നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനാവുന്ന 'രാമായണ' സിനിമയ്ക്കായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റിലീസ് അടുത്തതോടെ ചിത്രത്തോടുള്ള ആവേശവും വർധിച്ചുവെന്ന് മുൻകൂർ ടിക്കറ്റ് വിൽപനയിൽ വ്യക്തം. ഇന്ത്യയൊട്ടാകെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നൂറു കോടിയോടടുക്കുകയാണ്.

To advertise here,

ഹിന്ദി വിപണികളിലാണ് ടിക്കറ്റ് വിൽപ്പന മുന്നിൽ, തെലുങ്ക്, കന്നഡ പതിപ്പുകൾ‌ തൊട്ടുപിന്നിലുണ്ട്. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം 100 കോടി ക്ലബ്ബ് തൊടാൻ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. സാക്നിൽക് റിപ്പോർട്ടനുസരിച്ച്, അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയിലൂടെ രാമായണം 96.64 കോടി രൂപ ഇതിനകം നേടിയിട്ടുണ്ട്. ഇതുവരെ 898 നഗരങ്ങളിലെ 83,087 ഷോകളിലായി ഏകദേശം 25.68 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.

ഹിന്ദി പതിപ്പാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്, 78.93 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയി. തെലുങ്ക് പതിപ്പ് 8.09 കോടി രൂപയും കന്നഡ പതിപ്പ് 7.27 കോടി രൂപയും നേടി. തമിഴ് പതിപ്പ് 1.86 കോടി രൂപ നേടിയപ്പോൾ, മലയാളം പതിപ്പ് 49.23 ലക്ഷം രൂപയാണ് നേടിയത്.

13.33 കോടി രൂപയുടെ വിൽപ്പനയുമായി നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻ.സി.ആർ) ആണ് രൺബീർ കപൂർ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ മുന്നിൽ. 11.90 കോടി രൂപയുമായി മുംബൈയും, 9.97 കോടി രൂപയുമായി ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്. ഹൈദരാബാദും മികച്ച പ്രതികരണമാണ് നൽകുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം, രാമായണത്തിന്റെ വിദേശ അഡ്വാൻസ് ബുക്കിംഗിൽ വടക്കേ അമേരിക്കയാണ് മുന്നിൽ. പെയ്ഡ് പ്രിവ്യൂകളിലൂടെ മാത്രം 1.20 ദശലക്ഷം ഡോളറിലധികം ചിത്രം നേടിക്കഴിഞ്ഞു. വാരാന്ത്യത്തിൽ യു.എസിലെ ചിത്രത്തിന്റെ മൊത്തത്തിലുള്ള അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയും 3 ദശലക്ഷം ഡോളറിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിലും ചിത്രത്തോട് ആളുകൾ വലിയ താൽപ്പര്യം കാണിക്കുന്നുണ്ട്. 

രൺബീർ കപൂർ, യഷ്, രവി ദുബെ, സായി പല്ലവി, സണ്ണി ഡിയോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi