'സ്വന്തം ചേട്ടനായിരുന്നു എനിക്ക്. സ്റ്റാര്‍ മാജിക്ക് ഫ്‌ളോറില്‍ ഏറ്റവും കൂടുതല്‍ തവണ എന്നെ ചിന്നു എന്ന് വിളിക്കുന്നത് സുധി ചേട്ടനാണ്. ഫ്‌ളോറിന്‌ പുറത്തിറങ്ങിയാല്‍ മക്കളേ, എന്നല്ലാതെ പേര് മുഴുവന്‍ വിളിക്കില്ല. അത്രയും സ്‌നേഹമുള്ള, കലര്‍പ്പില്ലാത്ത, ശുദ്ധനായ മനുഷ്യനായിരുന്നു അദ്ദേഹം. ദൈവം എന്താ ഇങ്ങനെ ചെയ്യണതെന്നറിയില്ല, ഇത്രയും നല്ല ആളുകളെയൊക്കെ പെട്ടെന്ന് കൊണ്ടുപോവുകയാണ്...' സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വേര്‍പാടില്‍ ദു:ഖമടക്കാനാവാതെ കരഞ്ഞു കൊണ്ടാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര സംസാരിച്ചത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട് ഇവര്‍ക്കിടയില്‍.

'ഒരുപാട് വിഷമങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുകയായിരുന്നു സുധിച്ചേട്ടന്‍. ഒരു പെര്‍ഫെക്ട് ഭര്‍ത്താവ് എന്നതുപോലെതന്നെ പെര്‍ഫെക്ട് അച്ഛനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹിക്കാനാവുന്നില്ല... ഷോയ്ക്കിടെ ചെറിയൊരു ബ്രേക്ക് കിട്ടിയാല്‍ അപ്പോള്‍ തന്നെ മക്കളെയും ഭാര്യയെയും വീഡിയോകോള്‍ ചെയ്യും. അത്രയും ശക്തമായൊരു സ്‌നേഹബന്ധമാണ് അവര്‍ തമ്മിലുള്ളത്. എപ്പോഴും സുധി ചേട്ടന്‍ എന്ന് മനസ്സില്‍ ധ്യാനിച്ച് ജീവിക്കുന്നതാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു. ശരിക്കും രേണു സുധിച്ചേട്ടന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരര്‍ഥമുണ്ടായത്. ഒരു സെക്കന്റ് ബ്രേക്ക് കിട്ടിയാല്‍ അപ്പോള്‍ തന്നെ വാവക്കുട്ടനെ വിളിക്കാനെന്നു പറഞ്ഞ് പോവും. 

സുധി ചേട്ടന് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. അതോരോന്നായി നിറവേറ്റിക്കൊണ്ടുവരികയായിരുന്നു. ഞങ്ങള്‍ മിനിഞ്ഞാന്ന് കണ്ട് പിരിഞ്ഞതേയുള്ളൂ. അന്ന് ഷൂട്ടുണ്ടായിരുന്നു. ഇളയ മകന്‍ ആദ്യമായി സ്‌കൂളില്‍ പോവുന്ന വീഡിയോ ഒക്കെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ക്ക് കാണിച്ചുതന്നത്.  
സുധിച്ചേട്ടന് സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോഴും വാടക വീട്ടിലാണ് താമസം. കുറച്ചായിട്ട് സിനിമയിലൊക്കെ അവസരം കിട്ടുന്നുണ്ടായിരുന്നു. അതിലൂടെയൊക്കെ പ്രതിസന്ധികളില്‍ നിന്ന് കരകയറാം എന്നൊക്കെയുള്ള ആശ്വാസത്തിലായിരുന്നു അദ്ദേഹം. ഒന്ന് പച്ചപിടിച്ചുവരികയായിരുന്നു, അപ്പോഴേക്കും... മിനിഞ്ഞാന്ന് അതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിച്ചതുമാണ്... അങ്ങോട്ടുമിങ്ങോട്ടും എന്തും തുറന്നുപറയാന്‍ പറ്റുന്ന സ്വന്തം ചേട്ടന്‍ തന്നെയായിരുന്നു. എല്ലാ വിഷമങ്ങളും പറയുമായിരുന്നു. സുധി ചേട്ടന്‍ പോയി എന്നത് വിശ്വസിക്കാനോ അത് ഉള്‍ക്കൊള്ളാനോ ഞങ്ങള്‍ക്കാര്‍ക്കും പറ്റുന്നില്ല.' 

ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.