
''ജീവിതം ആസ്വദിച്ചും ആഘോഷിച്ചും അനുഭവിക്കുകയായിരുന്നു ഞാന്‍. ആഗ്രഹിച്ചതെല്ലാം നേടിയ വ്യക്തിയാണ് എന്നുപറയാം, ഇങ്ങനെ പറയാന്‍ നമുക്കിടയില്‍ അധികം പേരുണ്ടാകില്ല.'' നവതിയിലേക്കടുക്കുന്ന ജീവിതത്തെ ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിക്കുകയാണ് മലയാളത്തിന്റെ മധു. സിനിമയുടെ സമസ്തമേഖലകളിലേക്കും വേരാഴ്ത്തിനില്‍ക്കുന്നൊരാള്‍, പിന്നിട്ട വഴികളെക്കുറിച്ച് പലതവണ സുദീര്‍ഘമായി തന്നെ വിവരിച്ചുകഴിഞ്ഞു. പറഞ്ഞതില്‍ കൂടുതല്‍ ഇനിയെന്ത് പറയാന്‍ എന്ന ഭാവമായിരുന്നു സംസാരിക്കാനിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്.
തിയേറ്ററില്‍ പോയി സിനിമ കാണാറില്ല
സിനിമയില്‍ സജീവമായ കാലത്തൊന്നും തിയേറ്ററില്‍ പോയി സിനിമ കാണുന്ന പതിവില്ലായിരുന്നു. അഭിനയവും സംവിധാനവും നിര്‍മാണവുമായി അന്ന് തിരക്കായിരുന്നല്ലോ. സിനിമകളുടെ ചിത്രീകരണമെല്ലാം മദ്രാസിലും, മലയാളസിനിമ കൂടുതലായും റിലീസ് ചെയ്യുന്നത് കേരളത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ കാണാനുള്ള അവസരം കുറവായിരുന്നു. ചിലപ്പോഴെല്ലാം തിയേറ്ററിലേക്കിറങ്ങിയിരുന്നു, പക്ഷേ, തിരക്കും ബഹളവും കാരണം പിന്നീട് നിര്‍ത്തി. പഴയകാല സിനിമകളാണ് ഇപ്പോള്‍ കാണുന്നതിലധികവും. അഭിനയിച്ച സിനിമകളിലേറെയും ഈ അടുത്തകാലത്താണ് കാണുന്നത്. ഏറെക്കാലം കഴിഞ്ഞത് കാണുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്തൊരു ആഹ്ലാദമുണ്ട്. പല ഓര്‍മ്മകളും മനസ്സിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങളും, അന്നത്തെ സൗഹൃദസായാഹ്നങ്ങളും സംഭാഷണങ്ങളുമെല്ലാം തെളിഞ്ഞുവരുന്നു. അങ്ങനെ ആ പഴയകാലത്തേക്ക് പോകുന്നു.
പുതിയ സിനിമകള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പശ്ചാത്തല ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംഭാഷണം കേള്‍ക്കാനും മനസ്സിലാക്കാനും പ്രയാസമുണ്ട്. ഇന്നത്തെ കഥപറച്ചില്‍ രീതി മനസ്സിലാക്കാനും എനിക്ക് ബുദ്ധിമുട്ടാണ്. കട്ടിങ്ങും ഫ്‌ളാഷ്ബാക്കുമെല്ലാം എളുപ്പത്തിലുള്‍ക്കൊള്ളാന്‍ പറ്റുന്നില്ല, പഴയ ആളായതുകൊണ്ടാകണം. വരികള്‍ ഓര്‍ത്തുവെക്കാവുന്ന പാട്ടുകളും കുറഞ്ഞതായി തോന്നിയിട്ടുണ്ട്. ഒ.ടി.ടിയില്‍വന്ന ചില സിനിമകളെല്ലാം ഒന്നിലധികംതവണ കണ്ടാണ് പലകാര്യങ്ങളും മനസ്സിലാക്കിയെടുക്കുന്നത്.
Also Read
രാത്രി പത്തിനുശേഷമാണ് പ്രധാനമായും സിനിമകാണല്‍ തുടങ്ങുന്നത്, അതും ഒറ്റയ്ക്കിരുന്ന്. വൈകി ഉറങ്ങുക എന്നത് വര്‍ഷങ്ങളായുള്ള ശീലമാണ്. അന്നൊക്കെ പലപ്പോഴും അടുത്തദിവസത്തെ ഷെഡ്യൂള്‍ എഴുതിക്കഴിയുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. പിന്നീട് അതൊരു ശീലമായി. ഇന്ന് ഉറങ്ങാന്‍ രാത്രി രണ്ടുമണിയെങ്കിലുമാകും. എന്റെ മാത്രം കാര്യമാണിതെന്ന് തോന്നുന്നില്ല. ടിവി, കംപ്യൂട്ടര്‍, മൊബൈല്‍ എല്ലാം നോക്കിയിരിക്കുന്ന മിക്കവരുടേയും സ്ഥിതി അങ്ങനെയൊക്കെത്തന്നെയാകും. ഒരുമണിക്ക് വിളിച്ചാലും ഒറ്റ റിങ്ങിന് ഫോണ്‍ എടുക്കുന്നവരുണ്ട്. അങ്ങനെയായി മാറി.
ആരോഗ്യം അനുവദിക്കുമെങ്കില്‍ നല്ല വേഷങ്ങള്‍ ചെയ്യും
അഭിനയത്തോടുള്ള താത്പര്യവും ആവേശവും ഇപ്പോഴുമുണ്ട്. അതൊരിക്കലും അവസാനിക്കില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാമെന്നുണ്ട്. ഇതുവരെ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍. പൃഥ്വിരാജിന്റെ 'ലൂസിഫര്‍' സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു. രണ്ടുവര്‍ഷംമുന്‍പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്. സിനിമയിലെ പുതിയ കുട്ടികളുമായി അധികം ഇടപഴകി പ്രവര്‍ത്തിച്ചിട്ടില്ല. പുതുതലമുറയില്‍ ആസിഫ് അലിയോടൊപ്പം അഭിനയിച്ചു. 'വണ്‍' സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി വീട്ടില്‍ വന്നിരുന്നു. പിറന്നാള്‍കേക്കുമായാണ് മോഹന്‍ലാല്‍ മുന്‍പ് എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു.
ബോണ്‍ ആക്ടര്‍ ആയിരുന്നില്ല...
താരമാകുകയെന്നത് ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല. അത്തരമൊരു ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴായിരുന്നു സന്തോഷം. കൈയടി കിട്ടുന്ന വേഷങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ചെയ്ത് അതില്‍ അഭിരമിക്കാന്‍ മനസ്സ് സമ്മതിച്ചില്ല. 'പ്രിയ' എന്ന സിനിമയില്‍ നെഗറ്റീവ് വേഷം സ്വീകരിച്ചതായറിഞ്ഞപ്പോള്‍ രാമു കാര്യാട്ട് സാര്‍ അന്ന് പറഞ്ഞത് ഓര്‍മയുണ്ട്, ക്രൂരനായി അഭിനയിക്കുന്നതോടെ നിലവിലെ ഇമേജ് പോകുമെന്ന്. എന്റെ ഉദ്ദേശവും അതുതന്നെയായിരുന്നു. ഒരേ വഴിയില്‍, ഒരേ താളത്തില്‍ നായകനായിമാത്രം മുന്നോട്ടുപോകാനല്ല ഞാന്‍ സിനിമയിലേക്കിറങ്ങിയത്.
ഒരു ബോണ്‍ ആക്ടര്‍ ആയിരുന്നില്ല ഞാന്‍. എന്നാല്‍, ചെയ്യാന്‍പോകുന്ന വേഷം മനസ്സിലാക്കിക്കഴിഞ്ഞാല്‍ എളുപ്പമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെല്ലാം പഠിച്ചതുകൊണ്ടാകണം കാര്യങ്ങള്‍ വ്യക്തമായി മനസ്സിലുറപ്പിച്ചേ അവതരിപ്പിക്കാന്‍ കഴിയൂ. കഥാപാത്രം, അവരുടെ മാനസികാവസ്ഥകള്‍ എല്ലാം പഠിച്ചുകഴിഞ്ഞാല്‍ കാര്യങ്ങള്‍ വേഗത്തിലാകും. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനായി ചേര്‍ന്നത് സിനിമ സ്വപ്‌നം കണ്ടല്ല, നാടകമായിരുന്നു അന്ന് മനസ്സുനിറയെ. നാടാകെ ആട്‌സ് ക്ലബ്ബുകള്‍ നിറഞ്ഞുനിന്ന കാലം, പഠിച്ച കാര്യങ്ങള്‍ നാടകത്തെ സ്‌നേഹിക്കുന്നവരിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. യാദൃച്ഛികമായാണ് സിനിമയിലേക്കെത്തുന്നത്.
സിനിമയില്‍ സജീവമാകുന്ന കാലത്ത് സംശയനിവാരണത്തിനായി പലരും സമീപിക്കാറുണ്ടായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പകര്‍ന്നുകിട്ടിയ അറിവുകള്‍ തേടിയാണ് പലരുമെത്തിയത്. അക്കാലത്ത് നടന്‍ ജനാര്‍ദനനും എന്നെ കാണാന്‍ വന്നിരുന്നു. ശബ്ദം ശരിയാക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ചാണ് ജനാര്‍ദനന്‍ വന്നത്. അഭിനയം കൊള്ളാമെങ്കിലും ശബ്ദം മോശമാണെന്നും മാറ്റാന്‍ ശ്രമിക്കണമെന്നും ആരോ ഉപദേശിച്ചു. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും ശബ്ദമാണ് ജനാര്‍ദനനെ വ്യത്യസ്തനാക്കുന്നതെന്നുമായിരുന്നു എന്റെ നിരീക്ഷണം. അത് പിന്നീട് ശരിയായി. ഇന്ന് എവിടെവെച്ച് ആ ശബ്ദം കേട്ടാലും, മിമിക്രിക്കാര്‍ അനുകരിച്ചുതുടങ്ങുമ്പോഴേക്കും നമുക്ക് ആളെ പിടികിട്ടും. ശബ്ദം ജനാര്‍ദനന്റെ ഐഡന്റിറ്റിയായിമാറി. അടൂര്‍ഭാസി തമാശയില്‍ നിന്ന് മാറി ഗൗരവ സീനുകളിലേക്കെത്തുന്നതെല്ലാം ആലോചിച്ചെടുത്ത അന്നത്തെ തീരുമാനങ്ങളാണ്.
ആളുകള്‍ നമ്മുടെ കഥാപാത്രങ്ങളെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ചെമ്മീന്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ എന്തുകൊണ്ട് പരീക്കുട്ടിയെ സ്‌നേഹിക്കുന്നു എന്ന് ഇടയ്ക്ക് ചിന്ചിക്കാറുണ്ട്. അപ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലെത്തി. കഥയിലും സിനിമയിലുമെല്ലാം സ്ഥിരമായി കാമുകന്‍ കാമുകിയോട് പറയുന്ന ഡയലോഗ് 'നീയില്ലാതെ എനിക്ക് ജീവിക്കാന്‍കഴിയില്ല' എന്നാണ്. അവിടെ സ്വാര്‍ഥതയാണ്, അവന് ജീവിക്കാന്‍ അവള്‍ വേണമെന്നാണ് പറയുന്നത്. എന്നാല്‍ പരീക്കുട്ടി അതില്‍നിന്നൊക്കെ വ്യത്യസ്തനായിരുന്നു. പരീക്കുട്ടിയുടെ പ്രണയവും. കാമുകി മറ്റൊരാളെ വിവാഹം ചെയ്തുപോകുമ്പോഴും മറക്കാന്‍ കഴിയുന്നില്ല. പ്രണയം പരാജയപ്പെടുമ്പോള്‍ അയാള്‍ തകരുന്നു, പ്രണയ ഓര്‍മകളില്‍ മുന്നോട്ടുപോകുന്നു...പ്രണയത്തില്‍ പരീക്കുട്ടി വ്യത്യസ്തനായി. ആ കഥാപാത്രത്തിലൂടെ മലയാളികളുടെ സ്‌നേഹം ഞാനേറെ എറ്റുവാങ്ങി.
Content Highlights: interview with actor madhu
Published: 24 Jun 2023, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented