കമൽ സംവിധാനം ചെയ്യുന്ന എവർഷൈൻ പിക്ച്ചേഴ്സിന്റെ 'തൂവൽസ്പർശം' എന്ന ജയറാം ചിത്രത്തിന്റെ റിക്കോർഡിങ് നടക്കുകയാണ്. ഔസേപ്പച്ചൻ ആണ് സംഗീതസംവിധായകൻ. സംവിധായകൻ കമലും ഉണ്ട് സ്റ്റുഡിയോയിൽ. അങ്ങനെ രണ്ട് പാട്ടുകളുടെ റിക്കോർഡിങ് കഴിഞ്ഞു. ദാസേട്ടൻ വന്ന് ആ രണ്ട് പാട്ടുകളും അസ്സലായി പാടി.
ഷൂട്ട് തുടങ്ങിയ ശേഷമാണ് അടുത്ത പാട്ടിന്റെ റിക്കോർഡിങ് നടക്കുന്നത്. കമൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ട് ലൊക്കേഷനിലാണ്. പെട്ടെന്നാണ് ലൊക്കേഷനിലേക്ക് ഔസേപ്പച്ചന്റെ വിളി വരുന്നത്. കാൾ അറ്റന്റ് ചെയ്ത സംവിധായകൻ കമൽ ഞെട്ടിപ്പോയി. റിക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നാണ് ഔസേപ്പച്ചൻ വിളിക്കുന്നത്. ''ദാസേട്ടൻ പിണങ്ങി പോയി''.
ഔസേപ്പച്ചനും ദാസേട്ടനും തമ്മിൽ ഇടയ്ക്കിടെ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാവാറുള്ളത് കൊണ്ട് തന്നെ ഇതും അതുപോലെ എന്തേലും ആയിരിക്കും എന്നാണ് കമൽ കരുതിയത്. എന്നാൽ സംഗതി ഇത്തിരി സീരിയസ് ആയിരുന്നു. റിക്കോർഡിങ്ങിനത്തിയ ദാസേട്ടൻ ഔസേപ്പച്ചനുമായി ചെറിയ വാക്ക് തർക്കം ആയി, വഴക്കായി. ഒടുവിൽ ദാസേട്ടൻ പാട്ടുപാടാൻ കൂട്ടാക്കാതെ റിക്കോർഡിങ് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോയി !
എന്ത് ചെയ്യുമെന്നറിയാതെ പകച്ചിരിക്കുകയാണ് ഔസേപ്പച്ചൻ. അതിലും വലിയ ടെൻഷൻ കമലിന്. കമൽ ഒന്ന് വിളിച്ചു സംസാരിച്ചാൽ ദാസേട്ടൻ വരും എന്നായി ഔസേപ്പച്ചൻ. ലൊക്കേഷനിൽ നിന്ന് വിളിച്ചു ദാസേട്ടൻ വന്ന് പാടണം എന്നൊക്കെ പറഞ്ഞാൽ അതിലൊരു ശരികേടുണ്ടെന്ന് മനസ്സിലാക്കിയ കമൽ മറ്റൊരു ഐഡിയ പ്രയോഗിക്കാൻ തീരുമാനിച്ചു.
ആദ്യം പറഞ്ഞത് പോലെ എവർഷൈൻ പിക്ച്ചേഴ്‌സിന്റെ എവർഷൈൻ മണി ആണ് സിനിമയുടെ നിർമ്മാതാവ്. അദ്ദേഹത്തിന്റെ അച്ഛൻ മലയാള സിനിമയിലെ ലെജന്ററി പ്രൊഡ്യൂസർ തിരുപ്പതി ചെട്ടിയാർ. ദാസേട്ടൻ ഒക്കെ ഏറെ ബഹുമാനിക്കുന്ന വ്യക്തി. അദ്ദേഹത്തേക്കൊണ്ട് പറയിക്കാം. അതാകുമ്പോൾ ദാസേട്ടന് അങ്ങനെ എളുപ്പം നോ അടിക്കാൻ പറ്റില്ല.
അങ്ങനെ വർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ വക വയ്ക്കാതെ തിരുപ്പതി ചെട്ടിയാർ നേരെ ദാസേട്ടനെ കണ്ട് കൺവിൻസ് ചെയ്യാൻ ഇറങ്ങി. ചെട്ടിയാരെ കണ്ട് ഏറെ ബഹുമാനത്തോടെ ദാസേട്ടൻ എഴുന്നേറ്റ് നിന്നു, കൈകൂപ്പി സ്വീകരിച്ചു, കുശലാന്വേഷണം ഒക്കെ നടത്തി.
എന്താണ് വിശേഷം എന്നന്വേഷിച്ചപ്പോൾ ചെട്ടിയാർ പതുക്കെ തന്റെ ആവശ്യം ദാസേട്ടനെ അറിയിച്ചു. എന്റെ മകന്റെ സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് പാടണം - ചെട്ടിയാർ ദാസേട്ടനോട് ആവശ്യപ്പെട്ടു. പിന്നെന്താ ഞാൻ പാടാം, ആരാ സംഗീത സംവിധായകൻ എന്നായി ദാസേട്ടൻ. ഔസേപ്പച്ചൻ ആണ് എന്ന് കേട്ടതോടെ ദാസേട്ടന്റെ മുഖം മാറി. അപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത് 'തൂവൽസ്പർശം' എന്ന സിനിമയ്ക്ക് വേണ്ടിയാണു ചെട്ടിയാർ തന്നെ കാണാൻ എത്തിയിരിക്കുന്നത് എന്ന്.
അത് നടക്കില്ല. അവന് ഇത്തിരി അഹങ്കാരം കൂടുതലാണ്. ഈ സിനിമയിൽ എന്തായാലും ഞാൻ പാടില്ല, അടുത്ത സിനിമ വരുമ്പോൾ നോക്കാം. ദാസേട്ടൻ നയം വ്യക്തമാക്കി. ഇനി കൂടുതൽ സമ്മർദ്ദം ചെലുത്തിയിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ കമലും ഔസേപ്പച്ചനും ഒടുവിൽ ആ പാട്ട് മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കാൻ തീരുമാനിച്ചു. അങ്ങനെ തൂവൽസ്പർശം എന്ന ചിത്രത്തിലെ 'മന്ത്രജാലകം തുറന്നതിന്ദ്രലോകമോ' എന്ന പാട്ട് ഉണ്ണി മേനോന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടു.
പിന്നീട് കുറച്ചു കാലം ദാസേട്ടൻ ഔസേപ്പച്ചന് വേണ്ടി പാടിയുമില്ല, ഔസേപ്പച്ചൻ ദാസേട്ടനെ പാടാൻ വിളിച്ചുമില്ല. കമൽ-ഔസേപ്പച്ചൻ ടീമിൽ നിന്ന് വന്ന 'പൂക്കാലം വരവായി' എന്ന ചിത്രത്തിലും ദാസേട്ടൻ പാടിയില്ല. ഈ സിനിമയിലെ 'ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു' എന്ന എവർഗ്രീൻ ഗാനം പുറത്തുവന്നത് ജി. വേണുഗോപാലിന്റെ ശബ്ദത്തിൽ ആയിരുന്നു.
അങ്ങനെയിരിക്കെ കമൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. ആ സിനിമയുടെ കമ്പോസിങ് നടക്കുകയാണ്. ഔസേപ്പച്ചനും കൈതപ്രവും കമലും ഒക്കെയുണ്ട് കമ്പോസിങ്ങിന്. ഈണം കേട്ട കമൽ ഉറപ്പിച്ചു പറഞ്ഞു, ഈ പാട്ടുകൾ ദാസേട്ടൻ പടിയാലേ ശരിയാവൂ. അദ്ദേഹം തന്നെ വേണം. ആ ശബ്ദം തന്നെ വേണം. ഔസേപ്പച്ചന്റെ മനസ്സിലും അത് തന്നെ. പക്ഷേ, ഈ സൗന്ദര്യപ്പിണക്കം ഇങ്ങനെ നിൽക്കുകയാണ്. അതിനൊരു ക്ളോഷർ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ദാസേട്ടനെ സമീപിക്കാൻ ഇരുവർക്കും ഒരു മടി.
ഒടുവിൽ ആ ദൗത്യം കൈതപ്രം ഏറ്റെടുത്തു. കമലിനെയും കൂട്ടി അദ്ദേഹം ദാസേട്ടനെ കാണാൻ ചെന്നു. പേടിച്ചു പേടിച്ചു ദാസേട്ടനെ കാണാൻ പോയ കമൽ ഞെട്ടിപ്പോയി. കാരണം ദാസേട്ടന് അങ്ങനൊരു സംഭവം തന്നെ ഓർമയുണ്ടായിരുന്നില്ല. കമൽ അന്നത്തെ പ്രശ്നങ്ങളെക്കുറിച്ചും ആ സൗന്ദര്യപ്പിണക്കത്തെക്കുറിച്ചും പറഞ്ഞപ്പോൾ അക്കാര്യം ഓർത്ത ദാസേട്ടൻ 'അതൊക്കെ അന്ന് പറഞ്ഞു കഴിഞ്ഞതല്ലേ, ഇത് ഞാൻ വന്ന് പാടാം' എന്ന് പറഞ്ഞു. അങ്ങനെ പാടിയ പാട്ടാണ് 'പാതിരാമഴയേതോ ഹംസഗീതം പാടി..'
നമ്മുടേതായൊരു സ്‌പേസിൽ ഒറ്റയ്ക്കിരുന്ന് ചിന്തകളുടെ കെട്ട് പൊട്ടിച്ചു വിടുമ്പോൾ ഒപ്പം കേട്ടിരിക്കാൻ ഇതിലും മികച്ചൊരു പാട്ടില്ല. ഈ പാട്ടിന്റെ മെയിൻ തീം തബലയിലെ 'ടിൻ ടിൻ ടിൻ' എന്ന മൂന്ന് മുട്ടാണ്. ഔസേപ്പച്ചൻ ട്യൂൺ പാടിയപ്പോൾ ശ്രുതി പിടിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ തബലിസ്റ്റ് ബാലു തന്റെ മുന്നിലുണ്ടായിരുന്ന തബലകളിൽ വെറുതെ ഒന്ന് തട്ടി നോക്കി. 'ടിൻ ടിൻ ടിൻ.. ടിൻ ടിൻ ടിൻ..'
അത് ഔസേപ്പച്ചനും കമലിനും ഒരേപോലെ സ്ട്രൈക്ക് ചെയ്തു. അങ്ങനെ ഓർക്കസ്ട്രേഷനിൽ തബല ബീറ്റുകൾ അതേപോലെ തന്നെ റിക്രിയേറ്റ് ചെയ്യുകയായിരുന്നു. സിനിമ വന്നപ്പോൾ കമൽ ആ ബീറ്റിനനുസരിച്ചു വിഷ്വൽ എഡിറ്റ് ചെയ്ത് പാട്ട് കൂടുതൽ മനോഹരമാക്കി.
മോഹൻലാലിന്റെ സിനിമയിൽ സാധാരണ മോഹൻലാൽ ആണ് ലിപ് കൊടുത്തു പാടി പാട്ടുകൾ മികച്ചതാക്കുന്നത്. എന്നാൽ ഇവിടെ ഒരു മോഹൻലാൽ സിനിമയിൽ മോഹൻലാൽ അല്ലാതെ മറ്റൊരാൾ ഗംഭീരമായി ലിപ് കൊടുത്തു പാടി എവർഗ്രീൻ ആക്കി മാറ്റിയ പാട്ട്. അശോകന്റെ ശോകം നിറഞ്ഞ മുഖം കാണുമ്പോൾ തന്നെ ഡിപ്രഷൻ ഇല്ലാത്തവർക്ക് പോലും ഒരു ഡിപ്രഷൻ ഫീൽ ഉണ്ടാകും.
'ഉള്ളടക്കം' എന്ന കമൽ ചിത്രത്തിന് വേണ്ടി ഔസേപ്പച്ചൻ ഈണമിട്ട് കൈതപ്രത്തിന്റെ രചനയിൽ പിറന്ന പാട്ട്. ''കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം...''ഡിപ്രഷന്റെ അങ്ങേയറ്റം നമുക്ക് കൈതപ്രത്തിന്റെ വരികളിൽ കാണാം.
ഒരു ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരിൽ ഈ പാട്ടെങ്ങാനും ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിയാതെ പോയിരുന്നെങ്കിൽ അത് മുഴുവൻ മലയാളികൾക്കും വലിയൊരു നഷ്ടം തന്നെ ആയിപ്പോയേനെ. അത്രമേൽ അതിമനോഹരമായി, പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയാത്തത്ര മികവിൽ ദാസേട്ടൻ പാടി വച്ച പാതിരാമഴ..
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details the professional fallout between legendary singer K.J. Yesudas and composer Ouseppachan during the production of Thoovalsparsham.Reveals the creative process behind the evergreen classic 'Pathiramazhayetho' from the movie Ulladakkam.
Published: 01 Jun 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented