
28 ജൂണ്‍ 1914 ഒന്നാം ലോക മഹായുദ്ധത്തിന് നാന്ദി.
ഓസ്ട്രിയയും സെര്‍ബിയയും തുടക്കമിട്ട യുദ്ധത്തിലേക്ക് ആദ്യം ഇടിച്ചുകയറിയ ജര്‍മനിക്കെതിരെ ബ്രിട്ടന്‍ ചൊടിച്ചതോടെ പോരാട്ടം ഇറുകിമുറുകി. 1917 ഏപ്രിലില്‍ ബ്രിട്ടീഷ് പത്രങ്ങളായ ടൈംസിലും ഡെയ്ലി മെയിലിലും അറപ്പുളവാക്കുന്ന ഒരു യുദ്ധവാര്‍ത്ത അച്ചടിച്ചുവന്നു- ജര്‍മനിയില്‍ സൈനികരുടെ മൃതദേഹങ്ങളില്‍ നിന്ന് നിത്യോപയോഗത്തിനുള്ള കൊഴുപ്പ് ഉത്പാദിപ്പിക്കുന്നു.
ബ്രിട്ടന്റെ നാവിക ഉപരോധം ജര്‍മനിയിലേക്കുള്ള ചരക്ക് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഷൂ പോളിഷ് ചെയ്യാനുള്ള കൊഴുപ്പു പോലും ജര്‍മനിയുടെ കയ്യിലില്ലാത്ത അവസ്ഥ. അതിന് ജര്‍മനി കണ്ടെത്തിയ പരിഹാരമാണത്രെ മൃതദേഹങ്ങള്‍. മൃതദേഹങ്ങളെ കൂട്ടമായി രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കാന്‍ ജര്‍മനി ഒരു ഫാക്ടറി തന്നെ തുറന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതാണ് കോര്‍പ്സ് (മൃതദേഹം) ഫാക്ടറി.
ഒരു ചൈനീസ് പത്രത്തിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. പിന്നീട് ബെല്‍ജിയന്‍, ജര്‍മന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത വാര്‍ത്ത ബ്രിട്ടീഷ് പത്രങ്ങളിലേക്ക് എത്തിയപ്പോള്‍ ഭീകരത പതിന്മടങ്ങായി. ദൃക്സാക്ഷി വിവരണത്തോടെയാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണശേഷവും സൈനികര്‍ക്ക് ഉപയോഗങ്ങള്‍ കണ്ടെത്തുന്നവനാണ് ജര്‍മനിയിലെ കൈസര്‍ എന്ന് ആക്ഷേപഹാസ്യത്തിന് പേരുകേട്ട പഞ്ച് വാരിക കാര്‍ട്ടൂണ്‍ വരച്ചു.

അടിസ്ഥാനമില്ലാത്ത മൃഗീയമായ ആരോപണമെന്ന് നിഷേധിച്ച ജര്‍മന്‍ ഭരണകൂടം ബ്രിട്ടീഷ് മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ലോകമൊട്ടാകെ ജര്‍മന്‍ വിരുദ്ധ വികാരം കൊളുത്തിവിടാന്‍ ഈ ഒരൊറ്റ വാര്‍ത്തയ്ക്ക് കഴിഞ്ഞു. 1917 ഓഗസ്‌ററ് 14ന് ജര്‍മനിയ്ക്കെതിരായ യുദ്ധത്തില്‍ ചൈന പങ്കാളിത്തം പ്രഖ്യാപിച്ചു.
ബ്രിഗേഡിയര്‍ ജനറല്‍ ചാര്‍ട്ടെറിസ് എന്ന കഥാകാരന്‍
ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സിന്റെ തലവനായിരുന്നു, ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ ചാര്‍ട്ടെറിസ്. പില്‍ക്കാലത്ത് അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായി. 1925ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പ്രസംഗത്തില്‍ തന്റെ ഭാവനയില്‍ വിരിഞ്ഞ വെറും കഥ മാത്രമായിരുന്നു കോര്‍പ്‌സ് ഫാക്ടറി എന്നദ്ദേഹം പറഞ്ഞു. എതിരാളിയെ താറടിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുകയായിരുന്നു. മരണാന്തരജീവിതത്തില്‍ വിശ്വസിക്കുകയും പൂര്‍വികരെ ആരാധിക്കുകയും ചെയ്യുന്ന ചൈനക്കാര്‍ മൃതദേഹങ്ങളെ ആദരിക്കുന്നവരാണ്. ചൈനീസ് മനസ്സുകളിലേക്ക് ജര്‍മന്‍ വിരുദ്ധത കയറ്റിവിട്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ചൈനയെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ജര്‍മന്‍ തടവുകാരില്‍ നിന്ന് കണ്ടെടുത്ത രണ്ട് ഫോട്ടോകളുടെ കാപ്ഷന്‍ തെറ്റിദ്ധരിപ്പിക്കും വിധം പരസ്പരം മാറ്റുകയാണ് ചെയ്തത്. ചത്ത കുതിരകളെ നീക്കം ചെയ്യുന്നതിന്റെയും മരിച്ച പട്ടാളക്കാരെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിന്റെയും ഫോട്ടോകളായിരുന്നു അവ. കുതിരകളുടെ ചിത്രത്തിന്‍മേല്‍ cadaver എന്ന് എഴുതിയിരുന്നു. cadaver (ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ ) ശാസ്ത്രീയമായി സംസ്‌കരിച്ച് കൊഴുപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുമായിരുന്നു. അത് രണ്ടാമത്തെ ഫോട്ടോയുടെ കാപ്ഷനാക്കി ഫോട്ടോകള്‍ ചൈനീസ് പത്രത്തിന് അയച്ചുകൊടുത്തു. പിന്നീട് ഈ വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളും ഏറ്റെടുത്തു. കോര്‍പ്‌സ് ഫാക്ടറിയെക്കുറിച്ച് പറയുന്ന ഒരു ഡയറി, മരണപ്പെട്ട ജര്‍മന്‍ സൈനികനില്‍ നിന്ന് കണ്ടെത്തിയത് എന്ന് തോന്നിപ്പിക്കുന്ന വിധം തയ്യാറാക്കാനും ഉദ്ദേശമുണ്ടായിരുന്നത്രേ.

ലണ്ടനില്‍ തിരിച്ചെത്തിയ ചാര്‍ട്ടെറിസ് താനങ്ങനെ പറഞ്ഞിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്നും പിന്നീട് ന്യായീകരിച്ചു.
കഥാനന്തരം
അതേ വര്‍ഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സര്‍ ഓസ്റ്റിന്‍ ചേംബര്‍ലൈന്‍ ഈ വിഷയത്തില്‍ സംസാരിച്ചു. പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലൈനിന്റെ അര്‍ധസഹോദരന്‍ കൂടിയായിരുന്നു ഓസ്റ്റിന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ റിപ്പോര്‍ട്ട് എന്നാണ് ഓസ്റ്റിന്‍ കോര്‍പ്‌സ് ഫാക്ടറി കഥയെ വിശേഷിപ്പിച്ചത്. ഫോറിന്‍ സെക്രട്ടറിയായി നിയമിതനായ ഓസ്റ്റിന്‍ ബ്രിട്ടന്‍- ജര്‍മനി-ഫ്രാന്‍സ്- ഇറ്റലി -ബെല്‍ജിയം രാജ്യങ്ങള്‍ക്കിടയില്‍ ലൊക്കാര്‍ണോ ഉടമ്പടി കൊണ്ടുവന്നു. യുദ്ധത്തിലേക്ക് പോകുമായിരുന്ന ഫ്രാന്‍സ്-ജര്‍മനി പ്രശ്നം പരിഹരിച്ചതിന് അദ്ദേഹം സമാധാനത്തിനുള്ള നോബലിന് അര്‍ഹനായി.

ബ്രിട്ടന്റെ കള്ളക്കഥ പരസ്യമായി പൊളിച്ചടുക്കിയ പാര്‍ലമെന്റേറിയന്‍ എന്ന മതിപ്പ് ജര്‍മനിക്ക് ഓസ്റ്റിനോട് ഉണ്ടായിരുന്നു. 1926ല്‍ ജര്‍മനിയെ ലീഗ് ഓഫ് നേഷന്‍സിന്റെ ഭാഗമാക്കിയതും ഓസ്റ്റിന്റെ നയതന്ത്ര നൈപുണിയാണ്. എന്നാല്‍, 1933ല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഹിറ്റലര്‍ വന്നതോടെ ജര്‍മനിയുടെ അന്താരാഷ്ര നയം മാറി. മറ്റൊരു മഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
ജീവന്റെ വിലയുള്ള വാക്കുകള്‍
ഒന്നാം ലോക മഹായുദ്ധത്തിലെ പരാജയം ജര്‍മനിയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തിരുന്നു. തങ്ങള്‍ ലോകത്തിന് മുന്നില്‍ അപഹാസ്യരായി എന്ന് വിശ്വസിച്ച ജര്‍മന്‍ ജനത വലിയ പ്രതീക്ഷകളോടെ ഹിറ്റ്‌ലറിന് പിന്നില്‍ അണിനിരന്നു. ബ്രിട്ടന്‍ പടച്ചുവിട്ട കഥകള്‍ ജര്‍മനിയുടെ അന്തസ്സിടിച്ചു എന്ന ഹിറ്റ്‌ലര്‍ വാദിച്ചു. രാജ്യത്തിന്റെ അഭിമാനത്തെ മുറിപ്പെടുത്തിയവരുമായി സന്ധിയില്ലെന്ന പോര്‍വിളി രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കി. നയതന്ത്ര ബന്ധങ്ങള്‍ വഷളായി. ഇറ്റലിയുടെ കൈ കോര്‍ത്തുപിടിച്ച് ഹിറ്റ്‌ലര്‍ യുദ്ധത്തിന് കോപ്പുകൂട്ടി. വരേണ്യരായ ആര്യന്മാര്‍ മാത്രമുള്ള സ്വപ്ന രാജ്യത്തിനായി ജൂതന്മാരെയും സ്വവര്‍ഗാനുരാഗികളെയും ഭിന്നശേഷിക്കാരെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും കോണ്‍സന്‍ട്രേഷന്‍
ക്യാംപുകളിലേക്ക് മാറ്റി. അവരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമോ വിശ്രമമോ കിട്ടാതെ ആയിരങ്ങള്‍ മരിച്ചു വീണു.രാജ്യത്തിനുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ നിര്‍ദയം അടിച്ചമര്‍ത്തപ്പെട്ടു. ഇതോടെ ഹിറ്റ്‌ലറുടെ നീക്കങ്ങള്‍ ചടുലമായി. തടവുകാരെ ശാസ്ത്രീയമായി കൊല്ലാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചു. തടവുകാരെ ക്യാംപില്‍ തീറ്റിപ്പോറ്റുന്നത് നഷ്ടമാണെന്നും ഉടനടി കൊന്നൊടുക്കുകയാണ് നല്ലതെന്നുമായി.

1942ല്‍ പോളണ്ടില്‍ നിന്ന് കൂട്ടക്കുരുതിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വാസോയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകളില്‍ ജൂതന്മാരെ മൃഗീയമായി കൊല്ലുന്നുവെന്നും അവരുടെ മൃതദേഹങ്ങളെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞിരുന്നു. പഴയ കോര്‍പ്‌സ് ഫാക്ടറി കഥയുടെ പുതുരൂപമാകും എന്ന് കരുതി ബ്രിട്ടീഷ് ഇന്റലിജന്‍സ് പോലും ഇതിനെ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഒരു സഹായവും ക്യാമ്പുകളിലേക്ക് എത്തിയില്ല. ഹിറ്റ്‌ലറുടെ ക്രൂരതകള്‍ പുറം ലോകം അറിഞ്ഞപ്പോള്‍ മരണസംഖ്യ ദശലക്ഷം കടന്നിരുന്നു.

ഒടുവില്‍ ജര്‍മനിയുടെ തെരുവുകളിലേക്ക് അലൈഡ് പവേര്‍സിന്റെ(ബ്രിട്ടന്‍, അമേരിക്ക, സോവിയറ്റ് യൂണിയന്‍)പട്ടാളം ഇരച്ചെത്തിയപ്പോഴേക്കും അറുപത് ലക്ഷത്തിലധികം ജീവനുകളാണ് നഷ്ടമായത്. കൃത്യമായ കണക്ക് ഇതിലും എത്രയോ അധികം വരും. കോര്‍പ്‌സ് ഫാക്ടറി റിപ്പോര്‍ട്ടും അതെപ്പറ്റിയുള്ള വിവാദങ്ങളും യുദ്ധകാല വാര്‍ത്തകളില്‍ ലോകത്തിനുള്ള വിശ്വാസം ഇല്ലാതാക്കിയിരുന്നു. ജര്‍മനിയില്‍ നടക്കുന്നു എന്ന പേരില്‍ പറഞ്ഞുകേട്ടതെല്ലാം ലോകം സന്ദേഹം കൊണ്ടളന്നു. ഇനിയുമൊരു കഥയില്‍ വിശ്വാസമര്‍പ്പിച്ച് യുദ്ധത്തിനിറങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. തക്ക സമയത്ത് ഇടപെടാത്തതിന്റെ കുറ്റബോധം ലോക മനസാക്ഷിയെ ലോകാവസാന ത്തോളം പൊള്ളിച്ചുകൊണ്ടിരിക്കും.
ഒരു താളില്‍ പുരണ്ട മഷിയ്ക്ക് അറുപത് ലക്ഷം മനുഷ്യജീവന്റെ വില!
കഥാവശേഷം
2014ല്‍ സ്റ്റീഫന്‍ ബാഡ്‌സേയുടെ ദി ജര്‍മന്‍ കോര്‍പ്‌സ് ഫാക്ടറി: എ സ്റ്റഡി ഇന്‍ ഫസ്റ്റ് വേള്‍ഡ് വാര്‍ പ്രൊപ്പഗാന്‍ഡ എന്ന പുസ്തകം പുറത്തുവന്നതോടെ ഒന്നാം ലോക മഹായുദ്ധവും വാര്‍ത്തകളും വീണ്ടും ചൂടന്‍ വിഷയമായി. യുദ്ധകാലത്ത് പ്രചരിച്ച പല കഥകളില്‍ ഒന്നിനെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഏറ്റെടുത്തതാണെന്നും അല്ലാതെ ദുരുദ്ദേശത്തോടെ മെനഞ്ഞെടുത്തതല്ല കോര്‍പ്സ് ഫാക്ടറി സംഭവമെന്നും പറയുന്നവരുണ്ട്. അനിശ്ചിതാവസ്ഥ നിറഞ്ഞ സംഘര്‍ഷ ഘട്ടത്തില്‍ സത്യമേതെന്ന് ഉറപ്പിക്കുക മാധ്യമങ്ങള്‍ക്കും പ്രയാസമായിരുന്നല്ലോ. കണ്ടതും കേട്ടതും കേട്ടെന്നു കരുതിയതും യുദ്ധവാര്‍ത്തകള്‍ എന്ന പേരില്‍ കടന്നുവന്നിട്ടുണ്ട്. ജര്‍മന്‍ പത്രങ്ങളില്‍ വന്ന cadaver എന്ന പദത്തെ corpse (മനുഷ്യരുടെ മൃതദേഹം) എന്ന് വിവര്‍ത്തനം ചെയ്തത് കൊണ്ടുണ്ടായ ആശയക്കുഴപ്പമാണിതെന്ന് മറ്റുചിലര്‍ പറയുന്നു. യുദ്ധാനന്തരകാലത്ത് ജര്‍മനിയുമായി കൈ കോര്‍ക്കാനുള്ള അഭിനയമായി ബ്രിട്ടന്റെ പില്‍ക്കാലത്തെ ഏറ്റുപറച്ചിലും കുറ്റസമ്മതതവും വിലയിരുത്തുന്നവരുണ്ട്. അല്ലായിരുന്നെങ്കില്‍ എല്ലാവരും മറന്ന കഥയെ 1925ല്‍ ബ്രിട്ടന്‍ രണ്ടാമത് പൊക്കിക്കൊണ്ടു വരേണ്ട കാര്യമെന്താണെന്നാണ് ഇക്കൂട്ടരുടെ സംശയം.
യുദ്ധമദം പൊട്ടിയ മനുഷ്യന്‍ കാട്ടിക്കൂട്ടിയ അരുംകൊലകളെക്കാള്‍ പൈശാചികമായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കോര്‍പ്സ് ഫാക്ടറിയുടെ കഥ. വാസ്തവമായാലും കെട്ടുകഥയായാലും ഗ്യാസ് ചേമ്പറില്‍ പിടഞ്ഞു തീര്‍ന്ന ഒരുപാട് പാവങ്ങളുടെ ഉയിരിന്റെ വില ബ്രിട്ടന്‍ ഒടുക്കിയെ തീരൂ.
Content Highlights: the corpse factory and media propaganda during the first world war
Published: 17 Jun 2023, 12:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented