2021-ലാണ് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു റോഡ് മൂവിയെടുക്കാൻ നടനും സംവിധായകനുമായ ഫർഹാൻ അക്തർ തീരുമാനിച്ചത്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെയാണ് നായികമാരാക്കി തീരുമാനിച്ചത്. അന്നതിന് പേരുമിട്ടു, 'ജീ ലെ സറാ'. പക്ഷേ പല പ്രശ്‌നങ്ങൾ കാരണം ആ സിനിമ എങ്ങുമെത്തിയില്ല. അതിനിടെ സിനിമ നടക്കുമെന്നും എന്നാൽ കത്രീന, ആലിയ, പ്രിയങ്ക എന്നിവർ അതിന്റെ ഭാഗമാകില്ലെന്നും കഴിഞ്ഞമാസം ഫർഹാൻ പറഞ്ഞിരുന്നു.

''ലൊക്കേഷനുകൾ തീരുമാനിച്ചു. ഇനി സമയം മാത്രം തീരുമാനിച്ചാൽ മതി. അഭിനേതാക്കളെക്കുറിച്ച് എനിക്ക് ഇനി അഭിപ്രായം പറയാൻ കഴിയില്ല. പക്ഷേ സിനിമ നടക്കും''.

ഇക്കാര്യത്തിൽ വീണ്ടും വ്യക്തത വരുത്തിയിരിക്കുകയാണ് ഫർഹാൻ അക്തർ ഇപ്പോൾ. ''പ്രശ്‌നങ്ങളെല്ലാം തീർന്നു. പെട്ടെന്ന് തന്നെ ചിത്രീകരണം തുടങ്ങും. സത്യം പറഞ്ഞാൽ, അഭിനേതാക്കളുടെ ഡേറ്റുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് വേദനാജനകമായിരുന്നു. പക്ഷേ ഞങ്ങൾ അതെല്ലാം ശരിയാക്കിയിട്ടുണ്ട്''.

ചിത്രം തുടർച്ചയായി വൈകിയത് തന്നെ ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. ആ കാലഘട്ടം ഏറെ സമ്മർദം നിറഞ്ഞതായിരുന്നുവെന്നും ഫർഹാൻ ഓർക്കുന്നു. ആ സിനിമയുടെ സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി, അഭിനയിക്കാനുള്ള പല അവസരങ്ങളും വേണ്ടെന്നുവെച്ചു. ''2021-ൽ എന്റെ സിനിമയായ 'തൂഫാൻ' റിലീസായശേഷം 'ജീ ലെ സറാ' തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ അത് പല കാരണങ്ങളാൽ വൈകിക്കൊണ്ടേയിരുന്നു. രണ്ടുവർഷത്തേക്ക് എനിക്കു കിട്ടിയ അവസരങ്ങളെല്ലാം ഞാനൊഴിവാക്കി. സംവിധാനം ചെയ്യേണ്ടിവരുമ്പോൾ, നിങ്ങൾക്ക് അതിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ എന്നതിനാലാണ് അങ്ങനെ ചെയ്തത്. അഭിനയിക്കാൻ വിളിക്കുന്നവരോടെല്ലാം, ഞാൻ പറഞ്ഞു, 'ഇല്ല, ഞാൻ ഉടൻ സംവിധാനം ചെയ്യാൻ പോകുന്നു''.

കുറച്ചു കഴിഞ്ഞപ്പോഴേക്കും തനിക്ക് അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയെന്നും ഫർഹാൻ വെളിപ്പെടുത്തുന്നു. ''ഞാൻ സമയം പാഴാക്കുകയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. അതിനാൽ ഏറെ സമ്മർദം അനുഭവിച്ചു. എനിക്ക് സംവിധാനം ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ കരുതുമെന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരുപക്ഷേ ആളുകൾ എന്റെ കഴിവുകളെ സംശയിച്ചേക്കാം. അങ്ങനെ പല തോന്നലുകൾ...''

താരങ്ങളുടെ ഡേറ്റ് കിട്ടാത്തതായിരുന്നു പ്രധാനപ്രശ്‌നം. മൂന്ന് നായികമാരുടെയും ഡേറ്റ് ഏകോപിപ്പിക്കുക വെല്ലുവിളിയായി മാറി. ഇനി സിനിമ ഉടൻ ചിത്രീകരണം തുടങ്ങുമോ എന്നതാണ് ആരാധകർ പ്രതീക്ഷയോടെ നോക്കുന്ന കാര്യം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi