ഹൊറര്‍ സിനിമകള്‍ക്ക് ആരാധകരേറെയുണ്ട്. ഹോളിവുഡില്‍ അനബെല്‍, കോണ്‍ജുറിങ്, ഇന്‍സിഡിയസ് തുടങ്ങി വിജയകരമായ ഹൊറര്‍ ഫ്രാഞ്ചൈസികൾ കാലാകാലങ്ങളായി പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ബോളിവുഡിലും ഹൊറര്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. സിനിമയേക്കാള്‍ പേടിപ്പിക്കുന്ന അനുഭവങ്ങള്‍ സെറ്റില്‍ ഉണ്ടായതായി ചില ബോളിവുഡ് താരങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരം ചില അനുഭവങ്ങള്‍ വായിക്കാം.

മുഖമില്ലാത്ത രൂപം

2018-ല്‍ പുറത്തിറങ്ങിയ ‘സ്ത്രീ’ സിനിമ വലിയ ഹിറ്റായിരുന്നു. ശ്രദ്ധാ കപൂറും രാജ്കുമാര്‍ റാവുവുമാണ് മുഖ്യ വേഷങ്ങള്‍ ചെയ്തത്. 2024-ല്‍ പുറത്തിറങ്ങിയ ‘സ്ത്രീ 2’ വന്‍ വിജയമായിരുന്നു. മധ്യപ്രദേശിലെ ചന്ദേരി ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. ‘സ്ത്രീ’ സിനിമയിലെ ഗ്രാമത്തില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീ എന്ന ആത്മാവുള്ളതായി ഒരു വിശ്വാസമുണ്ട്. അവളെ പേടിച്ച് ജീവിക്കുന്നവരാണ് ആ നാട്ടുകാര്‍.

placeholder
രാജ്കുമാർ റാവു(AFP)

ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് നടന്‍ രാജ്കുമാര്‍ റാവുവിന് അമ്പരപ്പിക്കുന്ന ഒരനുഭവം ഉണ്ടായത്. ചന്ദേരിയില്‍ ഷൂട്ടിങ് നടക്കുന്ന കോട്ടയെ ചുറ്റിപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ പല കഥകളുമുണ്ട്. അതിനടുത്തുള്ള വിജനമായ വഴിയില്‍ പല അസാധാരണ സംഭവങ്ങളും നടന്നതായി നാട്ടുകാര്‍ വിശ്വസിക്കുന്നു. അതേപ്പറ്റി സിനിമാസംഘത്തെ അവര്‍ താക്കീത് ചെയ്തിരുന്നു. അതൊന്നും വക വെക്കാതെയാണ് ഷൂട്ടിങ് മുന്നോട്ടു കൊണ്ടുപോയത്.

ഒരു രാത്രി ഷൂട്ടിങ്ങിനിടെ, കൊട്ടാരത്തിനു പുറത്തുവെച്ച് രാജ്കുമാര്‍ റാവുവിന്റെ ഫോട്ടോ എടുത്തു. സൂക്ഷിച്ച് നോക്കിയപ്പോള്‍ ആ ഫോട്ടോയില്‍ വിചിത്രമായ ഒരു കാഴ്ച രാജ്കുമാര്‍ കണ്ടു. തനിക്ക് പിന്നില്‍ കാണുന്ന കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ മുഖമില്ലാത്ത ഒരു രൂപം. അപ്പോള്‍ സമയം രാവിലെ 2:45 ആയിരുന്നെന്നും താരം ഓര്‍ക്കുന്നു.

ആ പാട്ടുപാടിയതാര് ?

ബോളിവുഡിന്റെ ബിപ്‌സ് എന്ന ബിപാഷ ബസു കേന്ദ്രകഥാപാത്രമായ ‘ആത്മ: ഫീല്‍ ഇറ്റ് എറൗണ്ട് യൂ’ പുറത്തിറങ്ങിയത് 2013-ലാണ്. സുപര്‍ണ്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമയിലെ ബിപാഷയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ കടുത്ത ഉപദ്രവം സഹിക്കാനാകാതെ വിവാഹമോചനം തേടുന്ന മായയാണ് സിനിമയുടെ കേന്ദ്രം. മകളെ ചേര്‍ത്തുപിടിച്ചു പുതുജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണവള്‍. എന്നാല്‍ ഒരപകടത്തില്‍ കൊല്ലപ്പെടുന്ന ഭര്‍ത്താവിന്റെ ആത്മാവ് മകളെ അവളില്‍ നിന്നും അടര്‍തിയെടുക്കാന്‍ ശ്രമിക്കുന്നതും അവരതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

placeholder
ബിപാഷ ബസു (PTI)

ഈ സിനിമയുടെ സെറ്റില്‍ ഒരു നെഗറ്റിവ് എനര്‍ജി ഉണ്ടായിരുന്നതായി ബിപാഷ പറഞ്ഞിട്ടുണ്ട്. ഒരു രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സ്ത്രീ പാടുന്നതായി സെറ്റില്‍ എല്ലാവരും കേട്ടു. എന്നാല്‍ റെക്കോഡിങ്ങില്‍ ആ ശബ്ദം ഉണ്ടായിരുന്നില്ല. ചെറു കാറ്റ് പോലും കടക്കാതിരുന്ന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന ഫോട്ടോ താഴെ വീണതും ബിപാഷ ഓര്‍ത്തെടുത്തു. ചുമരിലെ ആണിക്ക് ഇളക്കമൊന്നും സംഭവിച്ചിരുന്നില്ല. പിന്നെ ഫോട്ടോയെങ്ങനെ വീണെന്ന് ആര്‍ക്കുമറിയില്ല.

ആപ്പില്‍ കണ്ട പ്രേതം

മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി റീമേക്കാണ് 2007-ല്‍ റിലീസായ പ്രിയദര്‍ശന്‍ ചിത്രം ‘ഭൂല്‍ ഭുലയ്യ’. സിനിമയ്ക്ക് ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യത ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിന്റെ പിറവിക്ക് കാരണമായി. 2024-ല്‍ ‘ഭൂല്‍ ഭുലയ്യ’ക്ക് മൂന്നാം ഭാഗമിറങ്ങി.

placeholder
കാർത്തിക് ആര്യൻ

സിനിമയില്‍ നായകനായ കാര്‍ത്തിക് ആര്യന്‍ തനിക്കുണ്ടായ ഞെട്ടലിന്റെ കഥ വിശദമായി ഒരിക്കല്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഒരു സെമിത്തേരിയില്‍ ഷൂട്ടിങിലായിരുന്നു കാര്‍ത്തിക്. ഷൂട്ടിങിനിടെയുള്ള ലഘു ഇടവേള. ഒരു അസിസ്റ്റന്റ് ഫോണിലെ ഗോസ്റ്റ് ഫൈന്‍ഡര്‍ ആപ്പ് കാര്‍ത്തിക്കിന് കാട്ടിക്കൊടുത്തു.

തമാശയ്ക്ക് ആപ്പ് തുറന്ന കാര്‍ത്തിക്കിനോട് തൊട്ടടുത്തുതന്നെ ആത്മാവുണ്ടെന്ന് ആപ്പ് പറഞ്ഞു. തോമസ് എന്നയാളുടെ കല്ലറയുടെ അടുത്ത് പ്രേതമുണ്ടെന്നാണ് ആപ്പ് കാണിച്ചത്. അതായിരുന്നു കാര്‍ത്തിക്ക് ഷൂട്ടിങ്ങിനു നില്‍ക്കേണ്ട സ്ഥലം. ആകെ പേടിച്ചുപോയെന്നും ഒരുവിധത്തില്‍ സംവിധായകനെ പറഞ്ഞു സമ്മതിപ്പിച്ച് അവിടന്ന് ഷൂട്ടിങ് മാറ്റിയെന്നും കാര്‍ത്തിക് പറയുന്നു.

പേടിപ്പിച്ച ശബ്ദങ്ങള്‍

‘ഗാങ്‌സ് ഓഫ് ഗോസ്റ്റ്‌സ്’ എന്ന സിനിമയുടെ സെറ്റിലും സമാനമായ വിചിത്രസംഭവങ്ങള്‍ ഉണ്ടായെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സോഹ അലി ഖാന്‍, ശര്‍മന്‍ ജോഷി, മാഹി ഗില്‍ എന്നിവരായിരുന്നു സിനിമയുടെ പ്രധാന അഭിനേതാക്കള്‍.

placeholder
സോഹ അലി ഖാൻ (AFP)

 

സെറ്റിലെ ഒഴിഞ്ഞ മുറികളില്‍ നിന്ന് ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പതിവായിരുന്നു എന്ന് സോഹ ഒരഭിമുഖത്തില്‍ പറഞ്ഞു. ആളില്ലാതെ ശബ്ദമുണ്ടാകുന്നത് എല്ലാരിലും പരിഭ്രാന്തി പടര്‍ത്തി. എന്തെങ്കിലും അപകടം ഉണ്ടാകുന്നതിനു മുന്‍പ് സെറ്റിലുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഒഴിഞ്ഞുപോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മേല്‍പറഞ്ഞതെല്ലാം ഹൊറര്‍ സിനിമയ്ക്കിടെ സെറ്റില്‍ ഉണ്ടായ അനുഭവങ്ങള്‍ മാത്രമാണ്. അല്ലാതെ ഹോട്ടല്‍ മുറികളിലും യാത്രകള്‍ക്കിടയിലും ഉണ്ടായ പാരാനോര്‍മല്‍ അനുഭവങ്ങള്‍ നിരവധി ബോളിവുഡ് അഭിനേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഹോറര്‍ സിനിമയുടെ സെറ്റിലുണ്ടായി എന്ന് പറയപ്പെടുന്നതൊക്കെ സിനിമയുടെ പ്രമോഷനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്.

ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് നടി നുഷ്രത് ബറൂച്ചയ്ക്ക് പേടിപ്പിക്കുന്ന അനുഭവമുണ്ടായത്. അതിരാവിലെയുള്ള ഫ്ളൈറ്റിന് പോകും മുന്‍പ് വിശ്രമിക്കാനായി ഹോട്ടലില്‍ മുറിയെടുത്തതായിരുന്നു അവര്‍. രാത്രി എന്തോ അനക്കം കേട്ട് എഴുന്നേറ്റു. മുറിയില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കട്ടിലില്‍ തുറന്നുവെച്ചിരുന്ന ബാഗ് ആരോ താഴെ എടുത്ത് വെച്ചിരിക്കുന്നു. പിന്നീടൊരിക്കലും ആ ഹോട്ടലിലേക്ക് പോയിട്ടില്ലെന്ന് നുഷ്രത്.

‘ബാജിറാവോ മസ്താനി’ എന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ യഥാര്‍ഥ ബാജിറാവുവിന്റെ ആത്മാവിനെ കണ്ട കഥ രണ്‍വീര്‍ സിങ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈയടുത്തിടെ തനിക്കുണ്ടായ പാരാനോര്‍മല്‍ അനുഭവം സാമൂഹ്യമാധ്യമം വഴി നടി സൊനാക്ഷി സിന്‍ഹ പറഞ്ഞതും വാര്‍ത്തയായി. ഊട്ടിയിലെ ഫേണ്‍ഹില്‍ പാലസില്‍ വെച്ചുള്ള ഷൂട്ടിംഗിനിടെ ‘റാസ് ‘സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പലവട്ടമാണ് സൂപ്പര്‍നാചുറല്‍ ശക്തികളുടെ ഇടപെടല്‍ അനുഭവപ്പെട്ടത്. അമേരിക്കയിലെ ഒരു ഹോട്ടല്‍ താമസത്തിനിടെയുണ്ടായ വിചിത്രാനുഭവങ്ങളെപ്പറ്റി നടന്‍ വരുണ്‍ ധവാനും മുന്‍പ് സംസാരിച്ചിട്ടുണ്ട്.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi