ഹൃതിക് റോഷന്റെ സൗന്ദര്യവും ആകര്‍ഷണീയതയും ആസ്വദിച്ച ആരാധകര്‍ 'ബോളിവുഡിന്റെ ഗ്രീക്ക് ദൈവ'മെന്നാണ് അദ്ദേഹത്തിനിട്ട വിളിപ്പേര്. അസാധ്യമായ നൃത്തച്ചുവടുകളില്‍ ഹൃതിക് റോഷനെ വെല്ലുവിളിക്കാന്‍ ബോളിവുഡില്‍ മറ്റാരും തന്നെയില്ല. ഇപ്പോഴിതാ ഹൃതിക്കിന് വിക്കുണ്ടായിരുന്നതിനെപ്പറ്റി തുറന്നുപറയുകയാണ് അച്ഛനും നിര്‍മാതാവും സംവിധായകനുമായ രാകേഷ് റോഷന്‍. ഒരിക്കല്‍ 'നന്ദി ദുബായ്' എന്നു പറയാനാവാതെ ബാത്ത് റൂമില്‍ ദീര്‍ഘനേരമിരുന്ന ഹൃതിക്കിനെപ്പറ്റി അദ്ദേഹം പറഞ്ഞു.
''എനിക്ക് വിഷമം തോന്നുമായിരുന്നു. വിദ്യാസമ്പന്നനും ബുദ്ധിമാനുമാണ് ഹൃതിക്. ഒരുപാട് കാര്യങ്ങള്‍ അവന് പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ, വിക്ക് കാരണം സ്വയം നിയന്ത്രിക്കുകയായിരുന്നു. ഒരിക്കല്‍, ദുബായിലായിരുന്നപ്പോള്‍ 'നന്ദി ദുബായ്' എന്നു പറയാന്‍ അവന്‍ ആഗ്രഹിച്ചു. പക്ഷേ, സംസാരിക്കുമ്പോള്‍ ഡി എന്ന അക്ഷരത്തില്‍ കുടുങ്ങിപ്പോകുമായിരുന്നു. ആ രണ്ട് വാക്കുകള്‍ മനഃപാഠമാക്കാന്‍ വേണ്ടി അവന്‍ ബാത്ത്‌റൂമില്‍ കയറി പൂട്ടിയിരിക്കുകയാണ്. അവന്‍ മുന്നേറിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിലും എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്നു. അതിനെ മറികടക്കാനായി അവന്‍ കഠിനാധ്വാനം ചെയ്തു. രാവിലെ ഉണര്‍ന്ന് ഒരു മണിക്കൂര്‍ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷാപത്രങ്ങള്‍ വായിക്കും. കഴിഞ്ഞ 14 വര്‍ഷത്തോളമായി അവന്‍ വിക്കാറില്ല.''- ഹൃതിക് നേരിട്ട പ്രശ്‌നത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാകേഷ് പറഞ്ഞു..
മുന്‍ അഭിമുഖങ്ങളില്‍ തന്റെ വിക്ക് പ്രശ്‌നത്തെക്കുറിച്ച് ഹൃതിക് തന്നെ പറഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്നപ്പോഴും സ്‌കൂള്‍ കാലഘട്ടത്തിലും അത് കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും. കഹോ നാ പ്യാര്‍ ഹേ (2000), കോയി മില്‍ ഗയ (2003), ക്രിഷ് എന്നീ ചിത്രങ്ങളില്‍ രാകേഷും ഹൃതികും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ, റോഷന്‍ കുടുംബത്തെ (ഹൃത്വിക്, രാകേഷ്, രാജേഷ്) പ്രതിപാദിക്കുന്ന 'ദി റോഷന്‍സ്' എന്ന ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു.
അംഗരക്ഷകര്‍ വെടിവെച്ചുകൊല്ലുമെന്ന് രാകേഷ് ഭയന്നു
2000-ത്തില്‍ മുംബൈ സാന്റാക്രൂസിലെ തന്റെ ഓഫീസിനു സമീപത്തുവെച്ച് രാകേഷ് റോഷന് വെടിയേറ്റിരുന്നു. 'കഹോനാ പ്യാര്‍ ഹേ'യുടെ റിലീസിന് പിന്നാലെയായിരുന്നു ഇത്. അജ്ഞാതരായ രണ്ടുപേര്‍ നടത്തിയ വെടിവെപ്പില്‍ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ഇടതുകൈയിലും മറ്റേത് നെഞ്ചിലും തുളച്ചുകയറി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം പിന്നീട് രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിനു പിന്നാലെ സര്‍ക്കാര്‍ രണ്ട് അംഗരക്ഷകരെ രാകേഷിന്റെ സുരക്ഷയ്ക്കായി നല്‍കി. എന്നാല്‍ സുരക്ഷാചുമതലയിലുള്ളവര്‍ തന്നെ വധിക്കുമെന്ന് രാകേഷ് റോഷന്‍ ഭയപ്പെട്ടിരുന്നു. 'എത്രയൊക്കെ സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും കൊല്ലാനുദ്ദേശിക്കുന്നവര്‍ക്ക് നിങ്ങളെ ലക്ഷ്യമിടാം. അവര്‍ക്കൊന്നും ചെയ്യാനാവില്ല. കാറില്‍ ഞാന്‍ മുമ്പിലിരിക്കും, സുരക്ഷാജീവനക്കാര്‍ പിറകിലും. അതെന്നെ കൂടുതല്‍ ഭയപ്പെടുത്തി. തോക്കുമായി പുറകിലിരിക്കുന്ന രണ്ടുപേര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയന്നു.'-അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. റോഷനില്‍ നിന്ന് പണമാവശ്യപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ട ബുദേശ് കുറ്റവാളി സംഘമായിരുന്നു വെടിവെപ്പിനു പിന്നില്‍.
Content Highlights: hrithik roshan had stammering issue locked himself inside bathroom
Published: 19 Mar 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented