മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് കാർ അപകടത്തിൽ മരിച്ചുവെന്ന വാർത്തയുമായി ഒരു അമേരിക്കൻ വെബ്സൈറ്റ് രംഗത്തെത്തിയിരുന്നു. 2013-ലാണ് സംഭവം. അമേരിക്കയിലെ ഇന്ത്യക്കാരെ മുഴുവൻ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ളതായിരുന്നു വ്യാജവാർത്ത. "ഗ്ലോബൽ അസോസിയേറ്റ‍ഡ് ന്യൂസ്" എന്ന വാർത്താ ഏജൻസിയുടെ പേരിലാണ് "ബ്രേക്കിംഗ് സ്റ്റോറി" പുറത്തുവന്നത്. യുഎസിലെ ഇന്റർസ്റ്റേറ്റ് 80-ൽ ഒരു സുഹൃത്തിന്റെ വാഹനം ഓടിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നും അപകടത്തിന്റെ ആഘാതത്തിൽ വാഹനം പലതവണ മറിഞ്ഞുവെന്നും വാർത്തയിലുണ്ടായിരുന്നു. നടി സ്ഥലത്തുതന്നെ മരിച്ചുവെന്നും അതിലെഴുതി. 

"55 മൈൽ മാത്രം വേഗത അനുവദിച്ച മേഖലയിൽ മണിക്കൂറിൽ 95 മൈൽ വേഗതയിലായിരുന്നു ഐശ്വര്യ വാഹനമോടിച്ചത്. അപകടത്തിന് മുമ്പ് കാർ ഡബിൾ ലൈനുകൾ പലതവണ കടന്നുവെന്നും ശേഷം ഡിവൈഡറിൽ തട്ടി മറിയുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു"- വ്യാജറിപ്പോർട്ടിൽ പറഞ്ഞു. ഐശ്വര്യ മദ്യപിച്ചിരുന്നതായും റിപ്പോർട്ടിലെഴുതിയിരുന്നു. "അവർ മദ്യലഹരിയിലാണോ വാഹനം ഓടിച്ചിരുന്നതെന്ന് നിർണ്ണയിക്കാൻ ടോക്സിക്കോളജി പരിശോധനകൾ നടത്തും, ഐശ്വര്യ റായിയുടെ അനുസ്മരണ ചടങ്ങുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ശവസംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്" എന്നുപോലും വാർത്തയിലുണ്ടായിരുന്നു.

ഇതോടെ,  ഇന്ത്യൻ ജനസംഖ്യ വലിയ തോതിലുള്ള ന്യൂയോർക്ക് സിറ്റിയിലെ പല മാധ്യമങ്ങളുടെയും ഓഫീസുകളിലേക്ക് വാർത്തയുടെ സ്ഥിരീകരണം തേടി ആളുകൾ നിരന്തരം ഇമെയിലുകളയച്ചും ഫോൺ ചെയ്തും അക്ഷമരായി.

ഒരു സോഫ്റ്റ്‌വെയറിന്റെ ഫലമായിരുന്നു ഈ വ്യാജവാർത്തയെന്ന് പിന്നീട് വിശദീകരണമുണ്ടായി. പേര് മാറ്റിക്കൊണ്ട് മറ്റുള്ളവരെ കബളിപ്പിക്കുന്ന വാർത്താ റിപ്പോർട്ടുകൾക്കും മറ്റ് പ്രാങ്കുകൾക്കുമായി വികസിപ്പിച്ച ടെംപ്ലേറ്റ് ആണിവിടെ ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi