1960-കളിലും 70-കളിലും ഏറെ പ്രശസ്തനായ നടനും നിർമാതാവും സംവിധായകനുമായിരുന്ന സഞ്ജയ് ഖാൻ. ഏക് ഫൂൽ ദോ മാലി, മേള, ഉപാസന, നാഗിൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രധാനപ്പെട്ടത്.

അതിനൊപ്പം ടി.വി സീരിയലുകളും അദ്ദേഹം നിർമിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു. The sword of Tipu Sultan, The Great Maratha, Jai Hanuman, Jai Mahabharat എന്നിവ അവയിൽ ചിലതാണ്.

'ടിപ്പു സുൽത്താൻ' സീരിയലിലെ ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ സഞ്ജയുടെ സഹോദരൻ അക്ബറാണ് സംവിധാനം ചെയ്തത്. പിന്നീടുള്ളത് മുഴുവൻ സഞ്ജയും. അതിൽ ടിപ്പു സുൽത്താനെ അവതരിപ്പിച്ചതും സഞ്ജയ് തന്നെ. അതിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് സെറ്റിൽ വലിയൊരു അപകടം നടന്നിരുന്നു. 1989 ഫെബ്രുവരി 8-നായിരുന്നുവത്. മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോസിൽ ഷൂട്ടിങ് നടക്കുകയാണ്. കടലാസ്, കയർ, മാറ്റ്, തടി എന്നിവ കൊണ്ടായിരുന്നു ആ സൗണ്ട് പ്രൂഫിങ് സ്റ്റുഡിയോയുടെ ഭിത്തി നിർമിച്ചത്. ടിപ്പുവിന്റെ വിവാഹമാണ് അന്ന് ഷൂട്ട് ചെയ്യേണ്ടത്. വലിയ ലൈറ്റുകളായിരുന്നു ഷൂട്ടിങ്ങിനായി കൊണ്ടുവന്നത്. വിവാഹത്തിനൊപ്പമുള്ള വെടിക്കെട്ടിന്റെ ദൃശ്യങ്ങൾ പകർത്താനൊരുങ്ങുകയായിരുന്നു.

കുറേയേറെ പടക്കങ്ങൾ പൊട്ടിച്ചു. അതിനിടയിലാണ് അവയിൽനിന്നുള്ള തീപ്പൊരി കാരണം, മേൽക്കൂരയ്ക്ക് തീപിടിക്കുന്നത്. തീപിടിത്തമുണ്ടായപ്പോൾ, സ്റ്റുഡിയോയ്ക്കുള്ളിലെ താപനില പെട്ടെന്ന് കൂടി. തീപടരുകയും ചെയ്തു. കടലാസും കയറും മരവുമുള്ള ഭിത്തിക്കും വളരെ വേഗത്തിൽ തീപിടിച്ചു. 100-ഓളം പേരായിരുന്നു സ്റ്റുഡിയോയിലുണ്ടായിരുന്നത്. ആ വലിയ മുറിക്ക് രണ്ടു വാതിലുകളാണുണ്ടായിരുന്നത്. എല്ലാവർക്കും അതിൽക്കൂടെ രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഒരവസരം പോലും കിട്ടാതെ പലരും അവിടെത്തന്നെ എരിഞ്ഞടങ്ങി. പലർക്കും ഗുരുതരമായി പൊള്ളലേറ്റു. അഗ്നിശമനസേനാംഗങ്ങൾ വരുമ്പോഴേക്കും 30-ഓളം പേർ മരിച്ചുവീണിരുന്നു.

42 പേരാണ് അന്ന് മരിച്ചത്. സഞ്ജയ് ഖാന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 65 ശതമാനത്തോളമായിരുന്നു അദ്ദേഹത്തിന് പൊള്ളലേറ്റത്. 13 മാസത്തോളം അദ്ദേഹം ആസ്പത്രിയിൽ കിടന്നു. 72 സർജറികൾക്ക് വിധേയനായി. തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് പിന്നീട് സഞ്ജയ് തുറന്നുപറഞ്ഞു, ''എന്റെ അവസ്ഥയെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ഒരിക്കൽ ഡോക്ടറോടും നഴ്‌സുമാരോടും ഒരു കണ്ണാടി വേണമെന്ന് ഞാൻ പറഞ്ഞു. അവർ ഒന്ന് പരസ്പരം നോക്കിയിട്ട്, അത് തരാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെ തലയും മുഖവുമെല്ലാം വീർത്ത് വലുപ്പം വെച്ചിരുന്നുവെന്ന് പിന്നീടറിഞ്ഞു''.

വയറിങ്ങിലെ പ്രശ്‌നങ്ങളും വെന്റിലേറ്ററുകളില്ലാത്തതുമാണ് തീ പെട്ടെന്ന് പടരാൻ കാരണമായത്. തീയണക്കാനുള്ള ഉപകരണങ്ങളുടെ അപര്യാപ്തതയും സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് അപകടത്തിന്റെ ആഘാതം കൂട്ടി. പടക്കമാണോ, ഷോർട്ട് സർക്യൂട്ടാണോ തീപിടിക്കാൻ കാരണമെന്നതിനെപ്പറ്റി പിന്നീട് പല ചർച്ചകളും നടന്നു. സ്റ്റുഡിയോയിലുണ്ടായിരുന്നവർ പറഞ്ഞത്, പടക്കം പൊട്ടിച്ചതുതന്നെയാണ് കാരണമെന്നാണ്.

മാസങ്ങളുടെ ആസ്പത്രിവാസത്തിനുശേഷം സഞ്ജയ് തിരിച്ചുവന്ന് സീരിയലിന്റെ ഷൂട്ടിങ് പൂർത്തിയാക്കി. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ടിപ്പുവിന്റേത്.

സിനിമാകുടുംബത്തിൽനിന്ന്
സിനിമയുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് സഞ്ജയുടേത്. അദ്ദേഹത്തിന്റെ മൂത്തസഹോദരനാണ് ഖുർബാനി, ധർമാത്മ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഫിറോസ് ഖാൻ. നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായിരുന്നു ഇളയ സഹോദരനായ അക്ബർ ഖാൻ. ഹൃതിക് റോഷന്റെ മുൻപങ്കാളി സുസെയ്ൻ ഖാൻ ഉൾപ്പെടെ നാലുമക്കളാണ് സഞ്ജയ്ക്കുള്ളത്.

ബോളിവുഡിന്റെ ഗ്ലാമർ ഗേൾ സീനത്ത് അമന്റെ മുൻ ഭർത്താവ് കൂടിയാണ് സഞ്ജയ്. സീനത്തും സഞ്ജയും പരിചയപ്പെടുമ്പോൾ, വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായിരുന്നു സഞ്ജയ് ഖാൻ. വളരെ ആർഭാടപൂർവ്വമായിരുന്നു വിവാഹം. എന്നാൽ ആ ബന്ധം ഇരുവരെയും സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമായിരുന്നില്ല. സീനത്തിന്റെ കണ്ണിന് പരിക്ക് പറ്റിയതും അതിന് ശസ്ത്രക്രിയ നടത്തിയതുമെല്ലാം ബോളിവുഡിൽ വാർത്തയായിരുന്നു. സഞ്ജയ് ഖാന്റെ മർദനമേറ്റാണ് പരിക്ക് പറ്റിയതെന്നും പറയപ്പെട്ടു. ആ സംഭവമിങ്ങനെ.

ഒരിക്കൽ ലോണാവാലയിൽ 'ഇൻസാഫ് കാ തരാസു' എന്ന സിനിമയുടെ സെറ്റിലായിരുന്നു സീനത്ത്. ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും, ഉടൻ ബോംബെയിലെത്താൻ സഞ്ജയ് അവരോടാവശ്യപ്പെട്ടു. വരാൻ പറ്റില്ലെന്ന് സീനത്ത് പറഞ്ഞു. അതോടെ സഞ്ജയ് ഖാൻ ദേഷ്യപ്പെട്ടു. ഒടുവിൽ സീനത്ത് തിരിച്ചെത്തിയപ്പോൾ, ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സഞ്ജയ് ഖാൻ ഭീകരമായി മർദിച്ചുവത്രേ. അതിലാണ് അവരുടെ വലതുകണ്ണിന് പരിക്കേറ്റത്. ഇനിയും ആ ബന്ധത്തിൽ തുടരുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കിയ സീനത്ത്, സഞ്ജയ് ഖാനിൽനിന്ന് അകന്നു. സഞ്ജയ് തന്റെ ആദ്യഭാര്യയായ സെറീനിനൊപ്പം തന്നെ ജീവിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi