ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ആദ്യദിനം, ആനയോട്ടമാണ് പ്രധാന ആകര്‍ഷണം. കുടുംബത്തോടൊപ്പം ആനയോട്ടം കാണാന്‍ പുറപ്പെട്ടതായിരുന്നു അഭിനേത്രി രശ്മി സോമന്‍. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ രശ്മിയാണ്, ക്ഷേത്രം ലക്ഷ്യമാക്കി ഒരുഇടറോഡിലൂടെ കാര്‍ സാവധാനം മുന്നോട് നീങ്ങി, പെട്ടെന്ന് എതിര്‍ഭാഗത്ത് കൂടി ഒരുപാട് ആള്‍ക്കാര്‍ ഓടിവരുന്നു. എന്താണ് സംഭവമെന്ന് രശ്മിക്ക് മനസ്സിലായില്ല. എല്ലാവരും ജീവനുംകൊണ്ടോടുകയാണ്, കാറിന്റെ വിന്‍ഡോ തുറന്ന് കാര്യം അന്വേഷിച്ചു, ഓട്ടത്തിനിടയില്‍ ഒരാള്‍ അര്‍ധശ്വാസത്തില്‍ പറഞ്ഞു. 'ആന ഓട്ടത്തിനെത്തിച്ച ഒരാനയ്ക്ക് മദം ഇളകി. അത് വരുന്നുണ്ട്. വേഗം രക്ഷപ്പെട്ടോ..' ഇത് കേട്ട് തിരിഞ്ഞതും മുന്നില്‍ നിന്ന് പീതാംബരന്‍ എന്ന ആന മദമിളകി ചാടി വരുന്നു. പെട്ടെന്ന് കാര്‍ ഓഫായി. കൂടെയുള്ളവര്‍ കാറിനുള്ളില്‍ നിന്ന് നിലവിളി തുടങ്ങി. രശ്മി  കാറിന്റെ ഗിയര്‍ റിവേഴ്‌സിലേക്കിട്ട് ആക്‌സിലേറ്ററില്‍ ചവിട്ടി. കാര്‍ വേഗത്തില്‍ പിന്നോക്കം പാഞ്ഞു. വഴിയിരികിലെ ഏതെങ്കിലും വീട്ടിലേക്ക് കയറ്റാം എന്ന പ്രതീക്ഷയോടെ കാറിലുള്ളവര്‍ രണ്ട് ഭാഗത്തേക്കും മാറി മാറി നോക്കി, എല്ലാ ഗേറ്റുകളും അടച്ചിരിക്കുകയാണ്. ആന തൊട്ടടുത്തെത്താറായി, എന്തുസംഭവിക്കുമെന്നറിയാതെ എല്ലാവരും പകച്ചു. രശ്മി  മനസ്സില്‍ ഗുരുവായൂരപ്പനെവിളിച്ചു.  പെട്ടെന്ന് ഒരു അപ്പാര്‍ട്ട്‌മെന്റ് ഗേറ്റ് തുറന്നു, ഉള്ളിലേക്ക് കാര്‍ കയറ്റാന്‍ സെക്യൂരിറ്റി നിര്‍ദേശിച്ചു. എവിടെയും തട്ടാതെ കാര്‍ ഉള്ളിലേക്ക്  പ്രവേശിച്ചതും സെക്യൂരിറ്റിക്കാരന്‍ ഗേറ്റ് അടച്ചതും ആന കടന്നുപോയതും എല്ലാം ഒരുമിച്ചായിരുന്നു. കൈ മുഖത്തേക്ക് ചേര്‍ത്ത് രശ്മി പൊട്ടിക്കരഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രനടയ്ക്കരികിലെ മരച്ചോട്ടിലിരുന്ന് ജീവിതം കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ നന്ദനത്തിലെ ബാലാമണിയെപ്പോലെ ഉണ്ണിക്കണ്ണനെ കണികണ്ടുണരുന്ന ഗുരുവായൂരുകാരിയായി രശ്മി മാറി.  മലയാളിക്ക് സ്വന്തം വീട്ടിലെ പെണ്‍കുട്ടിയാണ് ഈ നായിക. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ രശ്മി സോമന്‍ 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനൊരുങ്ങിയ ലൈവിലൂടെയാണ് മടങ്ങിവരവ്. സിനിമയാത്രയെ കുറിച്ച് രശ്മി സോമന്‍ സംസാരിക്കുന്നു....

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നു, പുതിയ സിനിമയുടെ വിശേഷങ്ങള്‍..?

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന സിനിമയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഡോക്ടര്‍ കഥാപാത്രമായാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. നിഖില എന്നാണ് കഥാപാത്രത്തിന്റെ പേര്. രണ്ടുദശാബ്ദത്തിന് ശേഷമാണ് വീണ്ടും സിനിമയില്‍ അഭിനയിച്ചത്.  സെറ്റില്‍ വച്ച് പലരും ചോദിച്ചിട്ടുണ്ട് എന്താണ് ഇത്രനാളും സിനിമയില്‍ അഭിനയിക്കാതിരുന്നതെന്ന്. അപ്പോഴാണ് ഞാനും ചിന്തിച്ചത് എന്താണ് അഭിനയിക്കാത്തത് എന്ന്. അതിനൊരു വ്യക്തമായ കാരണമില്ല. ഞാന്‍ വിവാഹശേഷം ഗള്‍ഫിലായതിനാല്‍ അഭിനയിക്കുന്നില്ലെന്ന് സിനിമക്കാര്‍ വിചാരിച്ചതാകാം. ഇനി ഇവിടെ തന്നെയുണ്ട്. നല്ല സിനിമകളിലേക്ക് വിളി വരുമെന്നാണ് പ്രതീക്ഷ. 

പലപ്പോഴായി കരിയറില്‍ ബ്രേക്കുകള്‍ വന്നു, അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ..? 

അനാവശ്യമായി ഒരുപാട് ബ്രേക്കുകള്‍ എടുത്തിട്ടുണ്ട്. വിവാഹം, പഠനം അങ്ങനെ പല കാരണങ്ങള്‍. അതിനെ കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ലല്ലോ. പഠിക്കാന്‍ ഏറെ ഇഷ്ടമാണ്. ബിരുദ പഠനം ഫൈനലില്‍ ഇയറില്‍ വച്ച് പരീക്ഷ എഴുതാന്‍ കഴിയാതെ മുടങ്ങിയപ്പോള്‍. പിന്നീട് വീണ്ടും അപേക്ഷിച്ച് എല്ലാ പരീക്ഷയും ഒന്നിച്ചെഴുതി വിജയിച്ചിട്ടുണ്ട്. പിന്നീട്് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് എം.ജി സര്‍വകലാശാലയില്‍ എം.ബി.എ ചെയ്തു.  കുറച്ച് കാലം വിട്ടുനിന്നപ്പോഴാണ് സിനിമയാണ് എന്റെ പ്രൊഫഷന്‍ എന്ന് ശരിക്കും തിരിച്ചറിഞ്ഞത്. എന്റെയൊരു ഹോബിയും പാഷനുമൊക്കെയായാണ്  പണ്ട് അഭിനയത്തെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതെന്റെ പ്രൊഫഷനാണെന്ന് തിരിച്ചറിയുന്നു. പാഷനും പ്രൊഫഷനും ഒന്നാകുമ്പോള്‍ നമ്മള്‍ കുറച്ച് കൂടി സീരിയസായി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. പണ്ട് സിനിമയിലേക്ക് വിളികള്‍ വന്നെങ്കിലും സീരിയലിലെ തിരക്ക് കാരണം 'നോ' പറഞ്ഞു. ഇന്ന് ചിന്തിക്കുമ്പോള്‍ അത് മണ്ടത്തരമായിപ്പോയി എന്ന് തോന്നാറുണ്ട്. പത്ത് സീരിയലുകള്‍ ചെയ്തപ്പോള്‍ ഒരുസിനിമയെങ്കിലും ചെയ്യേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടും ഒന്നിച്ച് കൊണ്ടുപോകാനാകുന്നു. ഇനി കരിയറില്‍ ബ്രേക്കുകളില്ല, നോണ്‍സ്‌റ്റോപ്പായി അഭിനയിക്കാനാണ് തീരുമാനം. 

മാതാപിതാക്കളുടെ ഏകമകള്‍, ചെറുപ്പത്തില്‍ തന്നെ സിനിമ അരങ്ങേറ്റം, സിനിമ തന്നെയായിരുന്നോ മനസ്സില്‍..? 

ചെറുപ്പത്തില്‍ അങ്ങനെ ഭാവിയെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. നൃത്തം പഠിച്ചിരുന്നു. അന്നത്തെക്കാള്‍ ഇന്നാണ് കൂടുതല്‍ ആഗ്രഹങ്ങളെന്ന് തോന്നാറുണ്ട്. പി.ടി.കുഞ്ഞഹമ്മദ് സാറിന്റെ 'മഗ്‌രിബ്' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ആദ്യം മറ്റൊരുകഥാപാത്രത്തിനായാണ് അവര്‍ എന്നെ വന്ന് നോക്കിയത്. നീളം അധികമാണെന്ന് പറഞ്ഞ് തിരികെപ്പോയി.  കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു കഥാപാത്രമുണ്ടെന്നും അടുത്ത ദിവസം തന്നെ ലൊക്കേഷനിലേക്ക് വരണമെന്നും പറഞ്ഞു. തൃശ്ശൂരില്‍ തന്നെയായിരുന്നു ലൊക്കേഷന്‍. അവിടെ ചെന്ന് പറഞ്ഞത് പോലെ അഭിനയിച്ചു. മധു അമ്പാട്ട് സാറായിരുന്നു 'മഗ്‌രിബി'ന്റെ ക്യാമറ ചെയ്തത്. 

നേടിയതിനേക്കാള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്...? 

അന്ന് അച്ഛന്‍ ഗള്‍ഫിലായിരുന്നു. അതിനാല്‍ അമ്മയാണ് തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. അമ്മയ്ക്കും കുടുംബത്തിനുമൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. പഠിച്ച് നല്ലൊരു സര്‍ക്കാര്‍ ജോലി ചെയ്യണമെന്നതായിരുന്നു അവരുടെ സ്വപ്നം. ഒരുപാട് നല്ല സിനിമകളില്‍ വിളിച്ചിട്ടും അതിനാല്‍ പോവാനായില്ല. കല്യാണ സൗഗന്ധികം, കാതല്‍ ദേശം തുടങ്ങിയ സിനിമകളില്‍ ഞാനായിരുന്നു നായിക ആവേണ്ടിയിരുന്നത്.  പക്ഷേ വീട്ടില്‍ സമ്മതമില്ലാത്തതിനാല്‍ അതിനോടെല്ലം 'നോ' പറയേണ്ടി വന്നു. ഇന്ന് അതെല്ലാം ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ജീവിതത്തില്‍ ആകെ ഞാന്‍ പശ്ചാത്തപിക്കുന്നത് അന്ന് സിനിമകള്‍ വിട്ടുകളഞ്ഞതിനെ ഓര്‍ത്താണ്. ബാക്കി ഞാനെടുത്ത ഒരുതീരുമാനവും തെറ്റായി പോയെന്ന് തോന്നിയിട്ടില്ല. അതെല്ലാം എന്റെ ശരികളായിരുന്നു.

സിനിമയെ കുറച്ച് കൂടി സീരിയസായി സമീപിക്കേണ്ടതായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ കരിയര്‍ ഇങ്ങനെയായിരിക്കില്ലെന്ന് തോന്നാറുണ്ട്. അതുപോലെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യില്‍ പ്രധാന കഥാപാത്രമായാണ് എന്നെ വിളിച്ചത്. എന്നാല്‍ അവസാന ദിവസങ്ങളില്‍ കഥാപാത്രം മാറി. എനിക്ക് മറ്റൊരു കഥാപാത്രമാണ് ലഭിച്ചത്. അതെനിക്ക് വലിയ സങ്കടമായി. പക്ഷേ, എം.ടി-ഹരിഹരന്‍ സിനിമ എന്ന പ്രത്യേകത കൊണ്ട് പരാതികളൊന്നും പറയാതെ കിട്ടിയ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. 

കലോത്സവത്തിലും താരമായിരുന്നു..? 

മൂന്നുവട്ടം സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ സമ്മാനം നേടാനായി. എട്ടില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ രണ്ടാം സ്ഥാനം പിന്നീട് കോട്ടയത്തും കൊല്ലത്തും നടന്ന കലോത്സവങ്ങളില്‍  ഒന്നാം സ്ഥാനവും ലഭിച്ചു. ഗീതാനന്ദന്‍ ആശാനായിരുന്നു ഗുരു. എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ഒരാളാണ് അദ്ദേഹം. ഒരുപാട് ഗുരുനാഥന്‍മാരുടെ കീഴില്‍ ഞാന്‍ അഭ്യസിച്ചിട്ടുണ്ട്. എന്നാല്‍ ഗീതാനന്ദന്‍ ആശാനാണ് അതില്‍ എപ്പോഴും ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തി. 

placeholder
ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയില്‍ നിന്ന്‌

സിനിമയില്‍ നിന്ന് സീരിയലിലെത്തിയ മലയാളത്തിലെ ആദ്യ നായിക ചിലപ്പോള്‍ രശ്മിയാകാം..?

സത്യം, എല്ലാവരും നേരെ തിരിച്ചാണല്ലോ. ശരിക്കും രണ്ടും ഞാന്‍ ഒരുപോലെ ആസ്വദിക്കുന്നുണ്ട്. 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയില്‍ നായികയായതോടെ ഒരുപാട് സിനിമകളിലേക്ക് വിളികള്‍ വന്നു. സിനിമ ബോക്‌സോഫീസില്‍ സാമ്പത്തികവിജയം നേടിയില്ലെങ്കിലും പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി. അന്ന് ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. അപ്പോഴാണ് ഐ.വി.ശശി സാര്‍ സംവിധാനം ചെയ്ത വര്‍ണപ്പകിട്ടിലേക്കുള്ള വിളിവരുന്നത്. ആദ്യം അമ്മ സമ്മതിച്ചില്ല. എന്നാല്‍ ലാലേട്ടന്റെ ( മോഹന്‍ലാല്‍) കൂടെ അഭിനയിക്കണം എന്ന എന്റെ നിര്‍ബന്ധത്തിന് പുറത്താണ് അവസാനം സമ്മതം ലഭിച്ചത്. ചിത്രത്തില്‍ ലാലേട്ടന്റെ സഹോദരിയായ കന്യാസ്ത്രീയുടെ റോളായിരുന്നു എനിക്ക്. മധു സാറായിരുന്നു അച്ഛന്റെ വേഷത്തില്‍. ആയൊരു കഥാപാത്രം കരിയറില്‍ വലിയൊരു ബ്രേക്കായി. അതിലെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട് മധുസാറാണ് എന്നെ ആദ്യമായി സീരിയലില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. അന്ന് മധുസാര്‍ നല്‍കിയ ഉപദേശം അഭിനയിക്കുന്നതിന് മുമ്പ് മനസ്സൊരു വെള്ളക്കടലാസായി മാറ്റണമെന്നാണ്. ആ ഉപദേശം പിന്നീട് ഓരോ പുതിയ കഥാപാത്രം ചെയ്യുമ്പോഴും ശ്രദ്ധിക്കുമായിരുന്നു. സീരിയലില്‍ അഭിനയിക്കുന്നതിന് വീട്ടില്‍ ഒരുതടസ്സവും പറഞ്ഞില്ല. തുടര്‍ച്ചയായി ഹിറ്റ് സീരിയലുകള്‍ ചെയ്യാനായി. അന്ന് ടെലിവിഷന്റെ സുവര്‍ണകാലമായിരുന്നു. അതിനാല്‍ മിനിസ്‌ക്രീനിലെ താരപദവി ലഭിച്ചു. ഇന്നും എവിടെയും എല്ലാവരും തിരിച്ചറിയുന്ന അഭിനേത്രിയായി മാറി. അതൊരു ഭാഗ്യമായാണ് കാണുന്നത്. 

മറക്കാനാവാത്ത ഏതെങ്കിലും സിനിമ ഓര്‍മ...? 

ലോഹിതദാസ് സാര്‍ സംവിധാനം ചെയ്ത 'സാദരം' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. സുരേഷ് ഏട്ടന്‍ ( സുരേഷ് ഗോപി) ആയിരുന്നു ചിത്രത്തില്‍ നായകന്‍.  ഒരുദിവസം പാട്ട് രംഗമാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് പറഞ്ഞു. അതിനാല്‍ നല്ല ലാച്ചയൊക്കെ ധരിച്ച് ഞാന്‍ ലൊക്കേഷനില്‍ ചെന്നു.  അവിടെ എത്തിയപ്പോഴാണ് ആനപ്പുറത്തുള്ള പാട്ട് രംഗമാണെന്ന് മനസ്സിലായത്. ലാച്ചയൊക്കെ ഇട്ട് സുരേഷേട്ടനൊപ്പം ഞാനും ഇപ്പോഴത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവിയും വിശാലും ആനപ്പുറത്ത് വലിഞ്ഞുകയറി. പേടികൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ആന പുറത്തിരിക്കുമ്പോള്‍ വീഴാതിരിക്കാന്‍ എവിടെ പിടിക്കണമൊന്നും അറിയില്ല. അവസാനം ഞാന്‍ സുരേഷേട്ടന്റെ പാന്റിന്റെ ലൂപ്പില്‍ പിടിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് സുരേഷേട്ടന്‍ ആദ്യം താഴെയിറങ്ങി. അപ്പോഴും ഞങ്ങള്‍ ആനപ്പുറത്ത് തന്നെ. പിന്നീട് എങ്ങനെയെക്കെയോ ഞങ്ങളും താഴെ ഇറങ്ങി. അപ്പോള്‍ ദേവി എന്നോട് ചോദിച്ചു, ''നീയെങ്ങനെയാണ് എവിടെയും പിടിക്കാതെ ധൈര്യമായി ആനപ്പുറത്തിരുന്നത്.'' ഞാന്‍ സുരേഷേട്ടന്റെ പാന്റിന്റെ ലൂപ്പില്‍ പിടിച്ചിരുന്ന കാര്യം ദേവിയോട് പറഞ്ഞു. ഇത് സുരേഷേട്ടന്‍ കേട്ടു 'അമ്പെടി ലൂപ്പ് രശ്മി' എന്ന് അദ്ദേഹമെന്നെ വിളിച്ചു. 

ഗുരുവായൂരും ഗുരുവായൂരപ്പനും രശ്മിയുടെ ജീവിതത്തില്‍ അത്രമേല്‍ പ്രധാനമാണോ..? 

അമ്മയുടെ വീട് കുറ്റിപ്പുറത്താണ്. അച്ഛന്റെ വീട് കുട്ടഞ്ചേരിയും. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഗുരുവായൂരിലേക്ക് വീട് വച്ച് താമസം മാറുന്നത്. ജീവിതത്തില്‍ പല പ്രതിസന്ധികളുണ്ടായപ്പോഴും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തി തന്നത് ഗുരുവായൂരപ്പനിലുള്ള വിശ്വാസമാണ്. അതിനാല്‍ ഗുരുവായൂരും ഗുരുവായൂരപ്പനും എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്തെ ഒരുസംഭവം പറയാം. ഉത്സവസമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള വീടുകളില്‍ ഭക്ഷണം വെക്കാറില്ല. കാരണം ക്ഷേത്രത്തില്‍ പ്രസൗദ ഊട്ട് ഉണ്ടാകും. കഞ്ഞിയും പുഴുക്കും പപ്പടവുമാണുണ്ടാകുക.  കുട്ടിയായിരിക്കുന്ന സമയത്ത് അമ്പലത്തില്‍ പോയി പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങളെല്ലാം കാണും. പപ്പടമൊക്കെ കാച്ചി മലപോലെ കൂട്ടിയിട്ടുണ്ടാകും. ഒരുതവണ പപ്പടത്തിന്റെ മണവും ആ കാഴ്ചയും കണ്ടപ്പോള്‍ ഒരുപപ്പടം എനിക്ക് തിന്നണമെന്ന് തോന്നി. അമ്മയോട് പറഞ്ഞപ്പോള്‍ അരുതെന്ന് പറഞ്ഞ് വിലക്കി. സങ്കടത്തോടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തി. വീട്ടിലേക്ക് കയറിയപ്പോള്‍ ഒരുപാത്രത്തില്‍ നിറയെ കാച്ചിയ പപ്പടം അവിടെ ഇരിക്കുന്നു. ' ഇതെവിടുന്നാ..?' ഞാന്‍ അച്ഛനോട് ചോദിച്ചു. 'അത് പ്രകാശന്‍ കൊണ്ടുവെച്ചതാണ്.' ഞങ്ങളുടെ അയല്‍വീട്ടുകാരനാണ് പ്രകാശന്‍. ' ഇതെന്താ പപ്പടം മാത്രം..?' എന്റെ സംശയം തീര്‍ന്നില്ല. ' അത് അമ്പലത്തില്‍ ഊട്ട് കഴിഞ്ഞപ്പോള്‍ കുറച്ച് പപ്പടം മാത്രം ബാക്കിയായി.  അവനത് ഇവിടെത്തന്നു' അച്ഛന്‍ പറഞ്ഞു. ഞാന്‍ അമ്മയോട് പറഞ്ഞു 'കണ്ട ഗുരുവായൂരപ്പന് എനിക്ക് കൊടുത്തുവിട്ടത് കണ്ടാ..'. 

ബോള്‍ഡായി തീരുമാനങ്ങള്‍ എടുക്കാന്‍ പഠിച്ചത് എപ്പോഴാണ്...? 

അങ്ങനെയൊരു സമയമൊന്നുമില്ല. അത്തരം ഘട്ടം നേരിടേണ്ടി വരുമ്പോള്‍ ബോള്‍ഡായ തീരുമാനങ്ങള്‍ മനസ്സില്‍ നിന്ന് വരും. ഒരുദാഹരണം പറയാം. 
ശ്രീകൃഷ്ണ കോളജിലാണ് ഞാന്‍ പ്രീഡിഗ്രി പഠിച്ചത്. ഒടുക്കത്തെ റാഗിങ് ഉണ്ടായിരുന്ന ക്യാമ്പസാണത്. അന്ന് കോളജ് കലോത്സവത്തില്‍ നാടോടിനൃത്തത്തിന് ഞാന്‍ പിച്ചക്കാരിയുടെ വേഷത്തിലാണ് നൃത്തം ചെയ്തത്. നൃത്തം അവസാനിപ്പിച്ച് സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കളിയാക്കാനായി കുട്ടികളെല്ലാം എന്റെ മുന്നിലേക്ക് കുറേ ചില്ലറ പൈസ എറിഞ്ഞു. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. ഉടന്‍ ആ ചില്ലറ പൈസയെല്ലാം പൊറുക്കിയെടുത്ത് സദ്ദസ്സിനോട് ഞാന്‍ നന്ദി പറഞ്ഞു. അന്ന് കാണിച്ച ആ ധൈര്യം പിന്നീട് ഓര്‍ക്കുമ്പോള്‍ ഏറെ സന്തോഷം നല്‍കാറുണ്ട്.
പണ്ടൊക്കെ ഞാന്‍ പതുങ്ങിനില്‍ക്കുന്ന പ്രകൃതക്കാരിയായിരുന്നു. ആരോടും അധികം സംസാരിക്കാറൊന്നുമില്ല. എന്നാല്‍ ഇന്ന് അതെല്ലാം മാറി. സോഷ്യല്‍ മീഡിയയും വ്‌ളോഗിങും എല്ലാം തുടങ്ങിയതോടെ എവിടെയും ഇടിച്ചുകയറി സംസാരിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു. പ്രായം കൂടുന്തോറും ജീവിതം കുറേക്കൂടി ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്ത് നോക്കാന്‍ ഏറെ ഇഷ്ടമാണ്. എന്റേതായ വഴിയില്‍ സന്തോഷങ്ങളെ നിര്‍മിക്കുകയാണ്. 

ഇപ്പോള്‍ വ്‌ളോഗിങ്ങിലും സജീവമാണ്, ദുബായ് ജീവിതമാണോ വ്‌ളോഗിങിലേക്ക് എത്തിച്ചത്..? 

എന്റെ ഭര്‍ത്താവ്  ഗോപിമേനോന്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ഞാന്‍ ഏറെക്കാലം ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു കുറേക്കാലം.  അവിടെ വീട്ടില്‍ വെറുതേ ഇരിക്കേണ്ടി വന്നു. അത് എന്നെ സംബന്ധിച്ച് വലിയൊരു അസ്വസ്ഥത ആയിരുന്നു. എന്തെങ്കിലും ചെയ്യാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. വെറുതേയിരിക്കുന്ന സമയം ഞാന്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് യൂട്യൂബ് വ്‌ളോഗ് കാണാനാണ്. ഇത് എനിക്കും ചെയ്തുകൂടെ എന്ന ചിന്തയാണ് വ്‌ളോഗിങ്ങിലേക്ക് നയിച്ചത്.  വ്‌ളോഗിങ് തുടങ്ങിയപ്പോള്‍ വലിയ സ്വീകരണം ലഭിച്ചു. ആയൊരു സന്തോഷത്തിലാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചത്. അനുരാഗം എന്ന സീരിയലിലൂടെയാണ് മടങ്ങിവന്നത്. ഇപ്പോള്‍ ഭാഗ്യലക്ഷ്മി എന്ന സീരിയലാണ് ചെയ്യുന്നത്. എല്ലാരീതിയിലുള്ള കഥാപാത്രങ്ങളും ഇന്ന് എന്നെ തേടിവരുന്നുണ്ട്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണവും ലഭിക്കുന്നു. 

എന്താണ് താങ്കളെ സംബന്ധിച്ച് സ്വാതന്ത്ര്വം, സന്തോഷം..? 

സ്വാതന്ത്ര്വമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. സ്വതന്ത്ര്വമായി നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ സന്തോഷവതിയായിരിക്കും. സ്വാതന്ത്ര്വം ഇല്ലാത്തിടത്ത് സന്തോഷം ഉണ്ടാകില്ല. ഇതാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കിയത്.