സിനിമയുടെ മാസ്റ്ററാണ് മധുസാര്‍. നാല്പത് വര്‍ഷത്തിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയ മധുസാര്‍ ഒരുപാടൊരുപാട് സവിശേഷതകളുള്ള വ്യക്തിത്വമാണ്. മലയാള സിനിമയുടെ വലിയൊരു ചരിത്രമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. സത്യനും പ്രേംനസീറിനും മധുവിനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നത് എന്റെ പുണ്യമാണ്. സഹപ്രവര്‍ത്തക എന്ന നിലയില്‍ നാല് പതിറ്റാണ്ടിലധികമായി നിലനിന്നുപോരുന്ന ഒരു ബന്ധമാണ് ഞങ്ങളുടെതെന്നുപറയാന്‍ എനിക്കഭിമാനമുണ്ട്. മധുസാറിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പുതന്നെ ഞാനദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരുന്നു. 1971-ല്‍ 'ആഭിജാത്യ'ത്തിലൂടെയാണ് ഞങ്ങളൊരുമിക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ വിജയംകണ്ട ചിത്രമായിരുന്നു അത്. മധു ശാരദ ജോടിയുടെ തുടക്കവും അവിടെയാവും. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാനുള്ള അവസരമുണ്ടായി. എത്രയോ ഹിറ്റ് ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു.

placeholder
ശാരദ

സെറ്റില്‍വെച്ച് കാണുമ്പോഴും വളരെ സൗമ്യനായ, വളരെ മാന്യനായ ഒരു നടന്‍, വ്യക്തി എന്നെനിക്ക് തോന്നിയിരുന്നു. അല്പം ഗൗരവക്കാരനോ എന്നൊരു സംശയവും എനിക്കുണ്ടായി. പോകപ്പോകെ ഞാനറിഞ്ഞു ഗൗരവക്കാരനായ തമാശക്കാരനെന്ന ആ സത്യവും. സെറ്റില്‍ അതിഗംഭീരമായ തമാശയുടെ മാലപ്പടക്കം പൊട്ടിക്കുന്ന മധുസാര്‍ ഒരിക്കല്‍പോലും ചിരിച്ചിരുന്നില്ല. ഗൗരവത്തിലാവും തമാശപൊട്ടിക്കുക. മറ്റുള്ളവര്‍ ചിരിച്ച് വശംകെടും. അപ്പോള്‍ അദ്ദേഹം അടുത്ത തമാശയ്ക്ക് വഴികണ്ടെത്തുകയാവും. 

എനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന 'സ്വയംവര'ത്തിലേയും 'തുലാഭാര'ത്തിലേയും നായകന്‍ മധുസാറായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഒരു ചരിത്രമായി മാറിയ സിനിമയായിരുന്നല്ലോ സ്വയംവരം. അന്നോളം കച്ചവടസിനിമയുടെ മൂല്യങ്ങളില്‍ മാത്രം കാലുറപ്പിച്ചുനിന്നിരുന്ന ഞങ്ങള്‍ക്കുരണ്ടുപേര്‍ക്കും പെട്ടെന്ന് ആര്‍ട്ട് സിനിമ എന്നൊരു ചുവടുമാറ്റത്തിനായത് ഇന്നും മറക്കാനാവാത്ത ഒന്നാണ്. ലോക സിനിമാവേദിയില്‍തന്നെ സ്വയംവരം പ്രസക്തമാണ്  ഇന്നും എന്നത് ചരിത്രം. അടുത്തിടെ വിദേശത്ത് ഒരു ഫെസ്റ്റിവലില്‍ സ്വയംവരം പ്രദര്‍ശിപ്പിച്ചിരുന്നു. എനിക്കും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞും കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രത്തിന്റെ വ്യാപ്തി വളരെ ശക്തമായിരുന്നു എന്ന് പറയാതെ വയ്യ. നായകനെയും നായികയെയും വിദേശീയര്‍ വാനോളം പുകഴ്ത്തുകയുണ്ടായി. 'ഷര്‍ദ' എന്നാണ് വിദേശികള്‍ എന്നെ വിളിച്ചത്. അവര്‍ക്ക് ശുദ്ധമായ 'ശാരദ' എന്ന് നാവ് വഴങ്ങുകയില്ലല്ലോ. ഒരുപക്ഷേ, കാലം കടന്നുപോയാലും സ്വയംവരം ലോക ക്ലാസിക്കുകളിലൊന്നായിത്തന്നെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. ഇഹലോകത്തുനിന്ന് വിടപറഞ്ഞാലും ഞാന്‍ വിട്ടുപോകുന്ന എന്റെ സാന്നിധ്യം ഇത്തരം കഥാപാത്രങ്ങളിലൂടെ ലോകം കണ്ടുകൊണ്ടേയിരിക്കുമെന്നതുതന്നെ ജന്മനിയോഗമായി ഞാന്‍ കാണുകയാണ്. സ്വയംവരത്തിലെ വിശ്വനുംസീതയും സിനിമയുള്ളിടത്തോളം ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ തന്നെയായിരിക്കും.
 

placeholder
സ്വയംവരം എന്ന സിനിമയിൽ മധുവും ശാരദയും

ഒരു ആക്ടര്‍ എന്നനിലയില്‍ ഞാനറിഞ്ഞ മധു ഏത് കഥാപാത്രമായാലും നന്നായി പഠിച്ചേ അവതരിപ്പിക്കൂ എന്നതാണ്. ഇന്നും അദ്ദേഹം ഒരു വിദ്യാര്‍ഥിയാണെന്ന് തോന്നും. അത്രമാത്രം ഡെഡിക്കേഷനോടെയാണ് മധുസാര്‍ സിനിമയെ സമീപിക്കുന്നത്. ക്യാമറയ്ക്കുമുന്നിലെത്തിയാല്‍ കഥാപാത്രത്തിന്റെ വികാരവശമായ പശ്ചാത്തലം വിവരിക്കുകയും അപ്പോഴത്തേക്ക് ക്രിയേറ്റ് ചെയ്യേണ്ട മൂഡ് പകര്‍ന്നുതരുകയും ചെയ്യും. നടന്‍ എന്നതില്‍ കവിഞ്ഞ് ഒരു സംവിധായകന്‍ അദ്ദേഹത്തിലുണ്ടായിരുന്നു. നടനം മാത്രമല്ല സംവിധാനവും തനിക്കിണങ്ങുമെന്ന് അദ്ദേഹം പലവട്ടം തെളിയിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അദ്ദേഹം നിര്‍മിച്ച ചിത്രങ്ങളില്‍ എനിക്കും ഞാന്‍ നിര്‍മിച്ച ചിത്രങ്ങളില്‍ മധുസാറിനും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതും ഒരപൂര്‍വതയാണ്. 

പലകുറി ദേശീയ അംഗീകാരം എന്നെ തേടിയെത്തിയിട്ടുണ്ട്. ആദ്യവട്ടം അത് ലഭിച്ചപ്പോള്‍ എന്നെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ മധുസാറുമുണ്ടായിരുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ തുറന്ന മനസ്സോടുകൂടി അവരെ അഭിനന്ദിക്കാന്‍ മധുസാര്‍ ഒരു മടിയും കാണിക്കില്ല. എനിക്ക് ദേശീയാംഗീകാരങ്ങള്‍ ലഭിച്ചപ്പോഴൊക്കെ ആ സ്‌നേഹവാക്കുകള്‍ എന്നെ തേടിയെത്തിയതാണ്. 

placeholder
മധുവിനൊപ്പം ശാരദ

സത്യന്‍മാഷെക്കാളും നസീര്‍സാറിനെക്കാളും മലയാള സിനിമയ്ക്ക് കോണ്‍ട്രിബ്യൂഷന്‍ മധുസാറില്‍നിന്നാണ് ഉണ്ടായത്. സിനിമയില്‍നിന്ന് നേടിയതെന്താണോ അതെല്ലാം സിനിമയ്ക്കുവേണ്ടി തന്നെ വിനിയോഗിക്കുകയായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അഭിനയിക്കുക എന്നതിനപ്പുറം സിനിമയുടെ മറ്റ് മേഖലകളിലേക്ക് ഏറെപ്പേരും കടന്നുചെല്ലാറില്ല. പക്ഷേ, മധുസാര്‍ സിനിമയുടെ വിഭിന്നമേഖലകളില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ കലാകാരനാണ്. ഒന്നിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല.

മധുസാറിന്റെ സംഭാവനകളെക്കുറിച്ച് വിലയിരുത്താനും പഠിക്കാനും നമുക്ക് കഴിയണം. അര്‍ഹതയ്ക്കുള്ള അംഗീകാരങ്ങള്‍ കിട്ടേണ്ടസമയത്ത് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വൈകി ലഭിക്കുന്ന ഒരംഗീകാരവും ഒരു കലാകാരന് സന്തോഷം പകരില്ല. ഇനിയെങ്കിലും ഈ ബഹുമുഖ പ്രതിഭയെ അധികാരകേന്ദ്രങ്ങള്‍ വേണ്ടവിധം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകുന്നു.