ചലച്ചിത്ര സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും ബോളിവുഡ് നടി അനന്യ പാണ്ഡെയുമാണ് 'ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' ഷോയിലെ പുതിയ അതിഥികൾ. ഫറയും അനന്യയും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നതും ചില വെളിപ്പെടുത്തലുകൾ നടത്തുന്നതുമുൾപ്പെടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവന്നിട്ടുണ്ട്.

To advertise here,

വീഡിയോയിൽ, ഫറ അനന്യയെ ചൂണ്ടി ഇങ്ങനെ പറയുന്നുണ്ട്, "ഇവൾ എൻ്റെ മകളാകേണ്ടതായിരുന്നു, കാരണം എനിക്ക് ചങ്കി പാണ്ഡെയോട് വലിയ ക്രഷ് ആയിരുന്നു." ഒരിക്കൽ താൻ പൂർണ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും കരഞ്ഞുകൊണ്ടാണ് സെറ്റിൽ നിന്ന് പോയതെന്നും അനന്യ വെളിപ്പെടുത്തി. "ഞാൻ കരയിപ്പിക്കുന്ന നായികമാരെല്ലാം വലിയ താരങ്ങളായി മാറും." എന്ന് ഫറയും പറയുന്നുണ്ട്.

മാനസികാരോഗ്യത്തെ ശരിക്കും ഉൾക്കൊള്ളുന്ന ആദ്യത്തെ തലമുറയാണിതെന്ന് ഷോയിൽ അനന്യ പറഞ്ഞപ്പോൾ ഫറ ഇതിനോട് വിയോജിച്ചു. "എന്തെങ്കിലും കാര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറേണ്ടി വരുമ്പോഴെല്ലാം അതൊരു മാനസികപ്രശ്നമായി മാറുന്നു." എന്നവർ തിരിച്ചടിച്ചു. അതേസമയം, ഫറയുടെ പരാമർശം ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിവെച്ചു. ഫറയ്ക്ക് ഒട്ടും വിവേകമില്ലെന്നും അവർ പറഞ്ഞത് ശരിയാണെന്നുമെല്ലാം ആളുകൾ അഭിപ്രായപ്പെട്ടു. "അവർ പറഞ്ഞതിൽ കാര്യമുണ്ട്. മാനസികാരോഗ്യം ഒരു യാഥാർഥ്യമാണെങ്കിലും, മോശം പെരുമാറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒഴിവുകഴിവായും ന്യായീകരണമായും ഇതുപയോഗിക്കപ്പെടുന്നുണ്ട്.”, “കാരണം ഫറയ്ക്ക് മിക്ക താരങ്ങളുടെയും യഥാർഥമുഖം അറിയാം. അവരെ കുറ്റപ്പെടുത്തരുത്" എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അടുത്തിടെ, കരൺ ജോഹറും ജാൻവി കപൂറും പങ്കെടുത്ത എപ്പിസോഡിൽ ഫിസിക്കൽ ചീറ്റിങ്ങിനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ഷോയ്ക്കും അവതാരകർക്കും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സോനാക്ഷി സിൻഹയും ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുമായിരുന്നു അവസാന എപ്പിസോഡിലെ അതിഥികൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi