തന്റെ പേരും ജോര്‍ജ് എന്നാണോ? പ്രേമം സിനിമയിലെ ഈ ഡയലോഗ് ആരും മറക്കാന്‍ ഇടയുണ്ടാവില്ല. നിവിന്‍പോളിയുടെ പ്രേമം തകര്‍ക്കുന്ന വില്ലനായ മേരിയുടെ കാമുകന്‍. സിനിമാമോഹവുമായി വെള്ളിത്തിരയിലെത്തിയ ജോര്‍ജ് കോര. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യ്ക്കായി അല്‍ത്താഫ് സലിമിനൊപ്പം തിരക്കഥകൃത്തായും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഗോപീകൃഷ്ണന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച 'തിരികെ' എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകര്‍ക്കുമുന്നിലെത്തി. ജാനകി ജാനേ, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, ക്രിസ്റ്റി തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി...

To advertise here,

നടനും തിരക്കഥാകൃത്തും സംവിധായകനും

ഒരുപാട് ആഗ്രഹിച്ചു സിനിമയിലേക്ക് വന്ന ആളാണ് ഞാന്‍. പ്രേമത്തിലേക്ക് അല്‍ഫോന്‍സേട്ടന്‍ വിളിക്കുമ്പോള്‍ സന്തോഷം തോന്നി. സിനിമ തന്നെയായിരുന്നു എന്നും മനസ്സില്‍. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. 'തിരികെ' ഞാന്‍ ഷോര്‍ട്ട് ഫിലിമിനായി തിരഞ്ഞെടുത്ത കഥയാണ്. ഡൗണ്‍സിന്‍ഡ്രോം ഉണ്ടെങ്കിലും ക്യാമറ ഓണ്‍ ആയാല്‍ നായകൻ ഗോപീകൃഷ്ണൻ ഗംഭീര ആര്‍ട്ടിസ്റ്റാണ്. ലോക്ക് ഡൗണ്‍ സമയത്തായതുകൊണ്ട് ആ സിനിമ ഒ.ടിടി.യിലാണ് റിലീസായത്.  

ഒന്നര രണ്ട് വര്‍ഷത്തിന്റെ പരിശ്രമമാണ് ഓരോ സിനിമയും. ആ കാലഘട്ടത്തില്‍ എപ്പോഴും നമ്മള്‍ ആ സിനിമയോടൊപ്പം ഉണ്ടാകും. ഒരു നടനെന്ന രീതിയില്‍ അത് കുറച്ചു കൂടി എളുപ്പമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ സംവിധായകനാകുമ്പോള്‍ ഉത്തരവാദിത്തം കൂടും. എന്റെ നൂറു ശതമാനവും ഓരോ സിനിമയ്ക്കും കൊടുക്കാറുണ്ട്. ഇനിയും അവസരം കിട്ടണം എന്ന രീതിയിലാണ് ഓരോ സിനിമയും ചെയ്യാറുള്ളത്. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണെങ്കിലും തിയറ്റേറിലെത്തുന്ന ആദ്യ സിനിമയാണ് തോല്‍വി എഫ്.സി. അതിന്റെ ആകാംക്ഷയുണ്ട്. 

തോല്‍വി എഫ്. സി

'തിരികെ' വര്‍ക്കായപ്പോള്‍ എങ്കില്‍ മറ്റൊരു കൊമേഴ്‌സ്യല്‍ പടം കൂടി ചെയ്യാം എന്നു കരുതി. അങ്ങനെയാണ് 'തോല്‍വി'യിലേക്ക് എത്തുന്നത്. ഇതൊരു ഫാമിലി ഡ്രാമ കോമഡിയാണ്. തോല്‍വി എന്നും കൂടപ്പിറപ്പായ കുരുവിളയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണിത്. ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തെ ഹാസ്യരൂപത്തില്‍ ആവിഷ്‌കരിക്കുകയാണ്. ഷറഫുദ്ദീന്‍, മീനാക്ഷി രവീന്ദ്രന്‍, ജോണി ആന്റണി, ആശാ മടത്തില്‍, അല്‍ത്താഫ് സലീം, അനുരാജ്, പിന്നെ ഞാനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണിയുടെയും ആശാ മടത്തിലിന്റെയും മക്കളായാണ് ഞാനും ഷറഫിക്കയും അഭിനയിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ പേര് തമ്പി എന്നാണ്, എല്ലാ സ്വാതന്ത്ര്യവും ലഭിച്ച തലതെറിച്ച ഒരു ഇളയ സന്തതി എല്ലാ കുടുംബത്തിലുമുണ്ടാകുമല്ലോ, അതാണ് എന്റെ കഥാപാത്രം.

 

എബ്രാഹാം ജോസഫാണ് സിനിമയുടെ നിര്‍മാതാവ്. അദ്ദേഹം എന്റെ കസിന്‍ ബ്രദറാണ്. 'തിരികെ'യും അദ്ദേഹമാണ് നിര്‍മിച്ചത്. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും ലാല്‍കൃഷ്ണ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ടൈറ്റില്‍ ഗാനം തയ്യാറാക്കിയിരിക്കുന്നത് വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണനാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കാര്‍ത്തിക്കിനെ പരിചയപ്പെടുന്നത്. ഉക്കുലെലെ ഉപയോഗിച്ച ലിംഗസമത്വത്തിനെക്കുറിച്ചുള്ള കാര്‍ത്തിക്കിന്റെ റാപ്പ് വൈറലായിരുന്നു. അതു കണ്ടാണ് സിനിമയിലേക്ക് വിളിച്ചത്. നേഷന്‍വൈഡ് പിക്ചേഴ്സാണ് സിനിമ പുറത്തിറക്കുന്നത്.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്

എഴുതുമ്പോള്‍ തന്നെ ഷറഫിക്കയും ജോണി ചേട്ടനും മനസ്സിലുണ്ടായിരുന്നു. പ്രേമത്തില്‍ ഞാനും ഷറഫിക്കയും ഒരുമിച്ച് തുടങ്ങിയവരാണ്. ഹാസ്യനടനില്‍ നിന്ന് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങളില്‍ നടനെന്ന നിലയിലുണ്ടായ വളര്‍ച്ച എന്നെ ഞെട്ടിച്ചിട്ടുണ്ട്. ആ ഗ്രാഫ് വളരെ സന്തോഷത്തോടെ നോക്കിനിന്ന ആളാണ് ഞാന്‍. അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. നായികയായി മീനാക്ഷിയെ തിരഞ്ഞെടുത്തത് ഓഡിഷന്‍ വഴിയാണ്. മീനാക്ഷി വളരെ കഴിവുള്ള ആര്‍ട്ടിസ്റ്റാണ്. എന്തുകൊണ്ടാണ് ഇത്രയും നാള്‍ ലീഡ് റോളിലേക്കു വരാത്തതെന്ന് അറിയില്ല. 


സാധാരണക്കാരുടെ കഥകള്‍
ബോധപൂര്‍വം അത്തരം വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. പക്ഷേ അങ്ങനെ ആയി പോകുന്നതാണ്. എനിക്ക് വഴങ്ങുന്നത് അത്തരം ആശയങ്ങളാണെന്ന് തോന്നുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളും കഥകളും സിനിമയിലൂടെ അവതരിപ്പിക്കാനാണ് താല്‍പര്യം. 

നവംബര്‍ മൂന്നിന്റെ പ്രതീക്ഷ
ഇന്നത്തെ കാലത്ത് തിയറ്ററില്‍ ഒരാള്‍ വരുന്നത് അത്ര എളുപ്പമല്ല. കുടുംബമായി വന്ന് കാണാന്‍ കഴിയുന്ന, കുറച്ചുനേരം ചിരിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും തോല്‍വി എഫ്.സി. എല്ലാവര്‍ക്കും സാമ്യം തോന്നുന്ന ചില കഥാപാത്രങ്ങള്‍. മാസ് കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ ഇടയില്‍ ഒരു റിഫ്രഷിങ് എലമെന്റായിരിക്കും ഈ ചിത്രം എന്ന് വിചാരിക്കുന്നു. 

വിമര്‍ശനങ്ങള്‍
വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന ആളാണ് ഞാന്‍. എന്റെ കരിയറിന്റെ തുടക്കം ഷോര്‍ട്ട് ഫിലിമുകളിലൂടെയായിരുന്നു. അന്ന് ഷോര്‍ട്ട് ഫിലിമുകളെ വിമര്‍ശിക്കുന്ന ക്രിട്ടിക്‌സ് ചോയ്‌സ് എന്ന ഓള്‍ ഇന്ത്യ ബോഡി ഉണ്ടായിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ എനിക്ക് ഉപകാരപ്പെട്ടിട്ടേയുള്ളൂ. ഇപ്പോഴുള്ള യൂട്യൂബ് റിവ്യൂവേഴ്‌സ് കാഴ്ചക്കാരെ കൂട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായി നെഗറ്റീവ് തമ്പ് നെയിലുകള്‍ കൊടുക്കാറുണ്ട്. നമ്മളത് ക്ലിക്ക് ചെയ്യുമ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.