ഏക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ....
1942 എ ലവ്സ്റ്റോറി എന്ന സിനിമയിലെ ഈ ഗാനം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. 1994-ലാണ് ചിത്രം റിലീസായത്. കഴിഞ്ഞ വര്‍ഷം സിനിമയുടെ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കപ്പെട്ടിരുന്നു. ഭാഷ അറിയാത്തവരും സിനിമ കണ്ടിട്ടില്ലാത്തവരുമെല്ലാം ഇന്നും ഈ ഗാനത്തെ നെഞ്ചിലേറ്റുന്നു.
അനില്‍ കപൂറും മനീഷ കൊയ്‌രാളയുമായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ബ്രിട്ടീഷ് ഇന്ത്യയാണ് പശ്ചാത്തലം. ബ്രിട്ടീഷ് ആധിപത്യത്തെ അന്ധമായി അനുസരിക്കുന്നവരും അതിനെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളുമാണ് കഥാപാത്രങ്ങള്‍. കലുഷിതമായ സാമൂഹ്യസാഹചര്യത്തില്‍ നായികാനായകന്മാര്‍ പ്രണയിക്കുകയും പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്യുന്നു.

സിനിമയുടെ പ്രധാന ആകര്‍ഷണം ജാവേദ് അക്തര്‍ എഴുതി, ആര്‍.ഡി. ബര്‍മന്‍ സംഗീതമൊരുക്കിയ ഗാനങ്ങള്‍ തന്നെയായിരുന്നു. റിലീസിന് മുന്‍പ് ബര്‍മന്‍ മരിച്ചു. മരണാന്തര ബഹുമതിയായി അദ്ദേഹത്തിന് ഫിലിം ഫെയര്‍ കിട്ടുകയുണ്ടായി. ബോളിവുഡിലെ എക്കാലത്തെയും മികച്ച മ്യൂസിക് ആല്‍ബങ്ങളിലൊന്നായി സിനിമ വിലയിരുത്തപ്പെടുന്നു.
വരികളെഴുതിയ ജാവേദ് അക്തറിനും ആലാപനത്തിന് കുമാര്‍ സാനുവിനും ഫിലിം ഫെയര്‍ നേടിക്കൊടുത്ത ഗാനമാണ് ഏക് ലഡ്കി കോ ദേഖാ തോ. നായികയുടെ സൗന്ദര്യം വര്‍ണിക്കുന്ന വരികള്‍. അതിമനോഹരമായ ഭാഷയില്‍, മനംതൊടുന്ന വര്‍ണനയിലൂടെ സ്ത്രീ സൗന്ദര്യത്തെ ഒപ്പിയെടുത്തു ജാവേദ് അക്തര്‍. മനീഷയുടെ കരിയര്‍ ഗതി മാറ്റിയത് ഈ വരികളാണ്. കാലമെത്ര കഴിഞ്ഞാലും മനീഷ ഓര്‍മിക്കപ്പെടുന്നത് ഈ വരികളിലൂടെയാകും.

എന്നാല്‍ താന്‍ ഈ വരികള്‍ എഴുതിയത് മാധുരിക്ക് വേണ്ടിയാണെന്ന് ഒരിക്കല്‍ ജാവേദ് അക്തര്‍ പറഞ്ഞു. ''ആര്‍ക്കുമറിയാത്ത ഒരു കാര്യമുണ്ട്.. ജനപ്രിയ ഗാനമായ ഏക് ലഡ്കി കോ ദേഖാ തോ ഞാന്‍ എഴുതുന്നത് മധുരിയെ മനസ്സില്‍ കണ്ടുകൊണ്ടാണ്. സിനിമയ്ക്കായി ഞാന്‍ വരികളെഴുതുമ്പോള്‍ നായിക മാധുരിയായിരുന്നു. പിന്നീട് അവര്‍ സിനിമയില്‍ നിന്ന് പിന്മാറിയപ്പോഴാണ് മനീഷ നായികയാകുന്നത്.''
നിര്‍മാതാവായ വിധു വിനോദ് ചോപ്രയുമായുള്ള അഭിപ്രായവ്യത്യാസമാണ് മാധുരിക്ക് സിനിമ നഷ്ടമാകാന്‍ കാരണമായത്. സിനിമ കാര്യമായ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ക്ലാസ്സിക്കായാണ് ഇപ്പോള്‍ ചിത്രം വിലയിരുത്തപ്പെടുന്നത്.
Content Highlights: javed akthar reveals how he penned ek ladki ko dekha to
Published: 17 Jan 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented