രണ്‍ബീര്‍ കപൂറിനൊപ്പം സിനിമ ചെയ്തതിനെക്കുറിച്ചും ചിത്രത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും തുറന്നു സംസാരിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റെ പുതിയ ചിത്രമായ 'നിഷാഞ്ചി'യുടെ പ്രചാരണത്തിനിടെ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. അനുരാഗ് കശ്യപ് 2013-ല്‍ പുറത്തിറങ്ങിയ ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.

രണ്‍ബീര്‍ ഒരുപാട് സമര്‍പ്പണമുള്ള നടനാണ് എന്നാണ് അനുരാഗിന്റെ പരാമര്‍ശം. 'അദ്ദേഹം ഒരുപാട് സമര്‍പ്പണമുള്ള നടനാണ്. അതില്‍ എനിക്ക് ഉത്തരവാദിത്തം തോന്നുന്നുണ്ട്. അദ്ദേഹം അത്രയധികം പരീക്ഷണങ്ങള്‍ ചെയ്യുന്നത് നിര്‍ത്തി. സന്ദീപ് റെഡ്ഡി വാങ്കയുടെ ആനിമല്‍ ഒരു പരീക്ഷണമായിരുന്നു. അദ്ദേഹം തന്റെ സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഒരിക്കല്‍ വിശ്വസിച്ചാല്‍, അദ്ദേഹം പൂര്‍ണ്ണമായി അതിലേക്ക് ഇറങ്ങിച്ചെല്ലും. എന്നാല്‍ അദ്ദേഹത്തിന് ഒരുപാട് സ്വയം സംശയം തോന്നിയ ഒരു കാലഘട്ടവുമുണ്ടായിരുന്നു.' അനുരാഗ് പറയുന്നു.

'അത് മൂന്ന് സിനിമകളുടെ ഒരു പരമ്പരയായിരുന്നു. എന്റെ സിനിമ, എന്റെ സഹോദരന്റെ സിനിമ (അഭിനവ് കശ്യപിന്റെ ബേശാറം) പിന്നെ അനുരാഗ് ബസു സംവിധാനം ചെയ്ത ജഗ്ഗാ ജാസൂസ് എന്നിവ. അതിനുശേഷം അദ്ദേഹം പെട്ടെന്ന് പരീക്ഷണങ്ങള്‍ നിര്‍ത്തി. പക്ഷേ അദ്ദേഹത്തിന്റെ പ്രതിബദ്ധത ഗംഭീരമാണ്. അദ്ദേഹത്തിന് തെറ്റുപറ്റാറില്ല, തെറ്റുപറ്റുന്നത് സംവിധായകനാണ്. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് ഒരു നല്ല സിനിമയുണ്ടാക്കുന്നത്, എന്നാല്‍ സംവിധായകരാണ് മോശം സിനിമകളുണ്ടാക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുരാഗ് പരാമര്‍ശിച്ച മൂന്ന് സിനിമകളിലും രണ്‍ബീറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. രണ്‍ബീറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം അനിമല്‍ ആയിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ആഗോളതലത്തില്‍ 800 കോടി രൂപയാണ് ചിത്രം നേടിയത്.

രാമായണയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളുള്ള ഒരു പുരാണ ഇതിഹാസമാണ്. രണ്‍ബീര്‍ രാമനായി അഭിനയിക്കുന്ന ചിത്രത്തില്‍ യഷ് (രാവണന്‍), സായ് പല്ലവി (സീത), സണ്ണി ഡിയോള്‍ (ഹനുമാന്‍), അമിതാഭ് ബച്ചന്‍ (ജടായു), രവി ദുബെ (ലക്ഷ്മണന്‍) എന്നിവരും അഭിനയിക്കുന്നു. ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും സംഗീതം നല്‍കുന്ന ഈ ചിത്രം 2026-ലെ ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi