മെക്സിക്കന്‍ ഡെയ്സി പൂത്തുലഞ്ഞ കുന്നിന്‍മുകള്‍. അവിടെ കുറിഞ്ഞിയാണ്ടവര്‍ കോവിലിനരികേയുള്ള വീട്. മഞ്ഞുതുള്ളിപോലൊരു കുഞ്ഞുവാവയെ ഒക്കത്തെടുത്ത് മലയാളികളുടെ 'പാലേരി മാണിക്യം' പൂമുഖത്തെത്തി. മഞ്ഞുനാട് സമ്മാനിച്ച കുഞ്ഞുമഞ്ഞുതുള്ളിയാണ് മൈഥിലിക്ക് നീല്‍. കുഞ്ഞിന്റെ പിറവി, അവന്റെ വളര്‍ച്ച... മഞ്ഞണിഞ്ഞ കൊടൈക്കനാലില്‍ മൈഥിലിയുടെ ലോകം നീലിലൂടെ വലുതായി. നിറഞ്ഞ സന്തോഷത്തോടെ അവര്‍ ഗൃഹലക്ഷ്മിയിലൂടെ മകന്‍ നീല്‍ സമ്പത്തിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. മകനെ നെഞ്ചിൽ ചേർത്ത്  മൈഥിലി പറഞ്ഞു: ''കൊടൈക്കനാലാണ് എനിക്കെല്ലാം തന്നത്. ഭര്‍ത്താവ് സമ്പത്തിനെയും കുഞ്ഞിനെയും ഈ ഇഷ്ടഭൂമിയെയുമെല്ലാം. ജീവിതാവസാനംവരെ ഇവിടെ, ഇങ്ങനെ ജീവിക്കണം.'' 
കുറുമ്പു കാട്ടിയ നീലിനെ മൈഥിലി  ഒരു ചെല്ലപ്പേര് വിളിച്ചു: അരിക്കൊമ്പന്‍. ''മോനെ കൊഞ്ചിക്കുമ്പോള്‍ അരിക്കൊമ്പന്‍, നീലന്‍ അങ്ങനെ പല പേരുകളും നാവില്‍ വരും.'' മൈഥിലി വിശേഷങ്ങളില്‍ മുഴുകി. കുന്നുകളില്‍നിന്ന് കുന്നുകളിലേക്ക് കോടമഞ്ഞ് പറന്നിറങ്ങുന്ന കൊടൈയിലേക്ക് ജീവിതം പറിച്ചുനട്ടത്, സമ്പത്തിനൊപ്പം ജീവിതം തുടങ്ങിയത്... പറയാനേറെയുണ്ടായിരുന്നു. 'അരിക്കൊമ്പന്‍' ശാന്തനായി അമ്മയുടെ ഒക്കത്തിരുന്നു.

അമ്മയായതില്‍പിന്നെ ജീവിതം എങ്ങനെയുണ്ട്?
'മദര്‍ഹുഡ് ഇസ് മാജിക്കല്‍.' അമ്മയായതോടെ എനിക്ക് കൂടുതല്‍ ശക്തി കിട്ടിയെന്ന് തോന്നുന്നു. ശരീരത്തിന്റെ മാറ്റം കൗതുകത്തോടെ ഞാന്‍ ആസ്വദിച്ചു. അവന്റെ ചിരി കണ്ടാണിപ്പോള്‍ എന്റെ ദിവസം തുടങ്ങുക. അധികം കരച്ചിലോ ബഹളമോ ഒന്നുമില്ലാത്ത കുഞ്ഞാണവന്‍. 
 മുമ്പെനിക്ക് ഓടിച്ചാടി മരംകേറി നടക്കാമായിരുന്നു. ഇപ്പോഴതിന് പറ്റില്ല... ഇവനേം കൂടെ കൊണ്ടുപോകണം. മുമ്പ് കെയര്‍ലെസായിരുന്നു. ഇപ്പോള്‍ ഉത്തരവാദിത്വമായി. അതൊക്കെത്തന്നെ. ജീവിതത്തിന്റെ ആ രണ്ട് വശങ്ങളും എനിക്ക് മനോഹരമാണ്. അവന്റെ കാര്യങ്ങള്‍ നോക്കി ജീവിതം ആസ്വദിക്കുകയാണ് ഞാനും സമ്പത്തും.

placeholder
ഭർത്താവ് സമ്പത്തിനും മകനുമൊപ്പം മൈഥിലി 

പ്രസവാനന്തരവിഷാദത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അനുഭവം നേരിടേണ്ടിവന്നോ?
ഇടയ്ക്ക് ഒന്നുരണ്ടു ദിവസം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ നമ്മെ ബാധിക്കും. വെറുതേ കരച്ചില്‍ വരും. ഡെലിവറി കഴിഞ്ഞ് വേദനകൊണ്ട് കരഞ്ഞിട്ടുണ്ട്. പോസ്റ്റ്പാര്‍ട്ടം അത്രയൊന്നുമെന്നെ ബാധിച്ചിട്ടില്ല. പക്ഷേ, അത്തരം പ്രശ്‌നങ്ങളെ അതിജീവിച്ച് വരുന്ന ഒരുപാടുപേരുണ്ട്. ഞാന്‍ ഡയറ്റ് ശ്രദ്ധിച്ചിരുന്നു. മൂന്നുമാസം ആയുര്‍വേദചികിത്സയും ചെയ്തു.

നീലിന്റെ അച്ഛന്റെ വിശേഷങ്ങള്‍...
നീലിന് അച്ഛനാണ് ജീവന്‍. അച്ഛനെ കിട്ടിയാല്‍മതി. എന്നെ സംബന്ധിച്ചിടത്തോളം സമ്പത്തിനൊപ്പമുള്ള ജീവിതം അനുഗ്രഹമാണ്. പ്രസവസമയത്തെ ശാരീരിക, മാനസിക വേദനകളെ അതിജീവിക്കാനായത് സമ്പത്ത് ഒപ്പം ഉണ്ടായിരുന്നതുകൊണ്ടാണ്. 

മാതൃത്വത്തെക്കുറിച്ച് ലോകത്തിന്റെ അഭിപ്രായം മാറുകയാണെന്ന് തോന്നുന്നുണ്ടോ?
അമ്മയാവണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവില്ലേ... അങ്ങനെയാണെന്നാണ് എന്റെ തോന്നല്‍. പിന്നെ നമ്മളൊന്നിനും ഒരു പരിധി വയ്ക്കരുത്. പ്രകൃതിയാണ് എല്ലാം തരുന്നത്. 

സിനിമയിലേക്ക് എപ്പോഴാണ് തിരിച്ച്?
ഇപ്പോള്‍ കുഞ്ഞിന് എന്നെ ഏറ്റവുമധികം ആവശ്യമുള്ള സമയമാണ്. അവനാണ് എല്ലാത്തിനെക്കാളും പ്രധാനം. അവന്റെ ബാല്യം കളയാന്‍ ഞാന്‍ തയ്യാറല്ല. അത്രയും നല്ല കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ മാത്രം ചെയ്യും. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കുറച്ച് സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. 

തിരിച്ചുവരവില്‍ ഏതുതരം കഥാപാത്രമാണ് ആഗ്രഹിക്കുന്നത്?
ഒരുപാട് യാത്രകള്‍ചെയ്യുന്ന ഒരു കഥാപാത്രത്തെ ചെയ്യണമെന്നുണ്ട്. ചെറിയ സിനിമകളാണെങ്കിലും കഴമ്പുണ്ടെങ്കില്‍ നന്നായി ഓടുന്ന സമയമാണിത്. അത് നല്ല കാര്യമാണ്. പ്രേക്ഷകരുടെ കയ്യിലാണ് എല്ലാം. 'രോമാഞ്ചം' എനിക്കിഷ്ടപ്പെട്ടൊരു സിനിമയാണ്. 

സിനിമാരംഗത്ത് മയക്കുമരുന്നുവിവാദം കത്തിനില്‍ക്കുന്നു; എന്താണ് പ്രതികരണം?
പണ്ടൊരിക്കല്‍ ജോണ്‍ അബ്രഹാം പറഞ്ഞു. ഒരു ജനതയുടെ യൗവനം മുഴുവന്‍ ബ്രൗണ്‍ ഷുഗറില്‍ അകപ്പെട്ടിരിക്കുകയാണെന്ന്. 80-കളിലെ ആ കമന്റ് 2023-ലും നമ്മള്‍ ചര്‍ച്ചചെയ്യുകയാണ്. സിനിമയെന്ന ഒറ്റ മേഖലയില്‍ മാത്രമല്ല ഇതൊക്കെയുള്ളത്. സമൂഹത്തില്‍ നിന്നാണ് ഇത് ഇല്ലായ്മ ചെയ്യേണ്ടത്. അല്ലാതെ സിനിമാമേഖലയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ? സിനിമ എല്ലാത്തിനെയും അതിജീവിക്കും. സിനിമയ്ക്ക് പറ്റാത്തവര്‍ സ്വാഭാവികമായി പുറത്തുപോവുകയും ചെയ്യും. പിന്നെ  ചൂഷണങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ പുതുതായി വരുന്നവര്‍ തയ്യാറാകണം. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഞാനും തയ്യാറാണ്.

placeholder

അഭിനേതാക്കളുടെ നിസ്സഹകരണവും ചര്‍ച്ചയാവുന്നു...
'വര്‍ക്ക് ഇസ് വര്‍ഷിപ്പ്' എന്നല്ലേ എല്ലാവരും പണ്ടുമുതലേ പറയുന്നത്. അതിപ്പോഴും അങ്ങനെതന്നെയല്ലേ... (ചിരിക്കുന്നു). 

പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നയാളാണ്?
എല്ലാ വികാരങ്ങളും എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, നമ്മള്‍ എല്ലാത്തിനെയും സ്ട്രോങ്ങായിട്ടല്ലേ നേരിടേണ്ടത്. ഞാന്‍ സ്ട്രോങ്ങാണ്. 

ജീവിതത്തില്‍ വലിയൊരു വിവാദഘട്ടത്തെ മറികടന്നു. എങ്ങനെ അതെല്ലാം തരണംചെയ്തു?
ഞാനെന്നെ സ്‌നേഹിക്കുന്നു. ഇത് എന്റെ ജീവിതമാണ്. ഇതിനെ എവിടെ പ്ലേസ് ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. എന്റെ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറിവരുന്നവരെ ഞാനെന്തിന് ഗൗനിക്കണം? അതോര്‍ത്ത് എന്തിന് വേവലാതിപ്പെടണം? നമ്മള്‍ മുന്നോട്ടുപോവുക. തിരിഞ്ഞുനോക്കിയല്ല, മുന്നോട്ടുനോക്കിയല്ലേ നടക്കേണ്ടത്. ഞാന്‍ എന്റെ കാര്യങ്ങളിലും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളിലുമേ ശ്രദ്ധകൊടുക്കുന്നുള്ളൂ. മറ്റൊന്നിനുംവേണ്ടി കളയാന്‍ സമയമില്ല. കുടുംബം, കുഞ്ഞ്. ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് അതിനാണ്. 

ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവുമിഷ്ടം?
എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമാണ്. 'പാലേരി മാണിക്യ'ത്തോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളൊരു കഥാപാത്രമാണത്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടൊരു പെണ്‍കുട്ടി.

ഏതെങ്കിലും റോള്‍ മെച്ചപ്പെടുത്താമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?
പുറകിലേക്ക് തിരിഞ്ഞുനോക്കി മെച്ചപ്പെടുത്താമായിരുന്നെന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ... ഇനിയുള്ളതിനെക്കുറിച്ച് ചിന്തിച്ച് മുന്നോട്ടുപോകാം. ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ടല്ലോ... 

സോഷ്യല്‍ മീഡിയ വ്യക്തിജീവിതത്തെ ബാധിക്കാറുണ്ടോ? 
സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍കൊണ്ട് മാത്രം എത്രയോപേര്‍ ആത്മഹത്യചെയ്യുന്നു. ആരുടെ പേരിലാണ് കേസെടുക്കുക? ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നൊരിടമായി സോഷ്യല്‍ മീഡിയ മാറി. നമുക്ക് ചുറ്റുമുള്ള ജനങ്ങള്‍ എത്രത്തോളം അക്രമാസക്തരാണെന്ന് നോക്കൂ... അവനവന്റെ ഉള്ളിലെ നെഗറ്റിവിറ്റി വെച്ചാണ് അവര്‍ ആളുകളെ അളക്കുന്നത്. അതാണവര്‍ പുറത്ത് കാണിക്കുന്നത്. ആരുടെയും വ്യക്തിജീവിതത്തെ വേദനിപ്പിക്കാനുള്ള ഇടമാകരുത് സോഷ്യല്‍ മീഡിയ. 

placeholder

സ്വപ്‌നംകണ്ട് സിനിമയിലേക്ക് വന്നയാളാണോ?
ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നടിയാകുമെന്നൊന്നും കരുതിയിരുന്നില്ല. ഒരുപക്ഷേ, എല്ലാവര്‍ക്കും കാണും അഭിനയിക്കാനുള്ള ഇഷ്ടം. അങ്ങനെ എനിക്കും തോന്നിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു ഞാന്‍. കലാരംഗത്ത് ഉണ്ടാകണമെന്ന് പണ്ടേ താത്പര്യമായിരുന്നു. 

കൊടൈക്കനാല്‍ മൈഥിലിയുടെ സ്വപ്‌നഭൂമിയാണെന്ന് പറയാറുണ്ട്? 
കൊടൈ ഒരു മാന്ത്രികദേശമാണ്. മഞ്ഞും മരങ്ങളും മലകളും നിറച്ച് പ്രകൃതിയിങ്ങനെ ഉന്മേഷത്തോടെ ചുറ്റും നില്‍ക്കുമ്പോള്‍ വേറെന്തുവേണം നമുക്ക്. ശാന്തതയാണ് മനസ്സിന് വേണ്ടത്. തികച്ചും യാദൃച്ഛികമായിട്ടാണ് എന്റെ ജീവിതം ഇങ്ങോട്ട് തിരിഞ്ഞത്. 

ഫാം ടൂറിസം ലക്ഷ്യമിട്ടാണോ കൊടൈയിലേക്ക് വന്നത്?
അല്ല. അതിനെക്കുറിച്ചൊന്നും മുമ്പ് ആലോചിച്ചിട്ടേയില്ല. നാലുകൊല്ലം മുമ്പ് മമ്മിയും ചേട്ടനും അവധിക്ക് യു.എസില്‍നിന്ന് വന്ന സമയം. ഞങ്ങളെല്ലാരുംകൂടി കുറച്ചുദിവസത്തേക്ക് കൊടൈക്കനാലില്‍ കറങ്ങാന്‍വന്നു. പ്രകൃതിയും കാലാവസ്ഥയും ഒക്കെ കണ്ട് ഇഷ്ടപ്പെട്ട്  ഞാനും ചേട്ടനും ഇവിടെ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചു. നാലുമാസംകൊണ്ട് സ്ഥലം കണ്ടെത്തലും വാങ്ങിക്കലുമൊക്കെ കഴിഞ്ഞു. 

ആ നാലുമാസം കൊണ്ട് കൊടൈക്കനാലിനെ അടുത്തറിഞ്ഞോ?
തീര്‍ച്ചയായും. സ്ഥലം വാങ്ങാനായി നാലുമാസത്തോളം ഞാന്‍ കൊടൈയില്‍ താമസിച്ചു. നാട് നടന്നുകണ്ടു. മണ്‍വീടും മരവീടുമൊക്കെയായി സ്ഥലത്തിന്റെ അടിസ്ഥാനസ്വഭാവം കളയാതെയുള്ള സസ്റ്റെയ്നബിള്‍ ആര്‍ക്കിടെക്ചര്‍ രീതിയെക്കുറിച്ചൊക്കെ ആ സമയത്താണ് പഠിക്കുന്നത്. ധാരാളം തോട്ടങ്ങള്‍ കണ്ടശേഷം 'എലിഫന്റ്വാലി' എനിക്കിഷ്ടപ്പെട്ടു. അവിടെ ഞാന്‍ സ്ഥലം വാങ്ങി. അവൊക്കാഡോ, കോഫി, പെപ്പര്‍, ഓറഞ്ച് എന്നിവയൊക്കെയുണ്ട് തോട്ടത്തില്‍. സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്ന സമയത്ത് ഇവിടത്തെ ഒരു അഭിഭാഷകനെ പരിചയപ്പെട്ടിരുന്നു. നല്ലൊരു തോട്ടം കണ്ടെത്താന്‍ അദ്ദേഹം സഹായിച്ചു. 'എലിഫന്റ്വാലി'യിലെ അദ്ദേഹത്തിന്റെ ട്രീഹൗസിലാണ് ഞാന്‍ സമ്പത്തിനെ ആദ്യം കണ്ടത്. ആര്‍ക്കിടെക്റ്റാണ് സമ്പത്ത്.  എന്റെ ജീവിതം ആ നാലുമാസംകൊണ്ട് മാറി. വെള്ളച്ചാട്ടങ്ങളില്‍ കുളിച്ചും മരംകേറിയും തോട്ടങ്ങള്‍ നോക്കിനടന്നും മനോഹരമായ ദിവസങ്ങള്‍. കണ്ണാടിപോലും നോക്കാത്ത ദിവസങ്ങള്‍. പിന്നീട് സമ്പത്ത് എന്റെ ജീവിതത്തിലേക്കും വന്നു. 
''ഓരോതവണ കൊടൈക്കനാലിലേക്ക് തിരിച്ചെത്തുമ്പോഴും പ്രണയത്തിന്റെ ആഴം ഞങ്ങളിരുവരും തിരിച്ചറിഞ്ഞു. ഈ നാടിന് എന്തോ ഒരു ശക്തിയുണ്ട്. സ്‌നേഹമുള്ള നാടാണ് ഇവിടം.'' മൈഥിലി പറഞ്ഞുനിര്‍ത്തി.