കരുനാഗപ്പള്ളിയിലെ വെങ്ങാട്ടംപള്ളി മഠത്തിലേക്കുള്ള ഇടവഴി പെയ്‌തൊഴിഞ്ഞ മഴയുടെ ഓർമ്മയിൽ നനവാർന്നു നിന്നു. ഗേറ്റിനരികിൽ ബേബിയുണ്ട്. പരിചിതരെ കണ്ടപോലെ അവൻ വാലാട്ടി. ഉമ്മറത്ത് ചിത്രയെ കണ്ടതും ബേബി അങ്ങോട്ടോടി. അവനെ കൊഞ്ചിച്ചുകൊണ്ട് ചിത്ര ഫോട്ടോയ്ക്ക് മുഖം നൽകി. സ്വരത്തിലും സൗന്ദര്യത്തിലും പ്രായം തൊട്ടിട്ടില്ല. ചിത്രയുടെ ചിരിയിൽ ചുറ്റുവട്ടമുണർന്നു. വേദിയും വെളിച്ചവുമൊന്നുമില്ലാതെതന്നെ അവർ ആ വൈകുന്നേരത്തെ പാടെ ഇളക്കിമറിച്ചു.
മുപ്പത്തിനാലാം വയസ്സിലാണ് ചിത്ര അയ്യർ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ഇഷ്ടമല്ലടാ, ചുണ്ടത്ത് ചെത്തിപ്പൂ, മാട്ടുപ്പെട്ടി കോവിലിലേ, കുസുമവദന ... തുടങ്ങി മലയാളത്തിന് അടിപൊളി ഗാനങ്ങൾ സമ്മാനിച്ച ചിത്ര അയ്യർ.
സ്വപ്നസമാനമായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തെ അവരുടെ തുടക്കം. എങ്കിലും സംഗീതലോകത്ത് പിന്നെ ഏറെക്കാലം ആരും അവരെ കണ്ടതേയില്ല. മാറ്റിനിർത്തിയതോ സ്വയം മാറിനിന്നതോ എന്ന അടക്കം പറച്ചിലുകളുണ്ടായി. അതിനിടെ അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും ആ ഗായിക വന്നുംപോയുമിരുന്നു. മൃഗസംരക്ഷണപ്രവർത്തനങ്ങളിൽ ചിത്ര സജീവമായി.
'ആത്മ സോൾ' എന്ന സ്വന്തം മ്യൂസിക് ബാൻഡിലൂടെ പാട്ടുപാതയിലേക്ക് തിരിച്ചുവരികയാണ് ചിത്ര. ജീവിതത്തോടും സംഗീതത്തോടുമുള്ള ഇഷ്ടം അവരുടെ വാക്കുകളിൽ നിറഞ്ഞു.
എവിടേക്കാണ് അപ്രത്യക്ഷയായത്?
എങ്ങും പോയിട്ടില്ല. ഇതെന്റെ നാടല്ലേ. സിനിമാഗാനങ്ങൾ പാടുന്നില്ലെന്നത് ശരിയാണ്. അവസരങ്ങൾ ലഭിക്കണ്ടേ. അതുകൊണ്ട് അഭിനയത്തിലേക്ക് കടന്നു. ഇപ്പോൾ വീണ്ടും സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ഉണ്ട്. 1997ൽ തുടങ്ങിയതാണ്. ആത്മ സോൾ എന്നാണ് പേര്. പരിചയസമ്പന്നരായ സംഗീതജ്ഞരാണ് ടീമിലുള്ളത്. പുതുതലമുറയിലെ ഗായകരെയും കൂടെകൂട്ടി. മ്യൂസിക് ഷോയ്ക്ക് വിളിക്കുമ്പോൾ അവർക്ക് അർഹതപ്പെട്ട പ്രതിഫലം കൊടുക്കാൻ സാധിക്കണമല്ലോ. നല്ല പരിപാടികൾ ലഭിച്ചാൽ മാത്രമേ ബാൻഡ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുള്ളൂ. അതിനുള്ള ശ്രമത്തിലാണ്.
ഉഷാ ഉതുപ്പിനുശേഷം വേദിയിൽ നിറഞ്ഞാടിയ വ്യക്തിയാണ്. ആളും ആരവുമെല്ലാം മിസ് ചെയ്യുന്നില്ലേ?
ഉണ്ട്. അതുകൊണ്ടാണ് വീണ്ടും സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങിയത്. എന്റെ തുടക്കം കോഴിക്കോട്ടെ ടൗൺഹാളിലായിരുന്നു. പത്താംക്ലാസ് വരെ അവിടെയാണ് പഠിച്ചത്. ടൗൺഹാളിലെ ഗാനസന്ധ്യകളിൽ ഞാനും പങ്കെടുക്കും. പിന്നീട് അമ്മ ഡോ. രോഹിണി അയ്യർക്ക് സ്ഥലംമാറ്റം കിട്ടി കാസർകോട് ജോലിചെയ്യുന്ന അച്ഛൻ ഡോ. രാജദുരൈ അയ്യർക്കൊപ്പം ഞങ്ങളും താമസമാക്കി. മംഗലാപുരത്തായിരുന്നു പിന്നീടുള്ള സംഗീത പരിപാടികൾ. വേദിയിൽ ഉയർന്നുവരുന്ന പുകയിലും പൂത്തിരികൾക്കും നടുവിൽ വർണ്ണാഭമായ വേഷങ്ങളണിഞ്ഞ്, ആടിപ്പാടി. അതേ രീതി കേരളത്തിലും ഞങ്ങൾ തുടർന്നു. അക്കാലത്ത് നാട്ടിൽ അതൊരു പുതിയ അനുഭവമായിരുന്നു.
മിക്ക ഗായകരും കരിയറിൽ സെറ്റിലായ സമയത്താണ്, 34-ാം വയസ്സിൽ പിന്നണിഗാനരംഗത്തെത്തുന്നത്. ആശങ്കയുണ്ടായിരുന്നില്ലേ?
അമ്മ കർണാടക സംഗീതജ്ഞയായിരുന്നു. ഞങ്ങൾ മൂന്ന് പെൺമക്കളും പാടും. കൂട്ടത്തിൽ ഉഴപ്പി ഞാനായിരുന്നു. പാട്ട് ക്ലാസിനൊന്നും കൃത്യമായി പോകില്ല. വേദിയിൽ പാടാനായിരുന്നു കൂടുതലിഷ്ടം. 'സപ്തസ്വരങ്ങൾ' എന്ന റിയാലിറ്റിഷോയിൽ അവതാരകയായിട്ടാണ് കരിയറിന്റെ തുടക്കം. ഓരോ എപ്പിസോഡിന്റെയും തുടക്കത്തിലും ഒടുക്കത്തിലും ഞങ്ങളുടെ ബാൻഡ് പെർഫോം ചെയ്യാം. ആ അവസരം ഒരുപാട് ഗുണം ചെയ്തു. മുതിർന്ന സംഗീതജ്ഞരെല്ലാം പങ്കെടുത്ത വേദിയായിരുന്നു അത്. സിതാര കൃഷ്ണകുമാർ ഉൾപ്പെടെ മികച്ച പാട്ടുകാരൊക്കെ പങ്കെടുത്ത ഷോ. എ.ആർ.റഹ്‌മാന്റെ പാട്ട് പാടിയതിനുശേഷമാണ് സിനിമാപിന്നണി ഗാനരംഗത്ത് പേരെടുത്തത്.
എങ്ങനെയാണ് എ.ആർ. റഹ്‌മാനെ കണ്ടുമുട്ടുന്നത്?
ഒരിക്കൽ യു എസ്സിൽ ഒരു സോളോ പെർഫോമൻസ് നടത്താനുള്ള അവസരം ലഭിച്ചു. ഷോ കഴിഞ്ഞപ്പോൾ സ്പോൺസർ പറ്റിച്ചു. പ്രതിഫലം തന്നില്ല. ഞാൻ മാനസികമായി തകർന്നു. എന്റെ ഡിപ്രഷൻ മാറ്റാനായി ഭർത്താവ് വിനോദ് ഒരുക്കിത്തന്ന സർപ്രൈസായിരുന്നു ആ കണ്ടുമുട്ടൽ. അദ്ദേഹത്തിന്റെ സഹോദരന്റെ സുഹൃത്ത് വഴിയാണ് റഹ്‌മാനെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. പാട്ട് പാടി റെക്കോഡ് ചെയ്ത കാസറ്റ് റഹ്‌മാന്റെ മാനേജരെ ഏൽപ്പിക്കാനാണ് അവർ പറഞ്ഞത്. ഞാനും ഭർത്താവിന്റെ അമ്മ പ്രേമയും കൂടി ചെന്നൈയിലെ റഹ്‌മാന്റെ സ്റ്റുഡിയോയിലെത്തി. അദ്ദേഹത്തെ കാണുമ്പോൾ സംസാരിക്കാനായി തമിഴിൽ ഒരു പ്രസംഗമൊക്കെ തയ്യാറാക്കിയാണ് പോയത്. അവിടത്തെ റിസപ്ഷനിലിരുന്ന് മാഗസിൻ നോക്കിക്കോണ്ടിരുന്ന ഞങ്ങളുടെ അടുത്തേക്ക് പെട്ടെന്നൊരാൾ വന്ന് 'ഹായ്' പറഞ്ഞു. സാക്ഷാൽ റഹ്‌മാൻ. എന്താ ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ കാസറ്റ് അദ്ദേഹത്തിന് നൽകി ഞാൻ കാര്യം പറഞ്ഞു. ഒരു പാട്ടുണ്ട്, നിങ്ങളുടെ ശബ്ദത്തിന് ചേരുന്നതാണെങ്കിൽ ഇന്നുതന്നെ റെക്കോഡ് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. രാത്രി 9.30 മണിക്കായിരുന്നു റെക്കോഡിങ്. കമൽഹാസന്റെ 'തെനാലി' എന്ന സിനിമയിലെ അത്തിനി സിത്തിനി എന്ന പാട്ട്. ആദ്യ യുഗ്മഗാനം, അതും ഹരിഹരൻ സാറിന്റെ കൂടെ. ദൈവനിശ്ചയം. ചിത്ര അയ്യർ എന്ന പേര് വെച്ച് ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ചിത്ര ശിവരാമൻ എന്ന് പേര് മാറ്റിയത് സിനിമയുടെ സംവിധായകൻ കെ.എസ്.രവികുമാറാണ്. പിന്നീട് 'ബോയ്സ്' ഉൾപ്പെടെയുള്ള ചില സിനിമകളിലും റഹ്‌മാന് വേണ്ടി പാടി. തമിഴിൽ നിറയെ അവസരങ്ങൾ കിട്ടി. പക്ഷേ, തമിഴ്‌നാട്ടിൽ ചിത്ര ശിവരാമനും കേരളത്തിൽ ചിത്ര അയ്യരുമായി അറിയപ്പെട്ടപ്പോൾ ആളുകൾക്ക് കൺഫ്യൂഷനായിപ്പോയി.
സംഗീതയാത്രയുടെ 25-ാം വർഷം. സംതൃപ്തയാണോ?
സംതൃപ്തയാണ്. പണ്ട് കുട്ടികളെ വീട്ടിലാക്കി പല സ്ഥലങ്ങളിൽ പാടാൻ പോകുമ്പോൾ സമ്മർദത്തിലാകുമായിരുന്നു. എന്നാലും വിനോദ് എയർഫോഴ്സിലായതുകൊണ്ട് വീട്ടുകാര്യങ്ങൾ കൂടുതലും ഞാനാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. കൂടെ വരാനും മക്കളെ പരിചരിക്കാനുമൊന്നും വേറെ ആളുകളുണ്ടായിരുന്നില്ല. എനിക്ക് സങ്കടംവരും. കാരണം നല്ല അവസരങ്ങളാണ് നഷ്ടപ്പെട്ടുപോകുന്നത്.
വിനോദിന്റെ ജോലിയുടെ ഭാഗമായി പലയിടങ്ങളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഒടുവിൽ ബെംഗളൂരുവിലേക്ക് വന്നതിനുശേഷം എന്റെ കരിയർ നിലച്ചു.
റഹ്‌മാന്റെ കൂടെ പിന്നെ ഞാൻ പാടിയതേയില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല. പരാതിയും പരിഭവവും പറഞ്ഞുനടക്കുന്ന കാലമുണ്ടായിരുന്നു എനിക്ക്. പിന്നെ ചിന്തിച്ചു, എന്തിനാണ് ഞാൻ പരാതിപ്പെടുന്നത്. പിന്നിലേക്ക് നോക്കുമ്പോൾ ഇപ്പോൾ വിഷമമില്ല. സന്തോഷമാണ്. കുട്ടികൾക്ക് എന്റെ കുറേ സമയം നൽകാനായി.
അവസരങ്ങൾക്ക് ശ്രമിച്ചില്ലേ?
ആരോടും ചാൻസ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങൾക്ക് കാരണം ഞാൻ തന്നെയാണ്. അല്ലാതെ എന്നെ ഫീൽഡിൽനിന്ന് പുറത്താക്കാൻ ആരും പിന്നിൽ നിന്ന് പ്രവർത്തിച്ചതല്ല. അവസരങ്ങൾ ചോദിക്കാമായിരുന്നു. പക്ഷേ, ചെയ്തില്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയിൽ ഞാനും ജയചന്ദ്രൻ സാറും വിധികർത്താക്കളായിരുന്നു. എന്നിട്ടും ഒരിക്കൽപോലും അദ്ദേഹത്തോട് ഞാൻ ചാൻസ് ചോദിച്ചിട്ടില്ല.
വീണ്ടും വേദികളിൽ സജീവമാവുകയാണല്ലോ.. ജീവിതത്തിലെ പുതിയ സന്തോഷങ്ങളെപ്പറ്റി...
മക്കളും അവരുടെ കരിയറിൽ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്. ഇളയ മകൾ അഞ്ജലി അഭിനയിച്ച ആദ്യ തമിഴ് ചിത്രം 'ബാഡ് ഗേൾ' അടുത്തിടെ റിലീസായി. വർഷ ഭരത് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് സംവിധായകൻ വെട്രിമാരനാണ്. മൂത്തമകൾ അദിതിയും അഭിനേത്രിയാണ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ 'ആതിര 10 സി' എന്ന ടെലിഫിലിമിലൂടെ അഭിനയത്തിന് അവൾ തുടക്കമിട്ടു. ലൊക്കേഷനിൽ അവൾക്ക് കൂട്ടിനുപോയ ഞാനും അതിലൊരു വേഷം ചെയ്തു. സംവിധാനമാണ് അവൾ പഠിച്ചത്. ശ്യാമപ്രസാദ് സാറിന്റെ 'ഹേയ് ജൂഡ് 'സിനിമയുടെ സഹസംവിധായകരിലൊരാൾ അവളായിരുന്നു.
അമ്മയാണോ സിനിമയിലേക്കുള്ള അവരുടെ വഴികാട്ടി?
ഞാൻ അവരെ ഒന്നിനും നിർബന്ധിക്കാറില്ല. അവരുടെ ഇഷ്ടത്തിന് വിട്ടു. മോഡലിങ് ചെയ്ത് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തുകൂടെ എന്ന് അഞ്ജലിയോട് ഞാൻ ചോദിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കൾവഴി അത്തരം പ്ലാറ്റ്ഫോമിലേക്ക് അവൾക്ക് എത്തിപ്പെടാമായിരുന്നു. പക്ഷേ, അവൾ താത്പര്യം കാണിച്ചില്ല. ഡിഗ്രി കഴിഞ്ഞപ്പോൾ അഞ്ജലി ആർട്ട് ഡയറക്ഷൻ കോഴ്സ് പഠിക്കാൻ പോയി. രണ്ട് സിനിമകളിൽ അസിസ്റ്റന്റായി. പിന്നീടാണ് പറയുന്നത്, മോഡലിങ്ങും അഭിനയവും മതിയെന്ന്. അങ്ങനെ പ്രാഗിലേക്ക് അഭിനയം പഠിക്കാൻ പോയി. എല്ലാം അവരുടെ പ്രയത്നവും തീരുമാനങ്ങളുമാണ്.
മക്കൾക്ക് കരുത്തായി നിൽക്കുന്നതിനിടയിൽ സ്വന്തം സ്വപ്നങ്ങൾ മറന്നതാണോ?
സംഗീതവും കുടുംബവും ഉത്തരവാദിത്വങ്ങളും വളർത്തുമൃഗങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് എന്റെ ലോകം. പാടാനിഷ്ടമാണ്, പാചകം ചെയ്യാനും. ജീവിതത്തിലെ സകല വേഷങ്ങളും ഞാൻ ആസ്വദിക്കുന്നു. കഴിഞ്ഞവർഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതിലായിരുന്നു ശ്രദ്ധ. അക്കാരണത്താൽ ഷോകൾ കുറച്ചു. പതിയെ അവസരങ്ങളും കുറഞ്ഞു. കോവിഡ് രണ്ട് തവണ പിടികൂടി. ശബ്ദത്തെ ബാധിച്ചു. വയ്യാതായി. സംഗീതലോകത്തുനിന്ന് വിരമിക്കാം എന്നുവരെ തീരുമാനിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് കടന്നത്.
അഭിനയ താത്പര്യം ഉണ്ടായിരുന്നോ?
അഭിനയിക്കാൻ ഒരുപാടിഷ്ടമാണ്. സംഗീതത്തിലേക്ക് വരുന്നതിനുമുമ്പ് നാടകങ്ങളിൽ സജീവമായിരുന്നു. കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ സാറിന്റെ 'രാത്രിമഴ'യിലാണ് ആദ്യം അഭിനയിച്ചത്. രമേഷ് നാരായണൻ സാറ് വഴിയായിരുന്നു ആ അവസരം. ശാസ്ത്രീയനൃത്തം ചെയ്യുന്നതുകൊണ്ട് ആ കഥാപാത്രത്തെ എളുപ്പത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ശ്യാമപ്രസാദ് സാറിന്റെ 'അരികെ'യിലെ ചിറ്റമ്മയുടെ വേഷവും ആസ്വദിച്ച് ചെയ്തു.മകന്റെ അച്ഛൻ, മകരമഞ്ഞ്, ബി.ടെക്, ജനഗണമന, മോഹൻകുമാർ ഫാൻസ്, മനോരഥങ്ങൾ ആന്തോളജിയിലെ വില്പന...അങ്ങനെ കുറച്ചധികം സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു. കുങ്കുമപ്പൂവ്, ഈറൻനിലാവ്, ഗൗരി തുടങ്ങിയ സീരിയലുകളും ചെയ്തു.
പൊട്ടിച്ചിരിക്കുന്ന, തന്റേടിയായ ചിത്ര തന്നെയായിരുന്നോ ചെറുപ്പത്തിലും?
ഞാനെപ്പോഴും ഇങ്ങനെയാണ്. പണ്ട് ചെന്നൈയിൽ പോയി ഇളയരാജയുടെ പാട്ട് പാടണമെന്ന് പറഞ്ഞപ്പോൾ അമ്മ കളിയാക്കിയിട്ടുണ്ട്. നീ പാട്ട് പരിശീലിക്കാറുണ്ടോ, സംഗീതത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നൊക്കെ ചോദിച്ചിട്ട് എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. അമ്മയായിരുന്നു കരുത്തും പ്രചോദനവും.
ആയിടയ്ക്ക് എനിക്ക് നാടുവിട്ട് ചെന്നൈയിൽ പോകണമെന്നായിരുന്നു ആഗ്രഹം. അതിനുകാരണം മറ്റൊന്നായിരുന്നു. എനിക്കൊരു പ്രേമമുണ്ടായിരുന്നു. പയ്യൻ മുസ്ലിം ആയിരുന്നു. അത് വീട്ടിലറിഞ്ഞ് മൊത്തം പ്രശ്നമായി. അച്ഛന്റെ കൈയിൽ നിന്ന് പൊതിരെ തല്ലുവാങ്ങിക്കൂട്ടി. അവസാനം 'അൽവിദ' പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. അങ്ങനെ ഞാൻ നാട് കടന്നു.
അപ്പയ്ക്ക് മൗറീഷ്യസിലേക്ക് ഡെപ്യൂട്ടേഷൻ കിട്ടിയിരുന്നു. അപ്പയുടെ കൂടെ ഞാനും പോയി. അവിടെ അടിച്ചുപൊളിച്ചു. 'കണ്ണാ പൈസ വേണോ?' എന്ന് അപ്പ ചോദിക്കും. നോ പറയുന്ന പ്രശ്നമില്ല. പൈസ വാങ്ങും കറങ്ങാൻ പോകും. എവിടെ വേണേലും പോകാം, എന്തു വേണേലും വാങ്ങിക്കാം. തല്ലാൻ അമ്മയില്ല. അപ്പയ്ക്ക് ഞാനവിടെ ഒറ്റയ്ക്കാണല്ലോ എന്നോർത്തുള്ള സങ്കടമായിരുന്നു.
സംഗീത-നൃത്ത പരിപാടികളൊക്കെ പോയി കാണും. ഗസലുകൾ ഒരുപാടിഷ്ടമാണ്. അതെല്ലാം എന്റെ ആലാപനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദിയും ഉറുദുവും നന്നായി സംസാരിക്കും.
ഒരിക്കൽ ഒരു റെക്കോഡിങ്ങിന് പോയപ്പോൾ ചിത്രച്ചേച്ചി പാടുന്നു. ഞാൻ പുറത്ത് നിന്ന് കേൾക്കുന്നുണ്ട്. പാടിക്കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ ഒരു ഹിന്ദി വാക്ക് ഉച്ചരിച്ചതിൽ ചെറിയൊരു പ്രശ്നമുണ്ടെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു. 'അയ്യോ മോളേ, ഒന്നു തിരുത്തിത്തരുമോ' എന്ന് ചേച്ചി. തെറ്റ് തിരുത്തി ചേച്ചി വീണ്ടും ആ പാട്ട് പാടി.
ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എനിക്ക് ചിത്രച്ചേച്ചിയെപോലെ ആയാൽ മതി. എന്തായാലും ഈ ജന്മത്തിൽ അവരെപ്പോലെ പാടാൻ കഴിയില്ല. എന്നാൽ അവരെപോലെയൊരു മനുഷ്യനായാൽ മതി. ചിത്രച്ചേച്ചിക്ക് അസൂയയൊക്കെ തോന്നുമോ എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഉണ്ടാവില്ല, ഞാൻ കണ്ടിട്ടില്ല. നല്ല ഹൃദയമുള്ള സ്ത്രീയാണവർ.
മൃഗസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് എപ്പോഴാണ്?
ചെറുപ്പത്തിലേ മൃഗങ്ങളെ ഇഷ്ടമാണ്. എന്റെ മുത്തച്ഛൻ അമ്പലത്തിലെ ആനക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. ഓരോ വെക്കേഷനും ഞാൻ നാട്ടിലെത്തുമ്പോൾ അവനെ വീട്ടിലേക്ക് കൊണ്ടുവരും. ആനപ്പുറത്ത് എന്നെ ഇരുത്തും. പ്രായമായപ്പോൾ അവന് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിലുള്ളവർക്ക് ആനയെന്നാൽ ഒരു വികാരമാണെന്നൊക്കെ പറയുമെങ്കിലും അവയെ പരിചരിക്കുന്നതിൽ പിന്നോട്ടാണ്. 2014ലാണ് സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ എന്ന സംഘടന ഞാൻ രൂപീകരിക്കുന്നത്. കരുനാഗപ്പള്ളിയിലാണ് ആ ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. മൃഗങ്ങൾക്കുവേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്നത് ചെറുപ്പത്തിലേ എനിക്കൊപ്പം വളർന്ന ചിന്തയാണ്. വിവാഹം കഴിഞ്ഞ സമയത്ത് തെരുവു പട്ടികളെ ദത്തെടുത്ത് വളർത്തിയിട്ടുണ്ട്.
ഇപ്പോൾ 39 പൂച്ചകളും വീട് നിറയെ പട്ടികളും കുറച്ച് പശുക്കളുമുണ്ട്. പലതിനെയും അപകടങ്ങളിൽനിന്നുംമറ്റും രക്ഷിച്ച് കൊണ്ടുവന്നതാണ്, ബേബിയെപ്പോലെ. അവർക്കുവേണ്ടി ഒരു റെസ്‌ക്യു സെന്റർ തുടങ്ങണമെന്നത് എന്റെ ആഗ്രഹമാണ്. നല്ല സ്പോൺസർമാരെ കിട്ടിയാൽ എല്ലാം നടക്കും.
പ്രായം അറുപതാകുന്നു, വീണ്ടുമൊരു തുടക്കത്തിന് ഒരുങ്ങുന്നു, ഇത്തവണത്തെ പദ്ധതികൾ?
ജീവിതത്തിൽ ഒരുപാട് റീസ്റ്റാർട്ട് ഉണ്ടായിട്ടുണ്ട്. പ്രായം ഒരു വിഷയമേയല്ല, മനസ്സ് ചെറുപ്പമാണ്. ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നയാളാണ്. അടുത്ത ജന്മത്തിൽ ശാസ്ത്രീയമായി സംഗീതം പഠിച്ച് നല്ലൊരു പാട്ടുകാരിയാവണം, നർത്തകിയാവണം. അതേയുള്ളൂ ആഗ്രഹം. ഇതുവരെ ജീവിതം നന്നായി ആസ്വദിച്ചു. കുറ്റബോധമില്ല. ഒരുപുഴപോലെ ഒഴുകിയൊഴുകി പോവണമെന്നേയുള്ളൂ…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the comeback of Chithra Iyer, the playback singer who gifted Malayalam hit songs. Discover her journey through acting, animal welfare, and her new music band.
Published: 25 Jan 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented