രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത, അനുഷ്ക ശർമ്മയും ആമിർ ഖാനും അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘പികെ’. റിലീസിനു പിന്നാലെതന്നെ ചിത്രത്തിനെതിരേ വലിയ പ്രതിഷേധമുണ്ടായിരുന്നു. ചിത്രത്തിൽ ഹിന്ദുമതക്കാരിയായ നായിക, പാകിസ്താനി പുരുഷനുമായി പ്രണയത്തിലാകുന്ന പ്രമേയമാണ് വിമർശിക്കപ്പെട്ടത്.
എന്നാൽ സിനിമ ഒരു മതത്തെയും ആക്രമിച്ചിട്ടില്ലെന്നും 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പറയുകയാണ് ആമിർ ഇപ്പോൾ. "അങ്ങനെ പറയുന്നവർ സിനിമയുടെ സന്ദേശത്തെ തെറ്റിദ്ധരിച്ചവരാണ്, ചില ആളുകൾ മറ്റുള്ളവരെ മുതലെടുക്കാനും പണമുണ്ടാക്കാനും വേണ്ടി മതത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്ന് കാണിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചത്, ഇത് എല്ലാ മതങ്ങളിലും സംഭവിക്കുന്നുണ്ട്."-അദ്ദേഹം പറഞ്ഞു.
"വ്യത്യസ്ത മതങ്ങളിൽപ്പെട്ട രണ്ടുപേർ പ്രണയത്തിലാകുമ്പോൾ, അത് എല്ലായ്‌പ്പോഴും ഒരു അജണ്ടയുടെ ഭാഗമല്ല. അത് രണ്ടു മനുഷ്യർക്കിടയിലുള്ള സ്നേഹം മാത്രമാണ്. മനുഷ്യത്വം മതത്തേക്കാൾ വലുതാണ്" -അദ്ദേഹം വിശദീകരിച്ചു.
സ്വന്തം കുടുംബത്തിൽ നിന്നുള്ള ഉദാഹരണങ്ങളും ആമിർ എടുത്തുകാട്ടി. തന്റെ കുടുംബത്തിലും ജീവിതത്തിലും വ്യത്യസ്ത മതക്കാർ തമ്മിലുള്ള ബന്ധങ്ങൾ വളരെ സാധാരണമാണെന്ന് ആമിർ പറഞ്ഞു. "എന്റെ സഹോദരിമാരും മകളും ഹിന്ദു പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. നിങ്ങൾ അതിനെയും ലവ് ജിഹാദ് എന്ന് വിളിക്കുമോ?" ആമിറിന്റെ സഹോദരി ഫർഹത്ത് രാജിവ് ദത്തയെയും, നിഖത് സന്തോഷ് ഹെഗ്‌ഡെയെയും, മകൾ ഇറ നുപുർ ശിഖാരെയെയുമാണ് വിവാഹം കഴിച്ചിരിക്കുന്നത്.
മക്കളുടെ പേരു സംബന്ധിച്ച് പലപ്പോഴും നേരിടുന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. തന്റെ വീട്ടിൽ ഇതൊരിക്കലും വലിയ പ്രശ്നമായിരുന്നില്ലെന്ന് ആമിർ പറയുന്നു. "മക്കൾക്ക് പേരിട്ടത് എന്റെ ഭാര്യമാരാണ്. എന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇറയുടെ പേര് മേനകാ ഗാന്ധിയുടെ ഹിന്ദു പേരുകളുടെ പുസ്തകത്തിൽ നിന്നാണ് വന്നത്. ആസാദിന് സ്വാതന്ത്ര്യസമര സേനാനി മൗലാനാ അബുൽ കലാം ആസാദിന്റെ പേരാണ് നൽകിയത്."
സ്വന്തം സിനിമകളിലൂടെ എല്ലായ്‌പ്പോഴും രാജ്യത്തോടുള്ള സ്നേഹം പ്രകടമാക്കിയിട്ടുണ്ടെന്നും ആമിർ പറയുന്നു. "രംഗ് ദേ ബസന്തി, ലഗാൻ തുടങ്ങിയ സിനിമകൾ നോക്കൂ. ദേശഭക്തിയെപ്പറ്റി എന്നെക്കാൾ കൂടുതൽ സിനിമകൾ ചെയ്ത മറ്റൊരു നടനുണ്ടെന്ന് ഞാൻ കരുതുന്നില്ല"-അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 16 Jun 2025, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented