അഭിനേതാക്കളുടെ തുടർച്ചയായ പിന്മാറ്റത്തിനിടെ ഡോൺ-3 എന്ന സിനിമയിൽ നിന്ന് താത്കാലികമായി അകലംപാലിക്കുകയാണ് സംവിധായകൻ ഫർഹാൻ അക്തർ. നടൻ രൺവീർ സിങ് ആണ് ഏറ്റവുമൊടുവിൽ ചിത്രത്തിൽ നിന്ന് പിന്മാറിയത്. 'ധുരന്ധർ' സിനിമയുടെ റിലീസിനും വിജയത്തിനും തൊട്ടുപിന്നാലെയായിരുന്നു ഇത്. രൺവീറിന്റെ നായികയായി കരുതിയിരുന്ന കിയാര അദ്വാനിയും പ്രതിനായകൻ വിക്രാന്ത് മാസ്സിയും നേരത്തേ തന്നെ പ്രോജക്റ്റിൽ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ ചിത്രം ഉപേക്ഷിച്ചതായും ഊഹാപോഹങ്ങളുണ്ടായി.

ഇപ്പോഴിതാ ഡോൺ 3-ൽ നിന്ന് ശ്രദ്ധ മാറ്റി 'ജീ ലെ സറാ'യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫർഹാൻ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ജീ ലെ സറാ ഫർഹാന് വളരെ പ്രത്യേകതയുള്ള ചിത്രമാണെന്നും, ഡോൺ 3-യുടെ കാസ്റ്റിങ് ദൈർഘ്യമേറിയ പ്രക്രിയയായതിനാൽ, ഫർഹാൻ നിലവിൽ ശ്രദ്ധ മാറ്റാൻ തീരുമാനിച്ചുവെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ നായികമാരായി അണിനിരത്തി ഫർഹാൻ ഒരുക്കുന്ന ചിത്രമാണ് 'ജീ ലെ സറാ'. മൂന്നു താരങ്ങൾക്കും ചിത്രത്തിൽ താല്പര്യമുണ്ടെന്നാണ് സൂചന. 2021-ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. നായികമാരുടെ തീയതികൾ കിട്ടാൻ ബുദ്ധിമുട്ടു നേരിട്ടുവെന്നും എന്നാൽ അഞ്ച് വർഷത്തിനുശേഷം ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഫർഹാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും മൂന്ന് നടിമാരുടെയും തീയതികൾ ഒത്തുപോകുകയാണെങ്കിൽ, ഇക്കൊല്ലം രണ്ടാംപകുതിയിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് അറിയുന്നത്. "ഫർഹാൻ മൂന്ന് നടിമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, അവരുടെ സമയക്രമം ഒത്തുപോകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എല്ലാവർക്കും താല്പര്യമുണ്ട്"- അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഡോൺ സീരീസിലെ യഥാർഥ നായകനായ ഷാരൂഖ് ഖാൻ സിനിമയിലേക്ക് തിരിച്ചെത്താൻ തയ്യാറാണെന്നും എന്നാൽ അറ്റ്ലി അത് സംവിധാനം ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്നും ഇടയ്ക്ക് വാർത്തകളുണ്ടായിരുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi