1997-ൽ പുറത്തിറങ്ങിയ സിനിമയാണ് 'കൊയ്‌ല'. ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തും നായികാനായകൻമാരായ ചിത്രം, നിർമിച്ചതും സംവിധാനം ചെയ്തതും രാകേഷ് റോഷനാണ്. 12 കോടിക്ക് നിർമിച്ച സിനിമ, ബോക്‌സോഫീസിൽ കാര്യമായ ഇളക്കം സൃഷ്ടിച്ചില്ല.

നായികയായി സൊണാലി ബന്ദ്രെ എന്ന താരത്തെയായിരുന്നു ആദ്യം രാകേഷ് സമീപിച്ചത്. എന്നാൽ പിന്നീട് മാധുരിയിലെത്തുകയായിരുന്നു. തന്ഹായ്, ദേഖാ തുഛെ തുടങ്ങിയ കുറേ നല്ല പാട്ടുകളുമുണ്ട് സിനിമയിൽ. സിനിമ വിജയിച്ചില്ലെങ്കിലും, പാട്ടുകൾ ഏറെ ഹിറ്റായി. 18 ലക്ഷത്തിലേറെ കാസറ്റുകളാണ് അന്ന് വിറ്റുപോയത്.

വേറെ താരങ്ങളുണ്ടായിരുന്നിട്ടും സിനിമയുടെ പരാജയം മുഴുവൻ സംവിധായകൻ ഒരാളുടെ തലയിലിട്ടു, നായിക മാധുരി ദീക്ഷിത്തിന്റെ. പ്രേക്ഷകരുടെ ഹൃദയം കവരാൻ മാത്രമുള്ള സൗന്ദര്യം മാധുരിക്കില്ലാത്തതാണ് സിനിമയുടെ പരാജയമായി രാകേഷ് അന്ന് പറഞ്ഞത്. ഈ അഭിപ്രായത്തിനെതിരെ അന്ന് പ്രതിഷേധമുയരുകയും ചെയ്തു. അതേവർഷം മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം നേടിയത് മാധുരിയായിരുന്നു. 'ദിൽ തോ പാഗൽ ഹെ' എന്ന സിനിമയിലെ അഭിനയത്തിനായിരുന്നുവത്. ''ബാഗും പാക്ക് ചെയ്ത് എന്നോട് നാടുവിടാൻ പറഞ്ഞ നിരൂപകർക്ക് ഈ അവാർഡ് സമർപ്പിക്കുന്നു'' എന്നാണ് അവാർഡ് സ്വീകരിച്ചശേഷം മാധുരി പറഞ്ഞത്. ഇത് രാകേഷിനുള്ള മറുപടിയാണെന്നും അന്ന് വ്യാഖാനിക്കപ്പെട്ടു.

സിനിമ പരാജയപ്പെട്ടത് രാകേഷ് റോഷനെ വല്ലാതെ തകർത്തുവെന്ന് പിന്നീട് മകൻ ഹൃത്വിക് റോഷൻ പറഞ്ഞിട്ടുണ്ട്. മാനസികമായും സാമ്പത്തികമായുമെല്ലാം അദ്ദേഹം തകർന്നുപോയി. ''അദ്ദേഹം തന്റെ പണം മുഴുവൻ ഈ സിനിമയിൽ നിക്ഷേപിച്ചിരുന്നു. അതുകൊണ്ടാവാം സിനിമയുടെ പരാജയം വിഷമിപ്പിച്ചത്''. ജീവിതത്തിൽ ആകെ മൂന്നുതവണയേ രാകേഷ് റോഷൻ കരഞ്ഞിട്ടുള്ളൂവെന്നും അതിൽ ആദ്യത്തെ കാരണം 'കൊയ്‌ല'യുടെ പരാജയമാണെന്നും ഹൃത്വിക് പറയുന്നു. ''അദ്ദേഹത്തിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. പല സ്ഥലത്തും നിക്ഷേപിച്ചിരുന്നു. അതും പോയി. ആർക്കോ കുറച്ച് പണം കടംകൊടുത്തിരുന്നു. അയാൾ ആ പണവും കൊണ്ട് നാടുവിടുകയും ചെയ്തു. അത്രയും മോശമായ സമയമായിരുന്നു'', ഹൃത്വിക് ഓർക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi