
നാടകത്തട്ടില്‍നിന്നാണ് സേതുലക്ഷ്മി സിനിമയിലേക്ക് എത്തിയത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജില്‍നിന്ന് നടനഭൂഷണം പഠിച്ചിറങ്ങി. കേരളത്തിലെ പ്രധാന സമിതികള്‍ക്കൊപ്പം നാടകമവതരിപ്പിച്ച് സമ്മാനങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാനസര്‍ക്കാരിന്റെ നാടക പുരസ്‌കാരം നാലുതവണ സേതുലക്ഷ്മിക്കായിരുന്നു. ഹ്രസ്വചിത്രങ്ങളും വെബ് സീരീസുകളും അടക്കം പുതിയകാലത്തിന്റെ അരങ്ങുകളിലും സേതുലക്ഷ്മി സജീവം. സിനിമകളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിറസാന്നിധ്യമായി തുടരുകയാണ് സേതുലക്ഷ്മി. 2015-ല്‍ കേരളസര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം. രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത, പുലിമുരുകന്‍, മോഹന്‍കുമാര്‍ ഫാന്‍സ്, ആട് 2, ആമി, പടയോട്ടം, ക്വീന്‍, സണ്‍ഡേ ഹോളിഡേ, ജോമോന്റെ സുവിശേഷങ്ങള്‍... തുടങ്ങി ഒട്ടേറെ സിനിമകള്‍. എണ്‍പതാംവയസ്സിലും പല തട്ടകങ്ങളില്‍ തിരക്കിലാണ് സേതുലക്ഷ്മി.തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ 'അമ്മവീടിന്റെ' ഉമ്മറത്തിരുന്ന് അവര്‍ കഥകളോരോന്നായി പറഞ്ഞുതുടങ്ങി...
സിനിമയിലേക്കെത്തിയ രസതന്ത്രം
2006-ല്‍ ബാലചന്ദ്രമേനോന്റെ 'സൂര്യോദയം' സീരിയലിലെ അഭിനയം കണ്ടാണ് സത്യന്‍ അന്തിക്കാട് രസതന്ത്രം എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്. അന്ന് 'സൂര്യോദയത്തി'ലെ അഭിനയം സത്യന്‍സാര്‍ കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് സിനിമയിലെത്താന്‍ കഴിയുമായിരുന്നില്ല.സിനിമയില്‍ അഭിനയിക്കുമെന്ന് കരുതിയതല്ല. നാടകം കളിച്ച് ഇങ്ങനെ ജീവിച്ച് മരിക്കുമെന്നാണ് വിചാരിച്ചത്. ജയറാം നായകനായ 'കഥ തുടരുന്നു' എന്ന സിനിമയില്‍ വേഷം കിട്ടിയിരുന്നു. എന്നാല്‍, നാടകമുള്ളതിനാല്‍ പോകാനായില്ല. പിന്നീട് അദ്ദേഹം നായകനായ 'നടന്‍' എന്ന സിനിമയില്‍ അഭിനയിച്ചു
ശ്രീജിത്ത് രവിയല്ല, മേജര്‍ രവി
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ കഥാപാത്രം ചെയ്യുന്നതിനായി പിരപ്പന്‍കോട് ജിത്താണ് എന്നെ വിളിക്കുന്നത്. ശ്രീകുമാരന്‍ തമ്പിസാറിന്റെ സീരിയലില്‍ ഞാനും ലെനയും ഒന്നിച്ചഭിനയിച്ചിരുന്നു. ലെനയാണ് 'ലെഫ്റ്റ് റൈറ്റി'ലേക്ക് എന്റെ പേര് നിര്‍ദേശിച്ചത്. അരുണ്‍കുമാര്‍ അരവിന്ദായിരുന്നു സംവിധായകന്‍. അതില്‍ ഇന്ദ്രജിത്തിന്റെ അമ്മവേഷമായിരുന്നു എനിക്ക്. എന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം മകള്‍ ലക്ഷ്മിയാണ് ചെയ്തത്. മോള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ സന്തോഷം തോന്നി.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ലെ അഭിനയം കണ്ട് ഒരുദിവസം മേജര്‍ രവി വിളിച്ചു. ആ സിനിമയില്‍ ഒപ്പം അഭിനയിച്ച ശ്രീജിത്ത് രവിയാണെന്ന് കരുതി ഞാന്‍ ഒരുപാടുനേരം സംസാരിച്ചു. അച്ഛന്‍ ടി.ജി. രവിയുടെ അഭിനയത്തെക്കുറിച്ചൊക്കെ വാതോരാതെ വെച്ചുകാച്ചി. അദ്ദേഹം ക്ഷമയോടെ എല്ലാം കേട്ടു. എന്നിട്ട് പറഞ്ഞു:'അമ്മേ, ഞാന്‍ പട്ടാളക്കാരുടെ സിനിമയെടുക്കുന്ന മേജര്‍ രവിയാണ്.' ഞാന്‍ ആകെ ചമ്മിപ്പോയി. 'പൊന്നുസാറേ ആളുമാറിപ്പോയതാണ്. തലയ്ക്ക് സുഖമില്ലാത്തയാളാണെന്നു കരുതി സിനിമയിലേക്ക് വിളിക്കാതിരിക്കരുത്.'അതുകേട്ട് സാര്‍ കുറെ ചിരിച്ചു. പിന്നീട് '1971 ബിയോണ്ട് ബോര്‍ഡേഴ്സ്' എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചു. അവിടെവെച്ച് എപ്പോള്‍ക്കണ്ടാലും 'എന്നെ മനസ്സിലായോ' എന്ന് ചോദിക്കും.
മഞ്ജു വാര്യരുടെ അഭിനന്ദനം
ഇന്നും എന്നെ ആളുകള്‍ ഓര്‍ക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ'വിലേത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സാറാണെന്നറിഞ്ഞപ്പോള്‍ പേടിതോന്നി. നേരിട്ട് പരിചയപ്പെട്ടപ്പോഴല്ലേ ആളൊരു പാവമാണെന്ന് മനസ്സിലായത്. ഇടയ്ക്ക് വിളിക്കാറുണ്ട്. നായിക മഞ്ജു വാര്യര്‍ എന്ന് കേട്ടപ്പോഴേ ഞാന്‍ ഞെട്ടി! മലയാളത്തിലെ മികച്ച നടിമാരിലൊരാള്‍. തിരിച്ചുവരവില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ചെറിയകാര്യമല്ലല്ലോ. സെറ്റില്‍വച്ച് മഞ്ജു ഓടിവന്ന് കെട്ടിപ്പിടിച്ചു: 'എവിടെയായിരുന്നു ഇത്രയും നാള്‍? എന്ത് പെര്‍ഫോമന്‍സായിരുന്നു... ഞെട്ടിച്ചുകളഞ്ഞു!' മഞ്ജു അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമായി. 'മോളുടെ കൂടെ അഭിനയിക്കുകയാണെന്നറിഞ്ഞപ്പോള്‍ ഞാനും ഞെട്ടി' എന്ന്, പരിഭ്രമമൊക്കെ മാറ്റിവെച്ച് ഞാനും പറഞ്ഞു. മഞ്ജു വളരെ സ്‌നേഹമുള്ള നടിയാണ്. മഞ്ജുവിനൊപ്പമായതുകൊണ്ടാകാം ആ സിനിമയില്‍ എന്റെ അഭിനയവും നന്നായി. ഞാനും മഞ്ജുവുമായുള്ള രംഗങ്ങള്‍ ഇപ്പോള്‍ കണ്ടാലും സങ്കടപ്പെടുത്തും. ഞാന്‍ ഗ്ലിസറിനുപയോഗിക്കാറില്ല. പല സീനുകളിലും മഞ്ജുവിന്റെ അഭിനയം കണ്ട് കരഞ്ഞുപോയിട്ടുണ്ട്. രണ്ടാംവരവില്‍ മഞ്ജുവിനുണ്ടായ ഉയര്‍ച്ചയില്‍ ഞാനൊരുപാട് സന്തോഷിക്കുന്നുണ്ട്.''
സര്‍പ്രൈസായ അവാര്‍ഡ്
2014-ല്‍ രാജമ്മ@യാഹു എന്ന സിനിമയില്‍ അഭിനയിച്ച് തിരികെവരാന്‍ ട്രെയിനിലിരിക്കുമ്പോഴാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ' വിന് അവാര്‍ഡുണ്ടെന്നറിയുന്നത്. മഞ്ജുവിനായിരിക്കും അവാര്‍ഡ് എന്നുകരുതി. എനിക്കാണെന്നറിഞ്ഞപ്പോള്‍ അതിരില്ലാത്ത സന്തോഷവും വെപ്രാളവും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അവസ്ഥ. ട്രെയിനിന് വേഗം കുറയുന്നതുപോലെ. എത്രയും നേരത്തേ തിരുവനന്തപുരത്തെത്താനുള്ള തിടുക്കമായിരുന്നു. അപ്പോള്‍ത്തന്നെ വിവരം മഞ്ജുവിനെ വിളിച്ച് അറിയിച്ചു. മഞ്ജു അഭിനന്ദിച്ചു.

അച്ഛന്‍ പട്ടാളക്കാരനായിരുന്നു. കുഞ്ഞുന്നാളിലേ ഡാന്‍സിനോട് കമ്പമുണ്ട്. അങ്ങനെ നടനഭൂഷണം കഴിഞ്ഞു. നാടകത്തിന്റെ ഭ്രമംകൊണ്ട് നാടകനടനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായിരുന്ന അര്‍ജുനനെ വിവാഹംകഴിച്ചു. എനിക്ക് നാലുമക്കളാണ്. മൂത്തമകള്‍ ബീന മരിച്ചുപോയി. ബിന്ദു, ലക്ഷ്മി, കിഷോര്‍ എന്നിവരാണ് മക്കള്‍. ലക്ഷ്മിയും കിഷോറും സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ്.
വേദനയില്‍ താങ്ങായവര്‍
മകന്റെ വൃക്ക തകരാറിലാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു. ജീവിതം പ്രയാസത്തിലായി. ഒരു സിനിമാസെറ്റില്‍വെച്ച് തെസ്‌നിഖാനാണ് എന്റെ സങ്കടം കണ്ട്, 'സഹായാഭ്യര്‍ഥന ഫെയ്സ്ബുക്കിലിടാം, അമ്മയെ എല്ലാവരും സഹായിക്കും' എന്നുപറഞ്ഞത്. അങ്ങനെ മകന്റെ അസുഖവിവരം അറിഞ്ഞ ഒരുപാടുപേര്‍ സഹായവുമായെത്തി. ചാലക്കുടിയില്‍ ഒരു സിനിമ ചെയ്യുന്ന സമയത്തായിരുന്നു ഓപ്പറേഷന്‍. മകന്റെ അവസ്ഥ അറിയാന്‍ പറ്റാത്ത സങ്കടമായിരുന്നു മനസ്സിലാകെ. അഭിനയിച്ചുകൊണ്ടിരുന്നത് കോമഡി റോളും. ജീവിതത്തിലെ ഏറ്റവും പിരിമുറുക്കമുള്ള സമയങ്ങളിലൊന്നായിരുന്നു അന്ന്. ഒരുവിധമാണ് അഭിനയിച്ചുതീര്‍ത്തത്. ഫോണടിച്ചപ്പോള്‍ ഭയത്തോടെ പ്രാര്‍ഥിച്ചുകൊണ്ട് എടുത്തു.'വൃക്ക മാറ്റിവച്ചു. മകന് കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ മയക്കത്തിലാണ്...' എന്നുകേട്ടപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം തോന്നി. വൈകുന്നേരം സെറ്റില്‍ കേക്ക് മുറിക്കാനായി എന്നെ വിളിച്ചു. മരണത്തില്‍നിന്ന് എന്റെ മകന് പുതുജീവന്‍ കിട്ടിയതിന്റെ സന്തോഷം അവര്‍ എന്നോടൊപ്പം കേക്ക് മുറിച്ചാഘോഷിച്ചു. വൈകുന്നേരം ഞാന്‍ അവനെച്ചെന്നുകണ്ടു. ഇപ്പോള്‍ പൂര്‍ണാരോഗ്യവാനാണ്.
സീരിയലും നാടകവും സിനിമയുമെല്ലാം ഇടകലര്‍ന്ന ജീവിതമാണ് സേതുലക്ഷ്മിയമ്മയുടേത്. ഓരോ ഫോണ്‍കോളും അടുത്ത സിനിമയിലേക്കുള്ള അവസരമായി അവര്‍ കരുതുന്നു. സംസാരം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുമ്പോള്‍ ആ അമ്മ ഓര്‍മപ്പെടുത്തി:''ഇനിയും അവസരങ്ങള്‍ കിട്ടാന്‍ പ്രാര്‍ഥിക്കണേ മക്കളേ...'





Content Highlights: malayalam serial movie actress sethulakshmi life and career
Published: 22 May 2023, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented