1990-കളിൽ, ബോളിവുഡിൽ അധോലോകത്തിന്റെ സ്വാധീനം ശക്തമായുണ്ടായിരുന്നു. ബോളിവുഡ് സിനിമകൾ നിർമിക്കുന്നതിലടക്കം അധോലോകത്തിൽ നിന്ന് പണമൊഴുകിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. നായകൻമാരെയും നായികമാരെയും തങ്ങളുടെ ചൊൽപ്പടിക്കുനിർത്താൻ അധോലോകനായകൻമാർ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്തു.
ഷാരൂഖ് ഖാൻ, രാകേഷ് റോഷൻ, കരൺ ജോഹർ തുടങ്ങിയ ഒട്ടേറെ സെലിബ്രിറ്റികൾക്ക് അധോലോകഭീഷണി ഉണ്ടായിരുന്നതായി അവർ തുറന്നുസമ്മതിച്ചിട്ടുണ്ട്. അധോലോകം സംഘടിപ്പിച്ച ഒരു പാർട്ടിയിലേക്ക് തനിക്ക് നിരന്തരം ക്ഷണം ലഭിച്ചതിനെപ്പറ്റിയും അത് നിരസിച്ചതോടെ ഭയത്തിൽ കഴിയേണ്ടി വന്നതിനെപ്പറ്റിയും അടുത്തിടെ ഒരു അഭിമുഖത്തിൽ ആമിർ ഖാൻ പറയുകയുണ്ടായി.
ഇതുവരെ ഭീഷണികളൊന്നും ലഭിച്ചിട്ടില്ല, പകരം ദുബായിൽ ഒരു പാർട്ടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആമിർ പറഞ്ഞത്. ''ക്ഷണം നിരസിച്ച് ഞാൻ പാർട്ടിയിൽ പങ്കെടുത്തില്ല. അവരുടെ ആളുകൾ സെറ്റിൽ വന്ന് പാർട്ടിക്ക് വരാൻ നിർബന്ധിച്ചു. എനിക്ക് ആവശ്യമുള്ളത്ര പണം തരാം, ഏത് കാര്യത്തിലും സഹായിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ താത്പര്യമില്ലെന്ന് പറഞ്ഞു. പിന്നെ അവർ സംസാരരീതി മാറ്റി, 'നിങ്ങൾ വരേണ്ടതുണ്ട്, കാരണം നിങ്ങൾ വരുമെന്ന് അവിടെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതൊരു അഭിമാനപ്രശ്നമാണിപ്പോൾ'. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. ഞാൻ അവരോട് പറഞ്ഞു, 'നിങ്ങൾ ഒരു മാസത്തിലേറെയായി എന്നെ കണ്ടുകൊണ്ടിരിക്കുന്നു, തുടക്കം മുതൽ വരില്ലെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. ഞാൻ വരില്ല. നിങ്ങൾ വളരെ ശക്തരായ ആളുകളാണ്. എപ്പോൾ വേണമെങ്കിലും, എന്നെ തല്ലിയോ തലയ്ക്കടിച്ചോ കൈകാലുകൾ കെട്ടിയോ എവിടെയും കൊണ്ടുപോവാം, ബലമായി കൊണ്ടുപോകാം, പക്ഷെ ഞാൻ സ്വമേധയാ വരില്ല."
ഇതിനു പിന്നാലെ തനിക്ക് ഭയമുണ്ടായിരുന്നെന്നും ആമിർ ഖാൻ പറഞ്ഞു. ''എന്റെ രണ്ട് കുട്ടികളും ചെറുതാണന്ന്. മതാപിതാക്കൾ ആശങ്കയിലായിിരുന്നു. അത്രയും അപകടകാരികളായവർ, നീ എന്താണീ ചെയ്യുന്നതെന്ന് അവർ ചോദിച്ചു. ഞാൻ എപ്പോഴും ജീവിക്കുന്നതുപോലെ, എന്റെ സ്വന്തം നിബന്ധനകളിൽ ജീവിക്കുമെന്നാണ് അവരോട് ഞാൻ പറഞ്ഞത്.''-ആമിർ ഓർത്തു.
ഏറ്റവും പുതിയ ചിത്രമായ 'സിതാരേ സമീൻ പർ'ൻ്റെ വിജയമാഘോഷിക്കുകയാണ് ആമിർ ഇപ്പോൾ. ഇന്ത്യയിൽ 100 കോടി പിന്നിട്ട ചിത്രം ലോകമെമ്പാടും 160 കോടിയിലധികം കളക്ഷൻ നേടി, ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണിത്.
Published: 30 Jun 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented