വാരണാസി: വാരണാസിയിലെ ബർകി ഗ്രാമത്തിൽ യുവതിയുടെ വാക്ചാതുര്യത്തിൽ ആകൃഷ്ടനായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസംഗത്തിലെ മേന്മ കണ്ട് അവരോട് തിരഞ്ഞെടുപ്പിൽ മത്സരിച്ചൂടേ എന്ന് മോദി ചോദിക്കുകയും ചെയ്തു. 

തിങ്കളാഴ്ച കേന്ദ്രസർക്കാരിന്റെ വികാസ് സങ്കൽപ് യാത്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് മോദി ചന്ദാ ദേവിയെന്ന യുവതിയുടെ പ്രസംഗം കേൾക്കുന്നത്. വാരണാസിയിലെ സേവാപുരി ഡവലപ്മെന്റ് ബ്ലോക്കില്‍ വരുന്നതാണ് ബർകി ഗ്രാമം. 
‘നിങ്ങൾ മനോഹരമായി പ്രസംഗിക്കുന്നു, തിരഞ്ഞെടുപ്പിൽ മത്സരിക്കാമോ’യെന്ന് ചന്ദ ദേവിയോട് മോദി ചോദിച്ചു.

‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവാണ് ചന്ദാദേവി. 15,000 രൂപയുടെ പ്രാരംഭ വായ്പയിലൂടെ, ലാഭകരമായ ഒരു പച്ചക്കറിക്കൃഷി സംരംഭം തുടങ്ങാനായെന്ന് അവർ  പ്രധാനമന്ത്രിയോട് വിവരിച്ചു. വായ്പ തിരിച്ചടയ്ക്കാനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുകൊണ്ടായി, തന്റെ സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കാനായെന്നും അവർ മോദിയോട് പറഞ്ഞു. ‘ഇപ്പോൾ, എനിക്ക് 1.3 ലക്ഷം രൂപ വാർഷിക സമ്പാദ്യമുണ്ട്. പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് കാരണ’മെന്നും ചന്ദാ ദേവി പറയുന്നു. മോദിയുമായുള്ള സംഭാഷണത്തിനിടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങങ്ങളെപ്പറ്റിയും അവർ സംസാരിച്ചു. സാമ്പത്തിക പരാധീനതകളിൽ നിന്ന് സ്വയംപര്യാപ്തത നേടുന്നതിനുള്ള ‘രാധ മഹിള സഹായത സമൂഹി’ലെ അംഗമാണ് ചന്ദാ ദേവി. 

ഇന്റർമീഡിയറ്റ് (12-ാം ക്ലാസ്) പൂർത്തിയാക്കിയ ചന്ദാ ദേവിയുടെ വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവരെപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നറിയാൻ പ്രധാനമന്ത്രിക്ക് ആകാംക്ഷയായി.
പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ‘ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുന്നു. നിങ്ങളുടെ മുന്നിൽ സംസാരിക്കാനായതു തന്നെ ഭാഗ്യമാണ്’ എന്നാണ് ചന്ദാ ദേവി മറുപടി പറഞ്ഞത്. 

ബർകിയിൽ റാലിയെ അഭിസംബോധന ചെയ്യവേ ചന്ദാ ദേവിയെക്കുറിച്ച് മോദി പ്രത്യേകം എടുത്തുപറഞ്ഞു. ഞാനവരോട് സംസാരിച്ചു, അവരോട് ചോദിച്ചപ്പോൾ അവർ ശരിയായ ഉത്തരം തന്നെ തന്നു. സമൂഹത്തിന് എത്രത്തോളം ശക്തിയും ഊർജവുമുണ്ടെന്ന് സങ്കല്പയാത്രയിലൂടെ മനസ്സിലാക്കാനായെന്നും മോദി പറഞ്ഞു.