2007-ലായിരുന്നു ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം. അതിനുമുമ്പ് 2004-ല്‍ അമിതാഭ് ബച്ചനൊപ്പം കാക്കി എന്ന ചിത്രത്തില്‍ ഐശ്വര്യ വേഷമിട്ടിരുന്നു. അക്ഷയ് കുമാര്‍, തുഷാര്‍ കപൂര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായുണ്ട്. നാസിക്കില്‍ വെച്ചുനടന്ന ചിത്രീകരണത്തിനിടെ ഐശ്വര്യ റായിക്ക് വലിയൊരു അപകടം പറ്റിയതിനെപ്പറ്റി ഓര്‍ത്തെടുക്കുകയാണ് അമിതാഭ് ബച്ചന്‍. എല്ലാവരെയും ഞെട്ടിച്ച അപകടമായിരുന്നു അതെന്ന് ബച്ചന്‍ പറയുന്നു. 

സ്റ്റണ്ട്മാന്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് വന്നപ്പോള്‍ അത് തെന്നിമാറുകയും നിയന്ത്രണം വിട്ട് ഐശ്വര്യയുടെ കസേരയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നെന്ന് ബച്ചന്‍ പറയുന്നു. അമിതവേഗതയില്‍ വന്ന കാര്‍ ഐശ്വര്യയെയും തുഷാറിനെയും ഞെട്ടിച്ചു, അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, തൊട്ടുപിന്നാലെ അക്ഷയ് കുമാര്‍ വന്ന് ഐശ്വര്യയുടെ ശരീരത്തില്‍നിന്ന് കാര്‍ തള്ളിമാറ്റി, ശേഷം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടവാര്‍ത്ത മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചെറിയ പരിക്കെന്നാണ് അതിനെ വിശേഷിപ്പിച്ചത്. തനിക്ക് അതില്‍ അതൃപ്തിയുണ്ടായിരുന്നെന്നാണ് ബച്ചന്‍ പറയുന്നത്. 'മകളെ മുംബൈയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഐശ്വര്യയുടെ അമ്മയോട് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം സംഘടിപ്പിച്ചു, നാസിക്കില്‍ രാത്രി ലാന്‍ഡിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 45 മിനിറ്റ് അകലെയുള്ള സൈനിക താവളത്തില്‍ വിമാനം ഇറക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങേണ്ടി വന്നു. വിമാനത്തില്‍ നിന്ന് സീറ്റുകള്‍ നീക്കം ചെയ്യേണ്ടിവന്നു'- റെഡിഫുമായുള്ള അഭിമുഖത്തില്‍ ബച്ചന്‍ പറഞ്ഞു.

അപകടത്തിന് ശേഷം രണ്ട് രാത്രികള്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ബച്ചന്‍ അനുസ്മരിച്ചു. 'രണ്ടു രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എന്റെ കണ്‍മുന്നിലാണ് ഇത് സംഭവിക്കുന്നത്! ഐശ്വര്യയുടെ മുതുകില്‍ കള്ളിച്ചെടി മുള്ളുകള്‍ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിന്‍ഭാഗത്തെ അസ്ഥി ഒടിഞ്ഞിരുന്നു, ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു. പക്ഷേ പരിക്ക് നിസാരമാണെന്നായിരുന്നു റിപ്പോര്‍ട്ടെ'ന്നും അദ്ദേഹം പറഞ്ഞു.