
വിയറ്റ്‌നാം കോളനിയിലെ ശങ്കരാടി
ഉത്സവപ്പറമ്പുകളില്‍ മിമിക്രി കളിച്ചുനടക്കുന്ന കാലം. ഞങ്ങളുടെ ട്രൂപ്പിലെ പ്രധാനികളായിരുന്നു, അന്‍സാറും റഹ്മാനും. മിമിക്രികൊണ്ടുമാത്രം കുടുംബത്തിന്റെ വയറുനിറയ്ക്കാന്‍ പറ്റില്ലെന്നു വന്നപ്പോള്‍ അന്‍സാറും റഹ്മാനും മറ്റെന്തെങ്കിലും ബിസിനസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു. ഒടുവില്‍ തീരുമാനിച്ചു, സോഡാ കമ്പനി തുടങ്ങാം. പേരും ഇട്ടു 'മിമിക്‌സ് സോഡ'. എറണാകുളം എസ്.ആര്‍.എം. റോഡില്‍ ഒരു വീടിന്റെ പിറകിലെ ചായ്പ്പും രണ്ടു മുറിയുമാണ് അതിനായി വാടകയ്ക്ക് എടുത്തത്. വീടിന്റെ അകത്തുകൂടി കയറിയിട്ട് വേണം പിറകിലെ സോഡാ കമ്പനിയിലെത്താന്‍.
അന്‍സാറും റഹ്മാനും അതിരാവിലെതന്നെ കമ്പനിയിലെത്തും. എന്നും രാവിലെ വരുമ്പോഴും വൈകീട്ട് മടങ്ങിപ്പോകുമ്പോഴും ആ വീടിന്റെ ഉമ്മറത്ത് നല്ല വേഷം ധരിച്ച്, സുമുഖനായ ഒരു മുസ്‌ലിം കാരണവര്‍ ഇരിക്കുന്നത് കാണാറുണ്ട്. അദ്ദേഹത്തിനോട് ഇരുവരും മുടങ്ങാതെ 'അസലാമു അലൈക്കും' പറയും. കാരണവര്‍ തിരിച്ച് 'വാ...അലൈക്കും മുസ്സലാം' പറയും. ഇങ്ങനെ കുറെനാള്‍ പോയപ്പം, അന്‍സാര്‍ റഹ്മാനോട് പറഞ്ഞു, ''പാവം കാരണവര്‍ക്കാക്ക നമ്മള്‍ എന്നും കാണും, ചിരിക്കും, പക്ഷേ അദ്ദേഹത്തോട് ഒരു വിശേഷവും ചോദിക്കാറില്ല.'' അപ്പോള്‍ റഹ്മാനും പറഞ്ഞു, ''അതെയതെ...ആരും അദ്ദേഹത്തോട് സംസാരിക്കുന്നത് കണ്ടിട്ടില്ല. നമ്മളെങ്കിലും സംസാരിക്കാം.''
Also Read

പതിവുപോലെ പിറ്റേന്നും സോഡാ കമ്പനിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ കാരണവര്‍ ഉമ്മറത്ത് ഇരിക്കുന്നുണ്ട്. ഇരുവരും കാരണവര്‍ക്കടുത്തെത്തി, വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കെട്ടിടം വാടകയ്ക്ക് തന്നയാളുടെ വല്യുപ്പയാണ് ഇദ്ദേഹം. ''എന്നെ മക്കള്‍ പുറത്തേക്കൊന്നും വിടാറില്ല'', കാരണവര്‍ പറഞ്ഞപ്പോള്‍ അന്‍സാറിനും റഹ്മാനും സങ്കടം വന്നു. ഇതിനിടെ കാരണവര്‍ അന്‍സാറിനോട് ചോദിച്ചു. ''അന്റെ ബീഡ് എവിട്യാ...''.
''കൊച്ചീല് തന്ന്യാ...'', അന്‍സാര്‍ വിനയാന്വിതനായി. ''കൊച്ചീല് എബടെ'', കാരണവര്‍ വിടുന്നില്ല. ''പൊന്നമ്പത്ത് കുടുംബം എന്നു കേട്ടിട്ടുണ്ടോ'', അന്‍സാര്‍ ഗമയോടെ ചോദിച്ചു. പൊന്നമ്പത്ത് തറവാട് അറിയാത്തവര്‍ കൊച്ചിയില്‍ വളരെ ചുരുക്കമായിരിക്കും. പക്ഷേ, കാരണവര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല. കേള്‍വി കുറവായിരിക്കും എന്നു വിചാരിച്ച് അന്‍സാര്‍ ഉറക്കെ ചോദിച്ചു, ''പൊന്നമ്പത്ത് തറവാടിനെക്കുറിച്ച് കേട്ടിട്ടില്ലേ?''
ഒരു നിമിഷം കാരണവര്‍ 'മണിച്ചിത്രത്താഴി'ലെ ഗംഗയായി, ''കേട്ടിട്ടില്ലെങ്കില്‍?''. അന്‍സാറും റഹ്മാനും ഞെട്ടിവിറച്ചു. കാരണവര്‍ വീണ്ടും അലറി, ''കേട്ടിട്ടില്ലെങ്കില്‍ നീ എന്നെ എന്തു ചെയ്യുമെടാ?'' ''അല്ല ഇക്ക... കേട്ടിട്ടില്ലെങ്കില്‍ ഒരു കൊഴപ്പവുമില്ല'', റഹ്മാന്‍ കാരണവരെ തണുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കാരണവര്‍ അടങ്ങുന്നില്ല, ''എന്നാ നീ കേള്‍പ്പിക്കെടാ...'' കാരണവര്‍ അന്‍സാറിനു നേരെ ഒറ്റച്ചാട്ടം. ഒപ്പം ചങ്ങലയുടെ കിലുക്കംപോലെ ഒരു ശബ്ദവും കേട്ടു. റഹ്മാന്‍ അപ്പോഴതു കണ്ടു. ഭ്രാന്തനായ കാരണവരെ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ''വിട്ടോടാ...'' എന്നു പറഞ്ഞ് അന്ന് അന്‍സാറും റഹ്മാനും ഓടിയ ഓട്ടം അവസാനിച്ചത് പുല്ലേപ്പടി ജങ്ഷനിലാണ്.
ഈ സംഭവത്തില്‍നിന്നാണ് 'വിയറ്റ്‌നാം കോളനി'യിലെ ശങ്കരാടിയുടെ കഥാപാത്രം ഉണ്ടാകുന്നത്. അന്‍സാറിന്റെയും റഹ്മാന്റെയും സ്ഥാനത്ത് മോഹന്‍ലാലിന്റെയും ഇന്നസെന്റിന്റെയും കഥാപാത്രങ്ങളെ കൊണ്ടുവന്നപ്പോള്‍ പ്രേക്ഷകര്‍ക്കത് ഇഷ്ടമായി.
എന്നാ പിന്നെ അളിയനും വാ ടോയ്‌ലെറ്റില്‍, ഒരു കമ്പനിക്ക്
കലാഭവന്‍ അന്‍സാറിന്റെ വാപ്പ മരിച്ചതറിഞ്ഞ് അവന്റെ വീട്ടിലെത്തിയതാണ് ഞാനും ലാലും. പള്ളിയില്‍ ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അന്‍സാറിന്റെ കൂട്ടുകാരെല്ലാം അല്പം മാറിനില്‍ക്കുകയാണ്. ഞങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു. ജലീല്‍, ഹംസ, സാദിഖ്... ഞങ്ങള്‍ സംസാരിച്ചു സംസാരിച്ച് പതുക്കെ അന്‍സാറിന്റെ കല്യാണദിവസം നടന്ന ഒരു സംഭവത്തിലേക്ക് വന്നു. പിന്നെ അതിനെക്കുറിച്ചായി സംസാരം.
സംഭവം ഇങ്ങനെ. കോട്ടയത്താണ് അന്‍സാറിന്റെ ഭാര്യവീട്. സ്യൂട്ടിലും കോട്ടിലും സുന്ദരന്‍ മണവാളനായി അന്‍സാര്‍. ആദ്യം നിക്കാഹ്. അതു കഴിഞ്ഞ് ഭക്ഷണം. അതിനുശേഷം താലികെട്ട്. ഭക്ഷണം കഴിക്കാനുള്ള നേരമായപ്പോഴേക്കും മണവാളനാകെ വിയര്‍ത്തു നാശമായി. പുള്ളി ഓവര്‍കോട്ട് ഊരി കസേരയുടെ കൈയില്‍ തൂക്കി. ആ സമയം ചങ്ങാതിമാര്‍ക്കൊരു കുസൃതി തോന്നി. അന്‍സാര്‍ അറിയാതെ അവര്‍ പുതുപ്പെണ്ണിന്റെ ആങ്ങളയുടെ അടുത്തെത്തി, ''പുതിയാപ്ലയ്ക്ക് ഒരു വയറുവേദന. ഒന്നു ടോയ്‌ലെറ്റില്‍ പോകണം. ഇക്കാര്യം ആരും അറിയരുതെന്നും പുള്ളിക്ക് ആഗ്രഹമുണ്ട്.'' അളിയന്‍ അന്‍സാറിനെ ഒന്നു നോക്കി, ശരിയാണ് ആള്‍ക്കെന്തോ പരവശമുണ്ട്. ആരുമറിയാതെ പുതിയാപ്ലയെ ടോയ്‌ലെറ്റിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയത്ത് ചങ്ങാതിമാര്‍ നേരെ അന്‍സാറിനടുത്തെത്തി, ''എടാ... നിന്റെ അളിയന് ഒരു മോഹം, നിനക്കൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന്.'' ''അതിനെന്താ ആവാമല്ലോ'', അന്‍സാര്‍ റെഡിയായി, കസേരയില്‍ തൂക്കിയിട്ട ഓവര്‍കോട്ട് എടുത്ത് അണിഞ്ഞു. പോക്കറ്റില്‍നിന്ന് ചീര്‍പ്പ് എടുത്ത് തല ചീകിയൊതുക്കി. ''പുതിയാപ്ലയുടെ ഒരു കാര്യം. ഈ സമയത്താണോ മേക്കപ്പ്'', അളിയന്‍ ചിരിച്ചു.

''വാ അളിയാ...'', പുതിയാപ്ലയുടെ കൈയും പിടിച്ച് അളിയന്‍ ടോയ്‌ലെറ്റിലേക്ക് പാഞ്ഞു. ''ടോയ്‌ലെറ്റാണോ ലൊക്കേഷന്‍'', ഓടുന്നതിനിടെ അന്‍സാര്‍ ചോദിക്കുന്നുണ്ട്. ''ഇതിനു പിന്നെ ടോയ്‌ലെറ്റിലേക്കല്ലാതെ അടുക്കളയിലേക്കാണോ പോകുന്നത്'', അളിയന്റെ മറുപടിയും. ടോയ്‌ലെറ്റിന്റെ വാതില്‍ക്കല്‍ എത്തിയതും ''പുതിയാപ്ല പോയിട്ട് വാ'' എന്നു പറഞ്ഞ് അളിയന്‍ അന്‍സാറിനെ ടോയ്‌ലെറ്റിലേക്ക് തള്ളിവിട്ടു. ''എന്നാല്‍പ്പിന്നെ അളിയനും വാ ഒരു കമ്പനിക്ക്'', 'ഫോട്ടോ'യെടുക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ അന്‍സാര്‍ അളിയനെ ക്ഷണിച്ചു. അപ്പോഴാണ് ഇതിലെന്തോ കണ്‍ഫ്യൂഷന്‍ ഉണ്ട് എന്ന് അളിയന് തോന്നുന്നത്. അതോടെ ചങ്ങാതിമാരുടെ ചതി പുറത്തായി.
ഈ സംഭവത്തില്‍നിന്നാണ് 'ഗോഡ് ഫാദറി'ലെ ക്ലൈമാക്‌സ് ഉണ്ടാക്കുന്നത്. കനകയെ കല്യാണം കഴിക്കാന്‍ വരുന്ന രവി വള്ളത്തോളിനെ ധൈര്യത്തിനുവേണ്ടി അല്പം മദ്യം കഴിക്കാന്‍ അളിയന്‍മാര്‍ വിളിക്കുന്നുണ്ട് എന്നു പറഞ്ഞ് ടോയ്‌ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അളിയന്മാരോട് കല്യാണച്ചെക്കന് വയറിന് അസുഖമാണെന്നാണ് പറയുന്നത്. ടോയ്‌ലെറ്റിലേക്ക് കയറിപ്പോകുന്ന രവി വള്ളത്തോള്‍ 'അളിയനും വാ ഒരു കമ്പനിക്ക്' എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നു.
ഇന്ന് വിഷ്വാണോ...
പുല്ലേപ്പടി ഫ്രന്റ്‌സിന്റെ സിനിമാചര്‍ച്ചകള്‍ക്ക് ഏറെ വേദിയായിട്ടുള്ളത് എറണാകുളം പത്മ ജങ്ഷനാണ്. രാത്രി വൈകി ഞങ്ങള്‍ ഇവിടെയെത്തും. ഒരു ദിവസം ഇതുപോലെ സിനിമയെക്കുറിച്ച് ഞങ്ങളുടെ ടീം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാലുനിലത്തുറയ്ക്കാതെ ആടിയാടി ഒരാള്‍ അവിടെയെത്തി. മൂക്കറ്റം മദ്യപിച്ചിട്ടുണ്ട്. കൈലിയും ഷര്‍ട്ടുമാണ് വേഷം, കൈലിക്കടിയിലൂടെ ട്രൗസര്‍ പുറത്തുകാണാം. അയാള്‍ ആടിയാടി വന്ന് ഇലക്ട്രിക് പോസ്റ്റില്‍ ചാരി നിന്നു. ഞങ്ങളത് കാര്യമാക്കാതെ ചര്‍ച്ച തുടര്‍ന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ പറയുന്നതിനൊക്കെ അയാള്‍ ഇടയ്ക്കുകയറി മറുപടി പറയാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതായപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഗായത്രി അശോകന് ദേഷ്യം വന്നു, ''പോടാ... പോടാ...'' അയാളെ ആട്ടിയോടിക്കാന്‍ നോക്കി. അപ്പോള്‍ അയാള്‍ കൂടുതല്‍ അടുത്തോട്ട് വന്നു, ''ഞാന്‍ എവിടെ പോണം. നീ പറ''. ''താന്‍ തന്റെ വീട്ടില്‍ പോടോ,'' അശോകന്‍ പറഞ്ഞു. അയാള്‍ കുറച്ചുകൂടി അടുത്തെത്തി, ''ഏതു വീട്ടില്‍... എന്റെ വീട്ടില്‍ പോണോ, ഭാര്യവീട്ടില്‍ പോണോ... പറ... പറയാതെ നിന്നെ ഞാന്‍ വിടില്ല.'' അയാള്‍ അശോകന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു. ഞങ്ങള്‍ അശോകനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ലാലിന്റെ കാലില്‍ പിടിച്ചു. ആകെ ഒരു കൂട്ടപ്പൊരിച്ചില്‍. ഒടുവില്‍ എല്ലാവരും കൂടെ കാനയിലേക്ക് വീണു. വീഴ്ചയ്ക്കിടെ കള്ളുകുടിയന്റെ അലര്‍ച്ചയും കൂടിയായപ്പോള്‍ വഴിയെ പോകുന്നവരെല്ലാം ഓടിക്കൂടി. അവരു കാണുന്നത് ഒരു കൂട്ടം മനുഷ്യര്‍ കാനയില്‍ കിടക്കുന്നതാണ്.
അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു, ''ഇവന്‍മാര്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലന്നേ... കള്ളുകുടിച്ച് വന്നേച്ച് കാനയില്‍ക്കിടന്ന് വഴക്കടിക്കുന്നതു കണ്ടോ...?'' ഈയൊരു സംഭവത്തിന്റെ വേദനയും സങ്കടവും തീര്‍ക്കാനാണ് ഞങ്ങളത് സിനിമയിലേക്ക് കൊണ്ടുവന്നത്. 'ക്രോണിക് ബാച്ച്‌ലര്‍' സിനിമയില്‍ ഇന്നസെന്റുമായി വഴക്കിടുന്ന മദ്യപാനിയും, ഒടുവില്‍ കൂട്ടപ്പൊരിച്ചിലിനിടെ ദോശച്ചട്ടിയിലും അതില്‍നിന്ന് തീപ്പിടിച്ച് പടക്കക്കടയിലും ചെന്നുവീഴുന്ന സീന്‍ അങ്ങനെ ഉണ്ടാക്കിയതാണ്. ഒടുവില്‍ പടക്കക്കട പൊട്ടിത്തെറിച്ച് കരുവാളിച്ചു മൂന്നുപേര്‍ നില്‍ക്കുന്നതുവരെയാണ് സീന്‍ എഴുതിയിരുന്നത്. ഇന്നസെന്റ് ചേട്ടന്‍ സ്വന്തം കൈയില്‍ നിന്നിട്ട ഡയലോഗാണ്, 'ഇതിപ്പോ എന്താണ്ടായേ... ഇവിടാരാ പടക്കം പൊട്ടിച്ചേ... ഇന്നു വിഷ്വാണോ' എന്നത്. ആ ഡയലോഗ് ആ സീനിന് കൂടുതല്‍ സ്‌ട്രെങ്ത്ത് കൊടുക്കുകയും ചെയ്തു.
ഉസ്മാനേ വിട്ടോടാ... ഭാസീ വിട്ടോടാ
കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടിവരുന്നതായി വാര്‍ത്തകള്‍ വരുന്ന കാലം. ഒരിക്കല്‍ പുല്ലേപ്പടിയില്‍ ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു വെള്ള അംബാസിഡര്‍ കാര്‍ ചീറിപ്പാഞ്ഞുപോയത്. ''എന്നെ കൊല്ലാന്‍ കൊണ്ടുപോകുന്നേ...'' കാറില്‍ നിന്നൊരു സ്ത്രീ ശബ്ദം. ഞാന്‍, ലാല്‍, ധ്യാന്‍... എല്ലാവരുമുണ്ട് അപ്പോഴവിടെ. ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാനുള്ള സമയമുണ്ടായിരുന്നില്ല. കിട്ടിയ ബൈക്കുകളില്‍ കയറാവുന്നത്ര ആളുകള്‍ ചാടിക്കയറി കാറിന് പിന്നാലെ പാഞ്ഞു. ഒടുവില്‍ കാര്‍ തടഞ്ഞു നിര്‍ത്തി. ''നിങ്ങള്‍ എന്തായീ കാണിക്കുന്നത്'' എന്ന് കാറിലുള്ളവര്‍ ചോദിക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ അടിയോടടി. പിന്നെയാണ് അറിയുന്നത് മനോരോഗിയായ ഒരു സ്ത്രീയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന്. ''ഉസ്മാനേ വിട്ടോടാ... ഭാസീ വിട്ടോടാ...'' കണ്ണടച്ചു തുറക്കും മുന്‍പ് ഞങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടു.

ഇതിനോട് ചേര്‍ന്ന് മറ്റൊരു സംഭവം കൂടിയുണ്ട്. കലാഭവന്‍ ട്രൂപ്പിലുള്ള കാലം. അന്‍സാറിന് ഒരു ശീലമുണ്ടായിരുന്നു. വാനില്‍ കയറിയാല്‍ വഴിയില്‍ നടക്കുന്നവരെ വിരട്ടണം, ചീത്തപറയണം. ബഹളം കേട്ട് പലരും കാനയിലേക്ക് വീഴും. ചിലര്‍ അന്തംവിട്ടു നില്‍ക്കും. അപ്പോഴേക്കും ഞങ്ങളുടെ വണ്ടി പോയ്ക്കഴിയും. ഞങ്ങളുടെ വണ്ടിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ പാവം വഴിയാത്രക്കാര്‍ക്ക് പറ്റില്ല എന്ന വിശ്വാസമായിരുന്നു അന്‍സാറിന്റെ ധൈര്യം. പക്ഷേ, ഒരിക്കല്‍ സംഗതി പാളി. ആലപ്പുഴയില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ഞങ്ങള്‍. വഴിനീളെ നടന്നുപോകുന്നവരെയും സൈക്കിള്‍ യാത്രക്കാരെയും വിരട്ടുകയാണ് അന്‍സാര്‍. അപകടമാണെന്ന് പറഞ്ഞിട്ടും അവന്‍ മൈന്‍ഡ് ചെയ്യുന്നില്ല. അങ്ങനെ പോകുന്ന വഴിക്ക് സൈക്കിളില്‍ പോവുകയായിരുന്ന ഒരാളെ അവന്‍ വിരട്ടി. അയാളും സൈക്കിളും ഇതാ കിടക്കുന്നു കാനയില്‍. അന്‍സാര്‍ തല പുറത്തിട്ട് ചിരിച്ചു. പക്ഷേ, ആ ചിരിക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങടെ വണ്ടി ഓഫായി. അന്‍സാര്‍ അലറിവിളിക്കുന്നതും സൈക്കിള്‍ യാത്രക്കാരന്‍ വീഴുന്നതുമൊക്കെ കണ്ട് തൊട്ടപ്പുറത്ത് കുറേ ചുമട്ടുതൊഴിലാളികള്‍ നിന്നിരുന്നു. അവര്‍ കൂട്ടമായി എത്തി ഞങ്ങളുടെ വണ്ടി വളഞ്ഞു. അടിപൊട്ടി എന്നുറപ്പിച്ച് ഞങ്ങളെല്ലാം കണ്ണടച്ച് ഇരിക്കുമ്പോള്‍ ഇതാ വരുന്നു അന്‍സാറിന്റെ കിടിലന്‍ അഭിനയം. അവന്‍ ഭ്രാന്തനെപ്പോലെ അലറി വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായി. ഞങ്ങള്‍ വണ്ടി വളഞ്ഞവരോടായി പറഞ്ഞു ''ക്ഷമിക്കണം ആളൊരു ഭ്രാന്തനാണ്. ഊളമ്പാറക്ക് കൊണ്ടുപോവുകയാണ്'' അടിക്കാന്‍ വന്നവര്‍ സഹതാപ ഭാവത്തില്‍ നില്‍ക്കുമ്പോള്‍ ഭാഗ്യത്തിന് ഞങ്ങളുടെ വണ്ടി സ്റ്റാര്‍ട്ടായി. പിന്നെ ഒരു നിമിഷം വൈകിയില്ല. അന്‍സാര്‍ അലറി, 'വിട്ടോടാ...'
ഈ അനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ഇന്‍ ഹരിഹര്‍ നഗറി'ലെ ഗര്‍ഭിണിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതുകണ്ട് തട്ടിക്കൊണ്ടുപോകുന്നതാണെന്ന് വിചാരിച്ച് പിന്തുടര്‍ന്ന് പിടിക്കുന്നതും അബദ്ധം മനസ്സിലായപ്പോള്‍ 'തോമസുകുട്ടീ വിട്ടോടാ' എന്ന് പറഞ്ഞ് രക്ഷപ്പെടുന്നതും ഉണ്ടാക്കിയത്.
നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫാക്കണം
'റാംജിറാവു സ്പീക്കിങ്ങി'ന്റെ സ്‌ക്രിപ്റ്റിന്റെ അവസാന മിനുക്കുപണിക്കായാണ് ഞാനും ലാലും ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലില്‍ എത്തിയത്. ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ തരാനായി സംവിധായകന്‍ ഫാസിലും അവിടെയുണ്ട്. ഞങ്ങള്‍ ചര്‍ച്ചയില്‍ മുഴുകിയിരിക്കെ അവിചാരിതമായാണ് ആ അതിഥി അവിടെ എത്തുന്നത്, കാവാലം നാരായണപണിക്കര്‍. പണിക്കര്‍സാറുടെ 'തിരുവരങ്ങ്' നാടകത്തില്‍ വേണുച്ചേട്ടനൊപ്പം പാച്ചിക്കയും അഭിനയിച്ചിട്ടുണ്ട്. അന്നുതൊട്ടേ അവര്‍ തമ്മില്‍ അറിയാം. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മൂത്രശങ്ക തോന്നിയപ്പോഴാണ് പണിക്കര്‍സാര്‍ ബ്രദേഴ്‌സ് ഹോട്ടലില്‍ കയറിയത്. അപ്പോഴാണ് അറിയുന്നത് അവിടെ പാച്ചിക്ക ഉണ്ടെന്ന്.

പാച്ചിക്കയെ കണ്ടതോടെ പണിക്കര്‍ സാര്‍ സംസാരം തുടങ്ങി. ഒരു സെക്കന്‍ഡ് പോലും ഇടവേളയില്ലാതെ തുരുതുരാന്ന് സംസാരിക്കുകയാണ് അദ്ദേഹം. ഇതിനിടെ മൂത്രശങ്കയും അലട്ടുന്നുണ്ട്. എന്നാല്‍ അതിനും സംസാരത്തെ മുറിക്കാന്‍ പറ്റുന്നില്ല. പണിക്കര്‍സാര്‍ സംസാരിച്ചുകൊണ്ടുതന്നെ ടോയ്‌ലെറ്റില്‍ കയറുന്നു. എന്നിട്ടു മൂത്രമൊഴിച്ചുകൊണ്ടിരിക്കെ വാതിലിനു പുറത്തേക്ക് തലയിട്ട് പാച്ചിക്കയോട് സംസാരിക്കുന്നു. എനിക്കും ലാലിനും ഇതുകണ്ട് ചിരിക്കാതിരിക്കാന്‍ പറ്റുന്നില്ല. പാച്ചിക്കയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പണിക്കര്‍സാറ് കാണ്‍കെ ചിരിക്കാന്‍ പറ്റുന്നില്ല. പണിക്കര്‍സാര്‍ അന്നവിടെ നിന്ന് പോയശേഷം ഞാനും ലാലും പാച്ചിക്കയോട് പറഞ്ഞു, 'ഇതൊരു കോമഡിക്ക് വിഷയമല്ലേ'? അങ്ങനെയാണ് റാംജിറാവുവിന്റെ ഫോണ്‍ വരുമ്പോള്‍ ബാലകൃഷ്ണന്‍ ഫോണുമായി മൂത്രമൊഴിക്കാന്‍ പോകുന്ന സീനും 'നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫാക്കണം' എന്ന ഡയലോഗും ഉണ്ടാകുന്നത്.

'റാംജിറാവു സ്പീക്കിങ്ങിന്റെ' സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ എഴുതി 'ഗോപാലകൃഷ്ണനും ബാലകൃഷ്ണനും തമ്മില്‍ കിണറ്റിന്‍കരയില്‍ വെച്ച് വഴക്കുണ്ടാക്കുന്നു. ഒടുവില്‍ ഗോപാലകൃഷ്ണന്‍ വെള്ളം കോരുന്ന ബക്കറ്റ് എടുത്ത് ബാലകൃഷ്ണനു നേരെ എറിയുന്നു. പക്ഷേ, മത്തായിച്ചേട്ടന്റെ നെഞ്ചത്താണ് ബക്കറ്റ് കൊള്ളുക. ഈ സമയത്ത് അവിടെയെത്തുന്ന നായികയോട് മത്തായിച്ചേട്ടന്റെ ഡയലോഗ്, ''ഞങ്ങള്‍ നാടകം റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. നാടകത്തിന്റെ പേര് 'ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്'. ആശാന്റെ നെഞ്ചത്ത് എന്നു പറയുമ്പോള്‍, ദേ... ഏകദേശം ഇവിടെയായിട്ട് വരും' എന്നു പറഞ്ഞ് നെഞ്ചിന്റെ വലതുവശം മത്തായിച്ചേട്ടന്‍ ഉഴിയുകയും വേണം. അതനുസരിച്ച് എറിയാനായി കാര്‍ഡ്‌ബോര്‍ഡുകൊണ്ട് ബക്കറ്റും ഉണ്ടാക്കി.
കിണറ്റിന്‍കരയില്‍ ക്യാമറയൊക്കെ സെറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ്, ഒരുകാര്യം ശ്രദ്ധിച്ചത്. കിണറ്റിന്‍ കരയില്‍ കുറേ തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു. ഉണങ്ങിക്കരിഞ്ഞ തേങ്ങകള്‍ അവിടെ കിടക്കുമ്പോള്‍ ബക്കറ്റുകൊണ്ട് എറിയുന്നതില്‍ അനൗചിത്യമുണ്ട്. തേങ്ങകള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചു. പക്ഷേ, എത്രയെന്നുവെച്ചാ എടുത്തുമാറ്റുക, അത്രയേറെയുണ്ട്. എന്നാല്‍പ്പിന്നെ ബക്കറ്റിനുപകരം തേങ്ങയാക്കിയാലോ, ചിന്ത ആ വഴിക്കായി. പക്ഷേ, തേങ്ങയുടെ ഡമ്മിയുണ്ടാക്കാന്‍ ഒരു ദിവസം വേണം. ഇന്നത്തെ ഷൂട്ടിങ് പ്രശ്‌നമാവും. ഒടുവില്‍ തീരുമാനിച്ചു, എറിയുന്ന ഷോട്ട് നാളെ എടുക്കാം. അതിനുശേഷമുള്ള സീനുകള്‍ ഇപ്പോള്‍ എടുക്കുകയും ചെയ്യാം. അങ്ങനെ ഏറുകൊണ്ട് 'അയ്യോ' എന്നു പറഞ്ഞ് മത്തായിച്ചേട്ടന്‍ വീഴുന്നു. ആ സമയത്ത് നായിക വരുന്നു. മത്തായിച്ചേട്ടന്‍ ഡയലോഗ് പറയുന്നു, ''ആശാന്റെ നെഞ്ചത്ത് എന്നു പറയുമ്പോള്‍ ഏകദേശം ദേ... ഇവിടെയായിട്ടു വരും.'' എന്നു പറഞ്ഞ് നെഞ്ചിന്റെ വലതുഭാഗം ഉഴിയുന്നു.
പിറ്റേന്ന് തേങ്ങയുടെ ഡമ്മിയെത്തി. ഗോപാലകൃഷ്ണനാണ് (മുകേഷ്) തേങ്ങ എറിയേണ്ടത്. എങ്കിലും എറിയുന്നയാള്‍ സീനില്‍ വരാത്തതുകൊണ്ട് എറിയാനുള്ള ഡ്യൂട്ടി ലാലിനാണ്. ഒരേ സമയം മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം- തേങ്ങ എറിയണം, ബാലകൃഷ്ണന്‍ (സായ്കുമാര്‍) പിറകോട്ടു മാറണം, മത്തായിച്ചേട്ടന്‍ (ഇന്നസെന്റ്) മുന്നോട്ട് കയറിവരണം. ആ സമയം തേങ്ങ ഇന്നസെന്റിന്റെ നെഞ്ചിന്റെ വലതുവശത്ത് കൊള്ളുകയും വേണം. പലവട്ടം ടേക്ക് എടുത്തിട്ടും ഇത് ഓക്കെയാവുന്നില്ല. ഒന്നുകില്‍ തേങ്ങ ഇന്നസെന്റ് ചേട്ടന്റെ മുതുകത്ത് കൊള്ളും. അല്ലെങ്കില്‍ വയറ്റത്ത്, അതുമല്ലെങ്കില്‍ നെഞ്ചിന്റെ ഇടതുഭാഗത്ത്.
എറിഞ്ഞെറിഞ്ഞ് ലാലും ഏറുകൊണ്ട് ഇന്നസെന്റ് ചേട്ടനും ക്ഷീണിച്ചു. ഫിലിമാണെങ്കില്‍ കുറേ തീര്‍ന്നു. ഈയൊരൊറ്റ ഷോട്ടിനുവേണ്ടി ഇനിയും ഫിലിം കളഞ്ഞാല്‍ പടം തന്നെ നിന്നുപോകും. ഒടുവില്‍ തീരുമാനിച്ചു, മതി, ഇനി ഷോട്ട് എടുക്കേണ്ട. നെഞ്ചിന്റെ ഇടതുഭാഗത്ത് കൊള്ളുന്നത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം. സീനിലെ കോമഡി കണ്ട് പ്രേക്ഷകര്‍ ചിരിക്കുമെന്നും അതിനിടെ തേങ്ങ ഏതുഭാഗത്ത് കൊണ്ടെന്ന് അവര്‍ ശ്രദ്ധിക്കില്ലെന്നും ഞങ്ങള്‍ക്കുറപ്പായിരുന്നു. അത് തികച്ചും ശരിയായി. ഇപ്പോഴും ഈ രംഗം ടി.വിയില്‍ കാണുമ്പോള്‍ ആളുകള്‍ ചിരിക്കുന്നു. എനിക്ക് പക്ഷേ, ടെന്‍ഷനാണ്. സംവിധായകന്റെ തെറ്റായി വിലയിരുത്തപ്പെടാവുന്ന ഒരു പാകപ്പിഴവ് ആ സീനില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നതു തന്നെ കാരണം.
Content Highlights: director sidhique talking about incidents behind comedy scenes
Published: 01 Aug 2023, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented