എന്തൊരു ആക്ഷനായിരുന്നു അത്, കണ്‍ചിമ്മാതെ കണ്ടുനിന്നവരെല്ലാം അറിയാതെ കൈയടിച്ചുപോകുന്ന കൊച്ചുമിടുക്കിയുടെ ഉശിരന്‍ പ്രകടനം, ലോക സിനിമയില്‍ സുപ്രധാനരംഗത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ് ബാക്കിലേക്ക് കഥ തിരികെ നടക്കും, ആ രംഗങ്ങളില്‍ കുട്ടി ചന്ദ്രയായി ഒരാള്‍, പ്രത്യക്ഷപ്പെടും, തൊട്ടടുത്ത സീനുകളില്‍ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, ആരാണ് ഈ മിടുക്കി..? ലോക കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അന്വേഷിക്കുന്ന ആ കുട്ടി ചന്ദ്ര തൃശ്ശൂരുകാരി ദുര്‍ഗ സി വിനോദാണ്. മൂന്നാം വയസ്സുമുതല്‍ കളരിയിലൂടെ ആക്ഷന്‍ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയ ദുര്‍ഗ സാക്ഷാല്‍ പ്രഭാസിനെ വരെ ആദ്യകാലത്ത് തന്നെ ഞെട്ടിച്ചിട്ടുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫറായ വിനോദ് പ്രഭാകരിന്റെ മകള്‍ കൂടിയായ ദുര്‍ഗ ലോകയിലേക്ക് എത്തിയതും ആക്ഷനില്‍ കാണിക്കുന്ന ഈ അസാമാന്യ മികവ് കൊണ്ടാണ്. 'ലോക, ചാപ്റ്റർ വണ്‍ ചന്ദ്ര' മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുമ്പോള്‍ ദുര്‍ഗയുടെ ഏറെ സന്തോഷത്തിലാണ്. സിനിമയെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും കൊച്ചുമിടുക്കി സംസാരിക്കുന്നു.

ദുര്‍ഗ എങ്ങനെയാണ് ലോകയിലേക്ക് എത്തുന്നത്...?

അച്ഛന്‍ വിനോദ് പ്രഭാകര്‍ ആക്ഷന്‍ കൊറിയോഗ്രാഫറും ഫൈറ്റ് ട്രെയിനറുമാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ആഷ്‌ലി അങ്കിളാണ് ആദ്യമായി ലോകയെ കുറിച്ച് ഞങ്ങളോട് പറയുന്നത്. ഞാന്‍ അഭിനയിക്കുന്നതും മാര്‍ഷ്യല്‍ ആര്‍ട്‌സ് ചെയ്യുന്നതുമായി വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു ആദ്യം ചെയ്തത്. അത് കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ് കാസ്റ്റിങ് ഡയറക്ടറായ വിവേക് അങ്കിള്‍ നേരിട്ട് വിളിപ്പിച്ചത്. നേരില്‍ ചെന്നപ്പോള്‍ ആദ്യം അഭിനയിപ്പിച്ച് നോക്കി, ശേഷം ആക്ഷന്‍ സീനുകള്‍ ചെയ്യിപ്പിച്ചു നോക്കി. നന്നായി തന്നെ ഞാനത് ചെയ്തു. സംവിധായകനെയും മറ്റ് പ്രധാനപ്പെട്ട ആളുകളെയും കാണിച്ച ശേഷം അറിയിക്കാം എന്ന് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിയെത്തി. എന്തൊക്കെയാണ് ചെയ്യേണ്ടി വരിക എന്ന് അച്ഛന്‍ ആദ്യമേ പറഞ്ഞു തന്നിരുന്നു. ഷൂട്ട് കാടിന്റെ ഉള്ളിലായിരിക്കുമെന്നും പ്രധാനമായും ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു. അതുപോലെ നല്ല കഷ്ടപ്പാടായിരിക്കുമെന്നും കയറിലൊക്കെ തൂങ്ങി ഫൈറ്റ് ചെയ്യേണ്ടി വരുമെന്നെല്ലാം പറഞ്ഞു. ആക്ഷന്‍ ചെയ്യാന്‍ എനിക്കിഷ്ടമാണെന്നും അതൊന്നും പ്രശ്‌നമില്ലെന്നും അച്ഛനോട് പറഞ്ഞു. എന്നാല്‍ പരീക്ഷയെ ബാധിക്കരുതെന്നും ആ ദിവസങ്ങളില്‍ ഷൂട്ടിങ് ഒഴിവാക്കി തരണമെന്ന ആവശ്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. പരീക്ഷയെ ബാധിക്കാത്ത രീതിയില്‍ എന്റെ ഷൂട്ടിങ് തീയ്യതികള്‍ ചാര്‍ട്ട് ചെയ്യാമെന്നും ലോകയുടെ ടീം അറിയിച്ചതോടെയാണ് ഞാന്‍ സിനിമയുടെ ഭാഗമായത്.

ചെറുപ്പത്തിലേ ആക്ഷനോട് താത്പര്യമുണ്ടായിരുന്നോ...?

തൃശ്ശൂര്‍ ജില്ലയിലെ പുതുരുത്തി എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഞങ്ങള്‍ക്ക് നാട്ടില്‍ 'കാളികാ' എന്ന പേരില്‍ ഒരുകളരിസംഘമുണ്ട്. മൂന്ന് വയസ്സ് മുതല്‍ കളരി അഭ്യസിച്ചു തുടങ്ങിയിരുന്നു. കളരിയും സിനിമയ്ക്ക് ആവശ്യമായ ഫൈറ്റുകള്‍ ചെയ്യാനുള്ള പരിശീലനവുമെല്ലാം ഒന്നിച്ചുനല്‍കിയാണ് അച്ഛന്‍ എന്നെ വളര്‍ത്തിയത്. അന്ന് തന്നെ ബാഹുബലി ഓഡിയോ ലോഞ്ചിങ് വേദിയില്‍ കളരി പെര്‍ഫോം ചെയ്തിട്ടുണ്ട്. പ്രഭാസ് അങ്കിള്‍, തമന്ന ചേച്ചി , അനുഷ്‌ക ചേച്ചി തുടങ്ങി ഒരുപാട് അഭിനേതാക്കള്‍ അന്ന് ഏറെ അഭിനന്ദിച്ചു. എനിക്ക് ഏഴുവയസ്സുള്ളപ്പോള്‍ 'ഭദ്രനാരി' എന്ന ഹ്രസ്വചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത ഒരുഹ്രസ്വചിത്രമാണത്. ഫാര്‍മ എന്ന പേരില്‍ ആക്ഷന്‍ ചെയ്യുന്നവരുടെ സംഘടനയുണ്ട്. അതിലെ അംഗമാണ് ഞാന്‍. ആ സംഘടനയാണ് ആ ഹ്രസ്വചിത്രത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്. അതിലെ അഭിനയത്തിന് ഒരുപിടി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. അതിന് ശേഷം ' വരദന്‍' എന്ന പേരില്‍ മറ്റൊരു ഹ്രസ്വചിത്രത്തില്‍ കൂടി അഭിനയിച്ചു. അതും ഏറെ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. അഭിനേതാവ് കൂടിയായ രമേശ് അങ്കിളാണ് (രമേശ് മേനോന്‍) ആ സിനിമ സംവിധാനം ചെയ്തത്. ആ രണ്ടു ഹ്രസ്വചിത്രങ്ങള്‍ക്കും ശേഷമാണ് 'നീലരാത്രി' എന്ന സിനിമയില്‍ അഭിനയിച്ചത്. അതായിരുന്നു ബിഗ് സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. അശോക് അങ്കിളായിരുന്നു (അശോക് നായര്‍) ആ സിനിമയുടെ സംവിധാനം. അതൊരു ത്രില്ലര്‍ പടമായിരുന്നു. അതിനുശേഷം ' ഷാമെല്‍' എന്ന സിനിമയിലാണ് അഭിനയിച്ചത്. മൂന്നാമതായി അഭിനയിച്ച സിനിമയാണ് 'ലോക, ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര.

ഏറെ വൈകാരികമായ രംഗങ്ങളാണ് ലോകയില്‍, ടെന്‍ഷനുണ്ടായിരുന്നോ...?

മുമ്പ് അഭിനയിച്ചത് കൊണ്ട് തന്നെ വലിയ ടെന്‍ഷനുകള്‍ ഉണ്ടായിരുന്നില്ല. ക്യാമറയുടെ മുന്നില്‍ എങ്ങനെ നില്‍ക്കണമെന്നും ആക്ഷന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമെല്ലാം അച്ഛന്‍ മുമ്പേ പരിശീലനം തന്നിരുന്നു. ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ചുകൊണ്ടു തന്നെ സംഘട്ടനം ചെയ്യുക എന്നതായിരുന്നു ലോകയിലെ വെല്ലുവിളി. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം അത്രമാത്രം വൈകാരികമായൊരു ഘട്ടത്തിലാണ് സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത്. സംവിധായകനായ ഡോം അങ്കിള്‍ ( ഡൊമിനിക് അരുണ്‍) അതിനെ കുറിച്ച് നല്ല രീതിയില്‍ തന്നെ പറഞ്ഞുതന്നിരുന്നു. കാര്യങ്ങള്‍ പറഞ്ഞുതന്ന ശേഷം എന്റെ രീതിയില്‍ ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്. അഭിനയിച്ച ശേഷം വേണ്ട തിരുത്തലുകളും പറഞ്ഞുതന്നു. ഡോം അങ്കിളും ക്യാമറമാനായ നിമിഷ് അങ്കിളുമെല്ലാം വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അതുകൊണ്ട് എളുപ്പത്തില്‍ തന്നെ എല്ലാം ചെയ്യാം സാധിച്ചു. അഭിനയിച്ചപ്പോള്‍ സിനിമയില്‍ ഇത്രയും പ്രാധാന്യമുള്ള രംഗമാണതെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ തിയേറ്ററില്‍ ആദ്യ ഷോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. വലിയ കൈയടികളോടെയാണ് പ്രേക്ഷകര്‍ എല്ലാവരും ആ രംഗങ്ങളെ സ്വീകരിച്ചത്. പടം ആദ്യ ഷോ കഴിഞ്ഞത് മുതല്‍ അഭിനന്ദനമറിയിക്കാന്‍ ഒരുപാട് ഫോണ്‍കോളും മെസേജുകളും വരുന്നുണ്ട്. ഇത്രയും വലിയ ഹിറ്റായി സിനിമ മാറുമെന്ന് പ്രതീക്ഷിച്ചില്ല. സന്തോഷമുണ്ട്.

ദുല്‍ഖര്‍ അങ്കിളും ടൊവിനോ അങ്കിളുമെല്ലാം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. നേരിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്. കല്യാണി ചേച്ചിയെ ഷൂട്ടിങ് വേളയില്‍ തന്നെ നേരിട്ട് കണ്ടിരിന്നു. ചേച്ചി നല്ല കമ്പനിയാണ്. പിന്നീട് റിലീസിന് പോയപ്പോഴും ചേച്ചി എന്നെ കൂടെ തന്നെ നിര്‍ത്തി.

'ലോക'യില്‍ ദുര്‍ഗയ്ക്ക് സന്തതസഹചാരിയായി ഒരുനായയുമുണ്ട്, ഷൂട്ടിനെ പറ്റി...?

സിനിമയില്‍ എന്റെ കൂടെ അടുത്ത സുഹൃത്തായി ഒരുനായയും ഉണ്ട്. ആദ്യദിവസങ്ങളില്‍ നായയെ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ നായയുടെ പരിശീലകരായ രാജീവ് അങ്കിളും മകനും കൂടി മണി (നായ) യെ മെരുക്കാനുള്ള ഐഡിയകള്‍ എനിക്ക് പറഞ്ഞുതന്നു. പെട്ടെന്ന് തന്നെ ഞാന്‍ മണിയുമായി സൗഹൃദത്തിലായി. പിന്നീട് സദാസമയവും എന്റെ കൂടെ തന്നെ നടക്കുകയായിരുന്നു അവന്റെ പണി. അതിനാല്‍ അഭിനയിക്കുമ്പോഴും എന്റെയൊരു കൂട്ടുകാരന്റെ കൂടെ അഭിനയിക്കുന്നതുപോലെ എളുപ്പമായിരുന്നു. വാഗമണ്‍, അതിരപ്പിള്ളി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. വിദേശിയായ യാനിക് ബെന്‍ ആയിരുന്നു ഫൈറ്റ് മാസ്റ്റര്‍. ഒപ്പം മുരളി മാസ്റ്ററും ഉണ്ടായിരുന്നു. രണ്ടാളും നല്ല കമ്പനിയായിരുന്നു. നല്ല രീതിയില്‍ ചെയ്യാന്‍ എനിക്ക് ഏറെ പ്രോത്സാഹനം നല്‍കി.

 

സിനിമയില്‍ തുടരാനാണോ ആഗ്രഹം...?

പഠിപ്പിനെ ബാധിക്കാത്ത രീതിയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം. ആക്ഷന് പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. ഇതുപോലെ കഥയില്‍ നല്ല പ്രാധാന്യവും വ്യത്യസ്തതയുള്ള സിനിമകള്‍ വരുമ്പോള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പുതുരുത്തി ജിയുപിഎസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഞാനിപ്പോള്‍. സ്‌കൂളിലെ അധ്യാപകര്‍ ഏറെ പ്രോത്സാഹനം നല്‍കാറുണ്ട്. വീട്ടില്‍ എല്ലാവരും ഏത് കാര്യത്തിനും എന്റെ കൂടെ തന്നെ നില്‍ക്കും. അച്ഛന്‍ വിനോദ് പ്രഭാകര്‍ ജയ ജയ ജയ ജയഹേ, ഇന്ത്യന്‍ 2 അടക്കം ഏറെ സിനിമകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫറും മാസ്റ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍ സിനിമ അഭിനേതാക്കളുടെ ഫൈറ്റ് ട്രെയിനര്‍ കൂടിയാണ്. റിലീസിന് തയ്യാറെടുക്കുന്ന രാജേഷ് മാധവന്‍ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന സിനിമയാണ് അവസാനം അച്ഛന്‍ ചെയ്തത്. അമ്മയുടെ പേര് ഭദ്ര വിനോദെന്നും സഹോദരന്റെ പേര് വൈഷ്ണവ് സി വിനോദെന്നുമാണ്.

എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും അഭിനന്ദനം അറിയിക്കുന്ന ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. ഈ ഓണക്കാലത്ത് എല്ലാവരും തിയേറ്ററില്‍ ചെന്ന് ഞങ്ങളുടെ സിനിമ കാണണം. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi