ഇന്ന് ആഗോള സൂപ്പർസ്റ്റാണ് നടി പ്രിയങ്ക ചോപ്ര. അമേരിക്കൻ ത്രില്ലർ സീരീസായ 'ക്വാണ്ടികോ'യിലൂടെയാണ് അമേരിക്കൻ ടെലിവിഷനിലേക്ക് തന്റെ അഭിനയജീവിതം വ്യാപിപ്പിക്കുന്നത്. 'ബേവാച്ചി'ലൂടെ ഹോളിവുഡ് സിനിമയിലേക്കും കടന്നു. എ കിഡ് ലൈക് ജേക്, ഈസിന്റ് ഇറ്റ് റൊമാന്റിക്, ചേസിങ് ഹാപ്പിനെസ്, ലവ് എഗെയ്ൻ, ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, സിറ്റാഡെൽ എന്നിവയിലൂടെ ഹോളിവുഡിൽ പ്രിയങ്ക തന്റെ സ്ഥാനമുറപ്പിച്ചു.

എന്നാൽ, ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ബോളിവുഡിൽ നല്ല പ്രശസ്തിയിൽ നിൽക്കുമ്പോഴാണ്, അവർ അവിടുന്ന് മാറാൻ തീരുമാനിക്കുന്നത്. മേരി കോം, ബാജിറാവു മസ്താനി, ദിൽ ധഡക്നേ ദോ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക അമേരിക്കയിലേക്ക് മാറുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിരുന്നു അന്ന് പ്രിയങ്ക. ഒരഭിമുഖത്തിൽ ബോളിവുഡ് വിടാനുള്ള തീരുമാനത്തെക്കുറിച്ചും ഹോളിവുഡിലെ തന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും അവർ സംസാരിക്കുകയാണ്.

''എന്നെ സംബന്ധിച്ചിടത്തോളം ആദ്യസിനിമയിൽ അഭിനയിക്കുന്നത്ര ബുദ്ധിമുട്ട് നിറഞ്ഞത് തന്നെയായിരുന്നു ഹോളിവുഡിലെ അരങ്ങേറ്റം. നിങ്ങളുടെ മുപ്പതുകളിൽ കരിയർ ആദ്യം മുതൽ തുടങ്ങുകയെന്നത് വളരെ ഭയാനകമാണ്. സാമ്പത്തികപരമായും മറ്റും എനിക്ക് സുരക്ഷിതത്വമുണ്ടായിരുന്നു. അതായിരുന്നു എന്റെ ധൈര്യവും. ഞാൻ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിരുന്നു. അതെല്ലാം പൊട്ടിച്ചെറിയാൻ ഞാൻ തീരുമാനിച്ചു'', പ്രിയങ്ക ഓർക്കുന്നു.

ഹോളിവുഡിലേക്ക് കടക്കാനുള്ള ശ്രമങ്ങളിൽ തനിക്ക് പല ധാരണകളെയും സ്റ്റീരിയോടൈപ്പുകളെയും നേരിടേണ്ടിവന്നുവെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. ''പരിചയപ്പെടുമ്പോൾ ചില ആളുകൾ പറയും, 'ഓ നിങ്ങൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ'. ഞാനൊരു മീറ്റിങ്ങിനായി ഒരു മുറിയിലേക്ക് കടക്കുമ്പോൾ തന്നെ എന്നെക്കുറിച്ച് അവർക്ക് മുൻവിധികളുണ്ടായിരുന്നു''. അതെല്ലാം മറികടന്നാണ് താൻ ഹോളിവുഡിലും വിജയിച്ചതെന്ന് അവർ പറയുന്നു. ദ ബ്ലങ്, ജഡ്ജ്‌മെന്റ് ഡേ എന്നിവയാണ് അവരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi