ബോളിവുഡിലെന്നും ട്രോള്‍ ചെയ്യപ്പെട്ട താരമാണ് ഐശ്വര്യ റായ് ബച്ചന്‍. അഭിനയത്തിന്റെ പേരില്‍ മാത്രമല്ല, സ്വകാര്യജീവിതത്തിന്റെ കാര്യത്തിലും അവരെപ്പോഴും ആക്രമിക്കപ്പെട്ടു. അവരുടെ സൗന്ദര്യമെല്ലാം പോയി, വാര്‍ധക്യം ബാധിച്ചു, ബോട്ടോക്‌സ് ഉപയോഗിച്ച് ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി...കുറ്റപ്പെടുത്തലുകള്‍ തീരില്ല. പ്രസവശേഷം പല പൊതുപരിപാടികളിലും പങ്കെടുത്തപ്പോഴൊക്കെ അവരുടെ തടിയായിരുന്നു ആളുകള്‍ക്ക് പ്രശ്നം. അന്നത്തെ വിമര്‍ശനങ്ങളെക്കുറിച്ച് ഐശ്വര്യ പിന്നീട് പറഞ്ഞതിങ്ങനെ. ''ഞാനാ വിമര്‍ശനങ്ങളെയൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. കുഞ്ഞിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. അപ്പോള്‍ ശരീരം മെലിഞ്ഞിരിക്കണം, തടി ബോറാണ് എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇതൊക്കെ എന്റെ ചോയ്സുകളാണ്''.
ഐശ്വര്യയോടുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കാന്‍ മകളെ വരെ കമന്റുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ തുടങ്ങി. മകളെ എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നതും അവളുടെ ഹെയര്‍സ്‌റ്റൈലുമെല്ലാം ഐശ്വര്യയെ കുറ്റപ്പെടുത്താനുള്ള കാരണങ്ങളായി. അവരുടെ പഴയ ബന്ധത്തിന്റെ കാര്യം പോലും പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍. ഇപ്പോഴും കാണാം ആഷിന്റെ ഓരോ പോസ്റ്റുകള്‍ക്ക് താഴെയും മുന്‍കാമുകന്‍ സല്‍മാന്‍ ഖാന്റെ പേര് പരാമര്‍ശിക്കുന്നവരെ.
Also Read
ഏത് വസ്ത്രത്തിനൊപ്പവും നെറ്റിയിലേക്ക് വെട്ടിയിട്ട ഫ്രിഞ്ചസ് ഉള്ള ഹെയര്‍സ്റ്റൈലായിരിക്കും ആരാധ്യയുടേത്. കുട്ടിയുടെ നെറ്റിക്ക് എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് എപ്പോഴും ഇങ്ങനെ മുടിയിടുന്നതെന്നായിരുന്നു കണ്ടുപിടുത്തം. ഒരു കുട്ടിയാണെന്നുള്ള പരിഗണന പോലും കൊടുക്കാതെ പലപ്പോഴും തലങ്ങും വിലങ്ങും ആരാധ്യയെ ആക്രമിച്ചു. എന്നാലിപ്പോള്‍ ധീരുബായി അംബാനി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിന് ആരാധ്യയുടെ പ്രകടനം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുടി ഹൈബണ്‍ ചെയ്ത്, മേക്കപ്പിട്ട്, നെടുങ്കന്‍ ഡയലോഗുകള്‍ പറഞ്ഞുള്ള ആരാധ്യയുടെ പ്രകടനം എല്ലാവരുടെയും മനംകവര്‍ന്നു. അമ്മയെന്ന നിലയില്‍ ഐശ്വര്യ ബിഗ് സീറോയാണെന്ന് ആരോപിച്ചവരെല്ലാം, ഇപ്പോള്‍ ഐശ്വര്യയെ വാഴ്ത്തുകയാണ്. എന്നും അമ്മക്കുട്ടിയാണ് ആരാധ്യ. ഐശ്വര്യയുടെ മിനി വേര്‍ഷന്‍.

അഭിഷേകും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരണമുണ്ടായിരുന്ന സമയത്തും അഭിഷേക് എപ്പോഴും സന്തോഷത്തോടെ പറഞ്ഞിരുന്നൊരു കാര്യമുണ്ട്. ''അവളുടെ കുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ആളുകള്‍ ആ കുടുംബത്തിന് തരുന്ന ബഹുമാനത്തെക്കുറിച്ചുമൊക്കെ ആരാധ്യയ്ക്ക് കൃത്യമായി അറിയാം. അതിനെ തിരിച്ചെങ്ങനെ ബഹുമാനിക്കണമെന്നും അവള്‍ക്ക് തിരിച്ചറിവുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ ഐശ്വര്യയാണ്. അത്ര മനോഹരമായിട്ടാണ് ഐശ്വര്യ കുഞ്ഞിനെ വളര്‍ത്തുന്നത്. ഇക്കാര്യത്തിലെല്ലാം ഞാന്‍ കുറച്ച് പുറകോട്ടാണ്''.
ആ ചേര്‍ത്തുപിടിക്കല്‍ കണ്ട്, ഓവര്‍പ്രൊട്ടക്ടീവ് മദര്‍ എന്നുവരെ ആഷിനെ കളിയാക്കി. ഇതിന് ഐശ്വര്യ ഒരിക്കല്‍ മറുപടി പറഞ്ഞു. ''എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവളോടൊപ്പമാണ്. എന്റെ എല്ലാ കാര്യങ്ങളും അവളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ബാക്കിയെല്ലാ കാര്യങ്ങളും എനിക്ക് രണ്ടാമതാണ്. ചെറുപ്പം മുതലേ ഓരോ സ്ഥലത്തും പോവുമ്പോഴുണ്ടാവുന്ന ബഹളങ്ങളെല്ലാം കണ്ടാണ് അവള്‍ വളര്‍ന്നത്. മീഡിയ, ഫോട്ടോഷൂട്ട് എല്ലാത്തിനെക്കുറിച്ചും അവള്‍ക്ക് ധാരണയുണ്ട്. അതെല്ലാം നിരീക്ഷിക്കാറുമുണ്ട്. പക്ഷേ എപ്പോഴും, എവിടെ ചെന്നാലും ക്യാമറകള്‍ ഇങ്ങനെ പിന്തുടരുന്നത് അവള്‍ക്കും അംഗീകരിക്കാന്‍ കഴിയണമെന്നില്ല. അതിന്റെ പരിധി വിടുമ്പോള്‍ അവള്‍ ചെറുതായി അസ്വസ്ഥയാവും. അവളേക്കാള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഞാനും നെര്‍വസ് ആവാറുണ്ട്. കാരണം ആളുകളുടെ മോശമായിട്ടുള്ള ചെറിയ നോട്ടം പോലും ചിലപ്പോള്‍ അവളെ ബാധിച്ചേക്കാം. അതുകൊണ്ട് എനിക്കവളെ വലുതാവുന്നതുവരെ ചേര്‍ത്തുപിടിച്ചേ മതിയാവൂ, പൊതിഞ്ഞുപിടിച്ചേ മതിയാവൂ. അതുകൊണ്ടാണ് ഞാനെപ്പോഴും അവളെ ചേര്‍ത്തുപിടിക്കുന്നത്. പ്രത്യേകിച്ചും ആള്‍ക്കൂട്ടത്തിനിടയില്‍''.
Content Highlights: incidents where aishwarya rai got trolled
Published: 19 Dec 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented