പതിറ്റാണ്ടുകളായി ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാണ് അനില്‍ കപൂര്‍. 40 വര്‍ഷത്തിലേറെയായി നടന്‍ ഹിന്ദി സിനിമയുടെ ഭാഗമാണ്. ഒരിക്കല്‍, ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ, ഒരു പ്രമുഖ നടി അദ്ദേഹത്തോടൊപ്പം ഒരു പ്രണയരംഗം ചിത്രീകരിക്കാന്‍ പൂര്‍ണ്ണമായും വിസമ്മതിച്ച ഒരു സംഭവമുണ്ട്. ഡിംപിള്‍ കപാഡിയ ആണ് ആ നടി.

കഥ ഇങ്ങനെയാണ്, 1986-ല്‍ 'ജന്‍ബാസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ സംഭവം നടക്കുന്നത്. ഫിറോസ് ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയയ്ക്കൊപ്പം അനില്‍ കപൂര്‍ ആയിരുന്നു നായകന്‍. ആസൂത്രണം ചെയ്ത നിരവധി സീക്വന്‍സുകളില്‍ ഒന്ന് അനിൽ കപൂറിന്റെ കൂടെയുള്ള ഒരു ഇന്റിമേറ്റ് രംഗമായിരുന്നു. രണ്ട് അഭിനേതാക്കളും ഷൂട്ടിങ്ങിനായി തയ്യാറായി എത്തിയെങ്കിലും കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറി.

അനില്‍ കപൂര്‍ ഷര്‍ട്ട് ഊരിവെച്ച ഉടനെ സെറ്റിലെ അന്തരീക്ഷം പൂര്‍ണ്ണമായും മാറി. ഷര്‍ട്ടിടാതെ അനിലിനെ കണ്ട നിമിഷം ഡിംപിള്‍ കപാഡിയ ഷൂട്ടിങ്ങുമായി മുന്നോട്ട് പോകാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ നെഞ്ചിലെ രോമങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു എന്നായിരുന്നു ഇതിന്റെ പിന്നിലെ കാരണമായി അന്ന് പ്രചരിച്ച കഥകള്‍.

വളരെയധികം നിര്‍ബന്ധിച്ചിട്ടും സംവിധായകന്‍ ഫിറോസ് ഖാന്‍ നേരിട്ട് ഇടപെടുന്നതുവരെ ഡിംപിള്‍ ഉറച്ചുനിന്നുവെന്ന് പറയപ്പെടുന്നു. നിരവധി അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം, ഒടുവില്‍ അവര്‍ ആ രംഗം ചിത്രീകരിക്കാന്‍ സമ്മതിച്ചു. എന്നിട്ടും അവര്‍ അനിലിനെ പിന്നീട് കുറച്ചുനേരം 'ബാല്‍ കി ദുകാന്‍' (മുടി നിറഞ്ഞ കട) എന്ന് വിളിച്ചു കളിയാക്കി.

എന്നാല്‍ അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ചിത്രം ഹിറ്റായി മാറി. ചിത്രത്തിലെ ഗാനങ്ങള്‍ പോലും ജനപ്രിയമായി മാറി. സിനിമയിലെ ഒരു പാട്ടുസീനിലുള്ള നടി ശ്രീദേവിയുടെ അതിഥി വേഷവും അന്ന്  ഏറെ ശ്രദ്ധിക്കപ്പെട്ടു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi