ഈജിപ്ഷ്യൻ രാജ്ഞി ക്ലിയോപാട്രയെക്കുറിച്ച് ഒട്ടേറെ കഥകളും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, ഇന്നും ചർച്ച ചെയ്യപ്പെടുന്നത് 1963-ൽ റിലീസായ 'ക്ലിയോപാട്ര' സിനിമയാണ്. ഒട്ടേറെ വിവാദങ്ങളിൽ അകപ്പെട്ട്, പ്രശസ്തമായ ഒരു നിർമാണക്കമ്പനിയെ കടക്കെണിയിൽ വരെയെത്തിച്ച സിനിമ എന്ന കുപ്രസിദ്ധിയും ഇതിന് സ്വന്തം.

4 കോടി രൂപയ്ക്ക് സിനിമ നിർമിക്കാമെന്ന ധാരണയിലാണ് ചിത്രീകരണം തുടങ്ങിയത്. നിർമാണം ഏറ്റെടുത്തത് വാൾട്ടർ വാംഗ്ലളും 20th സെഞ്ച്വറി ഫോക്‌സ് സ്റ്റുഡിയോയുമാണ്. എലിസബത്ത് ടെയ്‌ലറാണ് സിനിമയിൽ ക്ലിയോപാട്രയായത്. റെക്കോഡ് തുകയാണ് അവർ പ്രതിഫലമായി കൈപ്പറ്റിയത്, ഒരുകോടി രൂപ.

1960-ൽ തന്നെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും, സിനിമ വർഷങ്ങളോളം താമസിച്ചു. പല സീനുകളും റീഷൂട്ട് ചെയ്യേണ്ടിവന്നു. സെറ്റുകൾ പുനർനിർമിക്കേണ്ടതായും വന്നു. ആദ്യമേ തന്നെ ബജറ്റ് കൈയിൽ നിൽക്കില്ലെന്ന് നിർമാതാക്കൾക്കും മനസ്സിലായി. നാലുകോടിയും പത്തുകോടിയും കഴിഞ്ഞ് ബജറ്റ് കുതിക്കുന്നതാണ് അവർ കണ്ടത്.

സെറ്റിലെ അപകടങ്ങൾ, ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രണയം, എലിസബത്ത് ടെയ്‌ലറിന്റെ അസുഖം എന്നിവ സിനിമയെ വാർത്തകളിൽ നിറച്ചു. മാർക്ക് ആന്റണിയായി എത്തിയ റിച്ചാർഡ് ബർട്ടനും എലിസബത്തും തമ്മിൽ ഷൂട്ടിങ്ങിനിടെ വിവാഹേതരബന്ധമുണ്ടെന്ന് വാർത്തകൾ പരന്നു. അതോടെ പലരും അതിരൂക്ഷമായി അവർക്കെതിരെ രംഗത്തെത്തി. കുറച്ചുകഴിഞ്ഞപ്പോൾ എലിസബത്ത് ന്യുമോണിയ ബാധിച്ച് ദിവസങ്ങളോളം ആസ്പത്രിയിലായി. ഗുരുതരമായ അവസ്ഥയിലായതിനാൽ പല പത്രങ്ങളും അവർ മരിച്ചുവെന്ന് വരെ വാർത്തയെഴുതി. അതിൽനിന്നെല്ലാം മുക്തി നേടി അവർ സെറ്റിൽ തിരികെയെത്തി.

ഒടുവിൽ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും 44 കോടി രൂപയായിരുന്നു ബജറ്റ്. എന്നാൽ, ബോക്‌സോഫീസിൽ വമ്പൻ കളക്ഷൻ നേടാനും കഴിഞ്ഞില്ല. ഇത് 20th സെഞ്ച്വറി ഫോക്സിനെ ഏതാണ്ട് പാപ്പരാക്കി. സാമ്പത്തിക ദുരന്തത്തിൽ നിന്ന് കരകയറാൻ, അവർ തങ്ങളുടെ പല ആസ്തികളും വിറ്റു. ഒടുവിൽ ടെലിവിഷനിലേക്ക് ശ്രദ്ധ തിരിക്കാൻ നിർബന്ധിതമായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi