്റ് ഗാനങ്ങള്‍ ഉണ്ടാക്കാനുള്ള രചനാവൈഭവ്യം തന്നിലുണ്ടെന്ന് പുതിയ കാലത്തിന് കാണിച്ചുകൊടുക്കുയാണ് കൈതപ്രം. സംഗീതത്തിനൊത്ത് ചുമ്മാ വാക്കുകള്‍ പെറുക്കിവയ്ക്കലല്ല, പാട്ടിലൂടെ കഥപറയാനുള്ള ഗാനരചയിതാവിന്റെ കഴിവ് മറ്റൊന്നാണെന്ന്‌ നരിവേട്ടയിലെ പാട്ടിലും കൈതപ്രം തെളിയിക്കുന്നു. രാവണ നിഗ്രഹത്തിന് ശേഷം പുഷ്പക വിമാനത്തിലേറി ശ്രീരാമനൊപ്പം മടങ്ങിവരുന്ന സീത ദേവിയെ മനസ്സില്‍ ചിന്തിച്ചാണ് ഈ പാട്ടെഴുതിയതെന്ന് കൈതപ്രം വിശദീകരിക്കുന്നു. പുഷ്പകവിമാനത്തില്‍ നിന്ന് കൈ പുറത്തേക്ക് ഇട്ടപ്പോള്‍ മിന്നല്‍ കൈവളകളായി മാറിയെന്നും ഭൂമിദേവിയുടെ മകളായതിനാല്‍ മിന്നലു ദേവിക്ക് അലങ്കാരമാകുകയായിരുന്നെന്നും കാളിദാസ കാവ്യത്തെ ആധാരമാക്കി കൈതപ്രം വിശദീകരിക്കുന്നു. കാളിദാസ രചനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വരികള്‍ എഴുതിയതെന്നും അദ്ദേഹം പറയുന്നു. 2022-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിന് വേണ്ടി കൈതപ്രം എഴുതിയ അഞ്ചു പാട്ടുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. അന്ന് ഒരുപാട്ടിന് കൈതപ്രത്തിന് അരികിലേക്ക് എത്തിയ വിനീത് ശ്രീനിവാസനും സംഗീത സംവിധാകന്‍ ഹിഷാം അബ്ദുള്‍ വഹാബും മടങ്ങിയത് സിനിമയിലെ അഞ്ചു പാട്ടുകളും കൊണ്ടാണ്. മനസ്സേ മനസ്സേ.., പുതിയൊരു ലോകം, പൊട്ടുതൊട്ട കണ്‍മണി..തുടങ്ങി ഹൃദയത്തിന് വേണ്ടി അദ്ദേഹമെഴുതിയ എല്ലാം പാട്ടുകളും വൈറലായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ്‌യുടെ സംഗീതത്തില്‍ നരിവേട്ടയ്ക്ക് വേണ്ടി വീണ്ടുമൊരു സൂപ്പര്‍ഹിറ്റ് കൈതപ്രം സൃഷ്ടിക്കുമ്പോള്‍ പാട്ടെഴുത്തില്‍ ഏത് കാലത്തും തനിക്ക് ചെറുപ്പമാണെന്ന് അദ്ദേഹം പറയുന്നു.

സിദ്ധ് ശ്രീറാമും സിതാരയും ചേര്‍ന്നാണ് നരിവേട്ടയിലെ ഈ പാട്ട് പാടിയത്. അതിനിടെ ഈ പാട്ടിലെ വരിയുമായി ബന്ധപ്പെട്ട് കുറച്ച്ദിവസമായി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. പാട്ടിലെ ഒരുവരിയുടെ തുടക്കം 'ലാമല്ലോ' എന്നാണെന്നും അല്ല 'നാമല്ലോ' എന്നാണെന്നുമായിരുന്നു ആ തര്‍ക്കം. ഇതിന് കഴിഞ്ഞ ദിവസം വിശദീകരണവുമായി സിനിമ പ്രവര്‍ത്തകര്‍ തന്നെ എത്തി. 'നാമല്ലോ തീരത്തെ ഓളങ്ങള്‍' എന്നതാണ് ശരിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കുറച്ച് കാലത്തിന് ശേഷമാണ് ഒരുമലയാള ഗാനം സോഷ്യല്‍മീഡിയയില്‍ ഇത്രയേറെ ചര്‍ച്ചയാകുന്നത്.