ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും മുൻഭാര്യ മോന ഷൂരി കപൂറിന്റെയും മക്കളാണ് അൻഷുല കപൂറും അർജുൻ കപൂറും. മാതാപിതാക്കളുടെ വേർപിരിയലും പിതാവ് നടി ശ്രീദേവിയെ വിവാഹം ചെയ്തതും തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതത്തെപ്പറ്റി തുറന്നുപറയുകയാണ് അൻഷുലയിപ്പോൾ.

സ്കൂൾ ജീവിതത്തെ അത് കാര്യമായി ബാധിച്ചുവെന്നും പിതാവിൻ്റെ വ്യക്തിജീവിതം പരസ്യമാകുമ്പോൾ താനൊരു കുട്ടി മാത്രമായിരുന്നു എന്നും അൻഷുല ഓർമിച്ചു. “ഞാൻ ഒന്നാം ക്ലാസ്സിലായിരുന്നു. ചില കുടുംബങ്ങൾ ഞങ്ങളോട് അകലം കാണിച്ചു, അവരുടെ കുട്ടികൾ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് എന്തെങ്കിലും പ്രശ്നത്തിന്റെ ഭാഗമാകാനും അവർ ആഗ്രഹിച്ചില്ല, തൊണ്ണൂറുകളിൽ സ്കൂൾ കഴിഞ്ഞ് കുട്ടികൾ പരസ്പരം വീടുകളിൽ ഒത്തുകൂടുന്നത് സാധാരണമായിരുന്നു, എനിക്കത് പലപ്പോഴും നഷ്ടപ്പെട്ടു.”-അവർ പറഞ്ഞു.

ബോണി-ശ്രീദേവി വിവാഹശേഷം ജീവിതം മാറി

1996-ൽ ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിച്ചതിന് ശേഷം കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായി. ആളുകളുടെ പെരുമാറ്റം പ്രകടമായി മാറി. “സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും എന്നോട് പെരുമാറിയ രീതിയിൽ വലിയ മാറ്റമുണ്ടായി. വൈകാരികവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സമയമായിരുന്നു, ബോണിയും ശ്രീദേവിയും സെലിബ്രിറ്റികളായതിനാൽ എല്ലാ കാര്യങ്ങളും കൂടുതൽ പരസ്യമായെ”ന്നും അവർ കൂട്ടിച്ചേർത്തു.

വേർപിരിയൽ വിലക്കായിരുന്നു

”വിവാഹമോചനവും വേർപിരിയലും അന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. സാഹചര്യം മനസ്സിലാക്കാതെ പലരും വിധികൽപ്പിച്ചു. ആരുടെയും സ്വഭാവത്തിൽ തെറ്റില്ലെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു, അതിനുശേഷം സമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റമുണ്ടായി.”-അൻഷുല പറഞ്ഞു.

ശ്രീദേവിയുടെ മരണത്തിനു പിന്നാലെയാണ് ശ്രീദേവിയുടെ മക്കളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരുമായി അർജുനും അൻഷുലയും അടുക്കുന്നത്. ഇപ്പോൾ പരസ്പരം വലിയ സ്നേഹത്തിലാണവർ. മോന കപൂർ അർബുദത്തെത്തുടർന്ന് ഏതാനും വർഷങ്ങൾക്കുമുമ്പേ മരിച്ചു.