
മുറപ്പെണ്ണ്, രചന: എം.ടി.വാസുദേവന്‍ നായര്‍, ചാലിശ്ശേരിയിലെ ഇരുട്ട് നിറഞ്ഞ തിയേറ്ററിലെ സ്‌ക്രീനിലേക്ക് വെളിച്ചം ഓടിയെത്തി പേരുകള്‍ തെളിയിച്ചപ്പോള്‍ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു. പ്രേക്ഷകര്‍ക്കിടയിലെ ബെഞ്ചില്‍ ഒരു ചെറിയകുട്ടിയായി ഞാനും ആ സിനിമ കാണുന്നുണ്ടായിരുന്നു. അന്നുവരെ കണ്ട സിനിമാകാഴ്ചകളില്‍നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു പുതുമ 'മുറപ്പെണ്ണി'നുണ്ടായിരുന്നു. കാരണം ഞങ്ങളുടെ നാടാണ് മുന്നില്‍ കാണുന്നത്. അതിനുമുന്‍പ് വന്ന ഭൂരിഭാഗം സിനിമകളും സ്റ്റുഡിയോ സെറ്റുകളില്‍ ഷൂട്ട്‌ചെയ്തവയായിരുന്നു. സിനിമ കാണുമ്പോള്‍ തന്നെ നമുക്കത് മനസ്സിലാകും. നമുക്ക് തീരേ പരിചയമില്ലാത്ത മദ്രാസിലെ പാര്‍ക്കും റോഡും കെട്ടിടങ്ങളുമെല്ലാം ആയിരുന്നു അത്തരം സിനിമകളുടെയെല്ലാം പശ്ചാത്തലം. വേലികള്‍ നിറഞ്ഞ നാട്ടിടവഴികള്‍, പരന്നുകിടക്കുന്ന പാടങ്ങള്‍, കുളങ്ങളും അമ്പലവും, സാധാരണരീതിയിലുള്ള അഭിനേതാക്കളുടെ വസ്ത്രവിതാനം തുടങ്ങി നമ്മുടെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന സിനിമാനുഭവമായിരുന്നു 'മുറപ്പെണ്ണ്'. അന്ന് എല്ലാവരെയുംപോലെ ഞാനും ഏറെ ആരാധിച്ചിരുന്നത് പ്രേംനസീറിനെയാണ്. 'മുറപ്പെണ്ണി'ലെ അദ്ദേഹത്തിന്റെ ബാലേട്ടന്‍ എന്ന കഥാപാത്രം തിയേറ്ററിലെ ഇരുട്ടില്‍ കുട്ടിയായിരുന്ന എന്റെ കണ്ണുവരെ നനയിച്ചു. എം.ടി.സിനിമകളില്‍ എന്റെ ആദ്യ തിയേറ്റര്‍ അനുഭവം 'മുറപ്പെണ്ണാ'ണ്. ആ സിനിമ കാണുമ്പോള്‍ എനിക്കറിയില്ലായിരുന്നു എന്റെ നാടായ ചാലിശ്ശേരിയില്‍നിന്ന് വിളിപ്പാടകലെ കിടക്കുന്ന കൂടല്ലൂരുകാരനാണ് എം.ടി.വാസുദേവന്‍നായരെന്ന്.
എന്റെ തലമുറ സാഹിത്യവായന തുടങ്ങുന്നത് വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എം.ടി. എന്നിവരിലൂടെയൊക്കെയാണ്. എം.ടി.യുടെ കഥകളും അതിന്റെ പശ്ചാത്തലവുമെല്ലാം മറ്റ് കഥാകാരന്മാരില്‍നിന്ന് വ്യത്യസ്തമാകുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് ആ കഥകളുടെ പശ്ചാത്തലംതന്നെയാണ്. വള്ളുവനാടന്‍ നായര്‍തറവാടുകളാണ് പലതിലും പശ്ചാത്തലമാകുന്നത്. എനിക്ക് ചെറുപ്പംമുതല്‍ നായര്‍തറവാടുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങളുടെയും ഒരു കൂട്ടുകുടുംബമായതിനാല്‍ അമ്മാവനായിരുന്നു കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും അമ്മാവന്റെ സാന്നിധ്യം പ്രകടമായിരുന്നു. ഒരു കൂട്ടുകുടുംബവ്യവസ്ഥ എങ്ങനെയായിരിക്കും എന്നെല്ലാം എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് എം.ടി.യുടെ കഥകള്‍ വായിക്കുമ്പോള്‍ അതിനുള്ളിലേക്ക് വേഗത്തില്‍ ഇറങ്ങിച്ചെല്ലാന്‍ എനിക്ക് സാധിച്ചിരുന്നു.

നിര്‍മാല്യം എന്ന പാഠപുസ്തകം
'മുറപ്പെണ്ണി'നുശേഷം ഇറങ്ങിയ 'ഇരുട്ടിന്റെ ആത്മാവ്' ഞാന്‍ തിയേറ്ററില്‍നിന്ന് കണ്ടിരുന്നില്ല. പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും അവസാനം അത് സാധിച്ചത് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നകാലത്താണ് 'നിര്‍മാല്യം' റിലീസാകുന്നത്. തിയേറ്ററില്‍നിന്ന് രണ്ടാമതായി കണ്ട എം.ടി.സിനിമ 'നിര്‍മാല്യ'മാണ്. ഒരു നൂണ്‍ ഷോയ്ക്ക് തിയേറ്റര്‍ ബെഞ്ചിലിരിക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് കാണാന്‍പോകുന്നതെന്നറിഞ്ഞിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു നിര്‍മാല്യം. പി.ജെ. ആന്റണിയുടെ അഭിനയമൊക്കെ കോരിത്തരിപ്പിച്ചിട്ടുണ്ട്. അതുപോലെ ആ സിനിമയുടെ ക്യാമറ ഉപയോഗിച്ച രീതി, അങ്ങനെ എല്ലാ മേഖലയിലും ആ സിനിമ മികച്ചുനിന്നു. ഇങ്ങനെയും സിനിമ എടുക്കാം എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് 'നിര്‍മാല്യ'വും പിന്നീട് കണ്ട അരവിന്ദന്റെ 'ഉത്തരായന'വുമാണ്. ശരിക്കും അന്നുവരെയുള്ള എന്റെ സിനിമാസങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു ആ രണ്ട് സിനിമകളുടെയും തിയേറ്റര്‍ അനുഭവം എനിക്ക് സമ്മാനിച്ചത്.
പിന്നീട് എം.ടി.യുടെ പേര് പോസ്റ്ററില്‍ കണ്ടാല്‍ ആ സിനിമ കണ്ടിരിക്കും എന്ന് തീരുമാനിച്ചു. കാരണം അതൊരു ഇഷ്ടവും വിശ്വാസവുമൊക്കെയായിരുന്നു. എന്തെങ്കിലും പുതുമ അദ്ദേഹത്തിന്റെ സിനിമയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, താഴ്വാരം, സദയം, ഒരു വടക്കന്‍ വീരഗാഥ, ആരണ്യകം, സുകൃതം... തുടങ്ങി പിന്നീടുവന്ന സിനിമകളൊന്നും തന്നെ എന്നിലെ പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല. അവയെല്ലാംതന്നെ തിയേറ്ററില്‍ ചെന്ന് കണ്ടിട്ടുണ്ട്.
ഏറെ അദ്ഭുതപ്പെടുത്തിയ ഒരു സിനിമ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യായിരുന്നു. അതൊരു കവിതപോലെ വായിക്കാന്‍പറ്റുന്ന സിനിമയായിരുന്നു. അതുവരെ ഹരിഹരന്‍ സംവിധാനംചെയ്ത സിനിമകളെല്ലാം പക്കാ കൊമേഴ്സ്യല്‍ പടങ്ങളായിരുന്നു. കോളജ് ഗേള്‍, ലേഡീസ് ഹോസ്റ്റല്‍, ലൗ മാര്യേജ്, അയലത്തെ സുന്ദരി എന്നിങ്ങനെ പോകുന്നവ. ആയൊരു കൊമേഴ്സ്യല്‍ ട്രാക്കില്‍നിന്നുള്ള ഹരിഹരന്റെ ചുവടുമാറ്റമായിരുന്നു എം.ടി. എഴുതിയ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'. പ്രേക്ഷകരുടെ മനസ്സില്‍ ഒരു മഴപെയ്യിക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചു. മധു, സോമന്‍, ശ്രീവിദ്യ എന്നിവര്‍ അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലെ മൗനം, അവര്‍ക്കിടയിലെ ഹിതത്തിന്റെയും അവിഹിതത്തിന്റെയും ഇടനാഴികള്‍ എന്നിവയെല്ലാം നന്നായി അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിച്ചു. ഇപ്പോഴും ടി.വി.യിലൊക്കെ വരുമ്പോള്‍ ഞാന്‍ കണ്ടിരിക്കും.
Also Read

പുതുവഴി നടന്ന എം.ടി
മലയാളത്തില്‍ ഞാന്‍ ഏറ്റവുമധികം സിനിമകള്‍ കണ്ടത് എം.ടി.യുടെതാകാം. സാഹിത്യഭംഗി, പരിചരണത്തിലെ ഒരു മികവ് എന്നിവയെല്ലാമാകാം അതിന് കാരണം. അദ്ദേഹം തിരക്കഥ എഴുതിയ ഒരു സിനിമ കാണുമ്പോള്‍ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് നമുക്ക് തോന്നില്ല. വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ സംഭാഷണങ്ങള്‍ക്ക് നാടകീയതയുണ്ടെങ്കില്‍പ്പോലും ആ സിനിമ പ്രേക്ഷകരെ ഒട്ടും കൃത്രിമത്വം ഇല്ലാതെ അനുഭവിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമയുടെ പല കാഴ്ചാനുഭവങ്ങളും പ്രേക്ഷകര്‍ക്ക് തന്റെ സിനിമകളിലൂടെ കാണിച്ചുകൊടുക്കാനും അനുഭവിപ്പിക്കാനും സാധിച്ചു എന്നതാണ് സിനിമാക്കാരനെന്നനിലയില്‍ എം.ടി.യുടെ മികവ്. ഉദാഹരണത്തിന് ആദ്യമായി ഗള്‍ഫിലെ പ്രവാസിമലയാളിയുടെ ജീവിതാനുഭവങ്ങള്‍ സംസാരിച്ച സിനിമയ്ക്ക് എം.ടി.യാണ് തിരക്കഥയെഴുതിയത്. ആസാദ് സംവിധാനംചെയ്ത് മമ്മൂട്ടിയും സുകുമാരനുമൊക്കെ പ്രധാന കഥാപാത്രങ്ങളായ 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍'. മമ്മൂട്ടിയെ കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍തുടങ്ങിയത് ഈ സിനിമയോടെയാണ്. എം.ടി.യുടെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായി എനിക്ക് തോന്നുന്നത് 'താഴ്വാര'ത്തിന്റെതാണ്. അഭിനയം, അവതരണം അങ്ങനെ എല്ലാ തരത്തിലും അസാധ്യമായൊരു സിനിമയാണത്. 'ഒരു ചെറുപുഞ്ചിരി' വരെ എം.ടി.യുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അതിലെനിക്ക് നിരാശ തോന്നിയിട്ടുള്ളത് ഒരൊറ്റ സിനിമയാണ്, 'മഞ്ഞ്'. നോവല്‍ വായിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു അനുഭൂതിയിലേക്ക് ആ സിനിമ ഉയര്‍ന്നില്ലെന്ന് എനിക്ക് തോന്നി. കാരണം അത്തരമൊരു ക്ലാസിക് നോവലാണത്.

സിനിമയെഴുതുന്ന ആളല്ലേ?
ചാലിശ്ശേരിക്കാരനായ ഞാന്‍ കൂടല്ലൂരുകാരനായ എം.ടി.യുമായി വര്‍ഷങ്ങള്‍ക്കിപ്പുറം പരിചയത്തിലായി. അന്നുതൊട്ട് അദ്ദേഹം എനിക്ക് വാസുവേട്ടനാണ്. അദ്ദേഹത്തിന് വളരെ പരിചയമുള്ള സ്ഥലമാണ് ചാലിശ്ശേരി എന്ന് ഞങ്ങളുമായുള്ള സംസാരങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സഹപാഠികള്‍ ഒന്നുമല്ലെങ്കിലും എന്റെ അമ്മ പഠിച്ച അക്കിക്കാവ് സ്‌കൂളുമായി എം.ടി.ക്കും ബന്ധമുണ്ടെന്നൊക്കെ അദ്ദേഹം പറയും. ഞാന്‍ വാസുവേട്ടനുമായി കൂടുതല്‍ സംസാരിച്ചത് ഞങ്ങളുടെ ഗ്രാമങ്ങളെക്കുറിച്ചാണ്. കൂടല്ലൂര്‍, ചാലിശ്ശേരി, അവിടത്തെ കാഴ്ചകള്‍, സ്‌കൂളുകള്‍ അങ്ങനെ എല്ലാം. ഒരിക്കല്‍ അദ്ദേഹം വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ എന്റെ അമ്മയാണ് ഫോണെടുത്തത്. അന്നവര്‍ കുറേനേരം സംസാരിച്ചു. ഈ വിവരം അമ്മ എന്നോട് പറഞ്ഞിരുന്നില്ല. കുറേ കാലം കഴിഞ്ഞ് ഒരുദിവസം സംസാരത്തിനിടയില്‍ വാസുവേട്ടന്‍ തന്നെയാണ് 'ഞാന്‍ അമ്മയുമായി കുറേനേരം സംസാരിച്ചിരുന്നു' എന്ന് പറഞ്ഞത്.
ഒരിക്കല്‍ ഞാനും വാസുവേട്ടനും കൂടി ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയി. ഞാനാണ് അന്നദ്ദേഹത്തെ ക്ഷണിച്ച് കൊണ്ടുപോയത്. പരിപാടി കഴിഞ്ഞ് ഒരുഷോപ്പിങ് മാളില്‍ ചെന്നപ്പോള്‍ അദ്ദേഹം 'പുകവലിക്കണം' എന്നുപറഞ്ഞ് ഒരു ഗണേഷ് ബീഡിയുടെ കെട്ട് പുറത്തെടുത്തു. ദുബായില്‍ പൊതുവിടത്തില്‍ പുകവലിക്ക് നിരോധനമുള്ളതിനാല്‍ സ്മോക്കിങ് ഏരിയയിലേക്ക് മാറിനിന്ന് അദ്ദേഹം വലി തുടങ്ങി. അപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഒരുമലയാളിപയ്യന്‍ നടന്നുവന്നു. അവിടെ സൂപ്പര്‍മാര്‍ക്കറ്റിലോ മറ്റോ ജോലി ചെയ്യുന്ന യുവാവാണ്. എന്നെ അന്ന് ആരും തിരിച്ചറിയുകയൊന്നും ചെയ്യില്ല. പയ്യന്‍ എന്റെ അടുത്ത് വന്ന് എം.ടി.യെ ചൂണ്ടി ചോദിച്ചു:
''മ്മ്ളെ, സിനിമയ്ക്ക് കഥയെഴുതുന്ന ആളല്ലേ അത്...?'' ചോദ്യം കേട്ടപ്പോള്‍ എനിക്ക് ദേഷ്യംപിടിച്ചു. കാരണം മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളെ ചൂണ്ടിയാണ് സിനിമയ്ക്ക് എഴുതുന്നയാളല്ലേ എന്നവന്‍ ചോദിച്ചത്. സിനിമ മാത്രമല്ല അദ്ദേഹം ഒരുപാട് നല്ല പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ഞാന്‍ അവനോട് അല്‍പ്പം ദേഷ്യത്തോടെ പറഞ്ഞു. ''മ്മക്ക് വായിക്കാനൊന്നും സമയം ഇല്ലല്ലോ'' എന്നവന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഞങ്ങള്‍ രണ്ടുപേരും തമ്മിലുള്ള സംസാരം കണ്ട് വാസുവേട്ടന്‍ മുഖംകൊണ്ട് എന്താ സംഭവമെന്ന് ചോദിച്ചു. ഞാന്‍ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു. അപ്പോള്‍ ആ പയ്യന്‍ വീണ്ടും ചോദിച്ചു. ''നിങ്ങളെ സിനിമയൊക്കെ ഞാന്‍ കാണലിണ്ട്, അടുത്ത സിനിമ എപ്പോഴാ...?'' ''ആ...അടുത്ത സിനിമ വരും.'' സൗമ്യനായി എം.ടി. മറുപടി നല്‍കി. ''ഞാന്‍ എന്താണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത്. എന്തെങ്കിലും ഞാന്‍ ഒരുസമ്മാനമായി വാങ്ങിത്തരട്ടെ...?'' പയ്യന്‍ എം.ടി.യോട് ചോദിച്ചു. ഒന്നും വേണ്ടെന്ന് മറുപടി നല്‍കിയെങ്കിലും പയ്യന്‍ വിട്ടില്ല. ഒന്നും വേണ്ടെന്ന് അദ്ദേഹം വീണ്ടും പറഞ്ഞപ്പോള്‍ അവന്‍ തിരിച്ചുപോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു.
''ഈ സിനിമയുടെ ജനകീയതയാണ് സാധാരണക്കാരിലേക്ക് അതിവേഗം എത്തുന്നത്. സാധാരണക്കാരായ പാവം മനുഷ്യര്‍ക്ക് വായിക്കാനുള്ള സമയമോ സാഹചര്യമോ ഉണ്ടാവില്ല. പക്ഷേ, അവരെല്ലാം സിനിമ കാണും. ഞാന്‍ സിനിമയിലും ഉള്ളതിനാല്‍ അവര്‍ നമ്മളെ സിനിമാക്കാരനായിട്ടാണ് അറിയുക. അതില്‍ ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ല. കാരണം സിനിമയും എന്റേത് തന്നെയാണല്ലോ. സാഹിത്യമാണോ സിനിമയാണോ വലുത് എന്നൊന്നും നമ്മള്‍ ആലോചിക്കേണ്ടതില്ല.''

നീ ഫോട്ടോ അയക്ക്, ഞാന്‍ പറയാം...
സാഹിത്യത്തെയും സിനിമയെയും പറ്റി വാസുവേട്ടനുമായി ഞാന്‍ സംസാരിക്കാറേയില്ല. ഇപ്പോഴും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന വിവരം വാസുവേട്ടന് അറിയില്ലെന്ന് തോന്നുന്നു. കാരണം ഞാന്‍ എഴുതിയ പുസ്തകം കൊണ്ടുകൊടുക്കാനും മറ്റും പലതവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴും ''ആ നീ ഇവിടെ തന്നെ ഉണ്ടോ. കാണാറേ ഇല്ലല്ലോ'' എന്നുമാത്രമാണ് അദ്ദേഹം ചോദിച്ചത്. ഇപ്പോ കൂടുതലും എറണാകുളത്താണെന്നും അതിനാലാണ് കാണാത്തതെന്നും ഞാന്‍ അപ്പോഴെല്ലാം മറുപടി നല്‍കി. വാസുവേട്ടനെക്കുറിച്ച് 'പൂനാരങ്ങ' എന്ന പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. നോ എന്ന് പറയാന്‍ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്.
ഞാന്‍ പുസ്തകപ്രസാധനം തുടങ്ങിയ സമയത്ത് വി.ആര്‍. സുധീഷിനൊപ്പം വാസുവേട്ടന്റെ അടുത്തുപോയി. അദ്ദേഹത്തിന്റെ ഒരു ബുക്ക് പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിക്കാനാണ് പോയത്. ഒരു പുസ്തകം ചോദിച്ച എനിക്ക് രണ്ടുപുസ്തകം തന്ന് അദ്ദേഹമന്ന് ഞെട്ടിച്ചു. സംസാരത്തിനിടെ സുധീഷ് അദ്ദേഹത്തോട് പറഞ്ഞു ''ഇവന്‍ ഭയങ്കര നാടകത്തിന്റെ ആളാണ്. അഭിനയിക്കും. ജോണിന്റെ പടത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.'' വാസുവേട്ടന്‍ ഒരുബീഡികത്തിച്ച് എന്നെ നോക്കി ''സേതു പുതിയൊരു പടം ചെയ്യാന്‍ പോകുന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ ഒരുഫോട്ടോ അയച്ചുകൊടുക്ക്. ഞാന്‍ പറയാം'' അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല. ഒരു പക്ഷേ, അഹങ്കാരം കൊണ്ടായിരിക്കാം, ഫോട്ടോ അയച്ചുകൊടുക്കാനൊക്കെ എനിക്കെന്തോ നാണമായിരുന്നു. ഞങ്ങള്‍ തിരിച്ചുവരുന്ന വഴിയില്‍ സുധീഷ് എന്നോട് പറഞ്ഞു ''എടാ, കണ്ടോ സിനിമയില്‍ ചാന്‍സ് വരെ അദ്ദേഹം വാങ്ങിത്തന്നു!'' 1995-ല്‍ മലയാളത്തിന്റെ ആ ബര്‍ക്കത്തുള്ള കൈയില്‍നിന്ന് നാടകത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞു. പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വെച്ചടി വെച്ചടി എഴുത്ത് തന്നെ, അവാര്‍ഡുകളും. എന്നും അദ്ദേഹത്തിന് എന്നോടൊരു വാത്സല്യമുണ്ട്. അടുത്തുചെല്ലുമ്പോഴെല്ലാം ഞാന്‍ ആ വാത്സല്യം അനുഭവിക്കാറുമുണ്ട്. അതിന്റെ കാരണമെന്താണെന്ന് ഞാന്‍ തിരക്കിയിട്ടില്ല. അത് എന്താണെങ്കിലും ഇനി അറിയുകയും വേണ്ട...
Content Highlights: joy mathew writing a memory with Writer MT Vasudevan Nair
Published: 23 Jun 2023, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented