
ആകാശത്തിനും ഭൂമിയ്ക്കും ഇടയിലൂടെ മാലാഖയെ പോലെ പറന്ന നടന്ന പെണ്‍കുട്ടി, അവള്‍ മണ്ണിലിറങ്ങി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ജീവിക്കാന്‍ മനസ്സില്‍ മോഹിച്ചു. മണ്ണിലിറങ്ങിയ അവള്‍ ടെലിവിഷന്‍ ഷോകളിലൂടെ മലയാളി മനസ്സുകള്‍ കീഴടക്കി മെല്ലെ സിനിമയുടെ ലോകത്തേക്ക് ചുവടുവച്ചു. മീനാക്ഷി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയെ പരിചയമില്ലാത്ത മലയാളി ടെലിവിഷന്‍ പ്രേക്ഷകരുണ്ടാകില്ല, ഒരുനാള്‍ വിണ്ണിലിരുന്ന് സ്വപ്‌നം കണ്ടപോലെ നായികയാകുന്ന ആദ്യ ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ് മീനാക്ഷി. തോല്‍വി എഫ്.സി എന്ന സിനിമയിലൂടെ മീനാക്ഷി തന്റെ സ്വപ്‌ന യാത്രയ്ക്ക് തുടക്കമിടുകയാണ്. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എയര്‍ലൈന്‍ മേഖലയില്‍ സ്‌പൈസ് ജെറ്റില്‍ ക്യാബിന്‍ ക്യൂ ആയി ജോലി ചെയ്ത ശേഷമാണ് മീനാക്ഷി അഭിനയരംഗത്തേക്ക് എത്തിയത്. തന്റെ സിനിമ സ്വപ്‌നങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും മീനാക്ഷി രവീന്ദ്രന്‍ മനസ്സുതുറക്കുന്നു.
എങ്ങനെയാണ് തോല്‍വി.എഫ്.സി എന്ന സിനിമയിലേക്ക് എത്തുന്നത്...?
Also Read
സംവിധായകനായ ജോര്‍ജ് കോരയാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് എന്നെ ആദ്യം വിളിക്കുന്നത്. സിനിമയെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും ഒരുആമുഖം തന്ന ശേഷം താത്പര്യമുണ്ടെങ്കില്‍ ഒഡീഷനില്‍ പങ്കെടുക്കണം എന്ന് പറഞ്ഞു. പിന്നാലെ തിരക്കഥ അയച്ചു തന്നു. ഒഡീഷനില്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് 'തോല്‍വി എഫ്.സി' എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്.
മറിയം എന്നാണ് ഞാനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ പേരുപോലെ തന്നെ ജീവിതത്തില്‍ ചില തോല്‍വികള്‍ നേരിടേണ്ടി വന്ന ആളാണ് മറിയം. എന്നാല്‍ അതൊന്നും പുറത്ത് കാണിക്കാതെ ബോള്‍ഡായി ജീവിക്കുന്ന ഒരുകഥാപാത്രം.

മാലിക്, ഹൃദയം തുടങ്ങി മുമ്പും സിനിമകള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മുഴുനീള വേഷം ആദ്യമായല്ലേ...?
ആദ്യമായാണ് സിനിമയില്‍ മുഴുനീള കഥാപാത്രമായി എത്തുന്നത്. മുമ്പ് മാലിക്, ഹൃദയം തുടങ്ങിയ സിനിമകളൊക്കെ ചെയ്തിരുന്നു എങ്കിലും അതെല്ലാം ചെറിയ കഥാപാത്രങ്ങളായിരുന്നു. പിന്നെ നല്ല കഥാപാത്രം ചെയ്യുക എന്ന ആഗ്രഹത്തിലാണല്ലേ എല്ലാവരും സിനിമയിലേക്ക് വരുന്നത്. 'തോല്‍വി എഫ്.സി' യില്‍ അത്തരമൊരു കഥാപാത്രം കിട്ടി എന്നതില്‍ സന്തോഷമുണ്ട്.
കുട്ടിക്കാലത്തെ അഭിനയ മോഹമുണ്ടായിരുന്നോ...?
ആലപ്പുഴയിലെ മാരാരിക്കുളത്താണ് എന്റെ വീട്. കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ സിനിമയില്‍ എത്തുമെന്നോ, എവിടെ തുടങ്ങണമെന്നോ ഒന്നും അറിയില്ലായിരുന്നു. കാരണം വീട്ടിലൊന്നും സിനിമ ബന്ധങ്ങളുള്ള ആരും ഉണ്ടായിരുന്നില്ല. സ്‌കൂള്‍ കാലത്ത് ശാസ്ത്രീയ നൃത്തം, സംഗീതം എന്നിവയിലൊക്കെ സജീവമായിരുന്നു. ആങ്കറിങ്ങില്‍ അന്നേ താത്പര്യമുണ്ടായിരുന്നെങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടൊന്നുമില്ല.
പ്ലസ് ടു കഴിഞ്ഞ സമയത്താണ് പൊതുവേദികളില്‍ ആങ്കറിങ് ചെയ്തു തുടങ്ങുന്നത്. 2014 ല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി കൊച്ചി ഒബ്‌റോണ്‍ മാളില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഷോ ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ പബ്ലിക് ആങ്കറിങ് ഷോ. അത് കഴിഞ്ഞ് കോര്‍പ്പറേറ്റ് ഇവന്റ്‌സും ഷോകളുമൊക്കെ ചെയ്തു തുടങ്ങി. ആ സമയത്ത് 19 ാം വയസ്സില്‍ തന്നെ ഞാന്‍ പഠനം പൂര്‍ത്തിയാക്കുകയും സ്‌പൈസ് ജെറ്റില്‍ ക്യാബിന്‍ ക്രൂ ആയി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് വലിയ ഇവന്റുകള്‍ വന്നാല്‍ മാത്രം ആങ്കറിങ് ചെയ്യുന്ന രീതിയിലേക്ക് മാറി. അത് ആങ്കറിങ്ങിനോടുള്ള ഇഷ്ടം കൊണ്ടാണ്. മൂന്ന് വര്‍ഷം സ്‌പൈസ് ജെറ്റില്‍ ജോലി ചെയ്തു. ശരിക്കും ആ ജോലിയില്‍ നിന്ന് ഇടവേളയെടുത്തത് അഭിനയത്തിന് വേണ്ടിയാണ്.

ടെലിവിഷന്‍ ഷോകളാണ് മീനാക്ഷിയെ മലയാളിക്ക് പരിചിതയാക്കിയത്, സിനിമ അരങ്ങേറ്റത്തിനും അത് സഹായിച്ചോ...?
നായിക-നായകന്‍ എന്ന ഷോ കഴിഞ്ഞപ്പോഴാണ് അഭിനയം കരിയറാക്കി എടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. അതുവരെ അവസരം കിട്ടിയാല്‍ അഭിനയിക്കാം എന്ന രീതിയിലായിരുന്നു. നായിക-നായകന്‍, ഉടന്‍ പണം എന്നീ ടെലിവിഷന്‍ ഷോകള്‍ കരിയറില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആങ്കറിങ്ങിന്റെ കൂടെ ആ ഷോകളില്‍ പല വേഷത്തിലും പ്രത്യക്ഷപ്പെടാനും അഭിനയിക്കാനുമൊക്കെ സാധിച്ചിരുന്നു. അതൊക്കെ ചെയ്യുമ്പോഴും എന്റെ ലക്ഷ്യം സിനിമയിലെത്തുക എന്നത് തന്നെയായിരുന്നു.
ആദ്യമായി ഏത് സിനിമയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്...?
'തട്ടും പുറത്ത് അച്യുതന്‍' എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. അത് നായിക-നായകന്‍ ഷോയിലെ ബന്ധം വച്ച് ലാല്‍ജോസ് സാര്‍ നല്‍കിയ അവസരമാണ്. 'മൂണ്‍വാക്ക് ' എന്ന സിനിമയിലേക്കാണ് എന്നെ ആദ്യമായി തെരഞ്ഞെടുത്തത്. ആ സിനിമയുടെ ടീസറൊക്കെ ഇറങ്ങിയെങ്കിലും പിന്നീടുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം റിലീസ് ചെയ്തില്ല. അത് കഴിഞ്ഞിട്ടാണ് മാലിക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഫഹദ് ഇക്കയുടെ (ഫഹദ് ഫാസില്‍) മകളുടെ റോളായിരുന്നു മാലിക്കില്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് അങ്ങനെ വലിയ താരനിര, മാലിക്കിലേക്ക് അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ സന്തോഷവും ഒപ്പം ടെന്‍ഷനുമുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഇത്രവലിയൊരു സെറ്റില്‍ അഭിനയിക്കാന്‍ ചെല്ലുന്നത്. ഫഹദ് ഇക്കയുടെ കൂടെ കോംമ്പിനേഷന്‍ സീനൊക്കെ ചെയ്യുമ്പോള്‍ ആവശ്യമില്ലാതെ കുറെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മുന്‍പരിചയമില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു അത്. എന്നാല്‍ ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് പേര്‍ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൊവിഡ് കാലമായതിനാല്‍ തിയേറ്ററില്‍ മാലിക് റിലീസ് ചെയ്തില്ല എന്നൊരു സങ്കടമുണ്ടായിരുന്നു. അതിലും വലിയ കഥാപാത്രങ്ങള്‍ കിട്ടണം എന്ന് അന്ന് മുതല്‍ ആഗ്രഹിച്ചിരുന്നു.
സ്വാതന്ത്ര്വം, സന്തോഷം എന്നിവയെ എങ്ങനെ നിര്‍വചിക്കും...?
സന്തോഷത്തോടെ ജീവിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ സ്വാതന്ത്ര്വം അത്യാവശ്യമാണ്. സ്വാതന്ത്ര്വം ഇല്ലാത്തിടത്ത് ഒരിക്കലും സന്തോഷം ലഭിക്കില്ല.
സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി പലപ്പോഴും നിറഞ്ഞുനില്‍ക്കാറുണ്ട്..?
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അത്ര ആക്ടീവൊന്നും അല്ല. എന്നാല്‍ ഞാനറിയാതെ ചിലര്‍ എന്നെ സോഷ്യല്‍ മീഡിയാ ലോകത്ത് ആക്ടീവാക്കി കൊണ്ടിരിക്കുന്നുണ്ട്.

മീനാക്ഷിയുടെ വസ്ത്രധാരണത്തെ കുറിച്ചടക്കം സദാചാര കമന്റുകള്‍ പറയുന്ന സോഷ്യല്‍മീഡിയ ഫോളോവേഴ്‌സിനോട് എന്താണ് പറയാനുള്ളത്...?
എനിക്ക് അത്തരക്കാരോട് ഒന്നും പറയാനില്ല. അവര്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടോ, അതൊന്നും എന്നെ ബാധിക്കില്ല. നല്ലതാണെങ്കിലും മോശമാണെങ്കിലും ഒന്നും തലയിലേക്ക് എടുക്കാറില്ല. കാരണം ഇന്ന് നല്ലത് പറഞ്ഞവര്‍ തന്നെ ചിലപ്പോള്‍ നാളെ മോശം പറയും. മറിച്ചും സംഭവിക്കും. പിന്നെ അന്യന്റെ ജീവിതത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും ആര്‍ക്കും അവകാശമില്ല. നമ്മളെ ഒരാള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് അവര്‍ പറയുന്നത് പോലെ നമ്മള്‍ നടക്കണം എന്ന് പറയുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. കാരണം ഞാന്‍ ആരുടെയും ജീവിതത്തില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത ഒരാളാണ്. തിരിച്ചും അതേ സ്വാതന്ത്ര്വം മാത്രമാണ് ഞാനും പ്രതീക്ഷിക്കുന്നത്. വളരെ സഭ്യമായി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ നമ്മളോട് പറയാം. ശരിയാണെന്ന് തോന്നിയാല്‍ അത്തരം അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ മറിച്ച് എന്റെ സ്വകാര്യ ജീവിതത്തില്‍ കയറി അഭിപ്രായം പറയാനോ, ഞാന്‍ എന്ത് വസ്ത്രം ധരിക്കണം എന്ന് പറയാനോ, ഏത് രീതിയില്‍ നടക്കണം എന്ന് പറയാനോ ആര്‍ക്കും അവകാശമില്ല.
സ്വന്തമായിട്ടുള്ള ലിബറേഷന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. നമ്മുടെയൊക്കെ ജീവിതത്തിന്റെ താക്കോല്‍ നമ്മുടെ കൈയിലാണ്. അല്ലാതെ മറ്റാരെയും ഏല്‍പിച്ചിട്ടില്ല. എന്റെ ഇഷ്ടത്തിന് ജീവിക്കാന്‍ സാധിച്ചിട്ടില്ല ഇല്ലെങ്കില്‍ അതെനിക്ക് വിഷമം ഉണ്ടാക്കും. പൂര്‍ണമായ സ്വാതന്ത്ര്വത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് എന്റെ സ്വകാര്യതയിലേക്കുള്ള ഒരുകൈകടത്തലും അംഗീകരിച്ചുകൊടുക്കില്ല. നമ്മുടെ ഇഷ്ടമാണ് നമ്മുടെ സന്തോഷം.
മുന്നോട്ടുള്ള പ്രതീക്ഷകള്‍..?
നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. അത് നായികയാകണമെന്നില്ല, മറിച്ച് പ്രാധാന്യമുള്ളതായാല്‍ മതി. അഭിനയത്തെ എത്രമേല്‍ ഇഷ്ടപ്പെടുന്നുവോ അത്ര തന്നെ ഞാന്‍ കാബിന്‍ ക്രൂ എന്ന എന്റെ തൊഴിലിനെയും ഇഷ്ടപ്പെടുന്നുണ്ട്. സിനിമയ്‌ക്കൊപ്പം എയര്‍ലൈന്‍ ജോലിയും കൊണ്ടുപോകണമെന്നുണ്ട്. പ്രൊഫഷനും പാഷനും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണം. അത് നടക്കുമെന്നാണ് പ്രതീക്ഷ.

തോല്‍വി എഫ്.സി തിയേറ്ററിലേക്ക് എത്തുമ്പോള്‍ ടെന്‍ഷനുണ്ടോ..?
ആദ്യമായിട്ടാണ് ഞാന്‍ മുഴുനീളകഥാപാത്രം ചെയ്ത ഒരു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും ത്രില്ലും ടെന്‍ഷനുമൊക്കെ ഉണ്ട്. അതിനാല്‍ പ്രിവ്യൂ കാണാന്‍ പോലും ഞാന്‍ ചെന്നില്ല. ആദ്യദിനത്തില്‍ ആദ്യ ഷോ പ്രേക്ഷകരുടെ കൂടെ തിയേറ്ററില്‍ ഇരുന്ന് കാണാനാണ് എന്റെ ആഗ്രഹം. മാലിക് തിയേറ്ററില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്നത്തെ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ല. തോല്‍വി എഫ്.സിയിലൂടെ ആ ആഗ്രഹം കൂടി സാധിക്കുകയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായി തോല്‍വി എഫ്.സി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
തോല്‍വി എഫ്.സി കാണാന്‍ പോകുന്ന പ്രേക്ഷകരോട്...?
വളരെ ക്യൂട്ട് ആയിട്ടുള്ള ഒരുഫീല്‍ ഗുഡ് സിനിമയാണിത്. മലയാളികള്‍ തിയേറ്ററില്‍ അങ്ങനെയൊരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി എന്ന് തോന്നുന്നു. ഫാമിലിയായി എല്ലാവര്‍ക്കും തിയേറ്ററില്‍ ചെന്ന് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ് തോല്‍വി എഫ്.സി.
Content Highlights: interview with actress and anchor Meenakshi Raveendran based on her new movie tholvi fc
Published: 03 Nov 2023, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented