ദീപികാ പദുകോണ്‍ വീണ്ടും സിനിമയില്‍ സജീവമായിക്കാണാന്‍ ആഗ്രഹിച്ചു കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. കുഞ്ഞുണ്ടായതിനുശേഷം സിനിമാതിരക്കുകളില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്തതായിരുന്നു അവര്‍. മാസങ്ങള്‍ നീണ്ട വിശ്രമത്തിനുശേഷം ഫാഷന്‍ ഷോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഇന്‍ഡസ്ട്രിയുമായി അധികം അകലാതെ ദീപിക നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെ പെട്ടെന്നാണ് ദീപികയെ ചുറ്റിപ്പറ്റി ഒരു വാര്‍ത്ത വന്നത്. 

സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കിങ്ങി'ല്‍ ദീപിക ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണത്. ദീപിക-ഷാരൂഖ് വിജയജോടികള്‍ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുമെന്ന് കേട്ടതോടെ ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ അമ്മവേഷത്തില്‍ ദീപിക വെള്ളിത്തിരയിലെത്തുമെന്നും പിന്നാലെ വിവരങ്ങള്‍ പുറത്തുവന്നു. അതിഥി താരമായിട്ടായിരിക്കും ദീപികയെത്തുകയെന്നും എന്നാല്‍ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കുമെന്നുമെല്ലാം സിനിമാ ഗോസിപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു. 

ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങള്‍ക്ക് ദീപികയുടെ കഥാപാത്രം ഏറെ അവിഭാജ്യമാണ്, ഷാരൂഖ് ഖാനും സിദ്ധാര്‍ഥ് ആനന്ദും ദീപികയെതന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു, പൂര്‍ണമായ, ലീഡ് കഥാപാത്രമല്ലെങ്കിലും ദീപിക ആവേശത്തോടെയാണ് കഥാപാത്രത്തെ സ്വീകരിച്ചത് എന്നെല്ലാമായിരുന്നു മാധ്യമങ്ങളില്‍ വന്ന വിശദീകരണങ്ങള്‍. 

അതിനിടെ, 'ഫാള്‍സ്' എന്നൊരു പോസ്റ്റ് സിദ്ദാര്‍ഥ് എക്‌സില്‍ കുറിച്ചത് വീണ്ടും ചര്‍ച്ചയ്ക്കിടയാക്കി. ദീപിക പദുകോണ്‍ ചിത്രത്തിലില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നുമാണ് സംവിധായകന്‍ ഇതുകൊണ്ടുദ്ദേശിച്ചതെന്ന് ചിലര്‍. ദീപികയ്ക്ക് സുഹാനയുടെ അമ്മയുടെ റോളല്ലെന്നും, ലീഡ് റോളാവാമെന്നും മറ്റുചിലരും.  

സംവിധായകന്‍ കൃത്യമായി കാര്യങ്ങള്‍ തുറന്നുപറയാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദീപികയുടെ ചിത്രത്തിലെ റോള്‍ സംബന്ധിച്ച് അഭ്യൂഹം നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും അത് മാര്‍ക്കറ്റിങ് തന്ത്രമാണെന്നും വിലയിരുത്തുന്നവരുമുണ്ട്. 

അറ്റ്‌ലിയുടെ 'ജവാനി'ല്‍ ഷാരൂഖ് ഖാന്റെ നായികയായും അമ്മയായും ദീപികയെത്തിയിരുന്നു. 'ബ്രഹ്മാസ്ത്ര'യുടെ പാര്‍ട്ട് -1-ല്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മയുടെ വേഷവും ചെയ്തു. പ്രഭാസ് നായകനായ 'കല്‍ക്കി' എന്ന ചിത്രത്തില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലാണ് ദീപികയെത്തിയത്. 

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പത്താനും ജവാനുമടക്കം ദീപികയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ആറാമത്തെ ചിത്രമായിരിക്കും കിങ്. 2026-ല്‍ വൈആര്‍എഫിന്റെ 'പത്താന്‍-2'-ല്‍ ഇരുവരും ഒന്നിച്ചേക്കുമെന്നും വിവരമുണ്ട്. 'കിങ്ങി'ല്‍ അഭിഷേക് ബച്ചനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അഭയ് വര്‍മയും പ്രധാനവേഷത്തിലെത്തുന്നു. ഇക്കൊല്ലം മേയ്, ജൂണ്‍ മാസങ്ങളിലായി ഷൂട്ടിങ് തുടങ്ങും. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.