സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമാണ് 'ദി ബാ...ഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ്സീരീസ്. സീരീസിലൂടെ, ഇത്തവണത്തെ മികച്ച നവാഗത സംവിധായകനുള്ള എൻഡിടിവിയുടെ പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിനാണ്. ന്യൂഡൽഹിയിൽ വെള്ളിയാഴ്ച നടന്ന എൻഡിടിവി ഇന്ത്യൻ ഓഫ് ദി ഇയർ പരിപാടിയിൽ ആര്യൻ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു, ഇതിനിടെ, അദ്ദേഹം നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനെപ്പോലെ തനിക്കും പുരസ്കാരങ്ങൾ ഇഷ്ടമാണെന്ന് ആര്യൻ സമ്മതിക്കുന്നുണ്ട്, എങ്കിലും ഈ വിജയം ഷാരൂഖിനുള്ളതല്ലെന്നും പകരം അമ്മ ഗൗരി ഖാനായിരിക്കും ഇത് സമർപ്പിക്കുന്നതെന്നും ആര്യൻ പറഞ്ഞു.

പുരസ്കാര ചടങ്ങിൽ ആര്യൻ്റെ കൂടെ മുത്തശ്ശിയും ഗൗരിയുടെ അമ്മയുമായ സാവിത്രി ഛിബ്ബറും ഉണ്ടായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളിൽ ഇത്രയധികം വിശ്വാസം അർപ്പിച്ചതിനും തൻ്റെ കൂടെ ഇത്രയധികം സ്നേഹത്തോടെയും കഠിനാധ്വാനത്തോടെയും താല്പര്യത്തോടെയും പ്രവർത്തിച്ചതിനും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നെറ്റ്ഫ്ലിക്സിനും ആര്യൻ നന്ദി പറഞ്ഞു.

"ഇതെന്റെ ആദ്യത്തെ പുരസ്കാരമാണ്, ഇനിയും ധാരാളം പുരസ്കാരങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ, കാരണം എൻ്റെ അച്ഛനെപ്പോലെ എനിക്കും പുരസ്കാരങ്ങൾ വളരെ ഇഷ്ടമാണ്. എന്നാൽ ഈ പുരസ്കാരം അദ്ദേഹത്തിനല്ല. ഇതെന്റെ അമ്മയ്ക്കാണ്, കാരണം എൻ്റെ അമ്മ എപ്പോഴും എന്നോട് പറയും വേഗം ഉറങ്ങണം, ആളുകളെ പരിഹസിക്കരുത്, തെറി വാക്കുകൾ ഉപയോഗിക്കരുത് എന്നൊക്കെ. ഇതെല്ലാം കൊണ്ടാണ് ഇന്നെനിക്ക് ഈ പുരസ്കാരം ലഭിച്ചത്. എൻ്റെ അമ്മയെ ലോകത്തിലെ ഏറ്റവും സന്തോഷവതിയാക്കിയതിന് നന്ദി, ഇന്ന് വീട്ടിൽ പോകുമ്പോൾ എനിക്കുള്ള വഴക്ക് അൽപം കുറയും"-ആര്യൻ പറഞ്ഞു.

ആര്യൻ സംസാരിക്കുമ്പോൾ മുത്തശ്ശി വികാരഭരിതയായിരുന്നു. പ്രസംഗത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബറിലാണ് 'ദി ബാ...ഡ്സ് ഓഫ് ബോളിവുഡ്' പുറത്തിറങ്ങിയത്.

ലക്ഷ്യ, രാഘവ് ജുയൽ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആക്ഷേപ ഹാസ്യ പരമ്പരക്ക് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹിന്ദി സിനിമാ ലോകത്തെ അധികാര വടംവലികളും പുറത്തുനിന്നുള്ളവർ നേരിടുന്ന വെല്ലുവിളികളുമൊക്കയാണ് പ്രമേയം. ഐഎംഡിബിയുടെ 2025-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സീരീസായും ഇത് തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi