താരങ്ങളായ ശ്രീദേവിയും അക്ഷയ് കുമാറും ഒരേയൊരു സിനിമയിലേ നായികാനായകൻമാരായിട്ടുള്ളൂ. 2004-ൽ റിലീസായ 'മേരി ബീവി കാ ജവാബ് നഹി' എന്ന ചിത്രത്തിലാണത്. കുറേ കാരണങ്ങൾ കൊണ്ട് ആ സിനിമ ബോക്‌സോഫീസിൽ പരാജയപ്പെടുകയായിരുന്നു. ക്ലൈമാക്‌സില്ലാതെ പുറത്തിറങ്ങിയ സിനിമ, ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ചിത്രീകരിച്ച് 10 വർഷത്തിനുശേഷം പുറത്തിറങ്ങിയ സിനിമ...അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ടതിന്.

1992-ൽ പുറത്തിറങ്ങിയ തെലുഗുസിനിമ 'മൊണ്ടി മൊഗുഡു പെങ്കി പെല്ലം' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണിത്. 1994-ലാണ് ചിത്രീകരണം തുടങ്ങിയത്. അക്ഷയ് കുമാർ ഏറെ ആരാധിച്ചിരുന്ന താരമാണ് ശ്രീദേവി. ആരാധനയ്‌ക്കൊപ്പം തന്നെ അവരുടെ കൂടെ അഭിനയിക്കുന്നതിന്റെ സമ്മർദവും പേറിയാണ് സെറ്റിലെത്തിയത്. അക്ഷയ് അന്ന് സൂപ്പർതാരമായിട്ടില്ല, ശ്രീദേവിയാണെങ്കിൽ ലേഡി സൂപ്പർസ്റ്റാറും. അതായിരുന്നു അക്ഷയുടെ പേടിക്ക് കാരണം. ഇടയ്ക്കിടെ ഡയലോഗുകൾ മറക്കാൻ തുടങ്ങി അക്ഷയ്.

''കോടതിമുറിയിലെ ഒരു സീൻ ചിത്രീകരിക്കുകയായിരുന്നു. നീണ്ട ഡയലോഗുകളുണ്ട്. എത്രയായിട്ടും ശരിയാവുന്നില്ല. കുറേ ടേക്കുകൾ കഴിഞ്ഞപ്പോൾ ശ്രീദേവി എന്റടുത്തേക്ക് വന്നു, 'അയാളോട് റിഹേഴ്‌സൽ എടുക്കാൻ പറയൂ, എത്ര ടേക്കാണ് പോവുന്നത്' എന്ന് അവരെന്നോട് പറഞ്ഞു. ഒടുവിൽ 36-ാമത്തെ ടേക്കിലാണ് ശരിയായത്'', സംവിധായകൻ പങ്കജ് പരാശർ പിന്നീട് ചിത്രീകരണസമയത്തെ കഥകൾ ഓർത്തെടുത്തതിങ്ങനെ. സിനിമ വിജയിച്ചില്ലെങ്കിലും, അക്ഷയുടെ കരിയറിനെ ഈ സിനിമ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു.2016-ൽ 'കോഫി വിത്ത് കരണി'ന്റെ ഒരു എപ്പിസോഡിൽ അക്ഷയ് കുമാർ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. ''ശ്രീദേവിയും ഞാനും കൈകോർത്തു പിടിച്ച്, നമ്മൾ പ്രതികാരം ചെയ്യുമെന്ന് പറയുന്നു. പക്ഷേ ആ പ്രതികാരം ചെയ്യുന്ന ഭാഗം ചിത്രീകരിച്ചിരുന്നില്ല. ആ സീൻ കഴിഞ്ഞശേഷം സ്‌ക്രീനിലിങ്ങനെ എഴുതിക്കാണിച്ചു, 'അവർ രണ്ടുപേരും പിന്നീട് പ്രതികാരം ചെയ്തു' എന്ന്. അങ്ങനെയാണ് സിനിമ അവസാനിപ്പിച്ചത്''.

പക്ഷേ സിനിമ റിലീസിനെത്തിയപ്പോൾ ക്ലൈമാക്‌സ് ഉണ്ടായിരുന്നു. പിന്നീടാലോചിച്ച് കൂട്ടിച്ചേർത്തതുപോലെ, താരങ്ങൾക്കുപകരം ബോഡി ഡബിളിനെ വെച്ചാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനിടെ നിർമാതാവ് ഒളിവിൽ പോയെന്നും അങ്ങനെയാണ് സിനിമ പൂർത്തിയാക്കാൻ കഴിയാതെ പോയതെന്നും അക്ഷയ് കുമാർ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi